ഇടതു പക്ഷത്തിന്റെ 2 വർഷങ്ങൾ...

ഇ.പി അനിൽ
epanil@gmail.com
ബൂർഷ്വാ ഭൂ പ്രഭു ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങളെ സേവിക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ തങ്ങൾക്കുലഭിക്കുന്ന അവസരങ്ങളെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുവാൻ തങ്ങൾ ഉണ്ടാകും എന്നാണ് ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടികൾ പറയാറുള്ളത്. ഈ ജനാധിപത്യത്തിൽ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയില്ല എന്നതിനാൽ സോഷ്യലിസ്റ്റ് വിപ്ലവത്തിലേയ്ക്ക് പടിപടിയായി എത്തുക എന്നതാണ് ലക്ഷ്യം എന്നുകൂടി അവർ ഓർമ്മിപ്പിക്കുന്നു. ഏക സംസ്ഥാനത്തു മാത്രം ഭരണം നടത്തുന്ന കമ്യുണിസ്റ്റ് പാർട്ടിയുടെ ഭരണം ഇത്തരം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നുവോ? ഏറ്റവും അവസാനം കെവിൻ എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെട്ട സംഭവം എങ്ങനെയാണ് കേരളത്തിന് വിലയിരുത്തുവാൻ കഴിയുക? ഇടതുപക്ഷ സർക്കാരിന്റെ കീഴിലും ഭരണകൂടത്തിന്റെ ഗുണ്ട എന്ന പേരുദോഷം പേറുന്ന പോലീസ്സ് മാനവിക വിരുദ്ധ സമീപനങ്ങൾ തെറ്റായി ആവർത്തിക്കുന്പോൾ ഇടതുപക്ഷ സർക്കാരിനെ പിന്തുണക്കുവാൻ ആഗ്രഹിക്കുന്നവർ പോലും നിരാശരാകേണ്ടി വരുന്നു?
സംസ്ഥാനത്തിന്റെ ഇടതുപക്ഷ മുന്നണി ജനങളുടെ മുന്നിൽ അവതരിപ്പിച്ച പ്രകടന പത്രികയെ മുന്നിൽ നിർത്തി അധികാരത്തിൽ എത്തിയവർ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ എത്ര വാഗ്ദാനങ്ങൾ നടപ്പിലാക്കി എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭരണ കക്ഷികൾ വിജയം ആഘോഷിക്കുന്പോൾ പ്രതിപക്ഷം മറ്റൊരു വിശദീകരണം നൽകുക സ്വാഭാവികമാണ്. കേരളത്തിന്റെ കഴിഞ്ഞ കാലത്തെ സർക്കാരിൽ നിന്നും ഈ സർക്കാർ എത്രമാത്രം വ്യത്യസ്തമായിരിക്കുന്നു?
ഇടതുപക്ഷ സർക്കാർ കേരളത്തിന് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനം ഞങ്ങൾ ഐക്യ മുന്നണിയിൽ നിന്നും വ്യത്യസ്തമായിരിക്കും എന്നതാണ്. കുത്തഴിഞ്ഞ അഭ്യന്തരവകുപ്പ്, അഴിമതിയുടെ നീണ്ട കഥകൾ, സാന്പത്തിക അച്ചടക്കണില്ലായ്മ, സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ, പൊതു മേഖലാ സ്ഥാപനങ്ങളുടെ നഷ്ട്ടം, ഭൂ മാഫിയകളുടെ വർദ്ധിച്ച സ്വാധീനം, പരിസ്ഥിതിയെ കടന്നാക്രമിക്കൽ മുതലായ വിഷയങ്ങളിൽ ഐക്യമുന്നണിയുടെ പരാജയം ഇടതു പക്ഷത്തിനു വിജയം ഒരുക്കി.
