ചെങ്ങന്നൂരിൽ ഇടതു തരംഗം

ആധിയൊഴിഞ്ഞ് പിണറായി സർക്കാർ. ചെങ്ങന്നൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ സർക്കാരിന് ഇനി മൂന്നാം വർഷത്തിലേയ്ക്ക് കടക്കാം. നാടിളക്കിയുള്ള പ്രചാരണവും പ്രാദേശിക, ദേശീയ രാഷ്ട്രീയ വിവാദങ്ങളും കലക്കിമറിച്ച ത്രികോണ മത്സരത്തിലാണ് സജി ചെറിയാനിലൂടെ ഇടതുപക്ഷം വിജയം ആവർത്തിച്ചത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഇന്ധനം കൂടിയാണ് സിപിഎമ്മിനും ഇടതുമുന്നണിക്കും ഈ വിജയം.
ഒന്നിലേറെ കാരണങ്ങളാൽ ചെങ്ങന്നൂർ വിധി കേരള രാഷ്ട്രീയത്തിനു നിർണായകമാണ്. മലപ്പുറം, വേങ്ങര ഉപതിരഞ്ഞെടുപ്പുകളിലെ യുഡിഎഫ് അപ്രമാദിത്വത്തിനു പകരം, അട്ടിമറിയിലൂടെ 2016ൽ പിടിച്ചെടുത്ത മണ്ധലം നിലനിർത്തുകയെന്നതായിരുന്നു എൽഡിഎഫിന്റെ വെല്ലുവിളി. തിരിച്ചുപിടിക്കാൻ യുഡിഎഫും ഞെട്ടിക്കാൻ ബിജെപിയും കച്ചകെട്ടിയതോടെ ചെങ്ങന്നൂർ ആവേശത്തിലമർന്നു. പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷം, കെവിൻ പി.ജോസഫ് എന്ന 23 വയസ്സുകാരന്റെ അരുംകൊലയിൽ മുങ്ങിപ്പോയ സമയത്തായിരുന്നു വോട്ടെടുപ്പ്. പോലീസ് സേനയുടെ പേരിൽ പ്രതിച്ഛായാനഷ്ടം സംഭവിക്കുന്ന സർക്കാരിനു പിടിച്ചുനിൽക്കാനും എടുത്തുകാട്ടാനുമുള്ള വിജയക്കൊടിയാണു സജി ചെറിയാന്റെ മിന്നുംജയം.
കാര്യങ്ങൾ എങ്ങനെയായാലും ചെറിയ മാർജിനിലെങ്കിലും ചെങ്ങന്നൂരിൽ ജയിക്കുമെന്നു സിപിഎം കണക്കുകൂട്ടിയിരുന്നു. അതു ശരിയാണെന്ന് തെളിഞ്ഞു. യുഡിഎഫ്, ബിജെപി കോട്ടകൾ തകർത്തായിരുന്നു വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾതൊട്ടേ സജി ചെറിയാന്റെ പ്രയാണം. ഒരുഘട്ടത്തിൽ പോലും ഇരുമുന്നണികളും സജിക്കു വെല്ലുവിളി ഉയർത്തിയില്ല. മാന്നാർ പഞ്ചായത്തിൽ കഴിഞ്ഞവർഷം നേടിയ 440 വോട്ടിന്റെ ലീഡിനേക്കാൾ പലമടങ്ങു നേടിയാണു സജി വരവറിയിച്ചത്. കെകെആർ നേടിയതിനേക്കാൾ കൂടുതൽ വോട്ടുനേടിയാണ് എൽഡിഎഫ് വിജയം ആധികാരികമാക്കിയത്. കണക്കുകൂട്ടലുകൾക്കപ്പുറത്തേയ്ക്ക് ജനങ്ങൾ സഹായിച്ചെന്ന് സജി ചെറിയാൻ പറയുന്പോൾ, വോട്ടുകച്ചവടം നടന്നെന്നു യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻഡിഎ സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയും ആരോപിക്കുന്നു.
ചെങ്ങന്നൂരിലെ എൽഡിഎഫ് ജയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ആവർത്തനം കൂടിയാണ്. ബിജെപി ശക്തമായ ത്രികോണ മത്സരം കാഴ്ച വെയ്ക്കുന്നിടത്തു യുഡിഎഫിനെ പരാജയപ്പെടുത്താൻ എൽഡിഎഫിനു സാധിക്കുന്നു. ഇതിനപ്പുറം ചെങ്ങന്നൂരിൽ ബിജെപിയെയും എൽഡിഎഫ് തറ പറ്റിച്ചിരിക്കുന്നു. ചെങ്ങന്നൂരിൽക്കൂടി ജയിച്ചാൽ നിയമസഭയിലെ കക്ഷിനിലയിൽ ഒരാൾ കൂടുമെന്നതിനേക്കാൾ, സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതുമുന്നണിക്കൊപ്പമോ, ഒരൽപം മുന്നിലോ നിൽക്കുന്ന മുന്നണിയെന്ന സ്ഥാനം തിരിച്ചുപിടിക്കാം എന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടൽ.
