മുടിയെ ഭയക്കുന്നതെന്തിന്...

പ്രദീപ് പുറവങ്കര
പന്ന്യൻ രവീന്ദ്രൻ എന്ന നേതാവ് തലമുടി നീട്ടി നടക്കുന്ന സിപിഐ നേതാവാണ്. നാൽപ്പത് വർഷം കഴിഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ മുടി ഇങ്ങിനെയായിട്ട്. അതിനിടയിൽ എത്രയോ സർക്കാറുകൾ, തെരഞ്ഞെടുപ്പുകൾ, പ്രതിഷേധങ്ങൾ, സമരങ്ങൾ, പ്രക്ഷോഭങ്ങൾ ഒക്കെ കാലത്തിന്റെ മുന്പിലൂടെ നടന്നുപോയി. അതിനൊക്കെ പന്ന്യനും, അദ്ദേഹത്തിന്റെ നീണ്ട മുടിയും സാക്ഷിയായി. തന്റെ നീണ്ട മുടയിൽ കൈവിരലുകൾ തെരുപിടിപ്പിച്ച് പന്ന്യൻ രവീന്ദ്രൻ സംസാരിക്കുന്നത് കാണാനും പ്രത്യേക ഭംഗിയാണ്. അദ്ദേഹം ഇങ്ങിനെ മുടിവളർത്താനുള്ള കാരണം മലയാളികളിൽ മിക്കവർക്കും അറിയാം. അടിയന്താരാവസ്ഥയുടെ കാലത്ത് പുലികോടൻ നാരായണൻ എന്ന എസ് ഐയുടെ ധാർഷ്ട്യത്തിനെതിരെ പ്രതിക്ഷേധിക്കുന്നതിന്റെ ഭാഗമായാണ് ആ മുടി വളർന്നു തുടങ്ങിയത്. അന്ന് അദ്ദേഹത്തിന്റെ പ്രായം ഇരുപ്പത്തിനാല്.
ലോകത്താകമാനം നിഷേധസാഹിത്യകൃതികൾ വന്നു കൊണ്ടിരിക്കുന്ന കാലം. പാശ്ചാത്യരെ അനുകരിച്ച് നമ്മുടെ ചെറുപ്പക്കാരും ആ കാലത്ത് മുടി വളർത്തിതുടങ്ങി. ആ സമയത്താണ് അത്തരം ചെറുപ്പക്കാർ റോഡിലൂടെ നടക്കുന്നതു കണ്ടാൽ പുലിക്കോടൻ എസ്ഐ പിടിച്ച് പോലീസ് േസ്റ്റഷനിൽ കൊണ്ടുപോയി ബലമായി മുടി വെട്ടാൻ തുടങ്ങിയത്. അങ്ങനെ വന്നപ്പോഴാണ് അതിനെതിരെ പ്രതികരിക്കണമെന്ന് പന്ന്യന് തോന്നിയത്. നീണ്ട മുടിയുമായി കണ്ണൂർ ടൗണിലൂടെ നടന്ന പന്ന്യനെ പക്ഷെ പുലിക്കോടൻ ഒഴിവാക്കിയപ്പോൾ തന്റെ ഈ മുടി ഒരു പൊലീസുകാരനേ മുറിക്കൂവെന്ന വാശിയിൽ പന്ന്യനും ഉറച്ച് നിന്നു. അതിന്നും തുടരുന്നു.
ഈ കഥ ഓർമ്മിപ്പിച്ചത് തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ ആത്മഹത്യ ചെയ്ത വിനായകൻ എന്ന ചെറുപ്പക്കാരനാണ്. മുടി നീട്ടിയതിന്റെയും പെൺകുട്ടികളോട് സംസാരിച്ചതിന്റെയും പേരിലാണ് വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. േസ്റ്റഷനിൽ നിന്നും വിട്ടയച്ചതിന് പിന്നാലെയാണ് വിനായകൻ തൂങ്ങിമരിച്ചത്. വിനായകന്റെ മരണത്തിന് കാരണം പോലീസ് മർദ്ദനമാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ രേഖകളില്ലാതെ വാഹനമോടിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. പിന്നീട് പുറത്തുവന്ന മൃതദേഹ പരിശോധന റിപ്പോർട്ടിൽ വിനായകന് ക്രൂര മർദ്ദനമേറ്റതായി തെളിയുകയും രണ്ട് പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
മുടി നീട്ടിവളർത്തുന്നത് കുറ്റമാണെന്ന് ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക്, വിനായകന്‍ ഈ സംഭവം കാരണമാണ് മരണപ്പെട്ടതെങ്കിൽ തീർച്ചയായും അവനെ േസ്റ്റഷനിൽ പ്രവേശിപ്പിച്ച് മർദ്ധിച്ച പോലീസുകാർക്കെതിരെ കൊലപാതകകേസ് തന്നെയാണ് എടുക്കേണ്ടത് എന്നതിൽ യാതൊരു സംശയവുമില്ല. വളരെ നിർദ്ധനരായ ഒരു കുടുംബത്തിലെ അംഗമായ വിനായകൻ പഠിച്ചിരുന്നത് ബ്യൂട്ടീഷൻ കോഴ്സായിരുന്നു. ആ മേഖലയിലെ സഹവാസം തന്നെയാകും ആ പാവം കുട്ടിയെ കൊണ്ട് അവന് ആകർഷകമായ രീതിയിൽ മുടി വളർത്താനും അത് കെട്ടിവെയ്ക്കാനുമൊക്കെ പ്രേരിപ്പിച്ച ഘടകം. ഇതൊന്നും ഒരിക്കലും ഇന്ത്യാ മഹാരാജ്യത്ത് കുറ്റവുമല്ല. വിനായകനെവളർത്തി വലുതാക്കാൻ അവന്റെ കുടുംബം അനുഭവിച്ച വേദനകളും ഈ പോലീസുകാർ ഓർത്ത് കാണില്ല. കഷ്ടപ്പെട്ടവന് മാത്രമേ നഷ്ടപ്പെട്ടതിന്റെ ദുഃഖം തിരിച്ചറിയാൻ സാധിക്കൂ. ആ കുട്ടിക്കും, അവന്റെ മാതാപിതാകൾക്കും നീതി ലഭിക്കണമെന്ന് ആത്മാർത്ഥായി ആഗ്രഹിക്കട്ടെ...