“വേണം നമുക്കൊരു പുതു കേരളം” എന്നാരംഭിക്കുന്ന പ്രകടന പത്രികയിൽ 35 ഇന പരിപാടികളെ വിലയിരുത്തികൊണ്ട് രണ്ടുവർഷങ്ങൾ മാത്രം പിന്നിട്ട സർക്കാരിനെ പറ്റിയുള്ള അഭിപ്രായങ്ങളെ അവസാന വാക്കായി കാണുവാൻ കഴിയില്ല. എങ്കിലും ഇതുവരെയുള്ള സമീപനങ്ങൾ ഒരു ചൂണ്ടു പലകയാണ്. 25 ലക്ഷം തൊഴിൽ, സ്മാർട്ട് ആപ്പുകൾ, ഐടി പാർക്കുകൾ തുടങ്ങി ടൂറിസറ്റുകളെ ആകർഷിക്കൽ, പൊതു മേഖലയെ ലാഭത്തിൽ എത്തിക്കൽ, പ്രകൃതി പൈപ്പ് ലൈൻ പൂർത്തീകരിക്കൽ, പാരന്പരാഗത വ്യവസായം, പാർപ്പിടം, റോഡ്, ജലപാത, ശുചിത്വ കേരളം, ആരോഗ്യം, സ്കൂൾ വിദ്യാഭ്യാസം, പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, സ്ത്രീ സുരക്ഷ, ജനകീയ ആസൂത്രണം, പൊതു വിതരണം, വിശപ്പില്ലാ കേരളം, ക്ഷേമ പെൻഷൻ, കേരള ബാങ്ക്, അഴിമതിക്ക് അവസാനം കുറിക്കൽ മുതലായ സമീപനങ്ങളിൽ ഇടതു പക്ഷം ചില ഉറപ്പു നൽകിയിരുന്നു.
ഇടതു സർക്കാർ ഒട്ടുമിക്ക രംഗങ്ങളെ പറ്റി പറഞ്ഞുപോയിട്ടുണ്ടെങ്കിലും ശ്രദ്ധ നേടിയവ ഹരിത കേരളം, ലൈഫ് പാർപ്പിട പദ്ധതി, ആർദ്രം എന്ന ആരോഗ്യ പദ്ധതി എന്നിവയാണ്. സർക്കാർ സ്കൂളുകളെ അന്തർദേശീയ നിലവാരത്തിൽ എത്തിക്കുക, സ്കൂൾ പാഠപുസ്തകങ്ങൾ അദ്ധ്യയനം തുടങ്ങുന്പോൾ തന്നെ എത്തിക്കുക, പെൻഷൻ വിതരണത്തിൽ വർദ്ധനയും മുടക്കമില്ലാത്ത വിതരണവും പൊതു മേഖലയുടെ രംഗത്തെ ഉണർവ്വ് മുതലായ രംഗത്തെ ഇടപെടലുകൾ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്.
കഴിഞ്ഞ സർക്കാർ കാലത്തുണ്ടായ സാന്പത്തിക അരാജകത്വം പരിഹരിക്കുവാൻ ആദ്യവർഷം നടത്തിയ ശ്രമങ്ങൾ നോട്ടു പിൻവാങ്ങൽ, ജിഎസ്ടി എന്നിവയിലൂടെ അട്ടിമറിക്കപ്പെട്ടു. കിഫ്ബിയിലൂടെ വികസനത്തിനു പണം കണ്ടെത്തൽ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിവരുന്നു. സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ ബാങ്ക് എന്ന ആവശ്യം എസ്ബിടി ലയിച്ച് എസ്ബിഐ ആയിമാറിയ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യം ഉള്ളതായി ജനങ്ങൾക്ക് തോന്നിയിട്ടുണ്ട്.
സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര സർക്കാർ വിഹിതത്തിനുള്ള മാനദണ്ധം 1971ൽ നിന്നും മാറ്റി നിശ്ചയിക്കുന്നതിലൂടെ കേരളത്തിനും മറ്റു തെക്കൻ സംസ്ഥാനങ്ങൾക്കും ഉണ്ടാകുവാൻ പോകുന്ന നഷ്ടത്തെ പറ്റി നമ്മുടെ സാന്പത്തിക മന്ത്രി നടത്തുന്ന പ്രതികരണങ്ങളും മറ്റു സംസ്ഥാനത്തെ കൂടെ നിർത്തിയുള്ള പ്രക്ഷോഭവും ആരോഗ്യകരമായ സമീപനമാണ്. എന്നാൽ നോട്ടുകൾ പിൻവലിക്കലിനെതിരെ ശക്തമായി പ്രക്ഷോഭം നയിക്കുവാൻ മടിച്ചു നിന്ന സർക്കാർ നയം നിരാശ ഉണ്ടാക്കുന്നതായിരുന്നു. അതിലും നിരാശയാണ് ജിഎസ്ടി വിഷയത്തിൽ ഉണ്ടാക്കിയത്. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ മാനിക്കാതെ, സംസ്ഥാനങ്ങളുടെ നികുതി ചുമത്തുവാനുള്ള അധികാരത്തിൽ കടന്നു കയറിയുള്ള കേന്ദ്രീകൃത പരോക്ഷ നികുതി സംവിധാനത്തെ പിന്തുണക്കുവാൻ ഇടതു പക്ഷ ധനമന്ത്രി തയ്യാറായത് ഇടതു പക്ഷ രാഷ്ട്രീയത്തിനു സംഭവിച്ച തെറ്റായ നിലപാടിന്റെ ഭാഗമായിരുന്നു. സംസ്ഥാന നികുതി വരുമാനത്തിൽ വൻ കുതിപ്പുകൾ ഉണ്ടാകും എന്ന വാദം ഉയർത്തിയ അതേ ഇടതുപക്ഷ നേതാവിന് ഒരു വർഷത്തിനുള്ളിൽ തന്നെ നികുതി വരുമാനത്തിൽ ഉണ്ടായ തിരിച്ചടിയെ ഓർത്തു പരിതപിക്കേണ്ടി വരുന്നു.
കേരളത്തിന്റെ രാഷ്ടീയത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ഥമാക്കുന്നതിൽ ഭൂമിവിഷയവും ജനകീയ ആരോഗ്യനയവും പ്രധാന പങ്കുവഹിച്ചു. സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം 1957 മുതൽ തന്നെ ഉണ്ടായിരുന്നു. ഇവിടെ കേരളത്തിലെ ഇടതു പക്ഷം 1971ൽ പൂർത്തീകരിച്ച മിച്ച ഭൂമി ഏറ്റെടുക്കലും പാട്ട ഭൂമി വിതരണവും കണ്ടെത്തിയ ഭൂമിയുടെ 10% മാത്രം വിതരണവും എന്ന വസ്തുതയെ വിലയിരുത്തി മറ്റൊരു ഭൂ നിയമത്തെ പറ്റി ഇടതുപക്ഷം സംസാരിക്കുന്നില്ല. ഭൂ ഉടമകൾ ആകേണ്ടിയിരുന്ന ദളിത് ആദിമവാസി സമൂഹത്തിനു ഭൂമിയിൽ ഉടമാസ്ഥാവകാശം ലഭിക്കാതിരുന്ന സാഹചര്യത്തെ തിരുത്തുവാൻ ഇന്നത്തെ സർക്കാർ വിമുഖരാണ്. തോട്ടം രംഗത്ത് നടക്കാതിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തിലെ പോളിച്ചെഴുത്തലുകളെ അവഗണിക്കുന്ന നയങ്ങൾ ഇന്നത്തെ ഇടതുപക്ഷവും തുടരുന്നു. ഭൂമിയുടെ കേന്ദ്രീകരണവും ഒപ്പംതന്നെ ഊഹ വിപണിയും സജീവമായ കേരളത്തിൽ കൃഷി ലാഭത്തിൽ എത്തുന്നതിന് കൃഷി സ്ഥലങ്ങളുടെ ലഭ്യത വളരെ പ്രധാനമാണ്. ഇത്തരം അടിസ്ഥാന വിഷയങ്ങൾ പരാമർശിക്കാത്ത സർക്കാർ, ഹരിത കേരളം ഓപ്പറേഷൻ നടത്തി ഭക്ഷ്യ സുരക്ഷയിൽ എത്തിക്കും എന്ന വ്യാമോഹം അടിസ്ഥാനരഹിതമാണ്. ഭൂമിയും കാടും അതിലെ നീരുറവകളും ഭക്ഷ്യ കൃഷിയും സംരക്ഷിക്കപ്പെടണമെങ്കിൽ മണ്ണിൽ പണിയെടുക്കുന്നവരിലേയ്ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുക തന്നെവേണം.