പൊ­ട്ടക്കു­ളത്തി­ലെ­ പു­ളവന്മാ­ർ!


ജെ. ബിന്ദുരാജ്

ടിവെട്ടിയവനെ പാന്പു കടിച്ചുവെന്ന് ഒരു പ്രയോഗമുണ്ട് മലയാളത്തിൽ. ഏതെങ്കിലുമൊരു രോഗവുമായി ചികിത്സിക്കാനെത്തിയ ഒരുവൻ നമ്മുടെ ആശുപത്രികളിലെ മോശപ്പെട്ട അന്തരീക്ഷത്തിൽ നിന്നും മറ്റു രോഗങ്ങൾക്ക് അടിപ്പെടാനുള്ള സാധ്യത ഇന്ത്യയിൽ വളരെ കൂടുതലാണ്. ശുചിത്വത്തിന്റെ കാര്യത്തിൽ അതാണ് നമ്മുടെ ആശുപത്രികളുടെ നിലവാരം. പക്ഷേ കഴിഞ്ഞയാഴ്ച കേട്ട വാർത്ത നമ്മെ വല്ലാതെ ഞെട്ടിച്ചു. രക്താർബുദത്തിന് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി അണുബാധയ്ക്കടിപ്പെട്ടുവെന്നതായിരുന്നു അത്. സംഭവം നടന്നതാകട്ടെ, കേരളത്തിന്റെ പൊതുജനാരോഗ്യരംഗത്ത് നാഴികക്കല്ലാണെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലും (ആർസിസി). രക്താർബുദം കണ്ടെത്തപ്പെട്ട ഈ കുട്ടിക്ക് ബ്ലഡ് ട്രാൻസ് ഫ്യുഷൻ നടത്താനായി നൽകിയ രക്തസാന്പിളുകൾ ശേഖരിച്ച 42 പേരിൽ ആരോ ഒരാളിൽ നിന്നുമാണ് എയ്ഡ്‌സിന് കൂടി ഒന്പതുവയസ്സുകാരി അടിമപ്പെട്ടത്. 

രക്തത്തിലും മജ്ജയിലും ചുവന്ന രക്താണുക്കളുടെ അളവ് കുറയുകയും വെളുത്ത രക്താണുക്കൾ കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ലുക്കീമിയ അഥവാ രക്താർബുദം. ഇത്തരത്തിലുള്ള രോഗികൾക്ക് സമയാസമയങ്ങളിൽ ജീവൻ നിലനിർത്തുന്നതിന് ബ്ലഡ് ട്രാൻസ് ഫ്യുഷൻ ആവശ്യമാണ്. ആർസിസിയിൽ നിന്നാണോ അതോ മറ്റേതെങ്കിലും ക്ലിനിക്കുകളിൽ നിന്നോ ആശുപത്രികളിൽ നിന്നോ ആണോ എച്ച്ഐവി അണുബാധയുള്ള രക്തം ഈ പെൺകുട്ടി ലഭിച്ചതെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ലെങ്കിലും ആർസിസി അടക്കമുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളിലൊന്നും എച്ച്ഐവി അണുബാധ രക്തത്തിലുണ്ടോയെന്ന് കണ്ടെത്തുന്നതിനുള്ള കൂടുതൽ മെച്ചപ്പെട്ട പരിശോധനാരീതിയായ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റ് (നാറ്റ്) ഇല്ലെന്ന വസ്തുതയാണ് അത് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. വൈറസോ ബാക്ടീരിയയോ ആയ ഏതെങ്കിലുമൊരു രോഗാണുവിനെ അതിന്റെ പ്രാരംഭദശയിൽ തന്നെ രക്തപരിശോധനയിലൂടെ കണ്ടെത്തുന്ന മോളിക്യുലാർ സാങ്കേതിക പരിശോധനയാണ് നാറ്റ്. അണുവിന്റെ ആർഎൻഎയോ ഡിഎൻഎയോ കണ്ടെത്തുകയും അതിലെ ന്യുക്ലിക് ആസിഡിന്റെ പകർപ്പുകൾ ഉണ്ടാക്കുകയും വഴിയാണ് ഈ വൈദ്യശാസ്ത്ര പരിശോധന ലക്ഷ്യം കാണുന്നത്. എച്ച്ഐവി കണ്ടെത്തുന്നതിനുള്ള എലിസ ടെസ്റ്റ് അണുവിനെ അതിന്റെ വളർച്ചയുടെ 84ാം ദിവസം മാത്രമേ കണ്ടെത്തുകയുള്ളുവെങ്കിൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റിന് കേവലം ഏഴു ദിവസം വളർച്ചയുള്ള രോഗാണുവിനെ വരെ രക്തത്തിൽ കണ്ടെത്താനാകും. ആർസിസിയിൽ രക്തം നൽകിയ ദാതാവിൽ നിന്നും ഒന്നിലധികം പേർക്ക് ഈ രക്തം പ്ലേറ്റ്‌ലെറ്റ്‌സ്, പ്ലാസ്മ, റെഡ് ബ്ലഡ് സെൽ എന്നിങ്ങനെ മൂന്നായി വേർതിരിച്ച് നൽകിയെന്ന സംശയവും ഇപ്പോൾ ഉണ്ടായിരിക്കുന്നു. അതായത് ശരിയായ പരിശോധനാ സംവിധാനമില്ലാത്തതു മൂലം ആശുപത്രി മാരകമായ ആരോഗ്യപ്രശ്‌നങ്ങൾ തങ്ങൾ ചികിത്സിക്കുന്നവരിൽ പോലും ഉണ്ടാക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം. 

