ജീവിക്കാനുള്ള സമരങ്ങൾ...

പ്രദീപ് പുറവങ്കര
നമ്മുടെ നാട്ടിൽ ഒരു സമരം നടന്നുവരുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ച ഒരു കാലത്ത് അധികം പ്രസക്തമല്ല എന്നു തോന്നുന്ന മേഖലയാണ് ഈ സമരത്തിന്റെ ഭൂമിക. മെയ് 22 മുതൽക്കാണ് തപാൽ റെയിൽവെ സേവന ജീവനക്കാരുടെ ഈ പണിമുടക്ക് ആരംഭിച്ചത്. ഈ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഏറെ ന്യായമായ ആവശ്യങ്ങളെയാണ് കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നത്. മൂവായിരം മുതൽ 4500 രൂപ വരെ തുച്ഛമായ വേതനം ലഭിക്കുന്ന 2.63 ലക്ഷം വരുന്ന ഗ്രാമീണഡാക് സേവകരോടാണ് തൊഴിലാളി ദ്രോഹ സമീപനം അധികൃതർ സ്വീകരിച്ചു വരുന്നത്.
ഇന്ന് മുന്പത്തെ പോലെ കത്തിടപാടുകൾക്ക് മാത്രമല്ല പോസ്റ്റൽ സേവനത്തെ പൊതുജനം ആശ്രയിക്കുന്നത്. മറിച്ച് സർക്കാർ തൊഴിൽ നിയമനങ്ങൾ, പാസ്പോർട്ടുകൾ, പോസ്റ്റ്ഓഫീസ് സന്പാദ്യ പദ്ധതി, തപാൽ ഇൻഷുറൻസ്, സ്കൂൾ, കോളജ് പ്രവേശനം തുടങ്ങി നിർണായക പ്രാധാന്യമുള്ള സേവനങ്ങളാണ് ഇപ്പോൾ കേന്ദ്രസർക്കാരിന്റെ പിടിവാശി കാരണം ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നത്. ജീവതചെലവ് ക്രമാതീതമായി കൂടുന്പോൾ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് തപാൽ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും. തീരെ കുറഞ്ഞ ശന്പളത്തോടൊപ്പം ഗ്രാമീണ മേഖലകളിലെ ബ്രാഞ്ച് പോസ്റ്റാഫീസുകൾക്ക് വാടകയിനത്തിലും, പ്രവർത്തന ചിലവ് ഇനത്തിലും നൽകുന്നത് കേവലം 200 രൂപയാണെന്ന് കൂടി അറിയുന്പോഴാണ് ഈ മേഖലയിലെ തൊഴിലാളികൾ അനുഭവിക്കുന്ന വേദന മനസിലാക്കാൻ സാധിക്കൂ. ബാക്കിവരുന്ന ചിലവുകൾ തപാൽ ജീവനക്കാർ തങ്ങളുടെ തുച്ഛശന്പളത്തിൽ നിന്ന് നൽകണം. ഈ ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനോ, ഗ്രൂപ്പ് ഇൻഷൂറൻസോ ഒന്നും ബാധകമല്ല. നാൽപത് വർഷം ജോലി ചെയ്താലും ഈ തൊഴിലാളികൾക്ക് വിരമിക്കുന്പോൾ ഗ്രാറ്റുവിറ്റിയോ, പ്രൊവിഡന്റ് ഫണ്ടോ ലഭിക്കുന്നില്ല. പരമാവധി 60,000 രൂപ എക്സ്ഗ്രേഷ്യ കൊണ്ട് നേടുന്ന ജീവിത ദുരിതമാണ് പിന്നീട് അവരെ കാത്തിരിക്കുന്നത്.വർഷത്തിൽ 30 ദിവസത്തെ അവധി ആനുകൂല്യവും ഇവർക്കില്ല. ഇങ്ങിനെയൊരു അവസ്ഥിലാണ് തപ്പാൽ പണിമുടക്ക് അനിവാര്യമായി വന്നിരിക്കുന്നത്.
രാജ്യത്തെ അതിപ്രധാന അവശ്യ സേവന മേഖലകളിൽ ഒന്നായ തപാൽ വകുപ്പിൽ എല്ലാ അവകാശങ്ങളും മാനുഷിക പരിഗണനകളും നിഷേധിക്കപ്പെട്ട ഒരു വിഭാഗം തൊഴിലാളികളുടെ അവകാശസമരം രാജ്യത്തെ ട്രേഡ് യൂണിയൻ സംഘടനകളുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും പിന്തുണയും ഐക്യദാർഢ്യവും അർഹിക്കുന്നതാണ്. കോടികണക്കിന് രൂപ ലോൺ എടുത്ത് തിരിച്ചടക്കാതെ രാജ്യത്തെ വഞ്ചിക്കുന്ന കോർപ്പറേറ്റുകളെ സഹായിക്കാൻ കാണിക്കുന്ന മനസിന്റെ നൂറിലൊന്ന് മതി ഈ പാവങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്താൻ. ഡിജിറ്റൽ ഇന്ത്യയും, സ്മാർട്ട് ഇന്ത്യയും, ഒക്കെ പറഞ്ഞ് പ്രസംഗിക്കുന്നതിൽ മാത്രം സ്വയം രമിക്കപ്പെടുന്ന ഭരണാധികാരികൾക്ക് അതൊക്കെ നടപ്പിലാകണമെങ്കിൽ സാധാരണക്കാരനായ ഇന്ത്യക്കാരൻ്റെ വേദന കൂടി തിരിച്ചറിയാൻ സാധിക്കണം. ലോകത്തെ തന്നെ ഏറ്റവും ബ്രഹത്തായ തപാൽ സേവനത്തിന്റെ നട്ടെല്ല് കൂടിയാണ് ജിഡിഎസ് എന്ന വിഭാഗമെന്ന് ഇവർ ഓർക്കുന്നതും നല്ലതാണ്. ഒപ്പം ആ സന്ദേശവാഹകരും ചുവന്ന തപാൽപ്പെട്ടിയും ഗ്രാമീണഭാരതത്തിന് ഇന്നും ഏറെ പ്രിയങ്കരമാണെന്നതും മറക്കരുത്!!