സ്ത്രീകളെ മാനിക്കാത്ത ലോകത്ത് ജനാധിപത്യം പരാജയപ്പെടുന്നു

ഇ.പി അനിൽ
epanil@gmail.com
നിയമത്തെ മാത്രം കൂട്ടുപിടിച്ച് ലക്ഷ്യത്തിലെത്തുവാൻ സമൂഹം വിജയിക്കില്ല എന്നതിന് ഉത്തമ തെളിവാണ് ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥ. രാജ്യത്ത് ഡസ്സനിലധികം നിയമങ്ങൾക്ക് പുറമേ ഭരണഘടന തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക സംരക്ഷണത്തിന് മുൻതൂക്കം നൽകുന്നു. നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ആശാവഹമായി മെച്ചപ്പെടാത്തതിൽ പൊതു സംവിധാനങ്ങളുടെ കാര്യക്ഷമതാരാഹിത്യം നല്ല പങ്കുവഹിക്കുന്നുണ്ട്.
സ്ത്രീ വിഷയങ്ങളിൽ എക്കാലത്തും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന മതങ്ങൾക്കും സാമുദായിക സംഘടനകൾക്കും പുറത്ത് സാംസ്‌കാരിക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്ത്രീകളുടെ സാമൂഹിക അവസ്ഥകളെ മെച്ചപ്പെടുത്തുന്നതിൽ പരാജപ്പെടുന്നത് അപലപനീയമാണ്.
സ്ത്രീകളുടെ സാമൂഹികമായ പങ്കും അവരുടെ സ്ഥാനമാനങ്ങളും കാലങ്ങളനുസരിച്ച് മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തും സ്ത്രീ സൗഹൃദ നിയമങ്ങൾ പല വേഗത്തിൽ നടപ്പിൽ വരുന്നുണ്ട്. അതിൽ മതങ്ങൾ നാളിതുവരെയില്ലാത്ത താൽപര്യം എടുക്കുന്നു എന്ന് നിക്ഷേധിക്കുവാൻ കഴിയുകയില്ല. മുതലാളിത്തം പൊതുവേ പുരോഗമന ആശയങ്ങളെ (ശാസ്ത്രം, സാഹിത്യം, ജനാധിപത്യം, സമത്വബോധം തുടങ്ങിയ) പിന്തുണക്കുവാൻ നിർബന്ധിതമാണ്. അതിന്‍റെ പിൻബലത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ സ്ത്രീകളുടെ ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. (സോഷ്യലിസ്റ്റ് റഷ്യ സ്ത്രീസുരക്ഷയിൽ എടുത്ത നിലപാട് വിഷയത്തെ കൂടുതൽ ഗൗരവതരമാക്കി മാറ്റി എന്ന് മറക്കുന്നില്ല).
20ാം നൂറ്റാണ്ടോടെ യൂറോപ്പിലും അമേരിക്കയിലും മുതലാളിത്തം അവരുടെ പഴയകാലത്തെ വ്യവസായ തൊഴിലാളികളുടെ മുകളിലെ ചൂഷണത്തിൽ ഇളവുകൾ വരുത്തുവാൻ തയ്യാറായി. (അവർ നിയന്ത്രിച്ചുവന്ന കോളനി രാജ്യങ്ങളിൽ പ്രാകൃത രീതികൾ തുടരുകയും ലാഭതോതിൽവിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നുമില്ല.) 20ാം നൂറ്റാണ്ടിന്‍റെതുടക്കത്തിൽ തന്നെ സ്ത്രീകൾക്ക് വോട്ടവകാശം യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചു. അതിൽ വൈകി തീ
രുമാനം എടുത്തതു സ്വിറ്റ്സർലന്റ് ആണ്(1959). ഇന്ത്യയിൽ സ്ത്രീകളുടെ വോട്ടവകാശത്തെ 1919 മോണ്ടെഗു −ചെംസ്ഫോർ ഭരണ പരിഷ്ക്കരണ സമിതി പിന്തുണച്ചു.
