രാമകഥാമൃതം - ഭാഗം 6

എ. ശിവപ്രസാദ്
ഭരതകുമാരനെ യുവരാജാവായി വാഴിക്കണമെന്ന ആവശ്യത്തിൽ നിന്നും കൈകേയി പിന്മാറാൻ തയ്യാറായില്ല. അതോടെ അയോധ്യയിലെ അന്തരീക്ഷം കലുഷിതമായി. ദശരഥ മഹാരാജാവ് ദുഃഖഭാരത്താൽ കരഞ്ഞുകൊണ്ട് തന്റെ അന്തഃപുരത്തിൽ ഇരുന്നു. പിതാവിന്റെ ദുഃഖാവസ്ഥയെ കുറിച്ച് അറിഞ്ഞ ശ്രീരാമചന്ദ്രൻ പിതാവിന്റെ അടുത്തെത്തി. ദുഃഖകാരണമന്വേഷിച്ചു. ദശരഥൻ ശ്രീരാമനോട് കൈകേയിയുടെ ആവശ്യം അറിയിച്ചു. ഇതുകേട്ട ശ്രീരാമന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. കരഞ്ഞ് വിവശനായ ദശരഥനെ ശ്രീരാമൻ സമാശ്വസിപ്പിച്ചു. അച്ഛന്റെ വാക്ക് പാലിക്കാനായി പതിനാല് സംവത്സരമല്ല ഈ ജന്മം മുഴുവൻ കാനനവാസത്തിന് തയ്യാറാണെന്ന് ശ്രീരാമൻ ദശരഥനെ അറിയിച്ചു. പക്ഷെ ശ്രീരാമന്റെ ഈ വാക്കുകളൊന്നും ദശരഥന്റെ ദുഃഖശമനത്തിന് പ്രാപ്തമായിരുന്നില്ല.
ശ്രീരാമന്റെ അഭിഷേക വിഘ്നവാർത്ത അയോധ്യയിൽ കാട്ടുതീ പോലെ പടർന്നു. അയോധ്യാ നിവാസികൾ ദുഃഖ നിമഗ്നരായി. ശ്രീരാമന്റെ വനവാസം അയോധ്യാ നിവാസികൾക്ക് അസഹനീയമായിരുന്നു. വനവാസ യാത്ര കേട്ട അവർ വാവിട്ടു കരഞ്ഞു. ശ്രീരാമൻ വനയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. രാജവസ്ത്രങ്ങളും ആടയാഭരണങ്ങളും ഉപേക്ഷിച്ചു. കാഷായ വസ്ത്രം ധരിച്ചു തന്റെ പിതാവായ ദശരഥന്റെ അടുത്തെത്തി. ശ്രീരാമനെ കണ്ട മാത്രയിൽ തന്നെ ദശരഥൻ പൊട്ടിക്കരഞ്ഞുകൊണ്ട് ശ്രീരാമനെ വാരിപ്പുണർന്നു. അതിനുശേഷം ശ്രീരാമൻ തന്റെ മാതാവായ കൗസല്യയുടെ അടുത്തെത്തി. പുത്രനെ ചേർത്ത് പിടിച്ച് കരഞ്ഞ കൗസല്യയോട് അച്ഛന്റെ വാക്ക് പാലിക്കാനാണ് വനവാസമെന്നും പിതാവിന്റെ വാക്ക് പാലിക്കുക എന്നത് ഒരു പുത്രന്റെ കടമയാണെന്നും ശ്രീരാമൻ മാതാവായ കൗസല്യയോട് പറഞ്ഞു.
അതിന് ശേഷം ശ്രീരാമൻ കൈകേയിയുടെയും സുമിത്രയുടെയും സമീപത്തെത്തി യാത്ര പറഞ്ഞു. പിന്നീട് ശ്രീരാമൻ പോയത് സീതാദേവിയുടെ അടുത്തേയ്ക്കാണ്. സീതാദേവിയോട് വിവരങ്ങളെല്ലാം പറഞ്ഞ ശ്രീരാമൻ വനവാസത്തിനായി പോകുകയാണെന്നും പതിനാല് വർഷം വനവാസം കഴിഞ്ഞേ തിരിച്ചു വരികയുള്ളൂ എന്നും അറിയിച്ചു. എന്നാൽ ശ്രീരാമനോടൊപ്പം വനവാസത്തിന് വരുമെന്ന് സീത നിർബന്ധം പിടിച്ചു. വനവാസം അതികഠിനമാണെന്നും കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ ലഭിക്കില്ലെന്നും ഫലമൂലാദികൾ കഴിച്ച് ഗുഹാന്തരങ്ങളിൽ താമസിക്കേണ്ടി വരുമെന്നുമുള്ള ശ്രീരാമന്റെ വാക്കുകൾ സീത ചെവിക്കൊണ്ടില്ല. ഭർത്താവിന്റെ കൂടെ ഏത് സാഹചര്യത്തിലും ഒരുമിച്ചു നിൽക്കുക ഒരു ഭാര്യയുടെ കടമയാണെന്നും അതുകൊണ്ട് വനവാസത്തിന് ശ്രീരാമന്റെ കൂടെ വരുമെന്നും സീത പറഞ്ഞു. ഒടുവിൽ സീതയുടെ നിർബന്ധത്തിന് വഴങ്ങി ശ്രീരാമൻ അനുമതി നൽകി.
ശ്രീരാമൻ പിന്നീട് പോയത് ലക്ഷ്മണന്റെ അടുത്തേയ്ക്കാണ്. ശ്രീരാമന്റെ വനയാത്രയെക്കുറിച്ചറിഞ്ഞ ലക്ഷ്മണൻ ക്ഷുഭിതനായി. അച്ഛനായ ദശരഥനെയും മറ്റുള്ളവരെയും ബന്ധനസ്ഥരാക്കി ശ്രീരാമദേവനെ യുവരാജാവായി അഭിഷേകം ചെയ്യിക്കാൻ താൻ തയ്യാറാണെന്ന് ലക്ഷ്മണൻ ശ്രീരാമനോട് പറഞ്ഞു. എന്നാൽ ക്ഷുഭിതനായ ലക്ഷ്മണനെ ശ്രീരാമൻ ഉപദേശിച്ചു. ശ്രീരാമൻ ലക്ഷ്മണനോട് പറഞ്ഞു. “പ്രിയപ്പെട്ട അനുജാ മദമത്സരാദികൾ മനസിൽ നിന്ന് അകറ്റി നിർത്തി നീ എന്റെ വാക്കുകൾ കേൾക്കണം. നമ്മുടെ ഭോഗ ചിന്തകളെല്ലാം ക്ഷണനേരം കൊണ്ട് ഇല്ലാതാകുന്നതാണ്. നമ്മുടെ ആയുസും എളുപ്പം നഷ്ടമാകും. പാന്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണം തേടുന്ന പോലെയാണ് മനുഷ്യന്റെ അവസ്ഥ. ക്രോധം എന്ന വികാരം നാശത്തിന് കാരണമാകുന്നു. ബുദ്ധിയുള്ള മനുഷ്യൻ ക്രോധം ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്.” ശ്രീരാമന്റെ ലക്ഷ്മണോപദേശം കേവലം ലക്ഷ്മണന് മാത്രമല്ല മറിച്ച് ആധുനിക ലോകത്തിന്റെ സർവ്വനാശത്തിൽ നിന്നുള്ള മോചന മന്ത്രമാണ്.