ഉറക്കത്തെ പറ്റി ഉണർത്തുന്നത്...

പ്രദീപ് പുറവങ്കര
പ്രവാസലോകത്ത് വെള്ളിയാഴ്ച്ചകൾ എന്നാൽ പൊതുവെ വൈകിയെഴുന്നേൽക്കലിന്റെ ദിനമാണ്. അലാറത്തിന്റെ ശല്യമില്ലാതെ, ഫോൺ കോളുകളുടെ ചിലന്പലുകളില്ലാതെ, ശാന്തസുന്ദരമായ പ്രഭാതങ്ങളാണ് മിക്കവർക്കും വെളളിയാഴ്ച്ച സമ്മാനിക്കുന്നത്. ചൂട് പുറത്ത് കനത്തു തുടങ്ങിയതോടെ എയർകണ്ടീഷൻ നൽകുന്ന സ്നേഹം ഈ ഉറക്കത്തെ കുറേ കൂടി മനോഹരമാക്കുന്നു. പലപ്പോഴും ഉറക്കത്തെ ആലസ്യത്തോട് ചേർത്ത് വെക്കാനാണ് മിക്കവർക്കും താത്പര്യം. അധികം ഉറങ്ങുന്നവൻ മടിയൻ എന്നൊരു ചിന്തയാണ് പൊതുവേ ഉള്ളത്. എന്തും അധികമായാൽ വിഷം എന്ന രീതിയിൽ മാത്രമല്ല ഈ ഒരു ചിന്ത പങ്ക് വെക്കപ്പെടുന്നത്. അതേസമയം ജോലിത്തിരക്ക്, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ മൂലം നന്നായി ഉറങ്ങാൻ കഴിയാത്തവരാണ് ഇന്ന് അധികവും. മനസിനെയും ശരീരത്തിനെയും അലട്ടുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഉറക്കം ഒരു ഘടകമാണെന്ന് വിദഗ്ധർ പല തവണ വ്യക്തമാക്കിയ കാര്യം കൂടിയാണ്. ഇന്ന് ഇവിടെ പറഞ്ഞുവരുന്നത് ഉറക്കത്തെ പറ്റി തന്നെയാണ്.അതിന്റെ ഒരു കാരണം ന്യൂയോർക്കിൽ നിന്നുള്ള ഒരു വാർത്തയാണ്.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് അമേരിക്കയിലെ ന്യൂയോർക്ക്. ഉറങ്ങാത്ത നഗരം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഈ ഒരു വിശേഷണം നഗരത്തിന് മാത്രമല്ല, ഇവിടെയുള്ള മനുഷ്യർക്കും ബാധകമാണ്. ഏറെ വൈകിയുള്ള നൈറ്റ് പാർട്ടികളും, ജോലിയും ഒക്കെ കാരണം ഇവിടെയുള്ള പലർക്കും ഉറങ്ങാൻ മറന്നു പോകുന്ന അവസ്ഥയാണുള്ളത്. ഇത് കാരണം ഇപ്പോൾ നഗരത്തിൽ പുതിയ ട്രെൻഡായി മാറുകയാണ് നാപ്പ് സെന്ററുകൾ അഥവാ ഉറക്കബൂത്തുക്കൾ. ശബ്ദമുഖരിതമായ നഗരത്തിൽ ഇത്തരം സെന്ററുകൾ വാഗ്ധാനം ചെയ്യുന്നത് ശാന്തതയും, നിശബ്ദതയുമാണ്. കട്ടിലിൽ കയറി കിടന്നാൽ തന്നെ പെട്ടന്ന് ഉറങ്ങിപോകാൻ സഹായിക്കുന്ന സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അര മണിക്കൂർ ഇവിടെ ഉറങ്ങാനായി നൽകേണ്ടത് 15 അമേരിക്കൻ ഡോളറാണ്. മുന്പ് ജോലി ചെയ്ത് ക്ഷീണിച്ച് കാപ്പികുടി ശീലമാക്കിയ പലരും ഇന്ന് അതിൽ നിന്ന് മാറി ഈ ഷോർട്ട് ടേം ഉറക്കമാണത്രെ താത്പര്യപ്പെടുന്നത്.
പ്രവാസലോകത്ത് പലരും ഉച്ച നേരത്ത് ഒരൽപ്പം ഇങ്ങിനെ മയങ്ങാറുണ്ട്. ആ മയക്കം തലച്ചോറിന് നൽകുന്ന ഊർജം വലുതാണെന്ന് ആരോഗ്യ വിദഗ്ധർ പോലും സമ്മതിക്കുന്നു. സുഖകരമായ ഈ ഒരു ചെറിയ ഉറക്കത്തിൽ ശരീരത്തിലെ വിഷാംശവും മാലിന്യവും ശരീരം തനിയെ പുറംതള്ളുമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടുപിടിത്തം. നമ്മുടെ ഓർമ്മ, ബുദ്ധി തുടങ്ങിയ തലച്ചോർ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങൾക്കും ശരിയായ ഉറക്കം അനിവാര്യമാണ്.
കണ്ണടച്ചാലും, തിരിഞ്ഞാലും, മറിഞ്ഞാലും ഒരു തരി പോലും ഉറക്കം വരാത്ത എത്രയോ ഹതഭാഗ്യർ നമ്മുടെ ഇടയിലുണ്ട്. ചിലർക്ക് പണത്തിന്റെ കുറവാണെങ്കിൽ ചിലർക്ക് അത് സ്നേഹത്തിന്റെയോ സന്തോഷത്തിന്റെയോ കുറവാണ് ഈ ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നത്. അവർക്ക് ന്യൂയോർക്കിൽ ഉണ്ടാക്കിയത് പോലെയുള്ള നാപ്പ് സെന്ററുകൾ ഏറെ ഉപകാരം ചെയ്യും. പ്രവാസലോകത്ത് നിന്നുള്ള സംരഭകർക്ക് ഒരു പ്രചോദനമാകാട്ടെ ഈ സെന്ററുകൾ എന്നാഗ്രഹിച്ചു കൊണ്ട്...