യൂറോപ്പിൽ ഉണ്ടായ ആധുനിക മത നിരപേക്ഷ സാമൂഹിക ജീവിത രീതികൾ സ്ത്രീകളെ കൂടുതൽ സ്വതന്ത്രരാക്കി. കൂടുതൽ സമയവും വീടുകൾക്ക് പുറത്ത് ഇടപെഴകുവാൻ അവസരം ലഭിച്ചു. എന്നാൽ അവർക്ക് ലഭിച്ച അവസരങ്ങൾ മുൻകാലങ്ങളിലെ സ്വത്തുക്കളുടെ ഉടമസ്ഥതകളിൽ പൊളിച്ചെഴുത്തുകൾ ഉണ്ടാക്കിയില്ല. വേതനത്തിലെ വ്യത്യാസങ്ങളിൽ കുറവ് ഉണ്ടായി എങ്കിലും അവസാനിപ്പിക്കുവാൻ കഴിഞ്ഞില്ല. ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിനേക്കാളും മെച്ചപ്പെട്ട അവസ്ഥകൾ യൂറോപ്പിലും അമേരിക്കൻ നാടുകളിലും പ്രകടമായി. ലോകത്തെ സ്ത്രീകളുടെ സുരക്ഷയിൽ വൻ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിഞ്ഞ ഐലാന്റ്, നോർവേ, ഫിൻലന്റ്, ഫ്രാൻസ് മുതലായ രാജ്യങ്ങളിൽ അതിനായി സ്ത്രീ സംഘടനകൾ ശക്തമായ പങ്കാണ് വഹിച്ചത്. കുട്ടികളെ സംരക്ഷിക്കുന്നതിൽ, സ്ത്രീകൾക്ക് തൊഴിൽ ഇടങ്ങളിൽ, വാഹനങ്ങളിൽ, രാഷ്ട്രീയത്തിൽ ഒക്കെ അവർക്ക് മുന്നേറുവാൻ കഴിഞ്ഞത് രാജ്യത്തെ സ്ത്രീ സുരക്ഷാ നിയമങ്ങൾ നടപ്പിൽ വരുത്തുവാനും നിയമ ലംഘനങ്ങൾക്ക് തക്ക ശിക്ഷ നടപ്പിൽ വരുത്തുന്നതിലും അവർ കാട്ടിയ താൽപര്യത്താലാണ് എന്ന് കാണാം.
ഇന്ത്യയിൽ നിരവധി സ്ത്രീ സുരക്ഷാ നിയമങ്ങൾ നിലവിലുണ്ട്. ഭരണഘടന തന്നെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു നൽകുന്നു. (ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ). ലിംഗത്തിന്‍റെ പേരിൽ വിവേചനം പാടില്ല (ആർട്ടിക്കിൾ15(1)). അവർക്ക് പ്രത്യേകം പരിരക്ഷ(15(3), തൊഴിലിൽ തുല്യ അവസരം(16(2)), നിർബന്ധിത തൊഴിലെടുപ്പിക്കലിൽ നിന്നും സംരക്ഷണം (23(1)), ജീവിക്കുവാനുള്ള വിഭവങ്ങളിൽ തുല്യ അവകാശം(39(a)), തുല്യവേതനം(39(d)), തൊഴിലാളി സ്ത്രീകളുടെ ആരോഗ്യസുരക്ഷ (39(e)), മാതാവിനുള്ള പ്രത്യേക പരിരക്ഷ (42), സ്ത്രീകളുടെ അന്തസ്സ് ഉയർത്തി പിടിക്കുവാൻ മറ്റുള്ളവർക്ക് ഉത്തരവാദിത്തം (51−A(e)), ത്രിതല പഞ്ചായത്തുകളിൽ സംവരണം (ആർട്ടിക്കിൾ 243Dയിലെ 3,4,T3 തുടങ്ങിയവ). എന്നാൽ നമ്മുടെ നാട്ടിൽ, തൊഴിൽ എടുക്കുന്ന സ്ത്രീകൾ, ആധുനിക ജനാധിപത്യം സജീവമായി നിലനിൽക്കുന്ന മറ്റൊരു നാട്ടിലും ഇല്ലാത്ത തരത്തിൽ അവഗണനകൾ അനുഭവിക്കുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നമ്മുടെ രാജ്യത്തെ നിയമ നിർമ്മാണസഭയിലെ ഏറ്റവും കുറഞ്ഞ സ്ത്രീ സാന്നിദ്ധ്യം. താലിബാനുകൾക്ക് സ്വാധീനമുള്ള അഫ്ഗാനിസ്ഥാൻ നിയമനിർമ്മാണ സഭയിൽ സ്ത്രീകളുടെ സാന്നിദ്ധ്യം 27% ആണെങ്കിൽ ഇന്ത്യയിൽ അവരുടെ പങ്കാളിത്തം 12% മാത്രം. പാകിസ്ഥാൻ എന്ന ഇസ്ലാമിക രാജ്യത്തെ നിയമനിർമ്മാണ സഭയിലെ സ്ത്രീകളുടെ പ്രാതിനിധ്യം നമ്മുടെ രാജ്യത്തിനും മുകളിൽ നിൽക്കുന്നു.(20%)
ഇന്ത്യയിലെ വിപ്ലവകരമായ നിയമനിർമ്മാണമായി കരുതുന്ന ത്രിതല പഞ്ചായത്ത് രാജ് നിയമത്തിൽ സ്ത്രീകൾക്ക് മൂന്നിൽ ഒന്ന് സംവരണം അനുവദിക്കുവാൻ തീരുമാനിച്ചു. (ജനസംഖ്യയിൽ 50% ഉള്ള ഒരു വിഭാഗത്തിന് മൂന്നിൽ ഒന്ന്‍ പ്രാതിനിധ്യം എന്നതിലെ ന്യായം അത്രകണ്ട് മാതൃകാപരമല്ല. കേരളം അത് 50% ആക്കി ഉയർത്തി) പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഒരു വിഭാഗത്തിന് മുന്നേറുവാൻ പ്രധാനമായി സഹായിക്കുന്നത് അധികാരത്തിൽ (പ്രത്യേകിച്ച് നിയമനിർമ്മാണത്തിൽ) അവർക്ക് ലഭിക്കുന്ന നിർണ്ണായകമായ പങ്കാളിത്തമാണ്. അതിന്‍റെ ഭഗമായി രാജ്യത്തെ നിയമനിർമ്മാണ സഭയിൽ സ്ത്രീകൾക്ക് 33% സംവരണം അനുവദിക്കുന്ന നിയമം ഇതുവരെയായി നടപ്പിലാക്കുവാൻ കേന്ദ്രത്തിലെ ഭരണ കക്ഷികളായി എത്തുന്നവർ ഏതു കാലത്തും നിസ്സംഗത പുലർത്തുന്നു. അതുകൊണ്ട്തന്നെ പാർലമെന്‍റിൽ പാസ്സാവാതെ ആ ബില്ലുകൾ ഇതുവരെയും നടപ്പിൽ ആക്കുവാൻ കഴിഞ്ഞിട്ടില്ല.
സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾക്ക് പുറമേ അവയിലെ നിർദ്ദേശങ്ങളെ പ്രയോഗത്തിൽ എത്തിക്കുവനായി ഉതകുന്ന നിരവധി നിയമങ്ങൾ ഭരണകൂടം നിർമ്മിക്കുകയുണ്ടായി. ഇന്ത്യൻ പീനൽകോട് (1860), സതി നിരോധനം തുടങ്ങി നിർഭയ സംഭവത്തിന് ശേഷം ഉണ്ടാക്കിയ നിയമം ഉൾപ്പെടെ സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ട് 50ലധികം നിയമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കുകയും അവയ്ക്ക് ഭേദഗതി വരുത്തുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീ സുരക്ഷാ നിയമങ്ങൾ ഉണ്ടാക്കുകയും അവക്ക് ഭേദഗതി വരുത്തുകയും ചെയ്തത് ഇന്ത്യൻ നിയമനിർമ്മാണസഭയാണ് എന്ന് നമ്മൾക്ക് അഭിമാനിക്കാം.
