തകരാതിരിക്കട്ടെ കേരളം


അങ്ങിനെ ഒരു ശ്രീകൃഷ്ണ ജയന്തി കൂടി നമ്മുടെ നാട്ടിൽ വിപുലമായി ആഘോഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പലയിടങ്ങളിലും വ്യാപകമായ അക്രമത്തിന് സാധ്യതയുണ്ടെന്ന് ഇത്തവണ എല്ലാവരും ഒരുപോലെ ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല. കേരളത്തിന് ആശ്വസിക്കാം. മതത്തിന്റെയും ജാതിയുടെയും പേരിൽ കടിച്ചുകീറാൻ തയ്യാറായി കൊണ്ടിരിക്കുന്ന, അല്ലെങ്കിൽ ആ ദുഷ്കർമ്മം ചെയ്തു കൊണ്ടിരിക്കുന്നവരുടെ പ്രതീക്ഷകൾക്ക് ഇത്തവണത്തെ താരതമ്യേന ശാന്തമായ ശോഭായാത്രകൾ മങ്ങലേൽപ്പിച്ചിരിക്കണം.  

ഇന്നലെ വൈകുന്നേരം എറാണകുളത്ത് നിന്ന് കണ്ണൂരേയ്ക്കുള്ള യാത്രകളിൽ വഴി നീളെ ഉണ്ണികണ്ണൻമാരെയും, പുരാണ കഥകളിലെ സംഭവങ്ങളുടെയും ആവിഷ്കാരങ്ങൾ കണ്ടപ്പോൾ സത്യത്തിൽ നമ്മുടെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളും നിറഞ്ഞ് കവിയുന്ന കുപ്രചരണങ്ങളെ പറ്റി ഓർത്ത് സങ്കടമാണ് വന്നത്. ശ്രീകൃഷ്ണ ജയന്തിക്ക് ശോഭായാത്രയും, നബിദിനത്തിന് സമാധാന റാലിയും, ക്രിസ്തുമസിന് കരോൾ സംഘത്തിന്റെ ഘോഷയാത്രയും ഒരു പോലെ കാണാനും, അവ ആസ്വദിക്കാനും അതിന്റെ സന്ദേശങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ നാട്ടിലെ ചില നപുംസകങ്ങൾക്ക് കഴിഞ്ഞിരുന്നുവെങ്കിൽ കേരളം പോലെ നീണ്ടു കിടക്കുന്ന വലിയൊരു ടൗൺഷിപ്പിനെ ലോകം ആദരിക്കുന്ന ഒരു ഇടമായി മാറ്റാൻ സാധിക്കില്ലേ? 