ഇടതുപക്ഷ സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്ന ഹരിത കേരളം, ആദ്യം ചെയ്യേണ്ടത് ഭൂമിക്കുമുകളിൽ നടക്കുന്ന വിലപേശൽ ഒഴിവാക്കി ഭൂമിയെ കാർഷിക ഉത്പാദനത്തിന്റെ ഉപാധിയാക്കി മാറ്റുക എന്നതാണ്. അത്തരം തീരുമാനങ്ങൾ ഒന്നും ഇല്ലാതെ ചില സബ്സിഡികൾ അനുവദിച്ച്, ജൈവ കൃഷിയെ പറ്റി വാചാലമായി, പഴയകാല കാർഷിക സ്മരണകൾ അയവിറക്കി നടത്തുന്ന പരീക്ഷണങ്ങൾ ലക്ഷ്യം കാണാതെ അവസാനിക്കുവാൻ മാത്രമേ കഴിയുകയുള്ളൂ.
കേരളത്തിന്റെ വളർച്ചക്ക് പ്രധാന പങ്കു വഹിച്ച മധ്യവർഗ്ഗത്തിന്റെ നിക്ഷേധാത്മക സമീപനം പ്രകടമായികാണുന്ന ഒരു രംഗം വീടുകളെ പറ്റിയുള്ള വഴിപിഴച്ച സങ്കൽപ്പമാണ്. വ്യവഹാര താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങൾ വ്യക്തികളെ കൂടുതൽ ഉപഭോഗ പ്രിയരാക്കുന്നു. രാജ്യത്തെ ഒന്നാം നിര സന്പന്ന സംസ്ഥാനത്തിന്റെ പട്ടികയിൽ പെടാത്ത കേരളത്തിൽ വീടുകളുടെ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടുവാൻ വിജയിക്കുന്നത് ആരോഗ്യകരമായ പ്രവണതയായി കാണുവാൻ കഴിയില്ല. കേരളത്തിൽ കുടുംബങ്ങളുടെ ആകെ എണ്ണം 72 ലക്ഷവും എന്നാൽ വീടുകളുടെ എണ്ണം ഒരു കോടിയിൽ കൂടുതലും ആണ്. അതേ സമയം 5.13 ലക്ഷം ആളുകൾക്ക് വീടുകൾ ഇല്ല എന്നും 3 ലക്ഷത്തിനടുത്ത് ആളുകൾ സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കേണ്ടിവരുന്നു എന്നും സർക്കാർ ഏജൻസികൾ കണ്ടെത്തി.ഇവർക്ക് വീടുകൾ നൽകുവാൻ സർക്കാർ ആരംഭിച്ച സമയബന്ധിതമായ പരിപാടിയാണ് ലൈഫ്. ഇവിടെ ഒരു കുടുംബത്തിനു ശരാശരി 500 അടി വിസ്താരമുള്ള വീടുകൾ (4 ലക്ഷം ചെലവ്) നിർമ്മിക്കുവാൻ സർക്കാർ ആഗ്രഹിക്കുന്നു. (കേരള കുടുംബങ്ങളുടെ വലിപ്പം 4.3 അംഗങ്ങൾ ആയിരിക്കെ 500 ചതുരസ്ത്ര അടി എന്ന വിസ്താരം എത്രമാത്രം ചെറുതാണ്. (ആളൊന്നിന് 116.28 ച.അടി) സമൂഹത്തിന്റെ മുഖ്യധാരയിൽ സാമാന്യതയിലും വലിപ്പത്തിൽ മുതൽ ഞെട്ടിപ്പിക്കുന്ന വീട് നിർമ്മാണം നടക്കുന്നതിൽ ഒരു നിയന്ത്രണവും എടുക്കുവാൻ താൽപര്യം കാട്ടാത്ത സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയെ വീടില്ലാത്തവർക്ക് വീട് കൊടുക്കൽ പദ്ധതിയായി ചുരുക്കികാണുന്നു.