ദേശീയ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പ്രകാരം രക്തം സ്വീകരിച്ചതു മൂലം 2015-−16 കാലയളവിലെ 17 മാസക്കാലത്തു മാത്രം 2234 പേർക്ക് എച്ച്ഐവി അണുബാധയുണ്ടായി എന്നാണ് കാണുന്നത്. നമ്മുടെ ആശുപത്രികൾ രക്തം ഒരാളിൽ നിന്നും സ്വീകരിക്കുന്ന സമയത്ത് ആ രക്തത്തിൽ എച്ച്ഐവിയോ ഹെപ്പറ്റൈറ്റിസ് ബി, സി രോഗാണുവോ മലേറിയയുണ്ടാക്കുന്ന അണുക്കളോ ഉണ്ടോയെന്ന് പരിശോധിച്ചിരിക്കണമെന്നാണ് ചട്ടമെങ്കിലും ന്യൂക്ലിക് ആസിഡ് ടെസ്റ്റ് പോലുള്ള കൂടുതൽ മെച്ചപ്പെട്ട പരിശോധനാ രീതികൾ ഒരു സർക്കാർ ആശുപത്രിയിലുമില്ലെന്നതാണ് വാസ്തവം. എന്തിനധികം പറയുന്നു, വലിയ സ്വകാര്യ ആശുപത്രികളിൽ പോലും ന്യൂക്ലിക് ആസിഡ് ടെസ്റ്റിനുള്ള സൗകര്യമില്ലെന്നാണ് ആശുപത്രികളിലെ രോഗാണു പരിശോധനാ സംവിധാനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ വിവരാവകാശരേഖകളിലൂടെ പുറത്തെത്തിച്ച വിവരാവകാശപ്രവർത്തകൻ ചേതൻ കോത്താരി പറയുന്നത്. മുംബൈയിലെ മൂന്ന് സ്വകാര്യ ആശുപത്രികൾക്കു മാത്രമേ ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനമുള്ളുവത്രേ. വൻ നഗരമായിട്ടുപോലും അവിടത്തെ ഒരു സർക്കാർ ആശുപത്രിയിലും അതിനുള്ള സംവിധാനമില്ലെന്നാണ് കോത്താരി കണ്ടെത്തിയത്. ഇന്ത്യയിൽ 21 ലക്ഷം പേർക്ക് എച്ച് ഐ വി രോഗബാധയുള്ളതായാണ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ പറയുന്നത്. ഇതിൽ ഒരു ശതമാനത്തോളം പേർക്ക് എച്ച്ഐവി ഉണ്ടായത് രക്തം സ്വീകരിച്ചതിലൂടെയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 14,474 പേർക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചിട്ടുണ്ടെന്നാണ് വിവരാവകാശരേഖകൾ മുൻനിർത്തി ഇന്ത്യാ സ്‌പെൻഡ് തയാറാക്കിയ റിപ്പോർട്ട് പറയുന്നത്. 2014-2015 കാലയളവിൽ നിന്നും വ്യത്യസ്തമായി 2015-2016 കാലയളവിൽ എച്ച്ഐവി രോഗബാധിതരുടെ എണ്ണം 10 ശതമാനത്തോളം വർധിച്ചിട്ടുമുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 

