തീവെട്ടികൾക്കപ്പുറത്ത് കട്ട പിടിച്ച ഇരുട്ടാണ്

കമ്യൂണിസ്റ്റ് കാരണവരും ആദർശ രാഷ്ട്രീയത്തിന്റെയും ത്യാഗത്തിന്റെയും ആൾരൂപവുമായ കേളു ഏട്ടന് (എം.കെ.കേളു) രക്തം നൽകിയത് ജീവിതത്തിലെ തന്നെ അഭിമാന മുഹൂർത്തങ്ങളിലൊന്നായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളാണീ ലേഖകൻ. കൗമാരം പിന്നിട്ട് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കത്തി നിൽക്കുന്ന കാലം. കോഴിക്കോട്ടെ പാർട്ടി ആസ്ഥാനമായ സി.എച്ച് കണാരൻ സ്മാരക മന്ദിരത്തിലെ സ്ഥിരം അന്തേവാസികളിൽ ഒരാളായിരുന്ന കാലം. ഒരു വാഹന അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ആയ കേളു ഏട്ടന് രക്തം ആവശ്യമായി വന്നപ്പോൾ അരികിലുണ്ടായിരുന്നവരുടെ രക്തം പരിശോധിച്ചതിൽ എന്റെ രക്തം നൽകാനാണ് തീർപ്പായത്. തികഞ്ഞ അഭിമാന ബോധത്തോടെ ഞാനത് നിർവ്വഹിച്ചു. അതിനു മുന്പും ചിലർക്കൊക്കെ രക്തം ദാനം ചെയ്തിരുന്നെങ്കിലും അന്നൊന്നും തോന്നാത്ത ഒരഭിമാന ബോധം എനിക്കുണ്ടായി. പൊതുവെ ഫലിത പ്രിയനായ കേളു ഏട്ടൻ എന്നെ ആശുപത്രി കിടക്കക്കരികിൽ പിടിച്ചു നിർത്തി പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. “ഇവന്റെ ചോരയാണോ എനിക്ക് തന്നത്, അയ്യോ ഇനി ഞാൻ എന്തൊക്കെ അതിക്രമങ്ങളായിരിക്കും കാണിക്കുക”. കേട്ടു നിന്നവരെല്ലാം ചിരിച്ചെങ്കിലും എനിക്കത് ജീവിതത്തിലെ തന്നെ സന്തോഷങ്ങളിലൊന്നായി. തുടർന്ന് രക്തദാനം ജീവിതചര്യയുടെ ഭാഗമായി. ഒരുപാട് പേർക്ക് ഒരു പ്രതിഫലവും പറ്റാതെ രക്തം നൽകി. അതിനിടയിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞു. രക്തം വിറ്റ് ജീവിക്കുന്നവരെ പരിചയപ്പെട്ടു. സ്വന്തം മാതാപിതാക്കൾക്ക് പോലും ഭയം നിമിത്തം രക്തം നൽകാൻ സന്നദ്ധമല്ലാത്ത മക്കൾ രക്തത്തിനായി ഞങ്ങളെ തേടിയെത്തുന്നതും ഞങ്ങൾ വഞ്ചിതരാകുന്നതുമൊക്കെ ഡോക്ടർമാരായ സുഹൃത്തുക്കൾ കാണിച്ചു തന്നു.
