ദെങ് സിയാവോപിങ്ങോ അതോ പ്ലിംഗോ?

ജെ. ബിന്ദുരാജ്
ഇന്ത്യയിലാണ് നമ്മൾ ജീവിക്കുന്നതെങ്കിലും ചൈനയിലെ ഉൽപ്പന്നങ്ങളാണ് ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും ഇന്ന് ഉപയോഗിക്കുന്നത്. ഒട്ടുമിക്ക ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുന്പോൾ അത് ചൈനയിൽ നിർമ്മിച്ചതാണോ ഇന്ത്യയിൽ നിർമ്മിച്ചതാണോയെന്ന് നാം തിരക്കാറുമുണ്ട്. വ്യവസായിക ഉൽപ്പാദനത്തിൽ ചൈന കൈവരിച്ച ആ നേട്ടം ലോകത്ത് തന്നെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായിക രാഷ്ട്രമാക്കി ചൈനയെ മാറ്റിയിരിക്കുന്നു. ഇന്ന് ചൈനയുടെ മൊത്തം ഗാർഹിക ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 73 ശതമാനവും ലഭിക്കുന്നത് വ്യവസായങ്ങളിലൂടെയാണ്. ഇതിൽ തന്നെ ഉൽപ്പന്ന നിർമ്മാണ വ്യവസായരംഗമാണ് അവരുടെ ജി.ഡി.പിയുടെ 40 ശതമാനത്തിനും ഉത്തരവാദി. 1978−ന് മുന്പ് വരെ പൂർണമായും സർക്കാർ നിയന്ത്രണത്തിലായിരുന്നു ചൈനയിലെ വ്യവസായങ്ങൾ. എന്നാൽ ദെങ് സിയാവോപിങ്ങിന്റെ നേതൃത്വത്തിൽ 1979 മുതൽ സാന്പത്തികവും വ്യവസായികപരവുമായ പരിഷ്‌കരണ നടപടികൾ ചൈനയിൽ ആരംഭിച്ചതോടെ മാവോയുടെ പഴയ ചൈന ആഗോള സന്പദ് വ്യവസ്ഥയിലേക്ക് അതിനെ പറിച്ചുനടുകയായിരുന്നു. മാവോ കാലത്തെ ഇടത് നയങ്ങൾ പലതും കമ്മ്യൂണിസ്റ്റ് ചൈനയെ സാന്പത്തിക അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോയിരുന്ന സമയത്തായിരുന്നു ദെങ്ങിന്റെ വരവ്. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രായോഗിക വിപണിയുടെ സന്പദ് വ്യവസ്ഥയുമായി കൂട്ടിയിണക്കുന്നതിലായിരുന്നു ദെങ് കൂടുതൽ താൽപ്പര്യം കാട്ടിയത്. വിദേശമൂലധന നിക്ഷേപത്തിനും ആഗോള വിപണിയിലേക്കും ചൈനയെ അദ്ദേഹം തുറന്നിട്ടതിന്റെ ഫലമായാണ് വാസ്തവത്തിൽ ചൈന ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സന്പദ് വ്യവസ്ഥകളിലൊന്നായി മാറിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് നുഴഞ്ഞുകയറിയ വലതുപക്ഷ മുതലാളിത്തപക്ഷക്കാരിലൊരാളായിട്ടാണ് ദെങ് സിയാവോപിങ്ങെന്നാണ് മാവോ പോലും വിശ്വസിച്ചിരുന്നത്. പക്ഷേ 'പൂച്ച കറുത്താണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിക്കാൻ അതിനറിയാമെങ്കിൽ അത് നല്ല പൂച്ചയാണെന്ന്' വിശ്വസിച്ചിരുന്ന ദെങ് തന്റെ നയനിലപാടുകളിൽ നിന്നും പിന്നോക്കം പോകാൻ ഒരിക്കലും തയ്യാറായിരുന്നില്ല.
