ഇടപെടലുകളാണ് വേണ്ടത്, ശബ്ദകോലാഹലമല്ല...

പ്രദീപ് പുറവങ്കര
പ്രതികരണം എന്നത് സാധാരണഗതിയിൽ രണ്ട് രീതിയിലാണ് നടത്താൻ പറ്റുക. ഒന്ന് വല്ലാതെ ശബ്ദമുണ്ടാക്കിയും മറ്റൊന്ന് മൗനമായും. ലോകത്ത് എവിടെയായാലും ശബ്ദമുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നൽകാനായിട്ടാണ് അൽപ്പം കാലം മുന്പ് വരെ മാധ്യമങ്ങളെ ആളുകൾ കണ്ടിരുന്നത്. ചുറ്റും നടക്കുന്ന സംഭവങ്ങളെ പറ്റി സഭ്യമായ തരത്തിൽ പ്രതികരണങ്ങൾ നൽകാനുള്ള വലിയൊരിടമായിട്ടാണ് ഈ നാലാം ലോകം ഏറെ കാലം ഉപയോഗിക്കപ്പെട്ടിരുന്നതും. എന്നാൽ പലതും മാറി മറിഞ്ഞത് പോലെ മാധ്യമ ലോകവും കാലത്തിന്റെ ഓട്ടപ്പാച്ചലിൽ വ്യത്യസ്തമായി പ്രവർത്തിച്ചു തുടങ്ങി. ആരുടെയും സ്വാകര്യ ജീവിതം എടുത്ത് ചർച്ച ചെയ്ത് ആ വാർത്തകളെ വിൽപ്പനച്ചരക്കാക്കുവാനുള്ള സാധ്യതകളും ഈ രംഗത്തെ നല്ല കച്ചവടക്കാർ തിരിച്ചറിഞ്ഞതോടെയാണ് പാപ്പരാസികൾ എന്നൊരു പേര് തന്നെ നമ്മുടെ ഇടയിലേയ്ക്ക് കടന്ന് വന്നത്.
ഇതോടൊപ്പം തന്നെ മാധ്യമപ്രവർത്തനം വലിയൊരർത്ഥത്തിൽ സാമൂഹിക പ്രവർത്തനം കൂടിയാണെന്ന് പറയാറുണ്ട്. ആ രീതിയിൽ ജോലി ചെയ്തുവന്നിരുന്ന ബഹുഭൂരിഭാഗം കടലാസ് മാധ്യമങ്ങളിൽ നിന്ന് ശ്രവ്യ, ദൃശ്യ, ഡിജിറ്റൽ ഇടങ്ങളിലേയ്ക്ക് വാർത്തകളുടെ കുത്തൊഴുക്ക് ഉണ്ടായപ്പോൾ ഈ രംഗത്ത് മത്സരം വല്ലാതെ വർദ്ധിച്ചു. വായനക്കാരന്റെ അല്ലെങ്കിൽ പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കിൽ വെള്ളിവെള്ളിച്ചത്തിൽ നിന്ന് ഇല്ലാതാകുമെന്ന തത്വം എല്ലായിടത്തേയക്കും പടർന്നു കയറി. അപ്പോഴാണ് മാധ്യമങ്ങളിലൂടെ ഏറ്റവുമധികം ശബ്ദമുണ്ടാക്കേണ്ടത് അവിടെ ജോലി ചെയ്യുന്നവരാണെന്ന അബദ്ധമായ തോന്നൽ ഉണ്ടായിത്തുടങ്ങിയത്. പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങളിലാണ് ഇത്തരമൊരു വിചാരം വല്ലാതെ വർദ്ധിച്ചിരിക്കുന്നത്. തങ്ങളിരിക്കുന്ന സ്റ്റുഡിയോ മുറിയാണ് കോടതിയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ, ആരെയും ഒച്ച വെച്ച് പേടിപ്പിച്ച് മൂലയ്ക്കിരുത്താം എന്ന ചിന്തയോടെ ചില മാധ്യമ സുഹൃത്തുക്കൾ പ്രവർത്തിച്ചു വരുന്നത് ജനാധിപത്യ രാജ്യത്തിന് തന്നെ ആശാസ്യമല്ല എന്ന് പറയാതിരിക്കാൻ വയ്യ.
കേരളത്തിൽ കാലങ്ങളായി എത്രയോ നല്ല മാധ്യമ പ്രവർത്തകരുണ്ടായിട്ടുണ്ട്. സത്യം വിളിച്ചു പറയുവാനും, എഴുതുവാനുമുള്ള ആർജ്ജവം അവർ കാണിച്ചിട്ടുണ്ടെങ്കിലും അവരിലൊന്നും തന്നെ ധാർഷ്ട്യവും അഹങ്കാരവും ഉണ്ടായിരുന്നില്ല. അങ്ങിനെ ഉണ്ടായിരുന്നവരെ കാലം അതിന്റെ ചവറ്റ് കൊട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞിട്ടുമുണ്ട്. വൈകുന്നേരം ശീതീകരിച്ച മുറിയിലിരുന്ന് ഒരു നാടിന്റെ സ്പന്ദനമൊക്കെ എന്റെ തലയിലാണെന്ന ഭാവത്തോടെ ഇരിക്കുന്ന ചില വാർത്ത വായനക്കാരെ അഥവാ ശബ്ദമുണ്ടാക്കി പേടിപ്പിക്കൽ തൊഴിലാളികളെ കാണുന്പോൾ പലപ്പോഴും സമൂഹത്തിന് തന്നെ ഓക്കാനം വന്നു തുടങ്ങിയിരിക്കുന്നു എന്നത് യാത്ഥാർത്ഥ്യമാണ്. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് കണ്ടെത്തുകയും, അതിന്റെ അന്വേഷണങ്ങൾ നടത്തുകയും ചെയ്യേണ്ടത് നാടിലെ നിയമവ്യവസ്ഥയാണ്. തീർച്ചയായും അവരുടെ അന്വേഷണത്തിന് സഹായകരമാകുന്ന തരത്തിലുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാവുന്നതുമാണ്. എന്നാൽ ആളുകളെ വിളിച്ചു വരുത്തി ഹോട്ട് സീറ്റുകൾ നൽകി എല്ലാവരെയും നോക്കുക്കുത്തികളാക്കി എല്ലാതിനോടും തന്റെ പുച്ഛം വാരി വിതറി സൂപ്പർ ജഡ്ജി, സുപ്രീം അധികാരികളായും മാറുന്നവർ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തവും അഹങ്കാരവുമാണ്. തങ്ങളുടെ ശബ്ദകോലാഹലങ്ങളിലൂടെ ആരെയും വ്യക്തിഹത്യ ചെയ്യാനുള്ള അവകാശം ഉണ്ടെന്ന ഇവരുടെ ധാരണയും അപക്വവും മൗഢ്യവുമാണ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്നവരെ മുതൽ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വരെ വിറപ്പിച്ചു നിർത്തുന്ന വെറും തറ ഗുണ്ടായിസമാകരുത് ലോകത്തിലെ ഒരു മാധ്യമ പ്രവർത്തകന്റെയും ജോലിയെന്ന് കൂടി ഈ നേരത്ത് ഓർമ്മിപ്പിക്കട്ടെ.