കേരളത്തിൽ നേത്രദാനവും ശസ്ത്രക്രിയയും ഒക്കെ വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങി. കണ്ണ് ദാനം ചെയ്‌താൽ മൃതദേഹം വികൃതമാകുമെന്നും മതപരമായ കാരണങ്ങളാൽ നേത്രദാനം തെറ്റാണെന്നും വാദിക്കുന്നവരെ കണ്ടു. മരണശേഷം ദൈവസന്നിധിയിൽ നടക്കുന്ന വിചാരണയിൽ കണ്ണില്ലാതെ കുരുടനായി എത്തിയാലത്തെ അപകടങ്ങൾ മതപ്രസംഗങ്ങളിൽ വിശദീകരിക്കുന്നത് കേട്ടപ്പോൾ ഒരേസമയം ദുഃഖവും ദേഷ്യവും തോന്നി. പിന്നീട് യുവജന സംഘടനയുടെ പ്രവർത്തകൻ എന്ന നിലയിൽ നേത്രദാന സേന രൂപീകരിച്ച് ആയിരക്കണക്കിന് നേത്രദാന സമ്മത പത്രങ്ങൾ പൂരിപ്പിച്ച് നൽകാൻ മുൻകൈയെടുത്തു. അപ്പോഴും അനുഭവം പഠിപ്പിച്ചത്, ഒരു പ്രചാരണ പ്രവർത്തനം എന്നതിനപ്പുറം സമ്മത പത്രം ഒപ്പിട്ടു തന്നവർ മരിച്ചാൽ പോലും കണ്ണുകൾ എടുത്തുനൽകാൻ ആരും പരിശ്രമിക്കുന്നില്ല എന്ന വസ്തുതയായിരുന്നു. എന്നാൽ ചില വ്യക്തികൾ അപൂർവ്വം സംഘടനകൾ ആത്മാർഥമായി ഇത് നിർവഹിക്കുന്നു എന്ന യാഥാർത്ഥ്യവും അവരാരും പ്രചാരണം ആഗ്രഹിക്കുന്നില്ല എന്നതും ശ്രദ്ധയിൽപ്പെട്ടു.
പയ്യെ പയ്യെ വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയ കേരളത്തിൽ സാർവത്രികമാകുന്നതും അടുത്ത് നിന്ന് നോക്കി കണ്ടു. കോഴിക്കോട്ടെ ചില സ്വകാര്യ ആശുപത്രികൾ ഇടുക്കി, പാലക്കാട്, ജില്ലകളിലെ പാവങ്ങളുടെ വൃക്കകളിൽ ഒന്ന് അവരെ ശരിയായ രീതിയിൽ ബോധ്യപ്പെടുത്താതെ മുറിച്ചെടുത്ത് ലക്ഷങ്ങൾ വില പേശി പണക്കാർക്ക് വിൽപ്പന നടത്തുന്നതിന്റെ ഉള്ളുകള്ളികൾ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ ദേശാഭിമാനി പത്രത്തിൽ റിപ്പോർട്ട് ചെയ്തു. ഒരു മുസ്ലീം വൃക്കക്ക് വേണ്ടി മലയാളത്തിലെ ഒരു പത്രം പരസ്യം നൽകിയതും കണ്ടു.
കാലം കടന്നു പോയപ്പോൾ ‘ട്രാഫിക്’ എന്ന സിനിമ വന്നു. ഒരു നഗരത്തിൽ നിന്ന് മറ്റൊരു നഗരത്തിലേക്ക് വാഹനക്കുരുക്കുകൾക്ക് ഇടയിലൂടെ മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഹൃദയം സാഹസികമായി ആംബുലൻസിൽ എത്തിക്കുന്നതും ജീവൻ രക്ഷിക്കുന്നതുമൊക്കെ ഭംഗിയായി ചിത്രീകരിച്ച സിനിമ. 2011 ലാണ് റിലീസായത്. ഏതാനും വർഷം കൊണ്ട് ആ സിനിമയിലെ സംഭവങ്ങളൊക്കെ നമ്മുടെ നാടിന്റെ അനുഭവങ്ങളായി മാറി. ഇപ്പോൾ അവയവദാനത്തിന്റെ വാർത്തകളില്ലാത്ത പത്രങ്ങളില്ല. വിമാനം വഴി ഹൃദയം പറക്കുന്നതും കരൾ മാറ്റിവെക്കപ്പെടുന്നതും അങ്ങനെയങ്ങനെ പലതും. ഇതൊക്കെ ചെയ്യുന്ന ഡോക്ടർമാർ ദൈവങ്ങളായി മാറുന്നു. ആശുപത്രികൾ ദേവലോകങ്ങളും. കേരളത്തിൽ ഇന്ന് മതേതരമായി നടക്കുന്ന ഏക പ്രവർത്തനം ഇത് മാത്രമാണ് എന്ന് വേണമെങ്കിൽ പറയാം.
തീവെട്ടികളുടെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന ദേവന്മാരിൽ പലരും മാരീച വേഷം പൂണ്ടാവരാണ് എന്ന് നാം അറിയുന്നില്ല. ദേവദൂതന്മാരായി നമുക്ക് മുന്നിലെത്തുന്നവരിൽ പലരും ചോരയൂറ്റുന്നവരാണ് എന്നതും യാഥാർത്ഥ്യം, മനം മയക്കുന്ന അപ്സര സുന്ദരികളുടെ വൈരൂപ്യങ്ങളും വടുക്കുകളും ഗുഹ്യരോഗങ്ങളുമൊക്കെ അറിയണമെങ്കിൽ അവരുടെ അന്തപുരങ്ങൾക്കകത്ത് പ്രവേശിക്കണം. തീവെട്ടി പ്രഭയിൽ തിളങ്ങി നിൽക്കുന്ന ദേവലോകങ്ങളുടെ പിന്നാന്പുറങ്ങളിൽ കട്ടപിടിച്ച ഇരുട്ടും പാതാളക്കയങ്ങളും മറച്ചു വെയ്ക്കപ്പെടുന്നുണ്ട് എന്നറിയണം.
പഞ്ചനക്ഷത്ര ആശുപത്രിയിലെ സുഖ പ്രസവം, വേദന രഹിത പ്രസവം, ഇഷ്ടനാളിലുള്ള പ്രസവം എന്നിവയെ കുറിച്ചൊക്കെയുള്ള വാർത്തകളും പരസ്യങ്ങളും നിറയുന്പോൾ തന്നെയാണ് ഇന്നത്തെ പത്രങ്ങളിൽ ആശുപത്രി അധികൃതർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ഒരു പ്രസവത്തിലെ മൂന്ന് മക്കളും മരിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ആദിവാസി യുവതിയെ കുറിച്ചുള്ള വാർത്ത വന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ വാളാട് എടത്തന കോളനിയിൽ കൃഷ്ണന്റെ ഭാര്യ അനിത എന്ന 27കാരി, ആദിവാസി യുവതിക്കാണ് ഈ ദുർഗതി. ബുധനാഴ്ച പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിയെ ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല. നേഴ്സ് ഇവരെ 200 ലധികം കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കയച്ചു. വഴിയിൽ വേദന കലശലായതിനെ തുടർന്ന് ആംബുലൻസിലും പനമരത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിലുമൊക്കെയായി 3 കുഞ്ഞുങ്ങളെ പ്രസവിച്ചു. മൂന്നും മരിച്ചു. അമ്മ ഗുരുതരാവസ്ഥയിലുമായി. നാളെ ഡോക്ടർമാരുടെ പ്രസ്താവനകൾ വരും. അവർക്ക് വേണ്ടി ഡോക്ടർമാരുടെ സംഘടന രംഗത്ത് വരും. അവരൊക്കെ സ്വാധീനമുള്ളവരായത് കൊണ്ട് ഡോക്ടർമാരുടെ രോമത്തിന് പോലും കേടു സംഭവിക്കില്ല. ആദിവാസി സംഘടിതരല്ല. അവർക്ക് വേണ്ടി സംസാരിക്കാൻ അധികമാരും ഉണ്ടാകില്ല. അവർക്കൊരിക്കലും പണം നൽകി പഞ്ചനക്ഷത്ര ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ല. കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ ഒരു നഖചിത്രം ഈ സംഭവത്തിലുണ്ട്.