എച്ച്ഐവി പരിശോധനയ്ക്കായുള്ള എലിസ (എൻസൈം ലിങ്ക്ഡ് ഇമ്യൂണോസോർബന്റ് അസ്സേ) ടെസറ്റുകളിൽ തന്നെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അണുബാധ കണ്ടെത്താനുള്ള സൗകര്യം ഉണ്ടെങ്കിലും നമ്മുടെ ആശുപത്രികൾ ഇപ്പോഴും ചെലവു കുറഞ്ഞ എലിസ ടെസ്റ്റ് ആണ് ഇപ്പോഴും നടത്തുന്നത്. ഈ ലേഖകൻ നടത്തിയ അന്വേഷണത്തിൽ ഏറ്റവും ചെലവു കുറഞ്ഞ എലിസ ടെസ്റ്റ് മാത്രമേ കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികൾ പോലും നടത്തുന്നുള്ളുവെന്ന് വെളിപ്പെട്ടു. ചെലവു കുറഞ്ഞ എലിസ ടെസ്റ്റിൽ 84 ദിവസം വളർച്ചയെത്തിയ എച്ച്ഐവി അണുക്കളെ മാത്രമേ കണ്ടെത്താനാകുകയുള്ളു. മൂന്നാം തലമുറയിൽപ്പെട്ട എലിസ ടെസ്റ്റിലൂടെ 30 ദിവസം വളർച്ചയെത്തിയ അണുക്കളെ വരെയും പി24 പോലുള്ള ടെസ്റ്റുകളിലൂടെ 15 ദിവസം മുതൽ 20 ദിവസം വരെ വളർച്ചയുള്ള അണുക്കളെ വരെയും കണ്ടെത്താനാകും. എന്നാൽ ന്യൂക്ലിക് ആസിഡ് ടെസ്റ്റിൽ ഏഴ് ദിവസം വളർച്ചയെത്തിയ രോഗാണുവിനെ വരെ കണ്ടെത്താനാകുമെന്നതാണ് നിലവിൽ ലഭ്യമായ ഏറ്റവും മെച്ചപ്പെട്ട രക്തപരിശോധനയായി അതിനെ മാറ്റുന്നത്. കേരളത്തിലെ ഏതാനും ചില സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ രക്തബാങ്കുകളിലും മാത്രമേ ന്യൂക്ലിക് ആസിഡ് ടെസ്റ്റിംഗ് സംവിധാനം ഇന്ന് നിലവിലുള്ളു. അതിനർത്ഥം രക്തം സ്വീകരിക്കുന്നയാൾ മറ്റൊരു രോഗത്തിന് അടിമപ്പെടാനുള്ള സാധ്യത 85 ശതമാനത്തിലധികം കേരളത്തിൽ നിലനിൽക്കുന്നുവെന്നു തന്നെയാണ്. 

