ഐലാൻ കുർദി മൗനമായി പറയുന്നത്

ഒരു തരത്തിൽ നമ്മളെല്ലാം അഭയാർത്ഥികൾ തന്നെയാണ്. നിലനിൽപ്പിനായി പിറന്ന മണ്ണുപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നവർ. അകലങ്ങളിൽ പലതരത്തിൽ അഭയം തേടിയവർ. നമ്മുടെ ലക്ഷ്യം ജീവിത വിജയമാണ്. നമുക്ക് ഒരുറപ്പുണ്ട്. കുറച്ചെങ്കിലും നേട്ടങ്ങളുണ്ടാക്കിയാൽ നമ്മൾ തിരികേ പോകും. പിറന്ന മണ്ണിലേയ്ക്ക്, ഉറ്റവരുടെയും ഉടയവരുടെയും ഇടങ്ങളിലേയ്ക്ക്. നമ്മുടെ സ്വന്തം സ്നേഹതീരങ്ങളിലേക്ക്. അതുകൊണ്ടു തന്നെ അഭയാർത്ഥികൾ എന്ന പ്രയോഗം നമ്മളെ സംബന്ധിച്ചിടത്തോളം തികച്ചും ആലങ്കാരികം മാത്രമാകുന്നു. പക്ഷേ ലോകത്തെ വലിയൊരു വിഭാഗം മനുഷ്യർക്ക് ഈ ഭാഗ്യമില്ല. അവരാണ് യഥാർത്ഥ അഭയാർത്ഥികൾ. നിലനിൽപ്പിനായി എങ്ങോട്ടെന്നറിയാതെ പലായനം ചെയ്യേണ്ടി വന്നവർ. അവർ ഒരുപാടു പേരുണ്ട് ഇന്നു ഭൂമുഖത്ത്. ഒരുപാടെന്നാൽ ദശലക്ഷങ്ങൾ.
വർത്തമാനകാല ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇത്. നിലനിൽപ്പിനായി സ്വന്തമിടങ്ങളിൽ നിന്നും ഏല്ലാമുപേക്ഷിച്ചു പലായനം ചെയ്യേണ്ടി വരുന്നവരുടെ എണ്ണം അനുദിനം ഏറിക്കൊണ്ടിരിക്കുകയാണ്. എല്ലാവരുടേതുമായിരിക്കേണ്ട ഭൂമുഖം ചിലർ മാത്രം പകുത്തെടുക്കുന്നതു മൂലം നിഷ്കാസിതരാകുന്നവരുടെ എണ്ണമേറുകയാണ്. കണ്ണടച്ചു തീരുന്ന നേരം മാത്രം ദൈർഘ്യമുള്ള മനുഷ്യായുസ്സിൽ പുലർത്തേണ്ട മൂല്യങ്ങൾ ചിലർ മറക്കുന്പോൾ, വിശ്വാസത്തിന്‍റെ പേരിൽ ചോരകൊണ്ടു ക്രൂരതയുടെ പുത്തൻ മാനങ്ങൾ തേടുന്പോൾ, ജീവൻ മാത്രം ബാക്കിയായാലും ദോഷമില്ലെന്ന ചിന്തയോടെ ഒരുപാടൊരുപാടുപേർ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂട്ടത്തോടെ പലായനം ചെയ്യപ്പെടുകയാണ്. രണ്ടാം ലോക യുദ്ധം കഴിഞ്ഞിങ്ങോട്ട് ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. രണ്ടാം ലോകയുദ്ധാവസാനം എട്ടര ലക്ഷം പേരായിരുന്നു വിവിധ യൂറോപ്യൻ രാജ്യങ്ങളിലായി അഭയം തേടിയിരുന്നത്. ഒരു ലോകയുദ്ധം വിളിപ്പാടകലെപ്പോലും ഇല്ലാതിരുന്നിട്ടും ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അഭയാർത്ഥികളുടെ സംഖ്യ അതിലും