ചൈനയുടെ വ്യവസായിക ഉൽപ്പാദത്തിൽ ഇന്നും നാൽപ്പത് ശതമാനത്തിലധികവും വരുന്നത് സർക്കാരിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കന്പനികളിൽ നിന്നാണെന്നതാണ് വാസ്തവം. പക്ഷേ ഇന്ത്യയിൽ അവസ്ഥ ഭിന്നമാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തന്നെ നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഓഹരി വിൽക്കലിലൂടെയും സർക്കാർ സ്വകാര്യസംരംഭക കൂട്ടായ്മ കളിലൂടേയും മാത്രമേ പൊതുമേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളെ നിലനിർത്താനാകുന്നുള്ളുവെന്നാണ് നമ്മുടെ പരിവേദനം. ആഗോളീകരണത്തിന്റെ കാര്യത്തിലും വിപണി സ്വതന്ത്രമാക്കുന്ന കാര്യത്തിലുമെല്ലാം ഇന്ത്യ ചൈന സ്വീകരിച്ച വഴിയേ തന്നെയാണ് പോകുന്നതെങ്കിലും ചൈനയിലെന്ന പോലെ ഒരു വ്യവസായിക അഭിവൃദ്ധി നേടാൻ നിലവിൽ ഇന്ത്യയ്ക്കാവുന്നില്ലെന്നതാണ് പരമാർത്ഥം. പക്ഷേ ഒന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ പ്രചാരണം ശക്തിപ്പെട്ടതോടെ ചൈനയേക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപ്പാദനം നടത്താനാകുന്ന രാജ്യമാണ് ഇന്ത്യ എന്ന് നിക്ഷേപകർ ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 2008−ന് ശേഷം ചൈനയിലെ ജീവനക്കാരുടെ ശന്പളനിരക്ക് 10.6 ശതമാനം കണ്ട് വളർന്നപ്പോൾ ഇന്ത്യയിൽ അതേ കാലയളവിൽ ശന്പളം 0.2 ശതമാനം മാത്രമേ വളർന്നുള്ളുവെന്നത് കൂടുതൽ പേർ ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക് മുതൽ മുടക്ക് നടത്താനുള്ള സാധ്യതകളാണ് കാണിക്കുന്നത്.
ചൈനയുമായി നമ്മുടെ വ്യവസായരംഗത്തെ താരതമ്യപ്പെടുത്താൻ മുതിർന്നത് ഇന്ത്യയുടെ പരിതസ്ഥിതിയിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ പല പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ഈ സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ 18.6 കോടി രൂപ ലാഭമുണ്ടാക്കിയെന്ന വസ്തുതയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 44.5 കോടി രൂപ നഷ്ടമുണ്ടാക്കിയ സ്ഥാനത്താണ് ഈ വളർച്ച കണ്ടിരിക്കുന്നതെന്നതാണ് ഈ നേട്ടത്തിന് മാറ്റ് പകരുന്നത്. കേരളത്തിന്റെ ദെങ് സിയാവോപിങ്ങ് ആണ് പിണറായി വിജയൻ എന്ന ചില മാധ്യമപ്രശംസകൾക്ക് ആക്കം കൂട്ടുന്നതായി മാറി ഈ വ്യവസായ വളർച്ച എന്ന കാര്യത്തിൽ തർക്കമില്ല. അഴിമതിരഹിതമായ നല്ല നേതൃത്വം പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് വരികയും കൂടുതൽ വിദഗ്ദ്ധരും മിടുക്കുമുള്ളവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് എത്തിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ കണ്ടുവരുന്ന മികവ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന 53 പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി മികവിന്റെ പാതയിലേക്ക് എത്തിക്കാൻ സഹായകരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. പക്ഷേ നമ്മുടെ വ്യവസായരംഗത്തിന്റെ ഇന്നത്തെ അവസ്ഥ അടിമുടി ഒരു അഴിച്ചുപണിക്ക് വിധേയമാക്കേണ്ടതുണ്ടെന്നതാണ് വാസ്തവം.
