സ്പർശന സുഖം…
പിച്ചുക, ചിരണ്ടുക, തോണ്ടുക, മാന്തുക. ഇവയൊക്കെ അത്ര നല്ല പദാവലികളായി സാധാരണ രീതിയിൽ കരുതപ്പെടാറില്ല. ചിലപ്പോൾ ഇത് വലിയ കുറ്റകൃത്യമായി പോലും നമ്മൾ നോക്കികാണാറുണ്ട്. നമ്മുടെ നാട്ടിലെ ബസ്സുകളിലും, തീവണ്ടികളിലും ഇത് സാധാരണയായി കണ്ടുവരുന്ന കാഴ്ചകളാണ്. ഇങ്ങിനെ ചെയ്യുന്നവരെ നാട്ടുകാർ പിടിക്കൂടിയാൽ നല്ല പെടയും ഉറപ്പാണ്്.
കഴിഞ്ഞ ദിവസം പ്രശസ്ത സിനിമ നിർമ്മാതാവും, വ്യവസായിയുമായ ഗുഡ്നൈറ്റ് മോഹനെ കാണാനിടയായി. സംസാരത്തിനിടയിൽ അദ്ദേഹം തന്റെ കൊച്ചുമകളെ പറ്റി പറഞ്ഞു. ഇതിനിടെ ഒരു അമർചിത്രകഥ മൂന്നോ നാലോ വയസുള്ള ഈ കൊച്ചുമകൾക്ക് അദ്ദേഹം നൽകിയപ്പോൾ അവൾ ആദ്യം ചെയ്തത് മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള പ്രവൃത്തികളായിരുന്നുവത്രെ. അതായത് പുസ്തകത്തിന്റെ കവർപേജിൽ വിരലുപയോഗിച്ച് മാന്തുകയും തോണ്ടുകയും ചെയ്തു. ഒരു ഐപാഡാണെന്ന ധാരണയിലാണ് കുട്ടി അത് ചെയ്തത്. ഇത് കേവലം ഒരു വ്യക്തിയുടെ മാത്രം ഒരനുഭവമായിരിക്കില്ല. രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരേയ്ക്ക് ഞാനടക്കമുള്ള വലിയൊരു വിഭാഗം ജനങ്ങളും ഇന്ന് ചെയ്തു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഈ മാന്തലും, തോണ്ടലും.
മനസിന് ആഹ്ലാദം നൽകുന്ന ഒരു സ്പർശനം ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. പല വികാരങ്ങളും ഒരു സ്പർശനത്തിലൂടെ വെളിപ്പെടാറുണ്ട്. അമ്മയുടെ വാത്സല്യവും, കാമുകിയുടെ പ്രണയവും, സഹോദരിയുടെ സ്നേഹവും ഒക്കെ മനസിലാക്കാൻ ഇത്തരം സ്പർശനങ്ങൾ തന്നെ ധാരാളമാണ്. ഇന്ന് സ്പർശനത്തിന്റെ ഈ രസങ്ങൾ പോലും നമ്മൾ മറന്നു പോവുകയാണ്. യാഥാർത്ഥ്യത്തിന്റെ ലോകത്ത് നിന്ന് കേവലം ഭ്രമാത്മകതയുടെ ലോകത്തേയ്ക്ക് പറന്നടുക്കുന്ന ഒരു തലമുറയായി നമ്മൾ മാറി കൊണ്ടിരിക്കുന്നു. മനുഷ്യന്റെ സ്പർശനത്തെക്കാൾ ഇന്ന് നമുക്ക് താത്പര്യം യന്ത്രങ്ങളെ സ്പർശിച്ചുകൊണ്ടിരിക്കാനാണ്്. പാഡായും, ടാബായും, മൊബൈലായും. ലാപ്ടോപ്പായുമൊക്കെ ആ യന്ത്രങ്ങൾ നമ്മുടെ മുന്പിൽ നിറയുന്നു. ഇത്തരം യന്ത്രങ്ങളെ ഒന്നു തൊടുന്പോൾ നമ്മൾ നേരിട്ടെത്തുന്നത് മറ്റൊരു ലോകത്താണ്. അവിടെ നമ്മുടേത് മാത്രമായ കൂട്ടുക്കാർ, നമ്മുടേതു മാത്രമായ ചിന്തകൾ, നമ്മുടേത് മാത്രമായ ഫാൻ്റസികൾ ഒക്കെ പാറിനടക്കുന്നുണ്ടാകും. ആരുമായും ഒന്നും പങ്ക് വെക്കേണ്ട പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. എല്ലാം സ്വയം ആസ്വദിച്ച് ആഹ്ലാദിക്കാം. എപ്പോൾ വേണമെങ്കിലും ഒരു സൗഹാർദം അവസാനിപ്പിക്കാം, എപ്പോൾ വേണമെങ്കിലും തുടങ്ങാം. ഇഷ്ടങ്ങളും അനിഷ്ടങ്ങളും സ്വകാര്യമാക്കാം, വെളിപ്പെടുത്താം. ഇങ്ങിനെയുള്ള ഇ-ഇടത്തിൽ സർവ്വസ്വാതന്ത്ര്യവും നമുക്ക് മാത്രം.