അധികമായിരിക്കുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് ഇവരിൽ ഏറെയും വരുന്നത്. സാധാരണ ഗതിയിൽ പ്രകൃതിക്ഷോഭമടക്കമുള്ള കാരണങ്ങളാണ് വലിയ തോതിലുള്ള പലായനങ്ങൾക്കു മുൻകാലങ്ങളിൽ വഴിവെയ്ക്കാറുണ്ടായിരുന്നത്. ഇന്നു പക്ഷേ വംശീയ, രാഷ്ട്രീയ വിഷയങ്ങളാണ് ഈ പലായനങ്ങൾക്കൊക്കെ കാരണമാകുന്നത്. അതായത് സഹവർത്വിത്തത്തോടെയും സമാധാനത്തോടെയും ജീവിക്കേണ്ട മനുഷ്യന്‍ ആ ഗുണഗണങ്ങൾ ഇല്ലാതെ ജീവിക്കുന്നതിന്‍റെ അനന്തര ഫലം മാത്രമാകുന്നു ഈ പലായനങ്ങളും അഭയാർത്ഥി പ്രശ്നവുമൊക്കെ. മനുഷ്യ കുലത്തെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വയംകൃതാനർത്ഥം മാത്രം. മുതിർന്നവരിൽ ചിലരെയെങ്കിലും നമുക്ക് ഇതിന്‍റെ ഉത്തരവാദികളെന്നു വിരൽ ചൂണ്ടിക്കുറ്റപ്പെടുത്താം. എന്നാൽ ഈ പ്രശ്നത്തിന്‍റെ ഇരകളാകുന്ന ഒന്നുമറിയാത്ത ഹോമിക്കപ്പെടുന്ന കുരുന്നുകളുടെ ജീവന് സമാധാനം പറയാൻ പരിഷ്കൃത ലോകത്തിനു ബാധ്യതയുണ്ട്. അതുകൊണ്ടാണ് ഐലാൻ കുർദിയുടെ ചിത്രം ഇത്രയധികം ശ്രദ്ധേയമാകുന്നത്.
സാധാരണ ഗതിയിൽ കുരുന്നുകളുടെ മൃതദേഹ ചിത്രങ്ങൾ മാധ്യമങ്ങൾ മാസ്കു ചെയ്യാതെ പ്രസിദ്ധീകരിക്കറില്ല. എന്നാൽ പ്രമുഖ ബ്രിട്ടീഷ് പത്രമായ ദ ഇൻഡിപ്പെൻഡന്‍റ് അടക്കമുള്ള മാധ്യമങ്ങൾ ആ കുഞ്ഞിന്‍റെ ചിത്രം അങ്ങനെ തന്നെ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് ഐലാൻ കുർദി ഒരു പ്രതീകമായതുകൊണ്ടു തന്നെയാണ്. നിഷ്കാസിതനാക്കപ്പെട്ടവന്‍റെ ദുരിത പർവ്വത്തിന്‍റെ മൂർത്തരൂപമാണ് തുർക്കിയിലെ കടൽത്തീരത്തടിഞ്ഞ ഐലാൻ കുർദിയെന്ന കുരുന്നിന്‍റെ ചേതനയറ്റ ശരീരത്തിന്‍റെ ചിത്രം.
വിയറ്റ്നാം യുദ്ധത്തിന്‍റെ ഭീകരതയാകെ ആവഹിച്ച ഒരു ചിത്രമുണ്ട് എന്നും ലോകത്തിന്‍റെ ഓർമ്മയിൽ. നാപാം ബോംബാക്രമണത്തിൽ നിന്നും നിലവിളിച്ചുകൊണ്ട് ഓടിയകലുന്ന കിം ഫുക് എന്ന ഒന്പതു വയസുകാരിയുടെ ചിത്രം. അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫർ ഹുയ്ൻ കോംഗ് ഉട് പകർത്തിയ ആ ചിത്രം ഇന്നും
യുദ്ധങ്ങൾക്കെതിരായ ലോക മനഃസാക്ഷി ഉണർത്തുന്ന ബിംബങ്ങളിൽ പ്രധാനമാണ്. ഈ പ്രതീക വൽക്കരണമാണ് ഐലാന്‍റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.
