അതിരില്ലാത്ത മനസ്്..
ചെറുപ്പം മുതൽ നമ്മൾ ധരിച്ച് വെച്ച പലതും വലിയ തെറ്റുകളായിരുന്നുവെന്ന് തിരിച്ചറിയാൻ ഗൾഫിലെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സ്കൂളിൽ നമ്മൾ പഠിച്ച മുറിയൻ ഹിന്ദി ഭാഷയിൽ അല്ല ആരും ഈ ലോകത്ത് ഹിന്ദി സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നത് ഇവിടെയെത്തുന്പോഴാണ്. ദോശയും, ചമ്മന്തിയും കട്ടൻ ചായയും കഴിച്ച് ഒരു ഏന്പക്കം കൂടി വിട്ടാൽ മാത്രമേ രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാൻ സാധിക്കൂ എന്ന തെറ്റിദ്ധാരണ പോലെ, എത്രയോ കാര്യങ്ങൾ പ്രവാസലോകത്തെത്തുന്പോൾ മാറി മറയുന്നു.
ഒരു പതിറ്റാണ്ടിനപ്പുറത്ത് ഗൾഫുകാരനാകാൻ തീരുമാനിച്ചപ്പോൾ ഇതു പോലെ പല തെറ്റിദ്ധാരണകളും എനിക്കുമുണ്ടായിരുന്നു. ഇതിൽ ഏറ്റവും പ്രധാനം ഭാഷയുമായി ബന്ധപ്പെട്ടതായിരുന്നു. അത്യാവശ്യം ഇംഗ്ലീഷും, ഹിന്ദിയുമൊക്കെ തപ്പിത്തടഞ്ഞു പറയാൻ പറ്റിയിരുന്നുവെങ്കിലും ഗൾഫിലെത്തിയാൽ ലോകത്തുള്ള നാനാജാതി ആളുകളെയും കാണേണ്ടി വരുമെന്നും, അവരോട് സംസാരിക്കേണ്ടി വരുമെന്നുമുള്ള ഭീതി ആ കാലത്ത് എന്നിലുമുണ്ടായിരുന്നു. ഇവിടെ എത്തുന്നതുവരെ ഏതൊരു നാട്ടിൻപുറത്തുക്കാരനായ ഇന്ത്യക്കാരനെ പോലെ ഞാനും, വെളുത്തതൊലിയായാലും കറുത്ത തൊലിയായാലും നാട്ടിൽ വരുന്ന വിദേശികളെയൊക്കെ സായ്പ്പൻമാരായിട്ടാണ് കണക്കാക്കിയിരുന്നത്. ട്രൗസറിട്ട്, തൊപ്പിയും വെച്ച് അറിയാത്ത ഇംഗ്ലീഷും പറഞ്ഞ് നിരത്തുകളിലൂടെ നടക്കുന്ന കേവലം വിനോദസഞ്ചാരികളായിരുന്നു അന്ന് എനിക്കവർ.
ഇവിടെ എത്തിയാൽ നമ്മുടെ വർഗ്ഗശത്രുക്കളായ പാകിസ്ഥാൻ സ്വദേശികളെ കാണാൻ പറ്റുമെന്ന വിവരവും പ്രവാസസുഹൃത്തുക്കൾ അന്ന് നൽകിയിരുന്നു. അത് എനിക്കത്ര ദഹിച്ചില്ല. കാരണം ഞാൻ വലിയ ദേശസ്നേഹിയായിരുന്നു. അതിർത്തിയിൽ പാവപ്പെട്ട ഇന്ത്യൻ പട്ടാളക്കാരെ ദ്രോഹിക്കുന്ന, അവരെ വെടിവെച്ച് കൊല്ലുന്നവരാണ് ഓരോ പാകിസ്ഥാൻ സ്വദേശിയും എന്നായിരുന്നു സാധാരണ ഇന്ത്യക്കാരൻ എന്ന നിലയിൽ എന്റെയും ധാരണ. അവിടെയുള്ളവരെല്ലാം പട്ടാളത്തിൽ ജോലിയുള്ളവരാണെന്നും, അതിൽ കിട്ടാത്തവരായിരിക്കാം ചിലപ്പോൾ ഗൾഫിലേയ്ക്ക് എത്തുന്നതെന്നും, ഇവിടെ വെച്ച് പൈസയുണ്ടാക്കി ഭീകര പ്രവർത്തനം നടത്തുന്നതായിരിക്കാം ഇവരുടെ ജോലിയെന്നും ഞാൻ കരുതി. അപ്പോഴേക്കും വഖാർ യൂനിസും, ജാവേദ് മിയാൻദാദും, ഇമ്രാൻഖാനുമൊക്കെ ക്രിക്കറ്റിലൂടെ എന്റെ വലിയ ശത്രുക്കളായി മാറിയിരുന്നു. അന്ന് നൂറ് കിലോമീറ്ററിന് മുകളിൽ സ്പീഡിൽ പന്തെറിഞ്ഞു തുടങ്ങിയിരുന്ന അക്തറിന്റെ കാല് അടിച്ചു പൊട്ടിക്കാൻ ആർക്കെങ്കിലും ക്വട്ടേഷൻ കൊടുക്കണമെന്ന് പോലും ചിന്തിച്ചുപോയിരുന്നു. കാർഗിൽ യുദ്ധം കൂടി കഴിഞ്ഞപ്പോൾ പാകിസ്ഥാൻ എന്ന രാജ്യത്തോടും അവിടുത്തെ ഓരോ മൺതരിയോടും പക മാത്രമായിരുന്നു മനസ്സിൽ.