ഇനി ചില അനുഭവ കുറിപ്പിലേയ്ക്ക് വരട്ടെ. എന്റെ നാട്ടിൽ പ്രകൃതി ചികിത്സയും മറ്റുമായി കഴിയുന്ന ഒരാൾക്ക് ഒരു മാസം മുന്പ് വലിയ ശാരീരിക തളർച്ചയും ഛർദ്ദിയും അനുഭവപ്പെട്ടു. ഒരു ഭക്ഷണവും കഴിക്കാൻ കഴിയുന്നില്ല. എല്ലാം നിമിഷങ്ങൾക്കകം ഛർദ്ദിച്ചു പോകുന്നു. തളർച്ചകൊണ്ട് എഴുന്നേറ്റിരിക്കാൻ പോലും കഴിയുന്നില്ല. ബോധം മറഞ്ഞു പോകുന്നു. കോഴിക്കോട്ടെ ഒരു പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചു. വാഹനം എത്തേണ്ട താമസം പിന്നെ ഒന്നിനും ഒരു കുറവുമില്ല. സെക്യൂരിറ്റിക്കാരും സ്ട്രെച്ചർ ബോയ്സുമൊക്കെ എത്തി. ഡോക്ടേഴ്സ് റൂമിലെത്തിച്ച് പരിശോധന തുടങ്ങി. ബന്ധുവിൽ നിന്ന് മേൽവിലാസവും പേരുമൊക്കെ കന്പ്യൂട്ടറിലേയ്ക്ക് പകർത്തി. അതിനിടയിൽ പലതരത്തിലുള്ള സ്കാനിങ്ങും മറ്റു പരിശോധനകളും നടത്തി. ഒന്നിനും ഒരു മുട്ടുമില്ല. കുറിപ്പടി കിട്ടുന്നതിനനുസരിച്ച് ആയിരങ്ങൾ അടച്ചുകൊണ്ടിരുന്നതിനാൽ മാത്രം മതി. അവസാനം പരിശോധനാ ഫലം വന്നു. തലച്ചോറിനകത്ത് ഒരു മുഴയുണ്ട്. അതാണ് വില്ലൻ. ഉടനെ നീക്കം ചെയ്യണം. അല്ലെങ്കിൽ അപകടമാണ്. തലയോട്ടി പൊളിച്ച് സർജറി നടത്തണം. അതിനു ഒരു ലക്ഷം രൂപ കെട്ടി വെക്കണം. രോഗിക്കാണെങ്കിൽ പനിയൊന്നുമില്ല, അണുബാധയുടെ ലക്ഷണങ്ങളുമില്ല. കൂടെയുണ്ടായിരുന്ന അൽപസ്വല്പം വൈദ്യശാസ്ത്ര അവബോധമുള്ള സുഹൃത്ത് വിളിച്ചു. രണ്ടാമതൊരു പരിശോധനയും നിർദേശവും നല്ലതല്ലേ എന്നാരാഞ്ഞു. തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാൾ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കാമെന്നായി. അതിനുള്ള സംവിധാനം ഉണ്ടാക്കി. രോഗിയെ മൊബൈൽ ഐ.സി.യുവിൽ അവിടെ എത്തിച്ച് പരിശോധിച്ചു. അവർ ചികിത്സ തുടങ്ങി. ഏതാനും ഗുളികകളും ലവണങ്ങൾ അടങ്ങിയ ചില ലായനികളും നൽകലാണ് ചികിത്സ. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഛർദ്ദി നിന്നു. ക്ഷീണം കുറഞ്ഞു തുടങ്ങി. പിന്നീട് ഡിസ്ചാർജ് ചെയ്ത് നാട്ടിലേക്ക് വിട്ടു. അവർ സ്കാനിങ്ങ് നടത്തിയപ്പോൾ മുഴയൊന്നും കണ്ടില്ല. കാര്യം തിരക്കിയപ്പോൾ ഡോക്ടർമാർ പറഞ്ഞു. രോഗി പ്രകൃതി ചികിത്സ നടത്തുന്ന ആളായതുകൊണ്ട് രണ്ടാഴ്ച ഇയാൾ ഇളനീർ വെള്ളം