ജീർണ്‍ണിക്കുന്ന ചിന്താമണ്ധലങ്ങൾ

ഇന്നലെ വാർത്തകളിലൂടെ സഞ്ചരിക്കവേ ആണ് ജയിലിൽ കഴിയുന്ന ജനപ്രിയ നായകനായ ദിലീപിനെ പറ്റി ഓർത്ത് പോയത്. അദ്ദേഹം പ്രഭാത ഭക്ഷണമായി എന്താണ് കഴിച്ചിരിക്കുക, രാത്രി കൊതുക് കടിക്കാതെ ഉറങ്ങാൻ പറ്റുന്നുണ്ടോ, വീട്ടിലേയ്ക്ക് ഭാര്യയെ വിളിക്കാനുള്ള പണം അദ്ദേഹത്തിന്റെ കൈയിലുണ്ടോ എന്നൊക്കെ ഈ ചിന്തകളിൽ നിറഞ്ഞു. കാരണം അങ്ങിനെയുള്ള വാർത്തകളൊന്നും ഇപ്പോൾ കാണുന്നില്ല. അറസ്റ്റിലായപ്പോൾ ഇതൊക്കെയായിരുന്നു നമ്മുടെ വാർത്തകൾ. ഇപ്പോൾ അത് ആറി തണുത്തിരിക്കുന്നു. പുതിയ വിഷയങ്ങൾ ചുറ്റിലും പാറി കളിക്കുന്നു. കോവളം എം.എൽ.എ വിൻസെന്റാണ് ഇപ്പോഴത്തെ താരം. അദ്ദേഹം ഒരു സ്ത്രീയെ 900 വട്ടം വിളിച്ചപ്പോൾ എന്ത് സംസാരിച്ചുവെന്നതാണ് നമ്മുടെ ടെൻഷൻ. പിന്നെ അച്ഛൻ പത്തായത്തില്ലെന്ന് പറയാൻ പറഞ്ഞ ചെറിയ കുട്ടിയുടേത് പോലെ പൊട്ടികരഞ്ഞുകൊണ്ടിരിക്കുന്ന ശ്രീ എം.ടി രമേശും അദ്ദേഹത്തിന്റെ പാർട്ടിയും നമ്മുടെ വാർത്തകളുടെ തലക്കെട്ടായും, സ്ക്രോളിങ്ങായും കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഇവയും രണ്ടോ മൂന്നോ ദിവസം കൂടി കാണുമെന്നുറപ്പാണ്. അതു കഴിഞ്ഞാൽ മറ്റൊന്നിലേയ്ക്ക് നമ്മുടെ ലോകം സഞ്ചരിച്ച് തുടങ്ങും.
ഒരു കാലത്ത് ബൗദ്ധികമായി ഏറെ അഹങ്കരിച്ചിരുന്ന മലയാളിയുടെ ചിന്ത മണ്ധലം കുറേ കാലമായി ഇങ്ങിനെ ആയി ഒതുങ്ങുന്നത് വളരെ ദുഃഖകരമായ കാഴ്ച്ചയാണെന്ന് പറയാതിരിക്കാൻ വയ്യ. നമുക്കിന്ന് ഒരു എം.എൻ വിജയനോ, സുകുമാർ അഴീക്കോടോ, ഒ.എൻ.വിയോ അങ്ങിനെയുള്ള മഹാന്‍മാരോ ഒന്നുമില്ല. എന്ത് എവിടെ എങ്ങിനെ പറയണമെന്ന് പോലും അറിയാതെ വെറുതെ ഒച്ചയുണ്ടാകുന്ന ചിലർ മാത്രമാണുള്ളത്. പണ്ടൊക്കെ വൈകുന്നേരമായാൽ വായനശാലയുടെ മുന്പിലായിരുന്നു നമ്മുടെ തീപാറുന്ന ചർച്ചകൾ നടന്നിരുന്നത്. അത്തരം ഇടങ്ങളിൽ വെച്ചാണ് മുന്പ് പറഞ്ഞവരുടെ ചിന്തകളിലെ തീക്കനലുകൾ നമ്മുടെ മനസിനകത്തേയ്ക്ക് കയറി വന്നത്. ഇന്ന് വൈകുന്നേരമായാൽ നമ്മിൽ മിക്കവരും ഒന്നുകിൽ ടെലിവിഷനിലെ വിഷയങ്ങൾക്കൊപ്പം, അല്ലെങ്കിൽ കുപ്പിയിൽ പരസ്പരം ഒഴിച്ചു നിറയ്ക്കുന്ന വിഷത്തിനൊപ്പം, അതുമല്ലെങ്കിൽ സോഷ്യൽമീഡിയകളിൽ മിന്നാമിനുങ്ങിനെ പോലെ പച്ച വെളിച്ചം കത്തിച്ച് വെച്ച് കാത്തിരിക്കുന്ന വിഷമങ്ങൾക്കൊപ്പം ആയി ചുരുങ്ങിയിരിക്കുന്നു എന്നതാണ് സത്യം. തൊട്ടടുത്തിരിക്കുന്നവന്റെയോ, അവളുടെയോ പ്രശ്നങ്ങളെയും, ദുഃഖങ്ങളെയും, സുഖങ്ങളെയും, സന്തോഷങ്ങളെയും അറിയുന്നത് പോലും അവരുടെ സ്റ്റാറ്റസ് മെസേജുകളിലൂടെയാണ്. അതിനിടയിൽ വേണ്ട തരത്തിലുള്ള മറുപടികൾ നൽകി നമ്മളും സായൂജ്യം അടയുന്നു.
ഇനി ഒരു തിരിച്ച് പോക്കുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം അത്ര മാത്രം ജീർണ്ണിച്ചിരിക്കുന്നു നമ്മുടെ സംസ്കാരവും, സമൂഹവും, ചുറ്റുപാടുകളും. പണത്തിന്റെ ഹുങ്കാണ് എല്ലായിടത്തും നിറയുന്നത്. ആ അഹങ്കാരത്തിന്റെ ബലത്തിൽ ആർക്കും ആരെയും വേട്ടയാടാം. തളച്ചിടാം. ആർജ്ജവം എന്ന വാക്ക് പോലും ഇന്ന് തെറ്റിദ്ധരിക്കപ്പെട്ട് പോകുന്നു. ഏത് രീതിയിൽ സംസാരിച്ചാലും ഒരു വിഭാഗത്തിന്റെ ആളായി മുദ്രകുത്തപ്പെടുന്നു. പിന്നെ മറുവിഭാഗത്തിന്റെ ഭീഷണിയാണ് ബാക്കി. മലയാള നാടിന്റെയും, നാട്ടുക്കാരുടെയും ഈ ഗതികേടിന്റെ കാലം എത്രയും വേഗം അസ്തമിക്കണമേ എന്നാഗ്രഹിച്ചു കൊണ്ട്...