രക്തം ദാനം ചെയ്യുന്ന ആൾ താൻ എച്ച്ഐവി രോഗബാധിതനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അത് ദാനം ചെയ്യാനുള്ള സാധ്യത വിരളമാണ്. താൻ എച്ച്ഐവി ബാധിതനാണെന്ന് അറിയാതെ, അത് നൽകിയ ആരോ ഒരാളാണ് ആർസിസിയിലെ കുരുന്നിനേയും കൂടുതൽ വലിയ പ്രശ്‌നത്തിലേക്ക് തള്ളിവിട്ടത്. ഉദാഹരണത്തിന്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കൊച്ചിയിലെ രക്തബാങ്കിലുണ്ടായിരുന്ന 13,000 രക്തസാന്പിളുകളും എലിസ ടെസ്റ്റിൽ സുരക്ഷിതമാണെന്നാണ് കണ്ടെത്തപ്പെട്ടതെങ്കിലും ന്യൂക്ലിക് ആസിഡ് ടെസ്റ്റ് നടത്തിയപ്പോൾ അതിലെ 12 സാന്പിളുകളിൽ എച്ച്ഐവിയോ ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ഉള്ളതായി സ്ഥിരീകരിച്ചു. ഇത് പ്രശ്‌നത്തിന്റെ അവസ്ഥ എത്രത്തോളം ഗുരുതരമാണെന്ന് നമ്മെ പഠിപ്പിക്കുന്നു. സംസ്ഥാനത്ത് ഇന്നുള്ള സർക്കാരിന്റെ 33 രക്തബാങ്കുകളിലോ സഹകരണമേഖലയിലെ 7 രക്തബാങ്കുകളിലോ 130 സ്വകാര്യ രക്തബാങ്കുകളിൽ ഐഎംഎയുടെ കീഴിലുള്ള രക്തബാങ്കികളും ചില സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിലുമൊഴികെയുള്ള രക്തബാങ്കുകളിലെ രക്തം അത്ര സുരക്ഷിതമല്ലെന്നു തന്നെയാണ് ഇത് വെളിവാക്കുന്നത്. മാത്രവുമല്ല, പല സ്വകാര്യ ആശുപത്രികളും രോഗിക്ക് രക്തം നൽകുന്പോൾ പകരം രക്തം ആവശ്യപ്പെടുന്നതു മൂലം ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിനു പുറത്തു നിന്നുള്ള പലരും പണം വാങ്ങി രക്തം രോഗിയുടെ ബന്ധുക്കൾക്ക് വിൽക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമാകുന്നു. ആശുപത്രികളുടെ ഈ രക്തദാഹം വലിയതോതിൽ അണുബാധയുള്ള രക്തം ആശുപത്രികളിലേക്കു തന്നെ ഒഴുകാൻ ഇടയാക്കുന്നുണ്ടു താനും. 

വിദേശരാജ്യങ്ങളായ അമേരിക്ക, ആസ്‌ട്രേലിയ, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ രക്തദാനം നൽകാൻ ആഗ്രഹിക്കുന്നവരെ രക്തം അവർ ദാനം ചെയ്യുന്നതിനു മുന്പു തന്നെ പരിശോധനകൾക്ക് വിധേയമാക്കുകയും അവർക്ക് രോഗാണുബാധകളൊന്നും തന്നെ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യാറുണ്ട്. അവരിൽ നിന്നും ശേഖരിക്കുന്ന രക്തം പിന്നീട് രക്തബാങ്കുകളിലും പരിശോധനകൾക്ക് വിധേയമാക്കി കുറ്റമറ്റതാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ രോഗിക്ക് നൽകാറുള്ളു. സ്വർഗരതിക്കാരിൽ നിന്നും രക്തം സ്വീകരിക്കുന്നതും ഈ രാഷ്ട്രങ്ങൾ കർശനമായി വിലക്കിയിട്ടുണ്ട്. വികസിതരാജ്യങ്ങളായ കാനഡയിൽ 1985നുശേഷവും അമേരിക്കയിൽ 2008നുശേഷവും ഇക്കാലമത്രയും രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി അണുബാധയുണ്ടായ ഒരു കേസ്സും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലെ ആശുപത്രികളിലേക്ക് മെഡിക്കൽ ടൂറിസം ശക്തിപ്പെട്ടശേഷം വിദേശ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ ചെലവിൽ ചികിത്സ തേടി ധാരാളം പേർ എത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. നമ്മുടെ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ പോലും പലതിലും ന്യൂക്ലിക് ആസിഡ് ടെസ്റ്റ് പോലുള്ള രക്തപരിശോധനാ സംവിധാനങ്ങൾ ഇല്ലെന്നറിഞ്ഞാൽപ്പിന്നെ ആരാണ് ഇവിടെ ചികിത്സയ്‌ക്കെത്തുക? സംസ്ഥാനത്തെ ആശുപത്രികളുടെ വിശ്വാസത്തകർച്ച മെഡിക്കൽ ടൂറിസരംഗത്തേയും ദോഷകരമായി ബാധിക്കും. 