എന്നാൽ ഈ പകയൊക്കെ ഇല്ലാതായത് പ്രവാസലോകത്ത് എത്തിയപ്പോഴാണ്. ബഹ്റിനിലെത്തി ഒരു ദിവസം കഴിഞ്ഞപ്പോൾ പാസ്പോർട്ടുമായി മെഡിക്കൽ രേഖകൾ ശരിയാക്കാനായി ഒരു ഏജന്റിനെ കാണണമെന്ന് പറഞ്ഞപ്പോൾ അതാരാണെന്ന് ചോദിക്കാൻ ഞാൻ മിനക്കെട്ടിരുന്നില്ല. അങ്ങിനെ സുഹൃത്തിനൊപ്പം ഏജന്റിന്റെ അടുത്തെത്തിയപ്പോൾ ആപ്പിൾ പോലെ ചുവന്നുതുടുത്ത മുഖമുള്ള ഒരാൾ. ബഹ്റിൻ സ്വദേശിയായിരിക്കുമെന്ന് ഉറപ്പിച്ചു. പക്ഷേ ചോദിച്ചു വന്നപ്പോൾ ആജന്മ ശത്രുവായി എന്റെ മനസ് പ്രഖ്യാപ്പിച്ച പാകിസ്ഥാനി.
ഇന്ന് വർഷങ്ങൾ മാഞ്ഞു മറഞ്ഞിരിക്കുന്നു. നാളെയാണ് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. രണ്ട് രാജ്യത്തുമുള്ള മാധ്യമങ്ങൾക്ക് ഇത് യുദ്ധമാണ്്. തോക്കിന് പകരം ബാറ്റേന്തുന്ന യുദ്ധം. ചൂടുള്ള ഒരു സുലൈമാനി ഇന്ത്യക്കാരനായ ഞാനും, സഹോദരതുല്യം ഞാൻ ഇഷ്ടപ്പെടുന്ന പാകിസ്ഥാനിയും ഒന്നിച്ചിരുന്നു കുടിക്കുന്പോൾ ഞങ്ങൾക്കിടയിൽ എന്ത് യുദ്ധമെന്ന ചിന്തയായിരുന്നു അപ്പോൾ എന്റെ മനസ്സിൽ.
ഇന്നലെ വൈകുന്നേരം പിക്കറ്റ് 43 എന്ന മലയാള ചിത്രം കണ്ടു. പാകിസ്ഥാൻ പട്ടാളക്കാരനായ മുഷാറഫിന്റെയും, ഇന്ത്യൻ പട്ടാളക്കാരനായ ഹരീന്ദ്രനാഥ് നായരുടെയും, പിന്നെ ബെക്കാർഡി എന്ന പട്ടാള നായയുടെയും അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുന്ന സിനിമ. ഇടയ്ക്ക് എപ്പോഴോ കണ്ണ് നിറഞ്ഞുപോയി. കഴിഞ്ഞ ദിവസം പ്രിയപ്പെട്ട സുഹൃത്ത് പറഞ്ഞത് പോലെ അതിരുകളില്ലാത്ത ലോകം എന്നത് ഒരു ഭാവനയായി മാത്രം അവശേഷിക്കപ്പെടാം, പക്ഷെ അതിരുകളില്ലാത്ത സ്നേഹം തീർച്ചയായും സാധ്യമാണ് എന്ന് തെളിയിക്കുന്നുണ്ട് ഈ ചിത്രം. അല്ലെങ്കിലും അതിരുകൾ നിശ്ചയിക്കുന്നത് നമ്മുടെ ചെറിയ മനസുകളല്ലേ! ഈ പ്രണയദിനത്തിൽ അതിരിടാത്ത മനസ്സുകൾ ജനിക്കട്ടെ എന്നാശംസിക്കുന്നു...