ഇന്ത്യയിൽ മൊത്തം 298 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും അവയിൽ നിലവിൽ 235 സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തനക്ഷമമായിട്ടുള്ളു. ഇതിൽ തന്നെ ലാഭകരമായി പ്രവർത്തിക്കുന്നത് കേവലം 157 സ്ഥാപനങ്ങളാണ്. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും 2014- 2015 സാന്പത്തിക വർഷത്തിൽ 1,30, 363 കോടി രൂപയാണ് സർക്കാരിന് ലഭിച്ച അറ്റലാഭം. നഷ്ടത്തിൽ പ്രവർത്തിക്കുന്ന 77 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റനഷ്ടം 27,360 കോടി രൂപയാണ്. ഇനി കേരളത്തിന്റെ അവസ്ഥ പരിശോധിക്കാം. കേരളത്തിലുള്ള മൊത്തം പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 126 ആണ്. ഇതിൽ 122 ഗവൺമെന്റ് കന്പനികളും 4 സ്റ്റാറ്റിറ്റ്യൂട്ടറി കോർപ്പറേഷനുകളുമാണുള്ളത്. ഈ പറഞ്ഞ 122 സർക്കാർ ഉടമസ്ഥതയിലുള്ള കന്പനികളിൽ 107 എണ്ണം പ്രവർത്തനക്ഷമമാണ്. 15 എണ്ണം പ്രവർത്തിക്കുന്നില്ല. നിർമ്മാണ മേഖലയിൽ 50−ഉം അടിസ്ഥാനസൗകര്യ മേഖലയിൽ 16−ഉം ധനകാര്യമേഖലയിൽ 18−ഉം വൈദ്യുതി മേഖലയിൽ മൂന്നും കൃഷി മേഖലയിൽ 16−ഉം സേവനമേഖലയിൽ 19−ഉം സ്ഥാപനങ്ങളാണ് ഉള്ളത്. ഇതിൽ 50 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലും 53 സ്ഥാപനങ്ങൾ നഷ്ടത്തിലും ലാഭവും നഷ്ടവുമില്ലാത്തവയായി നാലെണ്ണവുമാണ് ഉള്ളത്. ഇതിൽ തന്നെ സംസ്ഥാന വ്യവസായ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 43 പൊതുമേഖലാ സ്ഥാപനങ്ങളിൽ 37 എണ്ണം ഉൽപ്പന്ന നിർമ്മാണ മേഖലയിലും ഏഴെണ്ണം നിർമ്മാണേതര − സേവന മേഖലയിലുമാണ്.
സാന്പത്തിക വർഷത്തിന്റെ ആദ്യപാദത്തെ ലാഭത്തിന്റെ കാര്യത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയെന്നത് വാർത്തയാകാനുള്ള പ്രധാന കാരണം ഈ കാലയളവിൽ സാധാരണഗതിയിൽ നഷ്ടമാണ് കന്പനികൾ കാണിക്കാറുള്ളത് എന്നതിനാലാണ്. സാധാരണഗതിയിൽ ചിലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്ന കാലമാണ് ഏപ്രിൽ, മെയ്, ജൂൺ എന്നീ മാസങ്ങൾ. എന്നാൽ വാർഷിക ലാഭത്തിന്റെ കാര്യത്തിൽ ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിലും ലാഭത്തിലും കഴിഞ്ഞ അഞ്ച് വർഷക്കാലയളവിൽ കുറവുണ്ടാകുകയാണ് ഉണ്ടായിട്ടുള്ളതെന്നാണ് 2016−ലെ സാന്പത്തിക അവലോകന റിപ്പോർട്ട് പറയുന്നത്. 2011-2012 കാലയളവിൽ മൊത്തം ലാഭത്തിലുണ്ടായ യൂണിറ്റുകളുടെ എണ്ണം 18 ആയിരുന്നുവെങ്കിൽ 2012−-2013 കാലയളവിൽ അത് 17 ആയും 2013−-2014−ലും 2014−-2015−ലും അത് 13 ഉം 2015−-16 കാലയളവിൽ അത് കേവലം പത്തുമായി മാറുകയായിരുന്നു. ലാഭമാകട്ടെ ആ കാലയളവിൽ 324. 