മാത്രം കഴിച്ച് ഉപവസിച്ചിരുന്നു. അത് ശരീരത്തിൽ ചില ലവണങ്ങൾ കുറയാൻ കാരണമായി. അതുകൊണ്ടാണ് തളർച്ച ഉണ്ടായത്. അതോടെ ഭക്ഷണം ആഗിരണം ചെയ്യാനുള്ള ശേഷി ശരീരത്തിന് നഷ്ടപ്പെട്ടു. അതാണ് കടുത്ത ഛർദ്ദി ഉണ്ടാക്കിയത്. ഇയാൾക്ക് മറ്റു അസുഖങ്ങളൊന്നും ഇല്ല. ഓർത്തു നോക്കു, രോഗി അത്യാസന്ന നിലയിലാണ്. തലച്ചോറിനകത്തെ ട്യൂമർ അടിയന്തിരമായി ശാസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാൽ ദൈവങ്ങളുടെ ഇത്തരം അരുളപ്പാടുകളെ അവഗണിക്കാൻ ആർക്കു കഴിയും? ആരതിനു ധൈര്യം കാണിക്കും? കിടപ്പാടം പണയപ്പെടുത്തിയും തുക കണ്ടെത്തും, ശസ്ത്രക്രിയ നടത്തും. തലയോട്ടി പൊളിച്ച് തലച്ചോറിനകത്തെ മുഴയാണ് നീക്കം ചെയ്യേണ്ടത്. പൊളിച്ചു നോക്കുന്പോൾ ഒരു കുഴപ്പവും കാണുന്നില്ലെങ്കിൽ പഴയ പടി തുന്നിച്ചേർക്കും. അതിനിടയിൽ തലയോട്ടിക്കും തലച്ചോറിനും ഉണ്ടാകുന്ന ക്ഷതവും അതിന്റെ പ്രത്യാഘാതങ്ങളും ചെറുതായിരിക്കില്ലല്ലോ. പാവങ്ങളാണെങ്കിൽ ബില്ലടക്കാൻ കിടപ്പാടം പണയപ്പെടുത്താതെ മാർഗ്ഗമുണ്ടാവില്ല. എത്ര വിദ്യാസന്പന്നൻ ആണെങ്കിലും ഇതിലൊന്നും ഒരു പിശകും കണ്ടു പിടിക്കാൻ നമുക്ക് കഴിയുകയുമില്ല. നമ്മുടെ ആരോഗ്യം ആജീവനാന്തം തകരാറിലാക്കുന്ന നമുക്കുള്ളതെല്ലാം നഷ്ടപ്പെട്ട് തെരുവാധാരമാക്കുന്ന ഈ പ്രക്രിയകളൊക്കെ നടക്കുന്നത് ദേവലോകങ്ങളിലാണ്; നിർവ്വഹിക്കുന്ന ദൈവങ്ങളും.
മറ്റൊരു അനുഭവം കൂടി പറയട്ടെ. സുഹൃത്തിന്റെ ഭാര്യക്ക് ഗർഭപാത്രത്തിനു ചില തകരാറുകൾ. രക്തസ്രാവവും ചില അസ്വസ്ഥതകളും. കോഴിക്കോട് മെഡിക്കൽ കോളേജിലെ ആദർശശാലിയായിരുന്ന ഒരു ഗൈനക്കോളജിസ്റ്റ് റിട്ടയർമെന്റിനു ശേഷം കോഴിക്കോട്ടെ ഒരു സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിൽ ജോലി ചെയ്യുന്നു. സുഹൃത്തും മറ്റൊരു സുഹൃത്തായ എം.ബി.ബി.എസ് ഡോക്ടറും കൂടി രോഗിയെ അദ്ദേഹത്തെ കൊണ്ടുപോയി കാണിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഗർഭപാത്രം ഉടനെ നീക്കം ചെയ്യണമെന്ന നിർദ്ദേശം വന്നു. അതിനു രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള തീയതി ഉൾപ്പെടെ ചെയ്യേണ്ട കാര്യങ്ങളുടെ കുറിപ്പടി തന്നു. അപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ ഡോക്ടർക്ക് സംശയം. ഗർഭപാത്രം നീക്കം ചെയ്യാൻ മാത്രം പ്രശ്നം യഥാർത്ഥത്തിൽ ഇവർക്കുണ്ടോ? യുവതിയായ രോഗിക്ക് ഒരു കുഞ്ഞേയുള്ളൂ. ഒന്നുകൂടി പ്രസവിക്കണമെങ്കിലോ? ഇനി ഗർഭപാത്രം മാത്രമായി എടുത്തു കളയാൻ പറ്റുമോ? അപ്പോൾ അതോടൊപ്പമുള്ള ഗ്ലാന്റുകളും ശരീര പ്രവത്തനങ്ങൾക്ക് അത്യാവശ്യമായ പലതും നശിച്ചു പോകില്ലേ? അങ്ങനെ വന്നാൽ ഇനിയുള്ള കാലത്തെ ഇവരുടെ ആരോഗ്യത്തെ ഒക്കെ അത് ബാധിക്കില്ലേ? ഏതായാലും തൃശ്ശൂരിലുള്ള മറ്റൊരു പ്രശസ്തനായ ഗൈനക്കോളജിസ്റ്റിനെ കൂടി കണ്ടിട്ട് മതി ഗർഭപാത്രം നീക്കം ചെയ്യുന്നതെന്ന് തീരുമാനിച്ചു. കോഴിക്കോട്ടെ പരിശോധനയും നിർദ്ദേശവുമൊന്നും പറയാതെ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം രണ്ടാഴ്ചക്ക് മരുന്ന് കുറിച്ചു. അത് കഴിഞ്ഞ് വരാൻ പറഞ്ഞു. ഒരാഴ്ച കൊണ്ട് തന്നെ രക്തസ്രാവവും മറ്റു പ്രയാസങ്ങളും കുറഞ്ഞു. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ഡോക്ടറെ പോയി കണ്ടു. മൂന്നു മാസത്തേയ്ക്ക് മരുന്ന് കുറിച്ചു. ഗർഭപാത്രം താഴുന്ന രോഗം ഉണ്ടെന്നും ഭാരപ്പെട്ട ജോലികൾ ചെയ്യുന്പോൾ ശ്രദ്ധിക്കണമെന്നും ഉപദേശിച്ചു. ഗർഭം ധരിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നു ഉപദേശം. കോഴിക്കോട് നിന്ന് കിട്ടിയ, ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഉപദേശവും ശസ്ത്രക്രിയയുടെ തീയതി നിശ്ചയിച്ചതുമൊക്കെ പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. “നിങ്ങൾക്ക് പരിചയമുള്ള ആദർശ ശാലിയായ ഗൈനക്കോളജിസ്റ്റ് ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഇപ്പോഴുള്ളത് പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രിയിലെ ലക്ഷങ്ങൾ ശന്പളം വാങ്ങുന്ന ഗൈനക്കോളജിസ്റ്റാണ്. അപ്പോൾ ആരുടെ ഗർഭപാത്രം മുറിച്ചെടുത്തായാലും ശരി ആശുപത്രിയുടെ മുതലാളിയായ ഡോക്ടർക്ക് കുറേ ലക്ഷങ്ങൾ ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് ബാദ്ധ്യതയില്ലേ? നമ്മുടെ വൈദ്യശാസ്ത്രം എത്രമാത്രം ഉന്നത മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നുണ്ട് എന്ന് ഇതൊക്കെ വ്യക്തമാക്കുന്നില്ലേ?