ആരോഗ്യ രംഗത്ത് കേരളം നേടിയ നേട്ടങ്ങൾ നിലനിർത്തി കൂടുതൽ മെച്ചപ്പെട്ട നിലവാരത്തിൽ പദ്ധതികൾ നടപ്പിലാക്കുവാൻ സർക്കാരുകൾ ബാധ്യസ്ഥരാണ്.സംസ്ഥാനത്തെ പൊതു ആരോഗ്യ രംഗത്ത് നിലനിൽക്കുന്ന തെറ്റായ പ്രവണതകളും മറ്റു പരിമിതികളും സ്വകാര്യ ആശുപത്രികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നു.അവരുടെ ഇടപെടലുകൾ ആരോഗ്യ രംഗത്ത് ലാഭാധിഷ്ടിത ഇടപാടുകൾ ശക്തമാക്കി. ഈ പ്രവണതകൾ ചികിത്സാ ചെലവുകൾ കൂട്ടുകയും അനാവശ്യ പരിശോധനകൾക്കും മറ്റും അവസരം സൃഷ്ടിക്കുകയും ചെയ്തു.ചികിത്സ തേടുന്നവരെ കടക്കെണിയിൽ എത്തിക്കുവാൻ കൂടി അവസരങ്ങൾ ഒരുക്കുന്നതായി കാണാം.സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിൽ എടുത്ത സമീപനങ്ങൾ ഗൗരവതരമായ പല വിഷയങ്ങളിലും മൗനം അവലംബിക്കുന്നു. സ്വകാര്യ ആശുപത്രികളുടെ ഫീസ് ഘടനയിൽ ഇടപെടുവാൻ സർക്കാർ കാട്ടുന്ന മടി, സ്വകാര്യ ലാബുകളുടെ ഫീസുകൾക്ക് സർക്കാർ നിയന്ത്രണം ഇല്ലാത്തത്, സർക്കാർ സേവകരായ എല്ലാ ഭിഷഗ്വരന്മാരുടേയും സ്വകാര്യ ചികിത്സ അവസാനിപ്പിക്കുവാൻ മറക്കുന്ന നയം ഒക്കെ ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങളെ ചുരുക്കുന്നു. ഇതിനൊപ്പം തന്നെ സ്വാശ്രയ മെഡിക്കൽ സീറ്റുകളിൽ വരുത്തിയ വന്പിച്ച ഫീസ് വർദ്ധനവ്, സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുവാൻ എടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയ നിലപാടുകൾ ആരോഗ്യ രംഗത്തെ ഇടതുപക്ഷ സമീപനങ്ങൾ അത്ര കണ്ട് മാതൃകാപരമായി കാണുവാൻ കഴിയില്ല.
