നക്ഷത്രങ്ങളെ കാണ്‍മാനില്ല...

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ, ഹൗ ഐ വണ്ടർ വാട്ട് യു ആർ.... ഇന്നത്തെ കാലത്ത് ജനിക്കുന്ന ഓരോ കുട്ടിയും ആദ്യം പാടി തുടങ്ങുന്ന ഏറെ സുപരിചിതമായ നേഴ്സറി പാട്ടാണിത്. എന്റെ മൂന്നു വയസ്സുകാരി മകൾക്കും ഇത് ഏറെ പ്രിയപ്പെട്ടത് തന്നെ. ഈ കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ളാറ്റിൽ ചൂട് തീരെ സഹിക്കാൻ സാധിക്കാത്തത് കാരണം കെട്ടിടത്തിന്റെ ടെറസിൽ പോയപ്പോഴാണ് അവൾ ആ പാട്ട് പാടി കൊണ്ട് എന്നെ ഞെട്ടിച്ച ചോദ്യം ചോദിച്ചത്. അച്ഛാ, എവിടെയാണ് ഈ സ്റ്റാറുള്ളത്, ടിവിയിലേ ഞാൻ കണ്ടിട്ടുള്ളൂ... ആകാശത്ത് ഒന്നുമില്ലല്ലോ... എനിക്ക് സ്റ്റാറിനെ കാണണം... കൊഞ്ചികൊണ്ടുള്ള വാശിക്കൊപ്പം എന്റെ മുഖവും പതുക്കെ ആകാശത്തേയ്ക്ക് ഉയർന്നു. വെള്ളിവെളിച്ചം വിതറി കൊണ്ട് ആകാശത്തിന്റെ ഒരു ഭാഗത്ത് ചന്ദ്രനെ ചെറുതായെങ്കിലും കണ്ടുവെങ്കിലും മകൾ പറഞ്ഞത് പോലെ ഒരൊറ്റ നക്ഷത്രത്തെ പോലും പൊടിക്ക് പോലും കാണ്‍മാനില്ല എന്ന സത്യം എന്നെയും സങ്കടപ്പെടുത്തി. ഒടുവിൽ നക്ഷത്രങ്ങൾ ചായ കുടിക്കാൻ പോയതായിരിക്കുമെന്ന് പറഞ്ഞ് മൊബൈൽ ഫോണിൽ ട്വിങ്കിൾ ട്വിങ്കിളിന്റെ വീഡിയോ ഇട്ടുകൊടുത്ത് ഒരു വിധം മകളെ ഞാൻ സമാധാനിപ്പിച്ചു.
നമ്മുടെ നഗരങ്ങളിലെ ആകാശങ്ങളിൽ ഇന്ന് നക്ഷത്രങ്ങൾ വളരെ ദുർലഭമായിരിക്കുന്നു എന്ന ചിന്ത ചിലപ്പോൾ നിങ്ങൾക്കും വന്നിട്ടുണ്ടാകാം. കഴിഞ്ഞ രണ്ട് ദശകം കൊണ്ടാണ് ഈ ഒരു പ്രതിഭാസം നമ്മുടെ നാട്ടിൽ വളരെ ഏറെ വർദ്ധിച്ചിരിക്കുന്നത്. കവികൾ പാടി വർണ്ണിച്ച താരകങ്ങൾ പുഞ്ചിരിക്കുന്ന നീലരാവുകൾ പതിയെ നമുക്ക് നഷ്ടമാവുകയാണ്. ഗ്രാമങ്ങളിൽ മാത്രമാണ് ഇന്ന് നമുക്ക് ആകാശത്തെ നക്ഷത്രങ്ങളെ കാണാൻ സാധിക്കുന്നത്.
ഓരോ നഗരവും ദിനം പ്രതി ഉത്പാദിപ്പിക്കുന്ന പുകപടലങ്ങളും, അന്തരീക്ഷ മലിനീകരണവും മാത്രമല്ല മറിച്ച് രാത്രികാലങ്ങളിൽ നഗരങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമ വെളിച്ചങ്ങളും നക്ഷത്രങ്ങളെ കാണാതാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തിലെ തന്നെ മഹാനഗരങ്ങളായി വാഴ്ത്തപ്പെടുന്ന ഹോംങ്കോഗ്, ന്യൂ യോർക്ക്, മുബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ ആകാശങ്ങളിൽ നക്ഷത്രങ്ങളില്ലാതായിട്ട് വർഷങ്ങളായി. ഇതേ അവസ്ഥയാണ് ചെറു നഗരങ്ങൾക്കും ഉണ്ടായി വരുന്നത്.
നമ്മുടെയൊക്കെ ചെറുപ്പകാലത്ത് നീലാകാശത്ത് വെളുത്ത പൊട്ടിട്ടത് പോലെയുള്ള നക്ഷത്രങ്ങളെ കണ്ട് കഥ പറഞ്ഞതും, അവയെ എണ്ണിനോക്കാൻ പലവട്ടം ശ്രമിച്ചതും, അതിൽ തന്നെ പല നക്ഷത്രങ്ങളുടെയും പേര് കണ്ടുപിടിച്ചതും ഓർത്തു പോകുന്നു. മരിച്ചു പോയ പ്രിയപ്പെട്ടവർ ഈ നക്ഷത്രങ്ങളുടെ കൂട്ടത്തിലിരുന്നു നമ്മളോട് പുഞ്ചിരിക്കുന്നുണ്ടെന്ന് വിശ്വസിക്കാനും ആ കാലം നമ്മെ പ്രേരിപ്പിച്ചു. വിവാഹ പ്രായമെത്തുന്പോൾ കുടുംബ സ്വപ്നങ്ങൾക്ക് ഈ നക്ഷത്രങ്ങൾ പാര പണിഞ്ഞപ്പോൾ പലരും ആകാശത്തേയ്ക്ക് കല്ലെടുത്തെറിഞ്ഞു രോഷം തീർത്തു. ജിംഗിൾ ബെൽ പാടി ക്രിസ്തുമസ്സ് എത്തുന്പോൾ ആകാശത്തിലെ നക്ഷത്രങ്ങളെ നമ്മൾ വീടിന് മുന്പിൽ കെട്ടി തൂക്കി അഹങ്കാരം കൊണ്ടു. ഇങ്ങിനെ നക്ഷത്രവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളാണ് ഓരോരുത്തർക്കും ഉണ്ടാവുക.
പുഞ്ചിരിക്കുന്ന താരകങ്ങളെ പോലെ തന്നെ മിന്നാമിനുങ്ങും, അപ്പൂപ്പൻ താടിയും, തൊട്ടാവാടിയും, മഷിപച്ചയുമൊക്കെ ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടുന്പോൾ കവി പാടിയത് പോലെ വെറുതെയാണെങ്കിലും ഇവയൊക്കെ ഒരിക്കൽ കൂടി കാണുവാൻ ഉള്ളിൽ മോഹമെന്ന വാക്കുകൾ മാത്രം നമ്മുടെയുള്ളിൽ ബാക്കിയാകുന്നു.
ഇതെഴുന്നതിന് തയ്യാറെടുക്കവെ കൊച്ചിയിൽ നക്ഷത്രത്തെ കണ്ടിട്ടുണ്ടോ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി. ഇന്നാരാ ഭായി രാത്രി ആകാശത്തൊക്കെ നോക്കുന്നത്, തലയൊക്കെ താഴോട്ട് കുന്പിട്ട് മൊബൈൽ സ്ക്രീനിൽ തന്നെ നോക്കിയിരുപ്പല്ലെ... അപ്പോഴാ ഒരു നക്ഷത്രം... ഒന്ന് പോ ഭായി....
പശ്ചാത്തലത്തിൽ മകൾ പാടുന്നു... ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ... ലൈക്ക് എ ഡയമണ്ട് ഇൻ ദ സ്കൈ...