ഇന്ത്യയിലെ തൊഴിൽ എടുക്കുന്ന 50 കോടി ജനങ്ങളിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. സംഘടിത തൊഴിൽ രംഗം മൊത്തം തൊഴിലിലെ 10%ത്തിലും താഴെ മാത്രം.അവിടെയുള്ള ബഹുഭൂരിപക്ഷം തൊഴിലാളികളും പുരുഷന്മാരാണ്. അസംഘടിതതൊഴിലാളികൾക്ക്സർക്കാർ നിയമ പരിരക്ഷ പരിമിതമായിരിക്കെ അവരിൽ 80% വരുന്ന സ്ത്രീകൾക്ക് മുകളിലെ തൊഴിൽ ചൂഷണത്തോത് വളരെ കൂടുതലാണ് എന്ന് കാണാം. ഇന്ത്യ എന്ന കാർഷിക രാജ്യത്തെ ഏറ്റവും അനാകർഷകമായ തൊഴിൽ രംഗം കാർഷിക മേഖലയും അവിടുത്തെ തൊഴിലാളികൾ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നവരുമാണ്. കാർഷിക രംഗത്തെ സ്ത്രീ തൊഴിലാളികളുടെ പങ്ക് 80%നടുത്ത് വരുന്പോൾ ഇന്ത്യൻ സ്ത്രീ തൊഴിലാളികൾ രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയിൽ നൽകി വരുന്ന സംഭാവനയെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. രാജ്യത്തെ പ്രകടമായി മാറിയിട്ടുള്ള കാർഷിക പ്രതിസന്ധികൾ ഏറ്റവും വേഗത്തിൽ ബാധിക്കുക സ്ത്രീ തൊഴിലാളികളെ ആയിരിക്കും. കാർഷിക രംഗത്തെ വരുമാന തളർച്ച ഫലത്തിൽ സ്ത്രീകളുടെ തൊഴിലിനേയും വരുമാനത്തേയും പിന്നോട്ടടിക്കുന്നു. രാജ്യത്തെ സജ്ജീവമായി വളരുന്ന വരുമാനത്തിലെ അസംതുലനം സ്ത്രീ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടവും ഒപ്പം വേതനത്തിൽ തിരിച്ചടിയും വരുത്തി വെയ്ക്കുന്നു.
സ്ത്രീകൾ പൊതുവെ 33 തരം തൊഴിൽ ചെയ്യുന്നുണ്ട്. ഇതിൽ പകുതിയിൽ കുറവ് തരം തൊഴിലിൽ മാത്രമാണു പുരഷന്മാർ പണിചെയ്യുന്നത്. വിവിധ രാജ്യങ്ങളിൽ സ്ത്രീകൾ കൂടുതൽ സമയം പണിചെയ്യുവാൻ നിർബന്ധിതരാകുന്നു. അവർ എടുക്കുന്ന തൊഴിൽ രംഗം മിക്കപ്പോഴും അന്തസ്സ് കുറഞ്ഞതെന്ന് സമൂഹം അംഗീകരിച്ചു വരുന്നു. മാത്രവുമല്ല അതിൽ പലതിലും വേതനം നാമമാത്രമാണ്. തൊഴിലുകളുടെ മാന്യത തീരുമാനിക്കുവാനുള്ള മാനദണ്ധം വേതനം ആയിരിക്കെ കുറഞ്ഞ വേതനം പറ്റുവാൻ നിർബന്ധിതരായ വർഗ്ഗം (സ്ത്രീകൾ) പിന്നോക്കക്കാരായി തീരുന്നു.