കേരളത്തിന്റെ ഇന്നത്തെ മുഖ്യമന്ത്രി സർക്കാർ ഓഫീസുകളെ പറ്റി നടത്തിയ അഭിപ്രായ പ്രകടനം ആരുടെയും കൈയടി വാങ്ങുന്നതായിരുന്നു. ഓരോ ഫയലിലും ഒരു ജീവിതം അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ കേരളത്തിലെ സർക്കാർ ഓഫീസുകൾ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് എന്ന് പലരും പ്രതീക്ഷിച്ചു. ഓഫീസുകളെ ആധുനിക വൽക്കരിക്കുക, ഫയൽ നീക്കം ഓൺ ലൈനിൽ ആക്കുക, ഒഫീസ്സുകളിൽ പഞ്ചിങ്ങും മറ്റും നടപ്പിൽ വരുത്തുക, അഴിമതിക്കാരെ ഒഴിവാക്കുക, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് ആരംഭിക്കുക മുതലായ കാര്യങ്ങൾ സർക്കാർ ലക്ഷ്യം വെച്ചു. ഇതിൽ ചില കാര്യങ്ങളിൽ തീരുമാനം ഉണ്ടായി. ശരാശരി ഓഫീസ് സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടില്ല എന്ന് പല വാർത്തകളും തെളിയിക്കുന്നു. സെക്രട്ടേറിയേറ്റിൽ പോലും ഒന്നര ലക്ഷം ഫയലുകൾ കെട്ടി കിടക്കുന്നു. വില്ലേജ് ഓഫീസുകളിൽ ആത്മഹത്യയും കത്തിക്കലും നടന്നത് ഒറ്റപ്പെട്ട സംഭവമാണ് എങ്കിലും അതിലേയ്ക്ക് നയിച്ച കാര്യങ്ങൾ എവിടെയും സജീവമാണ്.
ഇടതുപക്ഷ സർക്കാർ പ്രകടന പത്രികയിൽ ഏറ്റവും പ്രധാനമായി നൽകിയ ഉറപ്പുകൾ ഭൂമിയുടെ ഉപഭോഗത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഭൂമി അളന്നു തിട്ടപെടുത്തി, ഡിജിറ്റൽ ഘടനയിലേയ്ക്ക് മാറ്റുവാൻ ഉണ്ടാകുന്ന വൈകൽ ഭൂമിയുടെ അന്യാധീനത്തിനു കൂടുതൽ അവസരം ഉണ്ടാക്കിവരുന്നു. എന്നാൽ പ്രസ്തുത വിഷയത്തിൽ സമയബന്ധിതമായി പ്രവർത്തനം പൂർത്തീകരിക്കുവാൻ സർക്കാർ വിജയിച്ചിട്ടില്ല. തോട്ടം ഭൂമികൾ ഏറ്റെടുക്കുവാൻ സർക്കാർ കാട്ടുന്ന അലംഭാവം, ഒപ്പം പല കേസ്സുകളിലും സർക്കാർ പരാജയപ്പെടുകയും അത് സ്വകര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സഹായകരമാകുന്ന അനുഭവം ഇടതു പക്ഷ സർക്കാരുകളിൽ നിന്നും സാമാന്യ ജനം പ്രതീക്ഷിക്കുകയില്ല. എന്നാൽ ഇവിടെ പലപ്പോഴും സർക്കാർ ഭൂമി വിഷയത്തിൽ പരാജിതന്റെ റോളിൽ വരുവാൻ ഇടതുപക്ഷവും ഇഷ്ടപെടുന്നതായി കാണാം.