52 കോടി രൂപയിൽ നിന്നും 98.32 കോടി രൂപയായി കുറയുകയുമാണ് ചെയ്തിട്ടുള്ളത്. അതിനർത്ഥം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കീഴിൽ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ വലിയ ഇടിവുണ്ടാക്കിയെന്ന് തന്നെയാണ്. വ്യവസായ മന്ത്രിയെന്ന നിലയിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഈ വീഴ്ച ആരും ചർച്ച ചെയ്തില്ലെന്ന് മാത്രം. വ്യവസായ വകുപ്പിന് കീഴിലുള്ള 43 സ്ഥാപനങ്ങളിൽ 25 എണ്ണമായിരുന്നു 2011−-2012 കാലയളവിൽ നഷ്ടത്തിലായിരുന്നതെങ്കിൽ 2015−-2016 ആയപ്പോഴേക്കും നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 33 ആയി ഉയർന്നു. നഷ്ടമാകട്ടെ ഇതേ കാലയളവിൽ 111.66 കോടി രൂപയിൽ നിന്നും 208.12 കോടി രൂപയായി മാറുകയും ചെയ്തു. ലാഭവും നഷ്ടവും കൂട്ടിക്കിഴിച്ച ശേഷം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 2011 -12 വർഷത്തിനും 2012−-13 വർഷത്തിനും ശേഷം സംസ്ഥാന സർക്കാരിന് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു. സർക്കാരിന്റെ നഷ്ടക്കണക്ക് 2013−14−ൽ 66.49 കോടി രൂപയായിരുന്നുവെങ്കിൽ പിന്നീടുള്ള വർഷങ്ങളിൽ അത് 179.93 കോടി രൂപയും 109.8 കോടി രൂപയുമായി ഉയർന്നു. യു.ഡി.എഫ് സർക്കാരിന്റെ വ്യവസായ വകുപ്പ് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഒരു സന്പൂർണ പരാജയമായിരുന്നുവെന്നതിന്റെ വ്യക്തമായ ചിത്രമാണ് ഈ കണക്കുകൾ നൽകുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വീഴ്ചയുടെ പ്രധാന കാരണങ്ങൾ അന്വേഷിച്ച് ദൂരത്തേക്കൊന്നും നമുക്ക് പോകേണ്ടതില്ല. രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലെ കൊടിയ അഴിമതിയും സ്വജനപക്ഷപാതവും സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സ്വന്തം ലാഭത്തിനായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നുള്ള ചിലരുടെ ചിന്തയും ഇടനിലക്കാരുമായുള്ള ബാന്ധവത്തിൽ നിന്നും വിവിധ പദ്ധതികളിലൂടെ എങ്ങനെ കമ്മീഷനായി പണം പിടുങ്ങാമെന്നുള്ള അന്വേഷണങ്ങളുമാണ് ഇവയിൽ പലതിന്റേയും കടയ്ക്കൽ കത്തിവെച്ചത്. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പലതും ഇന്ന് കമ്മീഷൻ ദാഹികളുടേയും ഇടനിലക്കാരുടേയും പിടിയിലാണ് ട്രാവൻകൂർ ടൈറ്റാനിയത്തിലെ മാലിന്യനിർമാർജ്ജന പ്ലാന്റിന്റെ പേരിൽപോലും പണം തട്ടിച്ചവരാണ് നമ്മുടെ ഭരണകർത്താക്കൾ. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലും മലബാർ സിമെന്റ്‌സിലുമെല്ലാം ഇത്തരം കമ്മീഷൻ ദാഹികളുണ്ട്. 2015−-2016 വർഷങ്ങളിൽ മലബാർ സിമെന്റ്‌സ് ലിമിറ്റഡ് 38.75 കോടി രൂപ ലാഭമുണ്ടാക്കിയെങ്കിൽ കെ.എം.എം.എൽ 21.16 കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. പക്ഷേ ഈ സ്ഥാപനങ്ങളിലെല്ലാം തന്നെ പരാദജീവികൾ കടന്നുകൂടിയിരിക്കുന്നുണ്ടെന്ന് അറിയാത്തവരില്ല. ഇവർ ഈ സ്ഥാപനങ്ങളുടെ ഇടപാടുകളിലെ ഇടനിലക്കാരായി നിലകൊണ്ടുകൊണ്ട് വലിയ തോതിലുള്ള അഴിമതിക്കായി എപ്പോഴും എവിടേയും അവസരം പാർത്തിരിക്കുകയാണ്. ഗ്രിൻടെക്‌സ് രാജീവൻ എന്ന ഇതുവരെ പിടികൊടുക്കാത്ത ഇടനിലക്കാരനും ചാക്ക് രാധാകൃഷ്ണനും കേരളത്തിന്റെ പൊതുമേഖലാ വ്യവസായ മേഖലയെ പങ്കിട്ടെടുത്തിരിക്കുകയാണെന്നും ഏത് ഭരണക്കാർ വന്നാലും അതിൽ മാറ്റമുണ്ടാകാറില്ലെന്നും മുന്പൊരിക്കൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുൻകാല വിശ്വസ്തനായ കെ.എ റൗഫ് വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.
പിണറായി വിജയന് കേരളത്തിന്റെ ദെങ് സിയാവോപിങ് ആയി മാറണമെങ്കിൽ ആദ്യം രക്ഷിക്കേണ്ടത് പൊതുമേഖലാ സ്ഥാപനങ്ങളെ തന്നെയാണ്. മാലിന്യരഹിതമായ വ്യവസായങ്ങളെയാണ് കേരളം ഇപ്പോൾ സ്വകാര്യമേഖലയിൽ പരിപോഷിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നതിനാൽ സംസ്ഥാനത്ത് നിലവിൽ പൊതുമേഖലയിലുള്ള വ്യവസായങ്ങൾക്ക് അവ തകർന്നുപോകാതിരിക്കാനുള്ള കാലാനുസൃതമായ കരുതലിനും മാറ്റങ്ങൾക്കും വിജയൻ കാതോർക്കുക കൂടി വേണം. അതിന് എന്തെല്ലാമാണ് അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും പുറമേ ഈ സ്ഥാപനങ്ങൾ ചെയ്യേണ്ടതെന്ന വിശദമായ പഠനവും അനിവാര്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന പബ്ലിക് സെക്ടർ റീസ്ട്രക്ച്ചറിംഗ് ആൻഡ് ഇന്റേണൽ ഓഡിറ്റ് ബോർഡിനെ (റിയാബ്) കൂടുതൽ കാര്യക്ഷമമാക്കുകയാണ് അതിൽ പ്രഥമമായി ചെയ്യേണ്ടത്. റിയാബിന്റെ അനുമതിയില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ഒരു തരത്തിലും നിയമനങ്ങൾ നടക്കാൻ പാടില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
ഇ.പി ജയരാജൻ വ്യവസായമന്ത്രിയായിരുന്ന സമയത്ത് പൊതുമേഖലാ സ്ഥാപനമായ കേരള േസ്റ്ററ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തേക്ക് ജയരാജന്റെ ഭാര്യാ സഹോദരിയായ പി.കെ ശ്രീമതിയുടെ മകൻ സുധീർ നന്പ്യാരെ നിയമിച്ചത് റിയാബിന്റെ അനുമതിയില്ലാതെയായിരുന്നു. പ്രസ്തുത സ്ഥാനം വഹിക്കാനുള്ള യോഗ്യതയില്ലാത്ത ആളായിരുന്നു സുധീർ എന്നതിലുപരിയായി ഒരു തട്ടിപ്പ് കേസിൽ ആരോപണവിധേയനുമായിരുന്നു സുധീർ. ഇത് ജയരാജന്റെ സ്ഥാനം തെറിക്കാനിടയാക്കിയെങ്കിലും ഇത്തരം നിയമനങ്ങൾ ഇനിയും നടക്കാനുള്ള സാധ്യത പൊതുമേഖലാ സ്ഥാപനങ്ങളിലുണ്ട്. 1993−ൽ ആരംഭിച്ച റിയാബിൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുക, സ്ഥാപന പരിഷ്‌കരണം, കാര്യശേഷി വികസനം, പൊതുമേഖലാസ്ഥാപനങ്ങൾക്ക് ഭരണപരമായ ഉപദേശക സഹായം നൽകുക എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങളാണ് പൊതു മേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങൾക്ക് പുറേമ നിർവ്വഹിക്കാനുള്ളത്. അതുകൊണ്ടു തന്നെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനീകവൽക്കരണത്തിനും വൈവിധ്യവൽക്കരണത്തിനും സർക്കാർ നൽകുന്ന തുക കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന് അതാത് സമയത്ത് റിയാബ് വിലയിരുത്തുകയാണെങ്കിൽ തന്നെയും പൊതുമേഖലാ സ്ഥാപനങ്ങൾ മെച്ചപ്പെടാനുള്ള ആദ്യ കവാടം തുറക്കപ്പെടും.