വേതനം പറ്റാത്ത തൊഴിലിനെ പറ്റി പറഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ കൂലിയില്ലാ പണി ചെയ്യുന്ന സ്ത്രീകൾ ഇന്ത്യൻ വനിതകൾ ആണെന്ന് കാണാം. പുരുഷനും സ്ത്രീയും തമ്മിൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്ന വ്യത്യാസം ഡെന്മാർക്ക്, സ്വീഡൻ, നോർവേ ഇവിടങ്ങളിൽ ഒരു മണിക്കൂർ മാത്രമാണ് എങ്കിൽ ഇന്ത്യയിലെ അവസ്ഥ എത്രയോ അനാരോഗ്യകരമാണ് എന്ന് സമ്മതിക്കണം. നമ്മുടെ രാജ്യത്തെ സ്ത്രീകൾ ആഴ്ചയിൽ പുരുഷൻ നടത്തുന്ന കൂലി രഹിത പണിയേക്കാൾ 12 മണിക്കൂർ അധികം സമയം കൂലിരഹിത പണികളിൽ ഏർപ്പെടുന്നുണ്ട്. ഇത്തരം കണക്കുകൾക്കും കൂടുതലാണ് നമ്മുടെ അമ്മ
മാർ വിടുകളിൽ പണി ചെയ്യുന്നത് എന്നതാണ് വാസ്തവം. ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥകൾ ഏതു കോണിൽ നിന്നും നോക്കിയാലും സുരക്ഷിതമല്ല എന്ന് മനസിലാക്കാം.
രാജ്യത്തിനു മാതൃകയായ കേരളീയ ജീവിത പശ്ചാത്തലം ഒരുക്കുന്നതിനു കാരണം കേരളീയ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിൽ ഉണ്ടാക്കുവാൻ കഴിഞ്ഞ മുന്നേറ്റമാണ് എന്നത് തർക്കമറ്റ സംഗതിയാണ്. ശിശു−മാതൃമരണനിരക്കുകൾ, പ്രസവ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പുകൾ, സർവ്വകലാശാല പഠനം തുടങ്ങിയ രംഗങ്ങളിൽ കേരളീയ സ്ത്രീകൾക്ക് ഉണ്ടാക്കുവാൻ കഴിഞ്ഞ മുന്നേറ്റമാണ് മലയാളികളെ മാനവിക സൂചികയിൽ രാജ്യത്തെ ഏറ്റവും മുന്നിൽ എത്തിച്ചത്. ഇന്ത്യൻ ജനങ്ങളുടെ ആയുർദൈർഘ്യത്തിൽ 10 വയസ്സ് കൂടുതൽ മലയാളികൾക്ക് ലഭിക്കുവാൻ കാരണം കേരളീയ സ്ത്രീ സമൂഹം നേടിയ ആധുനിക ജീവിത വീക്ഷണമാണ്. അതിനു കാരണമായ നിരവധി സംഭവങ്ങൾ കേരളത്തിൽ 19ാം നൂറ്റാണ്ട് മുതൽ ഉണ്ടായിട്ടുണ്ട്. അതിൽ മതങ്ങളും (മിഷനറികൾ പ്രത്യേകിച്ച്) അതിലെ നവോത്ഥാന ശ്രമങ്ങളും സാംസ്‌കാരിക രംഗവും ഇടതു കോൺഗ്രസ് രാഷ്ട്രീയവും വളരെ ഗുണപരമായി പ്രവർത്തിച്ചു.
