ദേ­ പെ­ട്ടു­...


പ്രദീപ് പുറവങ്കര

ഒടുവിൽ‍ അനിവാര്യമായത് തന്നെ സംഭവിച്ചു. മലയാളിയുടെ ജനപ്രിയനടൻ എന്നവകാശപ്പെട്ടിരുന്ന അഭിനേതാവ് മികച്ച നടനാണെന്ന് തെളിയിച്ച് ജയിലിനകത്തേയ്ക്ക് കയറിയിരിക്കുന്നു.  ഇത് ദിലീപിന്റെ മാത്രം പരാജയമല്ല മറിച്ച് കേരളത്തിലെ എല്ലാ സിനിമാ പ്രേമികളുടെയും കൂടി പരാജയമാണ്. ഓരോ സിനിമയും പുറത്തിറങ്ങുന്പോൾ‍ തീയേറ്റർ‍ തുറക്കുന്പോൾ‍ മുതൽ‍ താരങ്ങളുടെ കട്ട് ഔട്ട് ഉണ്ടാക്കി അതിൽ‍ പാലഭിഷേകവും, പാദപൂജയും നടത്തിയ ലക്ഷക്കണക്കിന് ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ പരാജയമാണ്. തിരശീലയിൽ‍  ആടിത്തിമിർ‍ക്കുന്പോൾ‍ ഇവർ‍ക്കൊക്കെ അമാനുഷരുടെ വിശേഷണങ്ങൾ‍ നൽ‍കുന്ന ഓരോ സിനിമാഭ്രാന്തമാരും ഇനിയെങ്കിലും തിരിച്ചറിയേണ്ടത് ഇവരൊക്കെ വെറും മനുഷ്യരാണെന്നാണ്. നമ്മൾ‍ ചെയ്യാത്തതൊതന്നും ഇവർ‍ ചെയ്യുന്നില്ല. നമ്മൾ‍ ചെയ്യുന്നതെല്ലാം ഇവരും ചെയ്യുന്നു. 

ഉയരങ്ങളിൽ‍ നിന്ന് വീഴുന്പോൾ‍ വീഴ്ച്ചയുടെ ആഘാതവും, വേദനയും കൂടും. ആലുവ സബ് ജയിലിൽ‍ ഇപ്പോൾ‍ ആ വേദന അനുഭവിക്കുകയായിരിക്കും ഗോപാലകൃഷ്ണനെന്ന ദിലീപ്. താരത്തിളക്കം സമ്മാനിച്ച ആർ‍ത്തി പിടിച്ച ഓട്ടത്തിനൊടുവിലാണ് അദ്ദേഹത്തിന് ഈ ഒരു ഗതി വന്നിരിക്കുന്നത്. അർ‍ദ്ധരാത്രിയിൽ‍ കുടപിടിക്കുന്ന തരത്തിലുള്ള അൽ‍പ്പത്തരങ്ങൾ‍ പലതവണ സിനിമാ വ്യവസായത്തിൽ‍ ദിലീപ് നടത്തിയെന്ന് അദ്ദേഹത്തിന്റെ അറസ്റ്റിന് ശേഷം പലരും ധൈര്യപൂർവ്‍വം പറഞ്ഞു തുടങ്ങിയിരിക്കുന്നു. എറണാകുളം കേന്ദ്രമാക്കി പ്രവർ‍ത്തിക്കുന്ന പല സിനിമക്കാരും ക്വട്ടേഷൻ മാഫിയകളുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വളരെ പരസ്യമായ ഒരു രഹസ്യമാണ്. അതിൽ‍ മലയാളികൾ‍ നെഞ്ചോട് ചേർ‍ത്ത് വെച്ചിരുക്കുന്ന മഹാനടന്‍മാരും അതു പോലെ തന്നെ നടികളും ഉണ്ടെന്നതും വാസ്തവമാണ്. ഇവരിൽ‍ മിക്കവരും പണമുണ്ടാക്കുന്ന സിനിമ അഭിനയത്തിലൂടെ മാത്രമല്ല. അവരുടെ പ്രധാന വ്യവസായം റിയൽ‍ എേസ്റ്ററ്റാണ്. ബിനാമി പേരുകളിലും, സ്വന്തം പേരിലും കോടികൾ‍ വിലമതിക്കുന്ന ഭൂമികൾ‍ ഭീഷണിപ്പെടുത്തിയും, അല്ലാതെയും ഇവർ‍ കൈവശപ്പെടുത്തിയിട്ടുണ്ട്. 

