പ്രതിസന്ധി അവസരമാക്കണം...

പ്രദീപ് പുറവങ്കര
കേരളത്തിലെ വടക്കൻ ജില്ലകളിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പ്രതിഫലനങ്ങൾ ഇങ്ങ് ഗൾഫ് നാടുകളിലും സജീവമാണ്. മാഹാമാരിയായി മാറാമായിരുന്ന ഒരു രോഗത്തെ കേരള സർക്കാറിന്റെ അവസരോചിതമായ ഇടപ്പെടലുകൾ കാരണം ഒരു പരിധി വരെ തടഞ്ഞ് നിർത്താൻ സാധിച്ചിട്ടുണ്ട് എന്നത് ആശ്വാസകരമായ കാര്യമാണ്. ചിക്കൻ ഗുനിയ, പക്ഷി പനി, ഡെങ്കി പനി, തെരുവ് നായകളുടെ ആക്രമണം തുടങ്ങി അന്താരാഷ്ട്ര തലത്തിൽ തന്നെ കേരളത്തെ ഇടിച്ചു താഴ്ത്തുന്ന തരത്തിലുള്ള പ്രചരണങ്ങൾ കുറച്ച് വർഷങ്ങളായി എല്ലാ വർഷവും മെയ്, ജൂൺ, ജൂലൈ എന്നീ മാസങ്ങളിൽ നടന്നുവരുന്നുണ്ട്. ഇതിന് പിന്നിൽ ഗൂഢാലോചകളുണ്ടോ എന്ന് ആശങ്കപ്പെടുന്നത് തെറ്റാണെന്ന് പറയാനും സാധ്യമല്ല.
ഇതൊക്കെ ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ ആണ്. ദൈവത്തിന്റെ സ്വന്തം നാട് എന്ന രീതിയിൽ വിദേശ ടൂറിസ്റ്റുകളുടെ മുന്പിൽ ബ്രാൻഡ് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. അത്തരം ഒരു ബ്രാൻഡിങ്ങിലൂടെ നേടുന്ന വിദേശ നാണ്യം കേരളത്തിന്റെ സന്പത്ത് ഘടനയെ സംബന്ധിച്ചടുത്തോളം ഗൾഫ് പണം കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തവണ നിപ്പാ വൈറസ് വാർത്ത പുറത്ത് വന്നപ്പോൾ വിനോദ സഞ്ചാര മേഖലയ്ക്കൊപ്പം തന്നെ ഗൾഫ് മേഖലയിലും അത് തളർച്ച ഉണ്ടാക്കി എന്നതാണ് യാത്ഥാർത്ഥ്യം. വവാൽ കടിച്ച പഴങ്ങളാണ് നീപാ പരത്തുന്നത് എന്ന പ്രചരണം പ്രവാസലോകത്ത് നമ്മൾ മലയാളികൾ തന്നെ ശക്തമാക്കിയതോടെ മിക്ക ഗൾഫ് രാജ്യങ്ങളും കേരളത്തിൽ നിന്ന് ഈ മേഖലയിലേയ്ക്കുള്ള പഴം-പച്ചക്കറി ഇറക്കുമതി നിർത്തി വെച്ചു. കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഏറ്റവുമധികം ഗൾഫ് വിപണിയിൽ വിറ്റഴിയുന്ന റമദാൻ കാലത്താണ് ഈ വിലക്കെന്നത് അവയുടെ ഉല്പാദകരായ കർഷകർക്കും കയറ്റുമതി വ്യാപാരികൾക്കും വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നാട്ടിൽ എണ്ണ വിലയുടെ കുതിപ്പും അതോടൊപ്പം ഗൾഫ് രാജ്യങ്ങളിൽ ഇറക്കുമതി നിരോധനവും ഒരുമിച്ചു വന്നോതോടെ കർഷകർ ചെകുത്താനും കടലിനുമിടയിൽ പെട്ടിരിക്കുകയാണ്. നീപാ വൈറസിനെ നിയന്ത്രിച്ചത് പോലെ തന്നെ പഴം പച്ചക്കറി വിപണിക്ക് വേണ്ട സഹായങ്ങൾ സർക്കാർ ചെയ്തില്ലെങ്കിൽ കൂട്ട കർഷക ആത്മഹത്യയും നമ്മുടെ നാട് കാണേണ്ടി വരും.
ഇതോടൊപ്പം താത്കാലിമായെങ്കിലും ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തിയ വിലക്ക് നമ്മൾ മലയാളികൾക്ക് ചില പാഠങ്ങൾ നൽകുന്നുണ്ട്. പാരിസ്ഥിതിക നാശത്തിന്റെയും ജൈവവൈവിധ്യ തകർച്ചയുടെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും കാലത്താണ് നാം ജീവിക്കുന്നത്. ഈ ഒരു കാലത്ത് പുത്തൻ പകർച്ചവ്യാധികളുടേയും അപകടകരമായ വൈറസുകളുടെയും കടന്നുവരവ് ആർക്കും പ്രവചിക്കാനാവില്ല. അത്തരം ഘട്ടങ്ങളെ നേരിടാൻ പര്യാപ്തമായ സംവിധാനങ്ങൾ നമ്മൾ ഉണ്ടാക്കേണ്ട കാലമായിരിക്കുന്നു. കേരളത്തിന്റെ കാർഷിക നിലനിൽപിന് ഇത് അത്യാവശ്യമാണ്. നമ്മുടെ കാർഷികോൽപന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിച്ച് സാക്ഷ്യപ്പെടുത്താൻ സജ്ജമായ ലോകനിലവാരത്തിലുള്ള സംവിധാനങ്ങളെപ്പറ്റി അടിയന്തരമായി ചിന്തിക്കാനും അത് നടപ്പിൽ വരുത്താനും ഈ ഒരു സാഹചര്യം ഉപയോഗപ്പെടുത്തണം. ഇപ്പോഴത്തെ പ്രതിസന്ധിയെ അവസരമാക്കി മാറ്റാനുള്ള ശ്രമമാണ് ബന്ധപ്പെട്ടവർ നടത്തേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ...