അയ്യോ അച്ഛാ തല്ലല്ലേ...


ട്ടികൾക്കെതിരെയുള്ള പീഢനങ്ങൾ ഏറി വരുന്നു. പത്രത്താളുകളിൽ ഇത്തരം വാർത്തകൾ ഇടം പിടിക്കാത്ത ഒരു ദിനം പോലും ഇല്ലാതായിരിക്കുന്നു. ബാലപീഡനങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നു. ശാരീരിക ലൈംഗികാതിക്രമങ്ങൾക്ക് പുറമേ മാനസിക പീഢനവും പീഢനത്തിന്റെ പരിധിയിൽ വരുന്നതാണ്. നമ്മുടെ നാട്ടിൽ ബാലവേലയും ബാലപീഡനവും ഏറിവരുന്പോൾ എന്താവും ഇതിന്റെ മൂലകാരണം? ദാരിദ്ര്യമാവാം ഒരു കാരണം, തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി മെച്ചപ്പെട്ട ഒരു ജീവിത വ്യവസ്ഥയിലേയ്ക്ക് അവരെ എത്തിക്കാമെന്ന് സ്വപ്നം പോലും നഷ്ടപ്പെട്ട ദരിദ്രകോടികൾ നമ്മുടെ നാട്ടിലുണ്ട്. അതുകൂടാതെ മദ്യപരും അസന്മാർഗികളുമായ മാതാപിതാക്കളുടെ പീഡനങ്ങളിൽ നിന്ന് രക്ഷനേടാൻ മാതാപിതാക്കളെ വിട്ടുപോവുന്ന കുട്ടികളുമുണ്ട്. അപ്പോൾ കെണി തയ്യാറാക്കി കാത്തിരിക്കുന്നവർ കുട്ടികളെ വശീകരിച്ച് ദുരുപയോഗിക്കുകയും ചെയ്യുന്നു. കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് കൊള്ളലാഭം നേടാൻ തക്കം പാ‍‍ർത്തിരിക്കുന്നവരും ഉണ്ട്. ഇതൊന്നും പോരാതെ സ്വന്തം വീടുകളിൽ നിന്നു പോലും ശാരീരികമായും മാനസികമായും പീഢനങ്ങൾ ഏറ്റുവാങ്ങുന്ന കുട്ടികളുണ്ട്. ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പത്രത്തിൽ കണ്ണീർക്കഥകൾ വരികയാണ്. ഒരു ടി.വി വാങ്ങിക്കണമെന്ന ആഗ്രഹത്തോടെ സ്കൂളിലെ പഠനത്തിനൊപ്പം ചെറുജോലികൾ ചെയ്ത് കാശുണ്ടാക്കിയിരുന്ന ചെറുപുഴയിലെ സജിത്തിനെ പത്രത്താളുകളിലൂടെ പരിചയപ്പെട്ടവരാണ് നമ്മിലേവരും. പൈസ കളയാതെ സൂക്ഷിക്കുക മാത്രമല്ല, വീട്ടിലെ ചെലവുകളും ആ കൊച്ചു മിടുക്കൻ ചെയ്തിരുന്നു. എന്നാൽ മദ്യപാനിയായ അച്ഛൻ മദ്യത്തിന് കാശുകൊടുക്കാത്തതിന്റെ പേരിൽ ആ കൊച്ചു കുഞ്ഞിനെ തലക്കടിച്ചു കൊന്നു. കൊല്ലണമെന്ന ഉദ്ദേശ്യമുണ്ടായിരിക്കില്ല. എന്നാൽ അത്രയും മാരകമായി ആ അച്ഛൻ ആ പാവം കുഞ്ഞിനെ തല്ലി. 

ശിക്ഷയിലൂടെ ഒരു കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും എന്ന പഴയ പഠനതത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നും പ്രാകൃതമായ ശിക്ഷാരീതികൾ നിലനിൽക്കുന്നത്. പ്രാകൃതമായ ആ തത്വങ്ങളെല്ലാം കാലഹരണപ്പെട്ടിട്ടും ശിക്ഷാരീതികൾ മാത്രം മാറ്റുവാൻ നാം തയ്യാറാവുന്നില്ല എന്നാണ് നമ്മുടെ ചുറ്റുവട്ടത്തു നടക്കുന്ന സംഭവങ്ങൾ കാണിക്കുന്നത്. പലപ്പോഴും കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ഇതിനു കാരണമാകുന്നത്. മൂന്നരവയസുള്ള ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങൾ സ്വയം എഴുതുക എന്നത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. കൈകൊണ്ട് സൂക്ഷ്മമായ കാര്യങ്ങൾ ചെയ്യുവാനുള്ള നൈപുണ്യം ലഭിച്ചിട്ടില്ലാത്ത പ്രായമാണത്. ഒരു ചിത്രം വരയ്ക്കുന്ന പോലെ തന്നെയാണ് ആ സമയത്ത് അക്ഷരങ്ങളും എഴുതുന്നത്. കുട്ടികൾ തന്നെയാണ് ആ പ്രായത്തിലെ കുട്ടികളുടെ വളർച്ചയെ ക്രിയാത്മകമായി സ്വാധീനിക്കുന്ന ഘടകം. സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് കൂട്ടുകാരുമായുള്ള സഹവർത്തിത്വത്തിലൂടെ കുട്ടികൾക്ക് ലഭിക്കുന്നത്. ഓരോ പ്രായത്തിനനുസരിച്ചും കുട്ടികൾക്കായി ഏതെല്ലാം തരം പഠനസന്പ്രദായങ്ങൾ ആവിഷ്കരിക്കണമെന്നത് മനഃശാത്രജ്ഞർ നിരന്തരമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ആധുനിക തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം കുട്ടികൾ പഠനത്തെ സമീപിക്കേണ്ടത്. രക്ഷകർത്താക്കൾക്ക് ഇതിനായുള്ള ബോധവൽക്കരണം കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ നൽകേണ്ടതുണ്ട്. സർക്കസിൽ മൃഗങ്ങളെ പരിശീലിപ്പിക്കുന്ന രീതിയിലൂടെ കുട്ടിയെ പരിശീലിപ്പിക്കാൻ ശ്രമിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അച്ഛനമ്മമാർക്കും അധ്യാപകർക്കും അറിവുണ്ടാകണം. അധ്യാപകരാകാൻ വേണ്ടിയുള്ള ടി.ടി.സി, ബി.എഡ് തുടങ്ങിയ കോഴ്സുകളിലെല്ലാം തന്നെ വിദ്യാഭ്യാസ മനഃശാസ്ത്രത്തിന് ഊന്നൽ നൽകുന്നുണ്ട്. എന്നിട്ടും അതിനു വിരുദ്ധമായി അധ്യാപകർ തന്നെ പ്രവർത്തിക്കുന്നു. ഇതിന്റെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടതുണ്ട്. അധ്യാപന അഭിരുചിയുള്ളവ‍ർ മാത്രം അധ്യാപകരാകുന്ന തരത്തിൽ അധ്യാപന പരിശീലന കോഴ്സുകൾ പുനർവിഭാവനം ചെയ്യണം. നമ്മുടെ പുതിയ കരിക്കുലവും വിദ്യാഭ്യാസ അവകാശ നിയമവും പരന്പരാഗത അധ്യാപകരീതിയിൽ നിന്നുള്ള വഴിപിരിയൽ ഒന്നു കൂടി അടിവരയിടുന്നു. വളർന്നു വരുന്ന ചുറ്റുപാടുകളിൽ നിന്ന് ഒരു കുട്ടി ആർജ്ജിക്കുന്ന ഒട്ടേറെ അറിവകളുണ്ട്. ഔപചാരികമായി വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകളുടെ എത്രയോ മടങ്ങാണ് ഈ അറിവുകൾ. എന്നിട്ടും ഔപചാരികമായി ലഭിക്കുന്ന പാഠത്തിൽ ഒരു ചെറിയ കാര്യം മനസിലാക്കാൻ സമയമെടുക്കുന്നു എന്ന പേരിൽ ഒരു കുട്ടിയെ ആക്രമിക്കപ്പെടുന്നത് മനഃശാസ്ത്രപരമായി തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. നാം പറയുന്നതെല്ലാം അനുസരിക്കാനുള്ളതാണ് കുട്ടികൾ എന്ന ചിന്തയും ഇത്തരം പ്രവ‍ർത്തികൾക്ക് പ്രേരണയാകുന്നുണ്ട്. ഇത് യഥാർത്ഥത്തിൽ കുട്ടിയെ അടിമയായി കാണുന്നതിനു തുല്യം തന്നെയാണ്. മുതിർന്നവരുടെ അധികാരങ്ങൾ അവരിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമവും അറിയാതെയാണെങ്കിലും ഇതിന്റെ പിറകിലുണ്ട്.

കുട്ടികളുടെ മൗലികാവകാശമാണ് സ്നേഹിക്കപ്പെടുക എന്നത്. അത് ലംഘിക്കുന്നവ‍ർ ആരായാലും കുറ്റവാളികൾ തന്നെ. 18 വയസിന് താഴെ പ്രായമുള്ള ഏതൊരു കുട്ടിയുടെയും മേൽ നടത്തുന്ന ഏതു തരത്തിലുള്ള സ്നേഹരഹിത പെരുമാറ്റങ്ങളും അതു ഗാർഹികമാകാം സ്കൂളിൽ നിന്നാകാം കുറ്റകരമാണ്. ലോകാരോഗ്യ സംഘടന കുട്ടികൾക്കു നേരെയുള്ള പീഡനങ്ങളെ തരംതിരിച്ചിട്ടുണ്ട്. അതിൽ ശരീരഭാഗങ്ങൾ പൊള്ളിക്കുക, അടിക്കുക, ഇടിക്കുക, കുത്തുക, പിടിച്ചു കുലുക്കുക, തൊഴിക്കുക, ക്രൂരമായി മർദ്ദിക്കുക, തള്ളിയിടുക എന്നിങ്ങനെ ഏതുതരത്തിലുള്ള പീഡനവും ശാരീരിക പീഡനത്തിന്റെ പരിധിയിൽ വരും. കുട്ടിയെ ബോധപൂർവ്വം ഉപദ്രവിക്കണമെന്നു കരുതി ചെയ്യുന്നതല്ലെങ്കിൽ പോലും അതു ശിക്ഷാർഹമാണ്. കുട്ടിയുടെ പ്രായത്തിന് അനുസൃതമല്ലാത്ത ശിക്ഷാവിധികൾ ഒരുപക്ഷേ അച്ചടക്കം നടപ്പിലാക്കാനോ അനുസരണ ശീലം വള‍ർത്താനോ ആകാം. എന്നാലും അടി വേണ്ട. ഇരുട്ടുമുറിയിൽ പൂട്ടിയിടുക, ഭീഷണിപ്പെടുത്തുക, കെട്ടിയിടുക എന്നിങ്ങനെയുള്ള ശിക്ഷാ നടപടികൾ കുട്ടികളിൽ മാനസികാഘാതം ഉണ്ടാക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കുട്ടിയോട് പരുഷവാക്കുകൾ സംസാരിക്കുക, അശ്ലീലപദങ്ങൾ പ്രയോഗിക്കുക, കഠിനമായി ശകാരിക്കുകയെന്നതും മാനസിക വൈഷമ്യത്തിന് കാരണമാകാം. ശരിയായ സമയത്ത് ഭക്ഷണം നൽകാതിരിക്കൽ ആവശ്യത്തിന് വസ്ത്രം നൽകാതിരിക്കൽ വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കൽ എന്നിവ കുട്ടിയെ അവഗണിക്കുന്നതിന് തുല്യമാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. കുട്ടിയെ യഥാസമയം സ്കൂളിൽ അയക്കാതിരിക്കൽ, ശരിയായ വിദ്യാഭ്യാസം നൽകാതിരിക്കൽ, കുട്ടികൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കാതിരിക്കൽ എന്നിവയും അവഗണന പട്ടികയിൽ വരും. ചുരുക്കത്തിൽ അച്ഛന്റെയും അമ്മയുടെയും അധ്യാപകരുടെയും മുതിർന്നവരുടെയും ശ്രദ്ധയും കരുതലും സ്നേഹവും ലാളനയും വാത്സല്യവും അനുഭവിക്കേണ്ട പ്രായമാണ് കുട്ടികളുടേത്. അവിടെ ചൂരലിന്റെ ആവശ്യം വരില്ല. നന്നായി വളർത്തുന്ന നല്ല വെള്ളവും വളവും ആവശ്യത്തിന് സൂര്യപ്രകാശവും ലഭിക്കുന്ന ചെടി നല്ലതുപോലെ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യും.

നിങ്ങളുടെ കുട്ടികൾക്ക് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വെള്ളവും വളവും നൽകി നോക്കൂ. അവർ ഉത്തമപൗരന്മാരാകും തീർച്ച. നമുക്ക് ചൂരൽവടികൾ ദൂരെയെറിയാൻ സമയമായി.

രക്ഷാകർത്താക്കളാണ് അച്ഛനമ്മമാർ. ജനിച്ച നിമിഷം മുതൽ തിരിച്ചറിവാകുന്ന നിമിഷം വരെ എല്ലാതരം ആപത്തുകളിൽ നിന്നും രക്ഷിച്ച് പരിപാലിച്ച് വള‍ർത്തുന്നവർക്കാണ് ആ പദം ഇണങ്ങുക. ഗുരുശബ്ദത്തിന് അജ്ഞതയാകുന്നയാൾ എന്നർത്ഥം രക്ഷിതാവും ഗുരുവും ആ വാക്കുപോലെ തന്നെ പവിത്രമായ കാര്യങ്ങൾ ചെയ്യേണ്ടവരാണ്. അജ്ഞാനമില്ലാതാക്കി വെളിച്ചം പകർന്ന് രക്ഷിച്ച് പരിപാലിക്കേണ്ടവർ ആ അർത്ഥവും പവിത്രതയും മറക്കുകയാണോ. ഓമനിച്ച് വളർത്തേണ്ട പ്രായത്തിൽ പൊന്നോമനകളെ പീഡിപ്പിക്കുന്നവർ എപ്പോഴെങ്കിലും മാന്പുമണമുള്ള സ്വന്തം ബാല്യകാലം ഓർത്തു നോക്കിയിട്ടുണ്ടോ.

You might also like

  • Straight Forward

Most Viewed