ഐലാൻ കുർദിയും ഒരു അഭയാർത്ഥിയായിരുന്നു. മൂന്നു വയസ്സുകാരനായ ഒരു അഭയാർത്ഥി. സഹോദരനും അച്ഛനും അമ്മക്കുമൊപ്പം അഭയം തേടി യൂറോപ്പിന്‍റെ മണ്ണിനെ ലക്ഷ്യമാക്കിയുള്ള യാത്രയിലായിരുന്നു അവർ. കൂടെ വേരുകൾ പിഴുതെറിയപ്പെട്ട മറ്റൊരുപാടുപേരും. പക്ഷേ അലയാഴിയിലെ അരക്ഷിതമായ അവരുടെ യാത്ര മരണതീരങ്ങളിലാണ് കരക്കടുത്തത് എന്നു മാത്രം. ആളുകളെ കുത്തി നിറച്ച ബോട്ട് അപകടത്തിൽ പെട്ട് ഐലാനും സഹോദരനും അമ്മയും ഓർമ്മ മാത്രമായി. അച്ഛൻ അബ്ദുള്ള കുർദിയുടെ കൈകളിൽ നിന്നും വഴുതി ഐലാൻ കടലിൽ വീണു പോവുകയായിരുന്നു. ഒടുക്കം യാത്ര തിരിച്ച തുർക്കി തീരത്തൊരിടത്ത് നിഷ്ചേതനമായി അവന്‍റെ മൃതശരീരവും അടിഞ്ഞു. ഐലാന്‍റെ ദുരന്തം ഒരു ഒറ്റപ്പെട്ട സംഭവമല്ല. അഭയം തേടിയുള്ള ഈ യാത്രക്കിടെ ഓരോ ദിവസവും കടലിലും കരയിലുമായി മരണ തീരമണയുന്ന ഐലാന്‍മാർ ഒരുപാടു പേരാണ്. സംഘർഷഭരിതമായ സിറിയയുടെ മണ്ണിൽ നിന്നുള്ള അഭയാർത്ഥിയായിരുന്നു ഐലാൻ കുർദി. ആഭ്യന്തര സംഘർഷങ്ങളിൽ തുടങ്ങി ഐ.എസിന്‍റെ കൊടും ക്രൂരതകളുടെ തിക്ത ഫലം ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്ന രാജ്യം എന്ന നിലയിലാണ് സിറിയ ഇന്നുള്ളത്. പ്രസിഡണ്ട് ബാഷർ അൽ അസദും വിമതരുമായുളള സന്ധിയില്ലാ സമരമായിരുന്നു ഇന്നലെകളിൽ സിറിയയുടെ പ്രശ്നം. എന്നാൽ ഇന്ന് ആഗോള തീവ്രവാദത്തിന്‍റെ അമരക്കാരെന്നാരോപിക്കപ്പെടുന്ന ഐ.എസിന്‍റെ ക്രൂര ഭരണവും പടയോട്ടങ്ങളുമാണ് വലിയൊരു വിഭാഗം സിറിയക്കാർക്ക് കണ്ണീരു പകരുന്നത്. സിറിയൻ നഗരമായ കൊബാനിയിൽ നിന്നും പലായനം ചെയ്തവരായിരുന്നു ഐലാന്‍റെ കുടുംബം. പിറന്ന നാട്ടിൽ നിന്നും ഉള്ളതെല്ലാമുപേക്ഷിച്ചു ജീവനും കൊണ്ടു ഭയന്നോടിയ ഇവർ ഗ്രീസിലേയ്ക്കു കടക്കാനായിരുന്നു കടൽ യാത്രക്കു തയ്യാറായത്. പക്ഷെ ബോട്ടു മറിഞ്ഞതോടെ ഇവരുടെ യാത്ര തുർക്കിയുടെ തീരത്ത് അവസാനിച്ചിരിക്കുകയാണ്. ഇവരെപ്പോലെ ഇനിയും പതിനായിരങ്ങളാണ് ഓരോ ദിവസവും സിറിയയിൽ നിന്നും ഐ.