കേരളത്തിൽ രക്തം ദാനം ചെയ്യുന്നവരുടേതായി ബ്ലഡ് ഡോണേഴ്‌സ് ഫോറം എന്ന പേരിൽ 3000 സ്ഥിരം അംഗങ്ങളും ഒരു ലക്ഷത്തോളം വോളണ്ടിയർമാരുമുള്ള ഒരു സംഘടന പ്രവർത്തിക്കുന്നുണ്ട്. ഈ രക്തദാന സംഘത്തെ വിപുലീകരിക്കുന്നതിനു പുറമേ, ഈ സംഘത്തിൽ പ്രവർത്തിക്കുന്നവരെ കാലാകാലങ്ങളിൽ രക്തപരിശോധനകൾക്ക് വിധേയമാക്കുകയും രോഗാണുവിമുക്തമാണ് അവരുടെ രക്തം എന്നുറപ്പ് വരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അവർക്കായി പ്രത്യേകം കാർഡുകൾ നൽകുകയുമാകാം. 18നും 25 വയസ്സിനുമിടയിൽ പ്രായമുള്ള കോളജ് വിദ്യാർത്ഥികളെ രക്തദാനത്തിനായി കൂടുതൽ പ്രേരിപ്പിക്കുകയാണ് മറ്റൊരു മാർഗം. 18 മുതൽ 65 വയസ്സുവരെ പ്രായമുള്ള, കുറഞ്ഞത് 45 കിലോയെങ്കിലും ശരീരഭാരമുള്ളവരെയാണ് രക്തദാനത്തിനായി കണക്കിലെടുക്കാറുള്ളതെങ്കിലും ഇന്നത്തെ പുതിയ സാഹചര്യത്തിൽ അനാരോഗ്യകരമായ ജീവിതശൈലി മൂലം ഒട്ടുമിക്കവരും ഹൃദ്രോഗങ്ങളും ജീവിതശൈലി രോഗങ്ങളുമടക്കം പലതിനും അടിമപ്പെട്ടവരാണെന്നതാണ് അതിനു കാരണം. പക്ഷേ ഇതിനേക്കാളൊക്കെ പ്രധാനം ഒരു കേന്ദ്രീകൃത രക്തപരിശോധനാ സംവിധാനത്തിന് കേരളം തുടക്കമിടണമെന്നതാണ്. കേരളത്തിൽ കുറഞ്ഞത് കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ന്യൂക്ലിയസ് ആസിഡ് ടെസ്റ്റിലൂടെ രക്തസാന്പിളുകൾ പരിശോധിക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണം. ഈ കേന്ദ്രങ്ങൾ എല്ലാ രക്തബാങ്കുകളുമായി ബന്ധിപ്പിക്കുകയും ശേഖരിക്കുന്ന സാന്പിളുകൾ പരിശോധനകൾക്ക് വിധേയമാക്കുകയും വേണം. 