ഇടതു പക്ഷ പ്രകടന പത്രികയിൽ ഏറ്റവും ആകർഷകമായി തോന്നിയ ഭാഗം പരിസ്ഥിതിയെ പറ്റി പരാമർശിച്ച 71ാം ഖണ്ഠിക മുതൽ ഉള്ളതായിരുന്നു. അധികാരത്തിൽ എത്തുന്ന ഇടതുപക്ഷ സർക്കാർ ആറു മാസത്തിനകം പരിസ്ഥിതിയെ പറ്റി ധവള പത്രം ഇറക്കും എന്നും അതിനൊപ്പം കഴിഞ്ഞ സർക്കാർ ഇറക്കിയ എല്ലാ തെറ്റായ തീരുമാനങ്ങളും തിരുത്തും എന്നും ഇവർ ഉറപ്പു നൽകി. നെൽവയൽ സംരക്ഷണ നിയമത്തിലെ അപകടകരമായ വകുപ്പുകൾ ഭേദഗതി ചെയ്തുകൊണ്ട് തണ്ണീർ തടങ്ങളെ സംരക്ഷിക്കും. പശ്ചിമഘട്ടം സംരക്ഷിക്കുവാൻ പദ്ധതികൾ ആരംഭിക്കും. മലീനികരണം നിയന്ത്രിക്കുവാൻ പദ്ധതികൾ ഉണ്ടാക്കും. പാറ, മണൽ ഖനനത്തിന് സാമൂഹിക നിയന്ത്രണം ഉണ്ടാക്കും അവയെ പൊതു സംരംഭത്തിന്റെ കീഴിൽ കൊണ്ടുവരും. വനം കൈയേറ്റം അനുവദിക്കുകയില്ല. കടൽ തീരങ്ങൾ സംരക്ഷിക്കുവാൻ പദ്ധതികൾ നടപ്പിൽ കൊണ്ടുവരും. കണ്ടൽ വനങ്ങൾ സംരക്ഷിക്കും തുടങ്ങിയ പരിസ്ഥിതി സംരക്ഷണ വാഗ്ദാനങ്ങൾ ഒന്നുപോലും നടപ്പിൽ കൊണ്ടുവന്നില്ല എന്നതാണ് ഈ സർക്കാർ കൈകൊണ്ട കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും തെറ്റായ സമീപനങ്ങളിൽ എടുത്തു പറയേണ്ടവ.
വനങ്ങൾ സംരക്ഷിക്കുവാൻ പ്രാഥമികമായി ചെയ്യേണ്ട കാര്യം വന ഭൂമിയിലെ കൈയേറ്റം തടയുക എന്നതാണ്. എന്നാൽ കൈയേറ്റങ്ങൾ ജന പ്രതിനിധികൾ തന്നെ നടത്തുകയും അവരെ പ്രത്യക്ഷമായോ പരോക്ഷമായോ സർക്കാർ സംവിധാനങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ എത്ര അപലനീയമാണ്. വിദേശ കന്പനികൾക്ക് പോലും ഭൂമി കൈവശം വെക്കുവാൻ അവസരം ഒരുക്കുന്ന സർക്കാർ ആ രംഗത്തെ തൊഴിലാളികളുടെ അവകാശങ്ങളെ മറക്കുകയാണ്. (അവരുടെയും മറ്റെല്ലാ എല്ലാ സാധരണ തൊഴിലാളികളുടെയും വേതനം മിനിമം 500 രൂപയാക്കുവാൻ ഇതുവരെയും സർക്കാർ തയ്യാറായിട്ടില്ല.) വനഭൂമി അളന്നു തിട്ടപെടുത്തുവാൻ തയ്യാറാകാത്ത സർക്കാർ ഖനന രംഗത്ത് സ്വാകര്യ സ്ഥാപനങ്ങളെ നിയമങ്ങളെ കാറ്റിൽ പറത്തി പ്രവർത്തിക്കുവാൻ അനുവദിച്ചു. നിലവിലെ ദൂരപരിധി (കേന്ദ്ര- സംസ്ഥാന നിയമത്തിൽ പറഞ്ഞിരുന്ന) 100 മീറ്ററിൽ നിന്നും 50 മീറ്റർ കുറയ്ക്കുവാൻ സർക്കാർ കാട്ടിയ താൽപര്യം പറഞ്ഞുവന്ന വസ്തുതയ്ക്ക് നേരെ വിപരീതമായിരുന്നു. പാട്ട ഭൂമിയിൽ നിന്നും പാറ പൊട്ടിക്കുവാൻ നൽകിയ അനുവാദം പരിസ്ഥിതി നാശത്തെ കൂടുതൽ വേഗത്തിൽ ആക്കും. കേരളത്തിൽ കഴിഞ്ഞ ഇടതു സർക്കാർ നടപ്പിൽ കൊണ്ടുവന്ന നെൽ വയൽ തണ്ണീർത്തട നിയമത്തിന്റെ കരുത്തു ചോർത്തുവാൻ ഐക്യ മുന്നണി സർക്കാർ ശ്രമിച്ചതിനെ അപലപിച്ച ഇടതു ഭരണം പഴയ സർക്കാർ പാതയിൽ എത്തുന്നതിനൊരു മടിയും കാട്ടിയില്ല.
