ഉടക്കിനിൽക്കുന്ന പ്രായവും, ജീവിതവും...
ഡിസംബറിന്റെ രണ്ടാമത്തെ ആഴ്ചയിൽ നമ്മൾ എത്തിയിരിക്കുന്നു. ഇനി പതിനെട്ട് ദിവസം കൂടി കഴിഞ്ഞാൽ പുതുവർഷത്തിന്റെ ആഹ്ലാദം നമ്മെ സ്വാഗതം ചെയ്യും. ഇങ്ങിനെ ഓരോ വർഷവും കാലത്തിന്റെ കണക്ക് പുസ്തകത്തിൽ കൂട്ടി വെക്കുന്പോൾ സത്യത്തിൽ ആഹ്ലാദമാണോ അതോ ദുഖമാണോ നമുക്കുണ്ടാകുന്നത്. കാലം നരവീഴ്ത്തുന്ന മുടിയിഴകളിൽ നമ്മൾ കണ്ടുമുട്ടുന്നത് നമ്മുടെ തന്നെ അന്ത്യമാണോ. ഇത്തരം ചില ചിന്തകളാണ് ഇന്ന് തോന്ന്യാക്ഷരത്തിലൂടെ പങ്ക് വെക്കാൻ ആഗ്രഹിക്കുന്നത്.
മുന്പൊക്കെ ഡിസംബറിന്റെ പകുതിയാകുന്പോൾ തന്നെ നമ്മെ തേടിയെത്തിയിരുന്ന ഒരു കൂട്ടം ആശംസകളുണ്ടായിരുന്നു. മനോഹരമായ ചിത്രങ്ങൾ പതിച്ച ഗ്രീറ്റിംഗ് കാർഡുകൾ. അതിൽ സ്നേഹം ചാലിച്ചെഴുതിയ വരികളിൽ ആശംസകൾ.അതിലൂടെയാണ് നമ്മൾ സൗഹാർദ്ദങ്ങളെയും, പ്രണയങ്ങളെയുമൊക്കെ, ബന്ധങ്ങളെയുമൊക്കെ തിരിച്ചറിഞ്ഞിരുന്നത്. ഇന്ന് അതൊന്നുമില്ല. കത്തുകൾ പോലും എഴുതാതെ വർഷങ്ങളായിരിക്കുന്നു. അക്ഷരങ്ങൾ പേനയിലൂടെയല്ല, മറിച്ച് കീബോർഡിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുത്. വിശേഷ ദിവസങ്ങൾ വിരുന്നെത്തുന്ന ദിവസം വാട്സ് അപ്പിലൂടെ ഒരു ഗ്രൂപ്പ് മെസേജ് അയച്ചാലോ, ഫേസ്ബുക്കിലൂടെ സാഹിത്യഭംഗിയാർന്ന ഒരു സ്റ്റാറ്റസ് ഇട്ടാലോ ഇന്നത്തെ കാലത്ത് നമ്മുടെ ഉത്തരവാദിത്തം തീർന്നു. ഇത് ഇന്നിന്റെ നഷ്ടമോ, നേട്ടമോ. കണക്കെടുക്കേണ്ടത് നമ്മൾ തന്നെയാണ്.
പതിനാല് വർഷം മുന്പ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേയ്ക്ക് കാലെടുത്തു വെച്ച രാത്രി ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. അന്ന് ഏറ്റവുമധികം ചർച്ച ചെയ്ത കാര്യം 2000 പിറന്നാൽ കന്പ്യൂട്ടറുകൾ പണി മുടക്കും എന്നതായിരുന്നു. വൈ2കെ എന്ന പ്രതിഭാസം കാരണം 1999ൽ നിന്ന് 2000ത്തിലേയ്ക്ക് എത്താൻ കന്പ്യൂട്ടറുകൾ ബുദ്ധിമുട്ടുമെന്നതായിരുന്നു ധാരണ. എന്നാൽ അന്ന് മിക്ക കന്പ്യൂട്ടർ കന്പനികളും ഈ പരാതികൾ പരിഹരിച്ചു, പ്രശ്നം ഒതുക്കിതീർത്തു. മറ്റ് ചിലർ രണ്ടായിരത്തിൽ ലോകം അവസാനിക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ചു. അതിലും ചിലർ വിശ്വസിച്ചു. ജീവിക്കുന്പോൾ ചെയ്തു തീർക്കാൻ സാധിക്കുന്ന എല്ലാ കുരുത്തകേടുകളും ചെയ്ത് 1999 ഡിസംബർ 31ന് മൂടിപുതച്ചുറങ്ങിയ അത്തരം ആളുകളെയും കാത്തിരുന്നത് പ്രഭാതത്തിലെ പുഞ്ചിരിക്കുന്ന സൂര്യൻ തന്നെയായിരുന്നു. ഓരോ വർഷാവസാനവും ഇത്തരത്തിലുള്ള ഭ്രാന്തൻ ചിന്തകൾ മനുഷ്യനിലേയ്ക്ക് സ്വാഭാവികമായും കടന്നു വരും.