കേരളത്തിലെ ആദ്യ കർഷക സമരം നടന്ന മണ്ണടിയിലും ആറാട്ടുപുഴ വേലായുധൻ നടത്തിയ തൊഴിലാളി സമരത്തിലും (19ാം നൂറ്റാണ്ട്) മുതൽ സ്ത്രീകളുടെ സാന്നിദ്ധ്യം പ്രകടമായിരുന്നു. അയ്യങ്കാളിയിലൂടെയും പിൽക്കാലത്തെ ട്രേയ്ഡ് യൂണിയനിലൂടെയും അത് കൂടുതൽ സജ്ജീവമായി. പരന്പരാഗത തൊഴിൽ ഇടങ്ങളിൽ ബഹുഭൂരിപക്ഷവും സ്ത്രീകൾ പണിചെയ്തു വന്നു. അവർക്ക് തൊഴിൽ രംഗത്ത് ESI ആനുകൂല്യങ്ങൾ തുടങ്ങി നിരവധി അവകാശങ്ങൾ അനുവദിക്കുവാൻ സർക്കാർ സംവിധാനങ്ങൾ നിർബന്ധിതരായി. എന്നാൽ ആഗോള വൽക്കരണം തൊഴിൽ രംഗത്തുണ്ടാക്കിയ പരിഷ്ക്കരണം ഏറ്റവും പ്രതികൂലമായി ബാധിച്ചത് സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ ഉള്ള രംഗങ്ങളെയാണ്.
കേരളത്തിൽ വളരെ സജ്ജീവമായി മാറിയ വിപണി സംസ്കാരം നമ്മുടെ പഴയകാല ധാരണകളെ ഇളക്കിമറിക്കുന്നുണ്ട്. അത്തരം ഇളക്കി മറിക്കലുകൾ സമൂഹത്തിൽ സ്വാഭാവികമായും നടക്കേണ്ടതുമാണ്. എന്നാൽ വിപണികൾ സജ്ജീവമായി മാറുന്ന ഒരു ലോകത്ത് കാർഷിക−വ്യവസായ അനുബന്ധ രംഗങ്ങൾ അവഗണിക്കപ്പെടുകയും ഊഹ വിപണി പിടിമുറുക്കുകയും ചെയ്യും. അവിടെ ഉത്പാദന−രഹിതവ്യഹരങ്ങൾക്ക് ലഭിക്കുന്ന മുൻതൂക്കം മൂല്യ രഹിതമായ ഒരു വ്യവസ്ഥിതിയിലേയ്ക്ക് നമ്മളെ എത്തിക്കും. വെട്ടി തിളക്കങ്ങൾ ഉണ്ടാക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ഇത്തരം ചന്തസംസ്കാരത്തിന്‍റെ ഏറ്റവും മോശപെട്ട ഇരകൾ ആയിരിക്കും സ്ത്രീകൾ, വിശിഷ്യ തൊഴിൽ എടുക്കുന്ന സ്ത്രീകൾ. ഇങ്ങനെയുള്ള സാമൂഹിക ചുറ്റുപാടിൽ പരന്പരാഗത തൊഴിൽ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ ഒക്കെ മുലധനശക്തികളുമായി കൂടുതൽ കൂടുതൽ ഒത്തു പോകുന്നതായി നമുക്ക് മനസിലാക്കാം.
കേരളം പോലെ ശക്തമായ തൊഴിലാളി സംഘടനകൾ ഉള്ള നാട്ടിൽ സർക്കാർ സംവിധാനത്തിനു പുറത്ത് ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത വേതനമാണ് നിലവിൽ എന്നത് ഞെട്ടലോടെയെ കേൾക്കുവാൻ കഴിയൂ. തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾ കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം പണി ചെയ്യണം എന്ന യാഥാർത്ഥ്യം ഭരണഘടനാ വിരുദ്ധമാണെങ്കിലും അതിനെ പ്രതിരോധിക്കുവാൻ ട്രേഡ്്യുണിയനുകൾ രംഗത്ത് വന്നിട്ടില്ല. കേരളത്തിലെ ആശുപത്രികൾ, സ്കൂളുകൾ, വിവിധ തരം കച്ചവട സ്ഥാപനങ്ങളിൽ ഒക്കെ പണിചെയ്യുന്നവരിൽ 80% ലധികം സ്ത്രീകൾ ആണ്.അവർ അനു