സാധാരണക്കാർ‍ അവരുടെ ഹൃദയത്തിനകത്ത് വെച്ചു പൂജിക്കുന്ന ഇത്തരം അഭിനയകുലപതികളുടെ യത്ഥാർ‍ത്ഥ മുഖം വലിച്ചുകീറാൻ തീർ‍ച്ചയായും ഈ സംഭവം ഏറെ സഹായിക്കുമെന്നത് ഉറപ്പാണ്. റിയൽ‍ ജീവിതവും റീൽ‍ ജീവിതവും തമ്മിൽ‍ ഒരു ബന്ധവുമില്ലെന്ന തിരിച്ചറിവും ഇതോടെ ഏവർ‍ക്കുമുണ്ടാകട്ടെ. ഒപ്പം ഈ കേസിന്റെ തുടക്കം മുതൽ‍ തന്റെ വേദനകളൊക്കെ  തന്നിൽ‍ ഒതുക്കി കേവലമൊരു പ്രതികരണ തൊഴിലാളിയായി മാറാതെ പോലീസിനെ വിശ്വസിച്ച് ഈ ദിനത്തിന് വേണ്ടി കാത്തിരുന്ന ആ പെൺകുട്ടിയെ തീർ‍ച്ചയായും അഭിനന്ദിക്കട്ടെ. അവർ‍ തുടക്കം കുറിച്ചിരിക്കുന്നത് വലിയൊരു മാറ്റത്തിനാണ്. ഒരു പെൺകുട്ടിയെ പീഢിപ്പിക്കുന്പോൾ‍ നഷ്ടപ്പെടുന്നത് അവളുടെ മാനമല്ല, മറിച്ച് പീഢനം നടത്തുന്നവന്റെ മാനവും ജീവിതവുമായിരിക്കണമെന്ന് അവർ‍ തെളിയിച്ചിരിക്കുന്നു. പട്ടാപ്പകൽ‍ പോലും സ്വസ്ഥമായി ദൈവത്തിന്റെ സ്വന്തം നാട്ടിൽ‍ ജീവിക്കാൻ‍ പറ്റാത്ത മലായാളി സ്ത്രീകൾ‍ക്ക് ഈ സംഭവം നൽ‍കുന്ന ധൈര്യം അപാരമാണ്. അതു പോലെ തന്നെ നിതാന്ത ജാഗ്രതയുമായി ഈ കേസിന്റെയൊപ്പം നടന്നവരാണ് ഇവിടെയുള്ള എല്ലാ മാധ്യമങ്ങളും. സംഭവത്തെ പറ്റി  നിരന്തരമായ വന്ന വാർ‍ത്തകൾ‍ തന്നെയാണ് സർ‍ക്കാറിനും, പോലീസിനും  പൂർ‍ണ ആത്മവിശ്വാസത്തോടെ ഈ കേസ് അന്വേഷിക്കുവാൻ ബലം നൽ‍കിയത്.  ഇനിയെങ്കിലും ദീലീപ് വേണ്ടത് കൂടുതൽ‍ അഭ്യാസങ്ങൾ‍ക്കു മുതിരാതെ  ഒരു നല്ല മനുഷ്യനാവാൻ ശ്രമിക്കുക. അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കാൻ വലിയ വക്കീലന്‍മാർ‍ വന്നേക്കാം. അതിനുള്ള സാന്പത്തിക ശേഷിയുമുണ്ട്. പക്ഷെ ജനങ്ങളുടെ മനസ്സിൽ‍ ഇനി ദിലീപില്ല. ജനപ്രിയൻ എന്ന വിശേഷണം അതു കൊണ്ട് തന്നെ മായ്ച്ച് കളയാം. ഇനി "ദേ പെട്ടു" എന്ന് മാത്രം.

You might also like

  • Straight Forward

Most Viewed