മറ്റൊരുതരം ആളുകൾ പുതുവർഷം പിറന്നാൽ താൻ നന്നാകുമെന്ന് കരുതുന്നവരാണ്. അതിന് വേണ്ടി അവർ റെസലൂഷനുകൾ ഉണ്ടാക്കി വെക്കും. ഉദാഹരണത്തിന് ഇനി ഞാൻ സിഗരറ്റ് വലിക്കില്ല, മദ്യപിക്കില്ല തുടങ്ങി കേവലം ഒരു മനുഷ്യന് പരിശുദ്ധനാകാൻ സാധിക്കുന്ന എല്ലാ കാര്യങ്ങളും സ്വയം ഏറ്റെടുത്ത് പ്രഖ്യാപ്പിക്കുന്ന പരിപാടി. ഒടുവിൽ പുതിയവർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ എല്ലാ പ്രതിജ്ഞങ്ങളും ലംഘിച്ച് നേരത്തേ ഉണ്ടായതിനേക്കാൾ തനി തല്ലിപ്പൊളിയാകുന്നതാണ് നമ്മൾ കാണുക. അത് ഈ ആഘോഷത്തിന്റെ തമാശയായി കണക്കാക്കാം.
സത്യത്തിൽ മനുഷ്യൻ അവന്റെ പ്രായം നിർണയിക്കാനുള്ള ഒരളവ് കോലായിട്ടാണ് നമുക്ക് ലഭിച്ചിരിക്കുന്ന സമയത്തെ മണിക്കൂറുകൾ ആയും, ദിവസങ്ങളായും, മാസങ്ങളായും, വർഷങ്ങളായും തരംതിരിച്ചിരിക്കുന്നത്. ഈ മനോഹരമായ ലോകത്ത് ഇനിയെത്ര കാലം എന്ന് അറിയാൻ സാധിക്കില്ലെങ്കിലും, എത്ര നാൾ ജീവിച്ചുവെന്ന് മനസ്സിലാക്കാൻ ഇതിലൂടെ നമുക്ക് സാധിക്കുന്നു. ഇങ്ങിനെ എത്ര സൂര്യാസ്തമയങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നുപോയെന്ന് നമ്മെ തിരിച്ചറിയിക്കുന്ന കടലാസ് കഷ്ണങ്ങളാണ് കലണ്ടറുകളുടെ ഓരോ താളുകളും.
കാലം മുന്പോട്ട് നീങ്ങുന്പോൾ പലപ്പോഴും ജീവിതം എത്ര മാത്രം ചെറുതാണെന്ന് തിരിച്ചറിയാതെ ഉള്ള ഒഴുക്കിൽ പെട്ട് വെറുതെ അലഞ്ഞുതീരുന്ന വെറും വാഴപിണ്ടികളായി മാറുന്പോഴാണ് ഈ സമയക്രമങ്ങൾക്ക് വലിയ വില നമ്മൾ കൊടുത്തുപോകുന്നത്. അതല്ലെങ്കിൽ ഉത്സാഹത്തോടെ, ആഹ്ലാദത്തോടെ കൂടെയുള്ളവർക്കൊപ്പം തുഴഞ്ഞു തുഴഞ്ഞ് ആഘോഷമായി നമുക്ക് നീങ്ങാൻ സാധിക്കും. അവിടെ നമുക്ക് അനുവദിച്ച സമയത്തെ വലുതായി നമ്മൾ കണക്കിലെടുക്കില്ല. പകരം കിട്ടുന്ന സമയത്തെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് മാത്രം. നാളെ പ്രഭാതത്തിൽ ഉറക്കമെഴുന്നേൽക്കാൻ താനില്ലെങ്കിലും സാരമില്ലെന്ന് ചിന്തിക്കുന്ന ഒരവസ്ഥയാണ് ഉണ്ടാകേണ്ടത്. ചെയ്യേണ്ടതെല്ലാം താൻ പൂർണമായും ചെയ്തുകഴിഞ്ഞെന്നുള്ള വിശ്വാസത്തോടെയാകട്ടെ നമ്മുടെ ഓരോ ഉറക്കവും. അവിടെ നഷ്ടബോധങ്ങളില്ല. ഒപ്പം ഓർമ്മപ്പെടുത്തലുകളും.
വാൽകഷ്ണം : ഇതിനിടെ പ്രിയ നടന്റെ ഇരുപതാം ചരമവാർഷികത്തിന്റെ വാർത്ത ഫോർ പിഎമ്മിൽ വായിക്കുകയുണ്ടായി. അപ്പോഴാണ് ഞാനും എന്റെ പ്രായത്തെ പറ്റി ഓർത്തത്. എന്നെ ഏറെ ചിരിപ്പിച്ച ആ നടൻ മരിച്ചിട്ട് ഇത്രയും വർഷമായി എന്നോർത്തപ്പോൾ ഞാനും പതിയെ നോക്കിയത് മുന്നിലുള്ള കണ്ണാടി തന്നെ. മുന്പാരോ പറഞ്ഞത് പോലെ നമ്മളൊക്കെ ഓരോ വയസ്സിൽ മനസ്സിനെ തളച്ചിട്ടവരാണ്. അവിടെ തന്നെ ജീവിതം ഉടക്കി നിൽക്കുന്നതാണ് നമ്മുടെ പരാജയം.
പ്രദീപ് പുറവങ്കര