ഇടതുപക്ഷ സർക്കാരിന്റെ ഏറ്റവും വലിയ പരാജയം പോലീസ് സേനയിൽനിന്നും കേൾക്കുന്ന വാർത്തകളാണ്. കഴിഞ്ഞ സർക്കാരിന്റെയും വലിയ വീഴ്ച്ച പോലീസ് സംവിധാനത്തെപറ്റിയുള്ളതായിരുന്നു. ഇടതു പക്ഷ പാർട്ടികൾ പോലീസ് സംവിധാനത്തെ ജനപക്ഷത്ത് നിർത്തും എന്ന് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നു എങ്കിൽ അവർ മാറ്റരെക്കാളും പോലീസ് സംവിധാനത്തെ പിന്തുണക്കുന്നവരായി മാറി എന്ന് കേരളം തെളിയിക്കുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കെവിന്റെ മരണവും വരാപ്പുഴയിൽ സംഭവിച്ചതും വിനായകൻ തൂങ്ങിമരിച്ചതും നമ്മുടെ പോലീസ് എത്ര ക്രൂരതയിൽ അഭിരമിക്കുന്നു എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. മാവോയിസ്റ്റുകൾ എന്നാരോപിച്ച് ഒരു സ്ത്രീയെ ഉൾപ്പെടെ രണ്ട് പേരെ കണ്ണൂരിൽ പോലീസ് വെടിവെച്ചു കൊന്നത്, കാസർഗോഡ് ഓട്ടോ ഡ്രൈവറെയും അത്തോളിയിലെ ലോക്കപ്പ് മർദ്ദനവും ഒറ്റപെട്ട സംഭവമല്ല. വിദേശ വനിതയെ കാണാതായിട്ട് വേണ്ട സമയത്ത് പോലീസ് കാര്യക്ഷമാമാകാത്തത് അവരുടെ മരണത്തിന് കാരണമായി. കേരളത്തിലെ പോലീസും വടക്കേ ഇന്ത്യൻ പോലീസ് സേനകളെ പോലെ എപ്പോഴെങ്കിലും പെരുമാറി എങ്കിൽ അത് കേരളനാടിനു തന്നെ അപമാനമാണ്. “ധൃത കർമ്മെ മൃത ഭാവേ” എന്ന പോലീസ് വചനം കേവലം അലങ്കാര വസ്തുവായി തീരരുത്.
കേരളത്തിലെ ഇടതു പക്ഷ സർക്കാർ 5 വർഷം കൊണ്ട് എല്ലാം ശരിയാക്കാം എന്നാണു ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എങ്കിൽ അവർ ഏറ്റവും അധികം തിരിച്ചടി നേരിടുന്നത് ആഭ്യന്തര വകുപ്പിന്റെ പേരിൽ ആയിരിക്കുന്നു. തങ്ങളുടെ പോരായ്മകൾ ആദ്യം തിരിച്ചറിയേണ്ടവർ ഇടതു പക്ഷക്കാർ ആണ് എന്ന് അവർ മറന്നുപോയാൽ അതുണ്ടാക്കുന്ന ദുരന്തം അവരിൽ അവസാനിക്കുകയില്ല.