ഭവിക്കുന്ന ചൂഷണത്തെ മനസ്സിലാക്കി അവരുടെ ഇടയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് രഷ്ട്രീയ പാർട്ടികൾ(ഇടതുപക്ഷം പോലും) ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? സർവ്വകലാശാല യോഗ്യതകൾ ഉള്ള 2 ലക്ഷത്തോളം അദ്ധ്യാപകർ പണിയെടുക്കുന്ന 3000 ത്തിലധികം അൺഎയ്ഡഡ് സ്കൂളുകൾ കേരളത്തിൽ ഉണ്ട്. ഈ സ്ഥാപനത്തിലെ വേതന വ്യവസ്ഥകൾ എത്ര പരിതാപകരമാണ് എന്ന് ഏവർക്കും അറിയാം. ദിവസം 200 രൂപ പോലും വേതനം കിട്ടാതെയാണ് ബഹുഭൂരിപക്ഷം ആളുകളും അവിടെ പണിയെടുക്കുന്നത്. അവർക്കായി ഒരു തൊഴിൽ സംരക്ഷണ നിയമവും പാസ്സക്കുവാൻ കേരള നിയമസഭ ശ്രമിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷമായി തൊഴിൽ സുരക്ഷാ നിയമത്തെ പറ്റി സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് തൊഴിലാളി അവകാശ സമരങ്ങളിൽ ചരിത്രം സൃഷ്ടിച്ചുവരുന്നവർ എന്നവകാശപ്പെടുന്ന രാഷ്ടീയ പാർട്ടികൾ അഭ്യസ്തവിദ്യരായ അദ്ധ്യാപകരുടെ വിഷയങ്ങളെ അവഗണിക്കുന്നത്?
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇന്ന് പണി എടുത്തു വരുന്നത് നാട്ടിൽ ആകെ അനിയന്ത്രിതമായി പടർന്നു വരുന്ന വിവധ തരം കച്ചവട കേന്ദ്രങ്ങളിൽ ആണ്. അവരുടെ എണ്ണം 10 ലക്ഷത്തിലും അധികം വരുന്നു. അവരുടെ അവകാശങ്ങൾക്കായി തൊഴിൽ വകുപ്പ് ഷോപ്പ്സ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് അനുസരിച്ച് മിനിമം ശന്പളം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ വേതനം പുതുക്കി നിശ്ചയിക്കുകയും ചെയ്തു. നിയമ പ്രകാരം ഒരു തൊഴിലാളി ആഴ്ചയിൽ 48 മണിക്കൂർ തൊഴിൽ ചെയ്യുവാൻ ബാധ്യസ്തരാണ്. (ദിനവും 8 മണിക്കൂർ, 10.30 മണിക്കൂർ അധികം പണി ചെയ്യിക്കരുത്) അധികം സമയം തൊഴിൽ എടുത്താൽ നിലവിലെ വേതനത്തിന്‍റെ ഇരട്ടി കണക്കാക്കി നൽകേണ്ടതുണ്ട്. പരിചയത്തെ പരിഗണിച്ചു കൂടുതൽ വേതനം കൊടുക്കണം. അവധികൾ, ബോണസ്സ്, പ്രസവകാല ആനുകൂല്യങ്ങൾ എല്ലാം ഇവർക്ക് ബാധകമാണ്. പ്രാഥമിക സൗകര്യങ്ങൾ ഉണ്ടായിരിക്കണം, 50 ലധികം തൊഴിലാളികൾ ഉണ്ടെങ്കിൽ താമസ്സ സൗകര്യങ്ങൾ ഒരുക്കണം. കടയിൽ പണിയെടുക്കുന്ന തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞ വേതനം 9000 രൂപക്കടുത്തു