പക്ഷേ അതുകൊണ്ട് മാത്രം എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് കരുതേണ്ടതില്ല. വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനമൂലധന നഷ്ടം കുറയ്ക്കാനുള്ള നടപടികളും അടിയന്തരമായി ആവിഷ്‌കരിക്കണം. ഇതിന് പുറമേയാണ് സാങ്കേതികവിദ്യയിൽ കാലാനുസൃതമായ നവീകരണം കൊണ്ടുവരുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾ മടിച്ചുനിൽക്കുന്നതു മൂലമുള്ള പിന്നോക്കംപോകൽ. ഏറ്റവും പുതിയ സാങ്കേതികവിദ്യ അതിവേഗം ഇത്തരം സ്ഥാപനങ്ങളിലേക്ക് എത്തിച്ചാൽ പുതിയകാല വിപണിയിൽ പിടിച്ചുനിൽക്കാൻ അവർക്കാകും. പിണറായി വിജയൻ ഇക്കാര്യത്തിൽ കൂടുതൽ ഇച്ഛാശക്തിയോടെ മുന്നേറാൻ വ്യവസായ വകുപ്പുമന്ത്രിയെ പ്രേരിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി ഉൽപ്പന്നവൈവിധ്യവൽക്കരണത്തിലെ കുറവാണ്. പല സ്വകാര്യ കന്പനികളും അനുദിനം പുതിയ പുതിയ ഉൽപ്പന്നങ്ങൾ വിപണയിലെത്തിക്കാനും കയറ്റുമതി ചെയ്യാനുമൊക്കെ ശ്രമിക്കുന്പോഴും കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഇപ്പോഴും 30 വർഷം മുന്പ് വിഭാവനം ചെയ്ത അതേ ഉൽപ്പന്നങ്ങൾ തന്നെയാണ് ഇപ്പോഴും വിപണനം ചെയ്യുന്നത്. ഉപോൽപ്പന്നങ്ങൾ ഉപയോഗിച്ചു തന്നെ പല പുതിയ ഉൽപ്പന്നങ്ങളും ഉണ്ടാക്കാനാകുമെന്ന വസ്തുതയും ഈ കന്പനികൾ വിസ്മരിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ അതാത് കന്പനികളുടെ ഉൽപ്പന്നങ്ങളുടെ കാര്യത്തിൽ ഒരു പുനർവിചാരത്തിന് കേരള വ്യവസായ വകുപ്പ് തയ്യാറാകേണ്ടതാണ്. ഇതിനായി ഈ രംഗത്തെ പ്രമുഖർ ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിക്കുകയുമാകാം.
വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് പ്രവർത്തിക്കുവാനുളള കഴിവില്ലായ്മയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ മറ്റൊരു പ്രധാന ന്യൂനത. അന്താരാഷ്ട്ര വിപണിയിൽ ഒരു പ്രത്യേക രാസവസ്തുവിന്റെ ഉൽപ്പാദനം കുറയുന്ന സമയത്ത് ഇവിടെ കൂടുതലായി അത് ഉൽപ്പാദിപ്പിക്കാൻ സാഹചര്യമുണ്ടായാൽ പോലും അത് അവഗണിക്കുകയാണ് പല സ്ഥാപനങ്ങളും ചെയ്യുന്നത്. തങ്ങൾക്ക് അത് നിർമ്മിക്കാനുള്ള അസംസ്‌കൃത വസ്തു ലഭ്യമാണെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനസമയം ഷിഫ്റ്റുകളിലായി മാറ്റുകയും അത് സാധ്യമല്ലെങ്കിൽ കൂടുതൽ കരാർ തൊഴിലാളികളെ നിയമിച്ച് അത് ഊർജ്ജിതമാക്കുകയും ചെയ്താൽ ഉണ്ടാകുന്ന ലാഭം എത്രയോ വലുതായിരിക്കും. പക്ഷേ നമ്മുടെ വ്യവസായ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർക്കോ അവരെ നിയന്ത്രിക്കുന്നവർക്കോ ഒന്നും അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിനെപ്പറ്റി ഇപ്പോഴും ഒന്നുമറിയില്ല. അതല്ലെങ്കിൽ അവർ പണിയെടുക്കാൻ തയ്യാറല്ല. ഉൽപ്പാദന ചിലവിലെ വർദ്ധനവും മറ്റ് സ്ഥാപനങ്ങളിൽ നിന്നുളള കടുത്ത മത്സരവും വില കുറഞ്ഞ ഇറക്കുമതിയിൽ നിന്ന് നേരിടേണ്ട മത്സരവുമൊക്കെ അതിജീവിക്കാൻ ഇത്തരത്തിൽ ആവശ്യകതയ്ക്കനുസരിച്ച് വേറിട്ട മട്ടിൽ ഉൽപ്പാദനപ്രക്രിയ സാധ്യമാക്കിയാൽ ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകും. ഉൽപ്പാദനച്ചിലവിലെ വർദ്ധനവ് ഒഴിവാക്കാൻ കൂടുതൽ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളെ ആശ്രയിക്കാമെങ്കിൽ ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലൂടെ വില കുറഞ്ഞ ഇറക്കുമതിയിൽ നിന്നുള്ള മത്സരവും നേരിടാനാകും. ഓരോ വർഷവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്പത്തിക ബാധ്യത വർധിച്ചുവരുന്നതിനാൽ അത് മറികടക്കുന്നതിനാവശ്യമായ നീക്ക ങ്ങൾ കൂടി അടിന്തരമായി നടത്തേണ്ട ബാധ്യത ഇന്ന് കേരള സർക്കാരിനുണ്ട്.
എന്നാൽ ഇവയൊക്കെ നടപ്പാക്കുന്നതിനൊപ്പം ഒട്ടും തന്നെ വിസ്മരിക്കപ്പെടരുതാത്തതായ മറ്റൊന്നു കൂടിയുണ്ട്. പരിസ്ഥിതി മലിനീകരണത്തെ പരമാവധി പ്രതിരോധിക്കുകയെന്നതാകണം അത്. മലിനീകരണ നിയന്ത്രണത്തിനുള്ള ചട്ടങ്ങളെല്ലാം തന്നെ പാലിച്ചുകൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് ആത്യന്തികമായി പൗരന്റെ ആരോഗ്യത്തിന് പ്രാഥമിക പരിഗണന നൽകുന്ന ഒരു സർക്കാർ ചെയ്യേണ്ടത്. പരിസ്ഥിതി സൗഹാർദ്ദ വികസനത്തിനായിരിക്കണം പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഹരിതകേരളത്തിൽ വിശ്വാസമർപ്പിക്കുന്ന ഒരു സർക്കാർ ചെയ്യേണ്ടത്. പിണറായി വിജയൻ കേരളത്തിന്റെ ദെങ് സിയാവോപിങ്ങാണോ അതോ പ്ലിംഗാണോ എന്നത് കാലം കാണാനിരിക്കുന്ന കാഴ്ച.