ഇന്ത്യയിൽ രക്ത കൈമാറ്റത്തിലൂടെ ഏറ്റവുമധികം എച്ച്ഐവി ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനം 2022ൽ ബുള്ളറ്റ് ട്രെയിൻ ഓടാൻ പോകുന്ന, വികസനത്തെപ്പറ്റി വാതോരാതെ വീരസ്യം വിളന്പുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്താണ് (2518). തൊട്ടുപിന്നിലുള്ളത് ഉത്തരപ്രദേശും (1807) മഹാരാഷ്ട്രയും (1585) ആണ്. ഗുജറാത്തിലെ ജുനഗഢ് സിവിൽ ഹോസ്പിറ്റലിൽ രക്തം സ്വീകരിച്ച പല കുട്ടികളും എച്ച്ഐവിക്കാരായി മാറിയത് ദേശീയ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് ഇക്കാര്യത്തെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്‌ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2014ൽ ഇത് ആശുപത്രിയുടെ ഭാഗത്തു നിന്നും സംഭവിച്ച അലംഭാവമാണെന്ന് സിബിഐ റിപ്പോർട്ട് നൽകിയെങ്കിലും ഇരകളുടെ രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് കേസ് സിബിഐ ഇപ്പോൾ പുനരന്വേഷിക്കുകയാണ്. ഗുജറാത്തിൽ ഇത്തരത്തിൽ കൊല്ലപ്പെട്ട കുരുന്നുകളായ ജയ്‌ക്കോ തുഷാറിനോ ആശുപത്രികളോ സർക്കാരോ നഷ്ടപരിഹാരം നൽകിയിട്ടുമില്ല. എന്നാൽ ഗർഭിണിയായിരുന്ന സമയത്ത് രക്തം സ്വീകരിച്ചതിലൂടെ കുഞ്ഞ് എച്ച്ഐവി ബാധിതയാകുകയും മരണമടയുകയും ചെയ്ത സ്ത്രീക്ക് 2016 ജൂണിൽ രണ്ടു ദശാബ്ദം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നഷ്ടപരിഹാരം കോടതി വിധിച്ചിരുന്നു. 

കേരളത്തിൽ ഇതുവരെ രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 162 കേസ്സുകൾ മാത്രമാണെങ്കിലും ഇതിനുള്ള സാധ്യത കേരളത്തിൽ വളരെ കൂടുതലാണെന്നാണ് നിലവിലെ കണ്ടെത്തലുകൾ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധ വെയ്ക്കുന്നുവെന്ന അവകാശപ്പെടുന്ന കേരളത്തിലാണ് രക്തത്തിലെ അണുബാധ കണ്ടെത്താൻ സർക്കാർ ആശുപത്രികളിലോ സംവിധാനങ്ങളിലോ ന്യൂക്ലിയസ് ആസിഡ് ടെസ്റ്റ് പോലുള്ള ആധുനിക പരിശോധനാ രീതികൾ ഇനിയും എത്താത്തതെന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു. ഇന്ത്യയിൽ പൊതുജനാരോഗ്യവിഷയത്തിൽ കേരളം മുന്നിലാണെന്ന് അവകാശപ്പെടുന്നതിൽ അത്ര കാര്യമില്ല. കാരണം കേരളം മുന്നിലായത് മറ്റു സംസ്ഥാനങ്ങൾ അതിനേക്കാൾ മോശപ്പെട്ട അവസ്ഥയിലാണെന്നു കൊണ്ടാണ്. അല്ലാതെ കേരളം മെച്ചപ്പെട്ടതും ആധുനികവുമായ പരിശോധനാ സംവിധാനങ്ങളും ചികിത്സാസംവിധാനങ്ങളും കാലാകാലത്തിൽ നമ്മുടെ ആശുപത്രികളിൽ എത്തിച്ചതുകൊണ്ടല്ല. ചുരുക്കിപ്പറഞ്ഞാൽ വീരസ്യം പറയാൻ മാത്രമുള്ള മികവിലേക്ക് നാമിനിയും ഉയർന്നിട്ടില്ല. പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ പോലുള്ള അവസ്ഥയിൽ തന്നെയാണ് കേരളം ആരോഗ്യരംഗത്തെന്ന് ആർസിസിയിലെ ഈ ദുരന്തം അടിവരയിട്ട് തെളിയിക്കുന്നു.

You might also like

Most Viewed