മനുഷ്യൻ വളരുന്നതിന് അനുസരിച്ച് മനസ് വളരേണ്ടതാണെന്ന് പറയാറുണ്ട്. അത് സംഭവിക്കാതിരിക്കുന്പോഴാണ് മനുഷ്യർക്ക് ഇടയിൽ സ്പർദ്ധ ഉണ്ടാകുന്നത്. തന്റെ വിശ്വാസം പോലെ തന്നെ പവിത്രമാണ് തന്റെ തൊട്ടരികിൽ ഇരുന്ന് ഒരേ പോലെ പഠിച്ച് വലുതായ തന്റെ സുഹൃത്തിന്റെ വിശ്വാസമെന്നും അവയോട് ആദരവ് ഉണ്ടാകണമെന്നും മനസ്സിലാക്കുന്ന ഇടത്താണ് സ്നേഹവും സാഹോദര്യവും വളരുന്നത്. മുന്പ് നമ്മുടെ നാട്ടിലെ ഏത് വിഭാഗത്തിന്റെയും ആഘോഷങ്ങൾ പൊതു ജനത്തിന്റെ ആഘോഷമായിരുന്നു. കാലം ഉരുണ്ടപ്പോൾ വഴിയിൽ എവിടെയോ വെച്ച് ഇതിന്റെ ദിശ മാറി തുടങ്ങി. പല ആഘോഷങ്ങളും ഭക്ഷണത്തിന്റെ ധൂർത്ത് കാണിക്കാനുള്ള സുവർണ്ണാവസരങ്ങളായി മാറി. അതുകൊണ്ടാണ് ഇന്നത്തെ കാലത്ത് ഓണം വരുന്പോൾ ഓണ സദ്യയെയും പെരുന്നാൾ വരുന്പോൾ കോഴി ബിരിയാണിയെയും പറ്റി നമ്മൾ ചർച്ച ചെയ്യുന്നത്. വിപണിയുടെ ഉത്സവങ്ങളായി ഈ ദിനങ്ങളൊക്കെ മാറുന്നതും അത് കൊണ്ട് തന്നെ. മുന്പ് ഓണത്തിന് സദ്യയുണ്ണാൻ ഒരു നാട് വന്നിരുന്ന കാലത്തിൽ നിന്ന് അത് നമ്മുടെ ഉത്സവമല്ല, ആ ചോറ് കഴിച്ചാൽ നരകത്തിൽ പോകുമെന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്നിടത്ത് മനുഷ്യബന്ധങ്ങൾ തകരാൻ തുടങ്ങി എന്നതാണ് യാഥാർത്ഥ്യം. ഇത് മറിച്ചുണ്ട്. ഒരു അന്യമതസ്ഥൻ നോന്പ് മുറിക്കലിന് പങ്കെടുത്താൽ നിനക്കവിടെ എന്ത് കാര്യം എന്നു ചോദിക്കുന്നവരും നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇന്നലെ ശോഭായാത്രകൾ സമാധാനത്തോടെ സമാപിച്ചപ്പോൾ അത് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് നൽകിയത് വല്ലാത്തൊരു ആശ്വാസമാണെന്ന് പറയാതിരിക്കാൻ വയ്യ. വരുന്ന കാലത്തേയ്ക്കുള്ള നല്ലൊരു ദിശാസൂചികയായി ഇത് മാറട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 

ഇന്ന് രാവിലെ ബഹ്റിനിലെ സോളാ ഗ്രൂപ്പിന്റെ ഉടമയായ രാജേട്ടൻ എന്ന് ഞാൻ വിളിക്കുന്ന ഗ്രിഫി രാജന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വടകരയിൽ എത്തിയപ്പോൾ അവിടെ കണ്ടത് ജാതി മത വ്യത്യാസമില്ലാതെ വിവാഹച്ചടങ്ങിൽ സബന്ധിക്കാൻ എത്തിയ  ബഹ്റിനിലെ ഒരു കൂട്ടം പ്രവാസികളെയായിരുന്നു. ബഹ്റിന്റെ സംസ്കാരിക പരിപാടികളിൽ നിറസാന്നിദ്ധ്യമായ അവരൊക്കെ സംസാരമധ്യേ മുകളിൽ സൂചിപ്പിച്ചത് പോലെ ആശ്വാസം കൊണ്ടു. നമ്മുടെ നാട് എന്നും ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്  99 ശതമാനം പേരുമെന്ന് ഓരോരുത്തരുടെയും സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.  

അതുകൊണ്ട് തന്നെ പ്രവാസലോകത്തിരുന്ന് എപ്പോഴെങ്കിലും നാട്ടിൽ വരുന്ന പലരും മുഖപുസ്തകത്തിൽ വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്പോൾ ദയവു ചെയ്ത് ഈ നാടിനെ ഓർക്കുക. നമ്മെ വളർത്തിയ, നമ്മുടെ മക്കൾക്ക് സ്വസ്ഥമായി വളരേണ്ട ഈ നാടിനെ രക്തപങ്കിലമാക്കാൻ നിങ്ങളുടെ കമന്റുകളും, ഷെയറുകളും, ലൈക്കുകളും കാരണമാകാതിരിക്കട്ടെ. സ്വന്തം വീട്ടിൽ ഒരു പ്രശ്നമുണ്ടായാൽ അത് പരസ്പരം ഇരുന്ന് സംസാരിച്ചാണ് പരിഹിരിക്കേണ്ടത്. അല്ലാതെ ഒളിച്ചിരുന്നു കാടടച്ച് വെടിവെച്ചുകൊണ്ടാവരുത്. ഏവർക്കും നന്മകൾ മാത്രം നേരുന്നു...

You might also like

Most Viewed