ഇന്ന് മനുഷ്യർ പരസ്പരം സ്പർശിക്കാൻ മടികാണിക്കുന്നത് കൊണ്ടായിരിക്കണം യന്ത്രങ്ങളെ സ്പർശിക്കാൻ നമ്മൾ തീരുമാനിച്ചത്. ഒരച്ഛൻ തന്റെ പത്ത് വയസുകാരിയായ മകളെ പോലും മടിയിലിരുത്തി ലാളിച്ചുപോയാൽ അത് പീഡനമായി കാണുന്ന സാമൂഹ്യ വ്യവസ്ഥയിൽ ചെറുപ്രായം കഴിയുന്പോൾ തന്നെ സ്വന്തം അമ്മയെ ഒന്നുമ്മ വെക്കാൻ പോലും നമുക്ക് സാധിക്കുന്നില്ല. എന്തിന് ഹസ്തദാനം പോലും പലപ്പോഴും ഇന്ന് യാന്ത്രികമാണ്. ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കുമെന്ന ചിന്ത മനസിനുള്ളിലേയ്ക്ക് കടന്നെത്തുന്നു. ഈ രീതിയിൽ എവിടെയും അശ്ലീലം കണ്ടെത്തുന്ന സ്വഭാവം തന്നെയാണ് താൻ എത്ര സ്പർശിച്ചാലും തിരിച്ചൊന്നും പറയാത്ത, പ്രതികരിക്കാത്ത യന്ത്രങ്ങളിലേയ്ക്ക് ഇന്നിന്റെ ലോകം തിരിയാനുള്ള പ്രധാന കാരണം. ആ യന്ത്രവുമായി ആൾക്കൂട്ടത്തിൽ തനിയെ എവിടെയെങ്കിലും ഒരു കോണിലേയ്ക്ക് മാറിയിരുന്ന് അതിനോട്, അതിനകത്തുള്ള ഭ്രമാത്മകതയോടു സംവേദിക്കുന്പോൾ ഇന്നിന്റെ മനുഷ്യന് സ്വാതന്ത്ര്യം ലഭിക്കുന്നു, സുഖം ലഭിക്കുന്നു. ഇവിടെ മനുഷ്യൻ മനുഷ്യനെ മാറ്റി നിർത്തുന്നു, യന്ത്രത്തെ ഗാഢമായി പുണരുന്നു. ഒടുവിൽ അവിടെ തന്നെ നമ്മൾ നമ്മെ സ്വയം എഴുതിവെക്കുന്നു.
ഇത്തരം യന്ത്രങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളാണ് നമ്മളിലെ സാമൂഹ്യജീവിക്ക് വെള്ളവും വളവും നൽകി വരുന്നത്. പ്രത്യേകിച്ച് ചൈനയും, ഇന്ത്യയും കഴിഞ്ഞാൽ ലോകത്തേറ്റവും അധികം ആളുകൾ അംഗങ്ങളായുള്ള ഇടമാണ് ഫേസ്ബുക്ക്. ഇതിന്റെ സഹസ്ഥാപകനായ മാർക്ക് സുക്കൻബർഗ് ഇപ്പോൾ ഇന്ത്യയിലാണ്. ഇന്ന് രാവിലെ നടന്നഒരു സമ്മേളനത്തിൽ അദ്ദേഹം സൂചിപ്പിച്ച പ്രധാനപ്പെട്ട കാര്യം ഫേസ് ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഇന്ന് ഇന്ത്യയിൽനേരിടുന്ന പ്രതിസന്ധി പ്രാദേശിക ഭാഷകളുടെ ആധിക്യമാണ് എന്നതാണ്. ഇന്റർനെറ്റിലുള്ള എൺപത്ശതമാനം കാര്യങ്ങളും വെറും പത്ത് ഭാഷകളിലാണുള്ളത്. ഈ കാരണം കൊണ്ട് തന്നെ ഇനിയും എത്രയോ പേർ പ്രത്യേകിച്ച് ഇന്ത്യ
യടക്കമുള്ള രാജ്യത്തെ ജനങ്ങൾ ഇതുവരെയായും ഇന്റർനെറ്റിന്റെ പൂർണ ഉപയോക്താകളായി മാറിയിട്ടില്ല. ഇന്ത്യയിൽ മാത്രം22 ഔദ്യോഗിക ഭാഷകളുണ്ട്. ഇതിൽ എല്ലാ ഭാഷകളെയും ഇന്റർനെറ്റിലേയ്ക്ക് എത്തിക്കുന്നതാണ് ഫേസ് ബുക്ക് അടക്കമുള്ള കന്പനികളുടെ ലക്ഷ്യം. ലോകത്തെ ജനങ്ങളെ മുഴുവൻ ഇങ്ങിനെയൊരു കുടകീഴിൽ എത്തിക്കുന്ന ആ സുദിനം കൂടി എത്തികഴിഞ്ഞാൽ പിന്നെ സ്പർശനം എന്നൊന്നു മനുഷ്യരുടെ ഇടയിൽനില നിൽക്കുമോ എന്തോ!!
പ്രദീപ് പുറവങ്കര