കെ.എം. മാണിയുടെ തിരിച്ചുവരവും യുഡിഎഫിന് ഗുണം ചെയ്തില്ല. ഇതോടെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കേരള കോൺഗ്രസിനെ മുന്നണിയിൽ എടുക്കാനുള്ള സിപിഎം ആവശ്യത്തിന് ഇനി ശക്തി കുറയും. സിപിഐയുടെ എതിർപ്പിനു കനം കൂടുകയും ചെയ്യും. മാണിയില്ലെങ്കിലും മുന്നണിക്ക് ഒരു കുഴപ്പവുമുണ്ടാകില്ലെന്നു സിപിഎമ്മിന് ‘സമ്മതിക്കേണ്ടി’യും വരും. സർക്കാർ പ്രതികൂല സാഹചര്യം നേരിടുന്ന സമയത്തുപോലും ചെങ്ങന്നൂരിൽ ജയിക്കാനായില്ലെന്നതിന്റെ പോരായ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സനും എങ്ങനെ വിശദീകരിക്കുമെന്നു കണ്ടറിയണം.
എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്കു കടന്നിരിക്കെ, ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുഫലം സർക്കാരിന്റെവിലയിരുത്തലാണെന്ന് ഇടതുമുന്നണി പറഞ്ഞിരുന്നില്ല. പക്ഷേ, ഈ ജയം ഭരണനേട്ടങ്ങളുടെ ഫലമാണെന്ന് മുന്നണിയും പ്രവർത്തകരും ആഘോഷിക്കും. ചെങ്ങന്നൂരിൽ പ്രചാരണത്തിനെത്തിയ സിപിഎം നേതാക്കളിൽ വി.എസ് അച്യുതാനന്ദൻ മാത്രമാണ് തിരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പരസ്യമായി പറഞ്ഞത്. പക്ഷേ, പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാവുമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതിന്റെ മുന കോൺഗ്രസിനെ ഏറെക്കാലം കുത്തിനോവിക്കും. കോൺഗ്രസിന്റെ ഉറച്ച മണ്ധലമായിരുന്നു ഏറെക്കാലം ചെങ്ങന്നൂർ. പരന്പരാഗതമായി ലഭിച്ചിരുന്ന ഹൈന്ദവ വോട്ടുകളിൽ വലിയൊരു ഭാഗം ബിജെപിയിലേക്കു പോയതാണ് കഴിഞ്ഞ തവണ യുഡിഎഫിന് തിരിച്ചടിയായത്. ഇത്തവണ, ഈ വോട്ടുകൾക്കൊപ്പം ക്രൈസ്തവർ ഉൾപ്പെടെയുള്ള മറ്റു സമുദായ വോട്ടുകളും എൽഡിഎഫിലേക്കു മാറിയൊഴുകുന്നതാണ് കണ്ടത്.
കെ.കെ രാമചന്ദ്രൻ നായർ തുടങ്ങിവെച്ച 750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഭരണത്തുടർച്ച വേണമെന്നായിരുന്നു എൽഡിഎഫ് ആവശ്യപ്പെട്ടത്. അത് ജനങ്ങൾ നടപ്പിലാക്കി. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മാസങ്ങൾക്കു മുന്നേ കമ്മിറ്റികൾ രൂപീകരിച്ച് എൽഡിഎഫ് പ്രവർത്തനം തുടങ്ങിയിരുന്നു. ഭവന സന്ദർശനത്തിന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വന്നു. ഒന്നിലേറെ ദിവസം മുഖ്യമന്ത്രി മണ്ധലത്തിലെ പരിപാടികളിൽ പങ്കെടുത്തു, പ്രസംഗിച്ചു. അതിന്റെയെല്ലാം പരിണിതഫലമായി ചെങ്ങന്നൂർ എൽഡിഎഫിനൊപ്പം നിന്നു.
സാംസ്കാരികമായി ഔന്നത്യമുള്ള ചെങ്ങന്നൂരിനു വികസന പന്ഥാവിലേയ്ക്ക് പറന്നുയരാൻ 1000 കോടി നൽകാമെന്ന ഇടതുപക്ഷത്തിന്റെ മോഹനവാഗ്ദാനത്തിനാണ് നാട്ടുകാർ വോട്ട് ചെയ്തത്. ചെങ്ങന്നൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കു തൊഴിൽ ഉറപ്പുവരുത്താനും വിനോദസഞ്ചാരം, കൃഷി, വ്യവസായം എന്നിവയ്ക്ക് ഊന്നൽ നൽകി ഉൽപ്പാദനമേഖലയെ ശക്തിപ്പെടുത്താനും പദ്ധതിയുണ്ടെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചു. മണ്ധലത്തിലെ പത്തു പഞ്ചായത്തുകളിൽ അഞ്ചിടത്ത് ഇടതുഭരണമാണ്. സർക്കാർ ഫണ്ട് ഒഴുകിയെത്താൻ എൽഡിഎഫ് ജയിക്കണമെന്ന പ്രചാരണം ഏറ്റിരിക്കുന്നു. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിലെ വലിയ വിജയം എൽഡിഎഫ് സർക്കാരിന്റെ മുഖഛായ നിലനിർത്തുന്നതാണ്. സർക്കാർ മൂന്നാം വർഷത്തിലേയ്ക്ക് കടക്കുന്പോൾ ഇതൊരു മുതൽകൂട്ടാകും...