എസ്സിന്‍റെ പടയോട്ടത്തെതുടർന്നു നിഷ്കാസിതരായിക്കൊണ്ടിരിക്കുന്നത്. സിറിയയിൽ നിന്നുള്ള അഭയാർത്ഥികളിൽ ഏറെപ്പേരും അഭയം കൊതിക്കുന്നത് പൊതുവേ വികസിതമായ യൂറോപ്യൻ രാജ്യങ്ങളിൽ തന്നെയാണ്. അതിൽ തന്നെ ജർമ്മനി, യു.കെ, ആസ്ത്രിയ എന്നീ രാജ്യങ്ങളിലേക്കു പറിച്ചു നടപ്പെടാനാണ് ഇവരിൽ ഏറെപ്പേർക്കും താൽപ്പര്യം. സിറിയൻ അതിർത്തിയിലുള്ള കൂടുതൽ പേർക്ക് അഭയം നൽകാമെന്ന് ബ്രിട്ടൻ സമ്മതിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള രണ്ടു ലക്ഷം അഭയാർത്ഥികളെ കൂടിയെങ്കിലും ഏറ്റടുക്കാൻ യൂറോപ്യന്‍ രാജ്യങ്ങൾ തയ്യാറാവണം എന്നാണ് ഐക്യരാഷ്ട്ര സഭ നിർദ്ദേശിക്കുന്നത്. ഇതിനോടു പക്ഷേ യൂറോപ്യൻ രാജ്യങ്ങളെല്ലാം ഒരേ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. പല യൂറോപ്യൻ രാജ്യങ്ങളുടെയും സാന്പത്തിക സ്ഥിതി പണ്ടത്തെയത്ര സുരക്ഷിതമല്ല എന്നതാണ് ഇതിന്‍റെ പ്രധാന കാരണം. അടുത്തത് വംശീയമായ കാരണമാണ്.
യൂറോപ്പിലേയ്ക്കുള്ള അഭയാർത്ഥികളിൽ ഏറിയ പങ്കും ഇപ്പോൾ വരുന്നത് സിറിയ, ഇറാഖ്, ലിബിയ, എറിത്രിയ, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്. എല്ലാ പ്രതികൂല സാഹചര്യങ്ങൾക്കിടെയിലും വലിയ തോതിലുള്ള ജനസംഖ്യാ വർദ്ധനവുണ്ടാകുന്ന രാജ്യങ്ങളാണ് ഇവയൊക്കെ. ക്രമാതീതമായി ഇത്തരക്കാരെ തങ്ങളുടെ മണ്ണിൽ പാർക്കാൻ അനുവദിച്ചാൽ ചുരുങ്ങിയ കാലത്തിനുള്ളിൽ അവർ തദ്ദേശീയരായ യൂറോപ്യന്മാരെ എണ്ണത്തിൽ തോൽപ്പിക്കുമെന്നും തങ്ങളുടെ നിലനിൽപ്പു തന്നെ അവതാളത്തിലാകുമെന്നുമുള്ള ഭീതി വലിയൊരു വിഭാഗം യൂറോപ്യന്മാരെയും ഗ്രസിച്ചിരിക്കുന്നു. മ്യാന്മറിൽ രോഹിങ്ക്യ മുസ്ലീമുകൾ മൂലമുണ്ടായിരിക്കുന്ന സംഘർഷം ഇതു ശരിെവയ്ക്കുന്നു. ഇതിനൊപ്പം സാന്പത്തികമായി അതി ശക്തരായ ഇതര ഇസ്ലാമിക രാജ്യങ്ങൾ സ്വന്തം സഹോദരസ്ഥാനത്തു കണ്ടു സഹായിക്കേണ്ട ഈ അഭയാർത്ഥികൾക്കു നേരേ കണ്ണടക്കുകയാണെന്നും ഇവർക്ക് ആക്ഷേപമുണ്ട്. അടുത്തിടെവരെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളായിരുന്നു എണ്ണത്തിൽ മുന്നിട്ടു നിന്നിരുന്നത്. അവരാവട്ടെ ഭൂരിപക്ഷവും അഭയം തേടിയിരുന്നത് ഇസ്ലാമിക രാജ്യം തന്നെയായ പാകിസ്താനിലുമായിരുന്നു. ഇപ്പോഴത്തെ സ്ഥിതി തികച്ചും വ്യത്യസ്ഥമാണ്. തങ്ങൾ ചെയ്യാത്ത തെറ്റിന് എന്തിനു വെറുതേ വില കൊടുക്കണം എന്നതാണ് യൂറോപ്യൻ രാജ്യങ്ങളിൽ പലതിന്‍റെയും ചിന്താഗതി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇറാഖിനും സിറിയക്കും പുറമേ സോമാലിയ, സുഡാൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നു കൂടിയുള്ള അഭയാർത്ഥിപ്രവാഹം യൂറോപ്പിലേക്കു തുടരുകയാണ്. ഒപ്പം ഇതു മൂലമുള്ള മരണങ്ങളും. കഴിഞ്ഞ ദിവസം ലിബിയയിലെ മിസ്റാത്തയിൽ നിന്നും ഇറ്റലിയിലേക്കുള്ള അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന നൗക അപകടത്തിൽപ്പെട്ട് 40 പേരാണ് മുങ്ങിമരിച്ചത്. 91 പേരേ അന്ന് ഇറ്റാലിയൻ നാവികസേന രക്ഷപ്പെടുത്തി. ഇതിനിടെ ജനനങ്ങളും അഭംഗുരം തുടരുന്നു എന്ന കൗതുകവുമുണ്ട്. ഹംഗറിയിലെ ബുദാപെസ്റ്റ് റയിൽവേ േസ്റ്റഷനിൽ അഭയാർത്ഥി സംഘത്തിലെ രണ്ടമ്മമാർ ജന്മം കൊടുത്ത കുരുന്നുകൾക്ക് സദൻ (അഭയം), എന്നും ഷെംസ് (പ്രതീക്ഷാ കിരണം) എന്നുമാണ് പേരു നൽകിയത്. നാടും വീടും വിട്ടോടുന്പോഴും ഈ അഭയാർത്ഥിക്കൂട്ടങ്ങളുടെ ക്രമാതീതമായ പെറ്റുപെരുകൽ സ്വഭാവത്തിനു മാത്രം മാറ്റമില്ലെന്ന് ഇവരുടെ വിമർശകർ പരിഹസിക്കുന്നു. അതേസമയം പ്രതിസന്ധികളുണ്ടാകുന്പോഴൊക്കെ ജനന നിരക്കിലെ ക്രമാതീതമായ വർദ്ധന (Baby Boom) മനുജ കുലത്തിന്‍റെ സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് ശാസ്ത്രവും വിശദീകരിക്കുന്നു.
വ്യാഖ്യാനങ്ങളും ആരോപണങ്ങളും വിശദീകരണങ്ങളും എന്തൊക്കെയായാലും ലോകം അഭയാർത്ഥിപ്രശ്നം കൊണ്ട് വീർപ്പുമുട്ടുകയാണ്, പ്രത്യേകിച്ച് അവരിൽ പലരും ലക്ഷ്യം വച്ചിട്ടുള്ള യൂറോപ്യൻ രാജ്യങ്ങൾ. അഭയാർത്ഥികളെ സ്വീകരിക്കുക എന്ന വിഷയം പ്രധാനമാണ്. പക്ഷേ അതിലും ഏറെ പ്രധാനമാണ് അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടാനുള്ള കാരണങ്ങൾ ഏതൊക്കെയെന്നു തിരിച്ചറിഞ്ഞ് കഴിവതും വേഗം ആ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത്.