20 ഫീമെയിൽ കോട്ടയം

സോന പി.എസ്
ഡിഗ്രി പഠനകാലത്താണ് ശിവാജി സാവന്തിന്റെ മൃത്യുഞ്ജയയുടെ പരിഭാഷ കർണ്ണൻ എന്ന പുസ്തകം കൈയ്യിൽ കിട്ടുന്നത്. അക്കാലങ്ങളിൽ ആർത്തിയോടെ വായിച്ച മറ്റൊരു പുസ്തകവും ഉണ്ടായിട്ടില്ല. പിന്നീട് പ്രണയം തോന്നിയവന് ആദ്യമായി സമ്മാനിച്ചതും ആ പുസ്തകമായിരുന്നു. എന്തോ ആ പുസ്തകത്തിന് ഉള്ളിലെ മുഴുവൻ വികാരങ്ങളെയും പുറത്തെടുത്ത് ജീവിതത്തെ മൊത്തമായി സ്വാധീനിക്കാൻ കഴിയുമായിരുന്നു എന്ന തോന്നൽ ഒത്തിരിക്കാലം എന്നെ പിൻതുടർന്നിരുന്നു. ഇഷ്ടപ്പെട്ട പുസ്തകത്തിന്റെ ലിസ്റ്റിൽ ആദ്യത്തെ പേര്, ജീവിതത്തിലെ മാതൃകാപുരുഷൻ തുടങ്ങി അടിമുടി കർണ്ണൻമാനിയ പടർന്നക്കാലമുണ്ടായിരുന്നു എന്റെ ഭൂതക്കാലകുളിരിലും. പിന്നെ എപ്പോഴോ ഉളള സൗഹൃദ സദസ്സുകളിൽ ഒരിക്കൽ ഈ പുസ്തകവും ആരോ ചർച്ചയ്ക്ക് എടുത്തിട്ടു. ഓരോ ഭാഗങ്ങളും ഇഴകീറി പരിശോധിക്കുന്നതിനിടയിൽ ആരോ പറഞ്ഞു കർണ്ണൻ കണ്ട ഏറ്റവും വലിയ യുദ്ധം കുരുക്ഷേത്രമായിരുന്നില്ല. അത് അയാൾക്കുള്ളിൽ തന്നെ നടന്ന സൂര്യപുത്രനും സൂതപുത്രനും തമ്മിലുള്ളതായിരുന്നു എന്ന്. കർണ്ണന്റെ ഉള്ളിലെ സംഘർഷങ്ങൾ തന്നെയായിരുന്നു ആ പുസ്തകത്തിന്റെ പ്രമേയമെങ്കിലും ‘നിന്നെ പോലെ ഒരു പെണ്ണിനെ വധുവായി ലഭിക്കുമെങ്കിൽ ഞാൻ എത്ര വട്ടം വേണമെങ്കിലും സൂതപുത്രനായി ജനിക്കാൻ തയ്യാറാണ്’ എന്ന വൃഷാലിയെ കാണുന്പോൾ കർണ്ണൻ പറഞ്ഞ ഡയലോഗാണ് എന്നാൽ അതേ സമയം അപ്പോൾ ഞാൻ ഓർത്തത്. പ്രണയത്തെ കുറിച്ച് ഓർക്കുന്പോളെല്ലാം കർണ്ണനോടും വൃഷാലിയോടും തന്നെയായിരുന്നു ഇഷ്ടകൂടുതൽ. പിന്നീട് സൂര്യപുത്രനാണ് താനെന്ന് തിരിച്ചറിയുന്പോളും കർണ്ണന്റെ നിലപാടുകൾക്ക് എപ്പോഴും ഉണ്ടായിരുന്നു മനുഷ്യന്റെ കർമ്മത്തിനും, ചിന്തകൾക്കുമാണ് പ്രധാന്യം എന്ന കാഴ്ചപ്പാടുകൾ.
ജാതിയും മതവും വർഗവും, സന്പത്തുമെല്ലാം കൂടികുഴഞ്ഞ ഇന്നത്തെ പ്രണയചിന്തകളെ അൽപം പോലും അംഗീകരിക്കാൻ കഴിയുന്നില്ല. അത് ഇന്നത്തെ വ്യവസ്ഥിതികളോടുള്ള വെറുപ്പായി തന്നെ വളരുകയാണ്. ഇപ്പോളിതാ വീണ്ടും പ്രണയപ്പുഴയിൽ മറ്റൊരു മൃതദേഹം കൂടി പൊന്തിയിരിക്കുന്നു. 23 വയസ്സുള്ള കെവിൻ എന്ന ചെറുപ്പകാരന്റെ. ജാതിയുടെയും മതത്തിന്റെയും, ദുരഭിമാനക്കൊലയുടെയും, പുരോഗമനകൊലയുടേയുമൊക്കെ ഇരയായവൻ എന്ന് പേരിട്ട് അവനിനി നമുക്ക് ചുറ്റും കുറച്ച് ദിവസം കാണും. ജീവിച്ചു തുടങ്ങും മുന്പേ തന്റെ പാതിയെ നഷ്ടപ്പെട്ട വേദനയിൽ 20 വയസ്സുകാരി നീനു എന്ന പെൺകുട്ടിക്ക് ഇനി നവമാധ്യമങ്ങളിലെ സഹോദരി സഹോദരന്മാർ സപ്പോർട്ട് എന്ന ഹാഷ് ടാഗ് നൽകും. ഈ വിഷയത്തിൽ ഇനി കുറച്ച് ദിവസങ്ങൾ കേരളം പ്രക്ഷുബ്ധമാകും. അത്ര തന്നെ. അതിനുമപ്പുറം മറ്റൊരു കൊലപാതകം, പകർച്ചവ്യാധി, കൊടുങ്കാറ്റ്, പെട്രോൾ വില അങ്ങനെ പോകും ദിനരാത്രങ്ങൾ. കെവിന്റെ ഭാര്യയായി തന്നെ ജീവിക്കും എന്ന പ്രസ്താവന നടത്തിയ ഇരുപത് വയസ്സുള്ള പെൺകുട്ടി ഇനി പലരുടെയും മനസ്സിൽ മറ്റൊരു കാഞ്ചനമാലയായി ജീവിക്കും.കൊന്നവനും, നിഷ്ക്രിയരായ സേവകരും സസുഖം വാഴുമായിരിക്കും.
കൊല്ലപ്പെട്ട ഇരകളെ ചിന്തകൊണ്ടും പ്രവർത്തനം കൊണ്ടും കുറച്ച് ദിവസം ഓർക്കും. വിലപിക്കും. എന്നാൽ ചേർന്നു നിന്നവർക്കും, പാതിയായവർക്കുമാണ് പ്രാണവേദന. ആരോ അടുത്തിടെ പറയുന്നത് കേട്ടു ട്രോളുകൾക്കപ്പുറം രാഷ്ട്രീയം പറയാനും, വികാരങ്ങൾക്കപ്പുറം ജീവിതത്തിന്റെ നന്മ മനസ്സിലാക്കാനും നമ്മൾ വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു എന്ന്...