വരുന്നു. നിരവധി അവകാശങ്ങൾ അനുവദിച്ചിട്ടുള്ള കേരളത്തിലെ സെയിൽസ് ഗേൾസ് രംഗത്ത് തൊഴിലാളികൾ അനുഭവിക്കുന്ന ചൂഷണത്തെ ചെറുക്കുവാൻ വൻകിട തൊഴിലാളി യുണിയനുകൾ എന്തുകൊണ്ട് തയ്യാറല്ല? സിനിമാ രംഗത്തെ മാഫിയവൽക്കരണം കേരളത്തിൽ ഇപ്പോഴെങ്കിലും മലയാളികൾക്ക് കൂടുതൽ മാനസ്സിലാക്കുവാൻ കഴിഞ്ഞു എന്ന് കരുതട്ടെ. പുരുഷ മേധാവിത്വത്തിന്‍റെ താണ്ധവത്തിൽ ആ രംഗത്തെ നടിമാർ ഉൾപ്പടെയുള്ള സ്ത്രീകൾ എങ്ങനെ ആക്രമിക്കപ്പെടുകയും കരുവാക്ക പ്പെടുകയും ചെയ്യുന്നു എന്ന്‍ നാട്ടിലെ രാഷ്ട്രീയക്കാർക്ക് അറിയാമെങ്കിലും അവർ ആരുടെ പക്ഷത്താണ് നില ഉറപ്പിച്ചുവന്നത്? കേരളത്തിലെ രഷ്ട്രീയ പാർട്ടികൾ പൊതുവേ പുരുഷ കേന്ദ്രീകൃതമാണ് എന്നും അതിൽ എത്തിച്ചേർന്ന സ്ത്രീകൾക്ക് സംഘടനകളുടെ നേതൃത്വത്തെ മാനിച്ചു പോകുക മാത്രമാണ് വഴി എന്നും ചരിത്രത്തിൽ നിന്നും മനസ്സിലാക്കാം. ഇതിൽ ഇടതു ഐക്യ മുന്നണികൾ തമ്മിൽ ചെറിയ വ്യത്യാസങ്ങൾ ഇല്ലാതില്ല. അപ്പോഴും സ്ത്രീകൾക്കെതിരായ വിഷയങ്ങളിലും ഞങ്ങളുടെ ആളുകളെ തള്ളാതെ എന്ന തരത്തിൽ പ്രതികരിക്കുക എന്നതാണ് രാഷ്ട്രീയ പാർട്ടികൾ പിൻതുടരുന്ന സമീപനം. ഇരകൾ ആക്കപ്പെട്ട സ്ത്രീകളെ പിൻതുണക്കുന്നതിന് പകരം അവരെ ആക്ഷേപിക്കുവാനും ഒറ്റപെടുത്തുവാനും രാഷ്ട്രീയക്കാർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥന്മാരും ചില അവസരങ്ങളിൽ കോടതി പോലും കൂട്ടു നിൽക്കുന്നു.
രാഷ്ട്രീയമായി ഏറെ കൂടുതൽ പ്രബുദ്ധത തെളിയിക്കുന്ന സംസ്ഥാനം എന്ന പേരിന് കേരളം അർഹത നേടണമെങ്കിൽ നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും അവരുടെ പാർട്ടികളും സ്ത്രീ വിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ രംഗങ്ങളിലും ഗൗരവതരമായി ഇടപെടുവാൻ അവർക്ക് കഴിയേണ്ടതുണ്ട്. പൊതുപ്രവർത്തകരുടെ സ്ത്രീ പക്ഷ സമീപനങ്ങൾ നാടിനു മാതൃകയായി മാറേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ഏവരും ഒറ്റകെട്ടായി സ്ത്രീകൾക്കൊപ്പം അണിനിരക്കേണ്ടതുണ്ട്. ലോകത്തെ മികവുറ്റ സ്ത്രീ സൗഹൃദ രാജ്യമായി പേരെടുത്ത ഐലാന്റ് ആ നേട്ടം കൈവരിച്ചത് രാജ്യത്തെ മുഴവൻ സ്ത്രീകളും (1975 ഒക്ടോബർ 24 സമരം) ഒറ്റകെട്ടായി സ്ത്രീകളുടെ അവകാശങ്ങൾക്കായി അണിനിരക്കുവാൻ വിജയിച്ചപ്പോൾ ആണെന്ന് നമ്മുടെ നാടും ഓർക്കേണ്ടതുണ്ട്.