വിവരാവകാശ നിയമം, സേവനവകാശ നിയമം പോലുള്ള പൗരന്റെ അറിയാനുള്ള അവകാശങ്ങൾ അംഗീകരിച്ചു നൽകിയ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പക്ഷേ ഇവയൊന്നും ആധുനിക വൈദ്യശാസ്ത്രരംഗത്ത് പ്രായോഗികമാകുന്നില്ല എന്നതാണ് വാസ്തവം. ഒരു സാധാരണ മനുഷ്യന് അയാൾ വിദ്യാസന്പന്നനായാൽ പോലും തനിക്ക് ഡോക്ടർമാർ നിർദ്ദേശിക്കുന്ന ചികിത്സയെ കുറിച്ചോ രോഗത്തിന്റെ സ്വഭാവത്തെ കുറിച്ചോ തന്റെ ശരീരത്തിൽ പ്രയോഗിക്കുന്ന മരുന്നുകളെ കുറിച്ചോ നടത്തുന്ന ശസ്ത്രക്രിയയെ കുറിച്ചോ തന്റെ സ്വകാര്യ അവകാശമായ ശരീരത്തിനകത്ത് നിക്ഷേപിക്കുന്ന ഉപകരണങ്ങൾ ഇംപ്ലാന്റുകൾ എന്നിവയെ കുറിച്ചോ രോഗിക്കോ ബന്ധുക്കൾക്കോ അറിയണമെന്നില്ല. ഒരു പരിശോധനാ മുറിക്കകത്ത്, അല്ലെങ്കിൽ ഓപ്പറേഷൻ തിയേറ്ററിനകത്ത്, ക്ലിനിക്കൽ പരിശോധനകൾ നടക്കുന്നയിടത്ത് ഡോക്ടറോ ബന്ധപ്പെട്ടവരോ എന്തൊക്കെ ചെയ്യുന്നു എന്നതിന് ചെയ്തയാളിന്റെ മൊഴിയല്ലാതെ അവ പരിശോധിക്കാനുള്ള സംവിധാനം ഇല്ല. നമ്മുടെ മുറുക്കാൻ കടകൾ പോലും സി.സി.ടി.വി.യുടെയും ക്യാമറയുടെയും കാഴ്ചപ്പുറത്താണ് എന്നിരിക്കെ വൈദ്യശ്രുശ്രൂഷാരംഗത്ത് ഇത്തരം സംവിധാനങ്ങളൊന്നും ഇന്നും പ്രവർത്തിക്കുന്നില്ല. അത്തരം ആവശ്യങ്ങളും ആരും ഉന്നയിക്കുന്നില്ല. ഇത്തരം ഇടങ്ങളിൽ ലൈംഗിക ദുരുപയോഗങ്ങൾ പോലും സാധാരണമായി തീർന്നിട്ടുണ്ട് എന്നാണ് ഈ രംഗത്തുള്ളവർ വെളിപ്പെടുത്തുന്നത്. രോഗാവസ്ഥയിൽ തന്റെ മുന്നിലെത്തിയ രോഗിക്ക് എന്ത് മരുന്നാണ് നൽകുന്നത്, അതിന്റെ ആവശ്യമെന്താണ്, അതിന്റെ ചേരുവകളെങ്ങനെ അതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ? ഈ നൽകുന്നതല്ലാതെ പകരമായി ഉപയോഗിക്കാവുന്ന മരുന്നുകളുണ്ടോ? ഇവയുടെ വിലകളിലുള്ള അന്തരമെന്താണ്. ഇതിൽ രോഗിക്കോ ബന്ധുക്കൾക്കോ ഒരു തിരഞ്ഞെടുപ്പിന് ഇപ്പോൾ അവസരമൊന്നുമില്ല. ഒരു ഡോക്ടറോ അല്ലെങ്കിൽ അയാളുടെ മുതലാളിയോ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് നടപ്പിലാക്കുന്നതാണ് ചികിത്സ. ഇത്തരം കാര്യങ്ങളെ കുറിച്ചു പറഞ്ഞാൽ കന്പനികളും അധികാരികളും ഭരണകൂടവുമൊക്കെ പറയുക, ഇതൊന്നും ചികിത്സാ രംഗത്ത് പ്രായോഗികമല്ലെന്നാണ്. എന്നാൽ പ്രായോഗികമാകാനുള്ള ധാരാളം മാർഗ്ഗം ഉണ്ടെങ്കിലും ഒന്നും പരിശോധിക്കപ്പെടുന്നില്ല. ചികിത്സക്കായി ഇന്ന് ഉപയോഗിക്കുന്ന മരുന്നുകളുടെ 80 ശതമാനത്തിലധികം അനാവശ്യ മരുന്നുകളും അപകടകാരികളുമാണ്. ഡോക്ടർമാരും കന്പനികളും അധികാര സംവിധാനങ്ങളും തമ്മിലു