ഗ്രാമങ്ങളും കാണണം

കേരളത്തിൽ കാസർഗോഡ് തൊട്ട് തിരുവനന്തപുരം വരെ പല ആവശ്യങ്ങൾക്കായി കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ നടത്തിയ യാത്രകളിൽ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. അത് പണ്ട് മഹാത്മാഗാന്ധജി പറഞ്ഞ കാര്യം തന്നെയാണ്. നമ്മുടെ രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്് ഇവിടെയുള്ള ഗ്രാമങ്ങളിലാണ്. അവിടെ തന്നെയാണ് പച്ച മനുഷ്യന്റെ ആകുലതകളും, വ്യാകുലതകളും സന്തോഷവും, സന്താപവുമൊക്കെ അതിന്റെ യഥാർത്ഥ രൂപത്തിൽ തെളിഞ്ഞുകാണുക. നഗരങ്ങൾക്ക് എല്ലാത്തിലും ഒരു കൃത്രിമത്വമുണ്ട്. എന്ത് ചെയ്താലും എവിടെയൊക്കെയോ പൗഡറിട്ട് മിനുക്കിയതുപോലെ തോന്നും.
പ്രവാസ ലോകത്ത് അവധിക്കാലം അടുക്കാറായി. നാട്ടിലെ ബന്ധുമിത്രാദികൾക്ക് ടൈഗർബാമും, ടാൽക്കം പൗഡറും, ബ്രൂട്ടിന്റെ പെർഫ്യൂമും 555 സിഗരറ്റുമൊക്കെ പാക് ചെയ്തു നാട്ടിലെത്താനുള്ള തയ്യാറെടുപ്പ് എല്ലാവരും തുടങ്ങിയിട്ടുണ്ടാകും. എല്ലാ പ്രാവശ്യവും പോകാറുള്ളത് പോലെ ഒരു വാട്ടർ തീം പാർക്കും അൽപ്പസ്വൽപ്പം ബന്ധുമിത്രാതികളുടെ ഗൃഹസന്ദർശനവും, പിന്നെ സുഖവാസ കേന്ദ്രങ്ങളിലെ താമസവും മത്രാമാകാതിരിക്കട്ടെ നിങ്ങളുടെ ഈ അവധിക്കാലം. നമ്മുടെ കേരളത്തിൽ ഓരോ ഗ്രാമവും എന്തിനെങ്കിലും പേര് കേട്ടതാണ്. നല്ല തുണിത്തരങ്ങളുടെ നിർമ്മാണം മുതൽ പലവിധ കലാരൂപങ്ങളുടേയും കളിത്തട്ടാണ് ഓരോ ഗ്രാമവും. കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരനുഭവം പറയാം. തൃശ്ശൂരിനടുത്ത് കൂത്തംപള്ളി എന്നൊരിടത്ത് പോകാനിടയായി. ഈ സ്ഥലത്തിനടുത്ത് താമസിക്കാറുണ്ടെങ്കിലും ഞാൻ ഒരു തവണ പോലും ഇവിടെ പോയിട്ടില്ലായിരുന്നു. ഒരു കൗതുകത്തിന്റെ പുറത്ത് ഈ ഒരു ഗ്രാമത്തിലേയ്ക്ക് കടന്ന് ചെന്നപ്പോൾ അതിശയപ്പെടുത്തുന്ന ഒരു നാടായി എന്റെ മുന്പിൽ ആ സ്ഥലം മാറി. 300 വർഷങ്ങൾക്ക് മുന്പ് കർണ്ണാടകയിൽ നിന്നു തന്റെ കൊട്ടാരത്തിലേക്കും പ്രജകൾക്കും വേണ്ടി കൊച്ചി രാജാവ് ക്ഷണിച്ചുകൊണ്ടുവന്ന നെയ്ത്തുകാരുടെ ഗ്രാമമാണ് കൂത്തംപള്ളി. ഏകദേശം രണ്ട് കിലോമീറ്റർ നീളത്തിലും റോഡിനിരുവശവും നിറയെ ടെക്ൈസ്റ്റൽ ഷോപ്പുകൾ. റോഡ് അവസാനിക്കുന്നത് മനോഹരമായ ഒരു പുഴക്കരയിൽ. സാധനങ്ങളാണെങ്കിൽ നഗരത്തിലെ വൻകിട തുണിക്കടകളിൽ കാണുന്ന അതേ ഗുണമേൻമയിൽ പകുതി വിലയ്ക്ക് ലഭ്യം. വിലപേശലില്ലാത്ത സാധരണക്കാരായ വിൽപ്പനക്കാർ. കുറേ നേരം ഈ തെരുവിൽ ചിലവഴിച്ച് കുറച്ച് സാധനങ്ങളും വാങ്ങി തിരികെ പോകുന്പോൾ നഗരത്തിലെ ശീതീകരിച്ച അത്യാധുനിക വസ്ത്രാശാലകളിൽ പോലും ലഭിക്കാത്ത സന്തോഷം മനസ്സിൽ നിറഞ്ഞു.
ഇത് ഒരു കൂത്തംപള്ളിയുടെ മാത്രം കാര്യമല്ല. നിങ്ങളുടെയും ഗ്രാമത്തിൽ കാണും ഏന്തെങ്കിലും ഒരു വ്യത്യസ്തത. ജയിലിൽ നിന്നു പരോളിന് വരുന്നത് പോലെ നാൽപ്പതോ അറുപതോ ദിവസത്തെ ലീവിന് നാട്ടിൽ വരുന്പോൾ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സമയം കൂടി മാറ്റിവെയ്ക്കുകയാണെങ്കിൽ അതു നിങ്ങൾക്കും കുടുംബത്തിനും നൽകുന്ന സംതൃപ്തി വളരെ ഏറെയായിരിക്കും.
ഫോർ പി.എം രൂപീകരിച്ച കുട്ടിത്തം ക്ലബ്ബ് അതിന്റെ വ്യത്യസ്തകരമായ പരിപാടികളുമായി മുന്പോട്ട് പോവുകയാണെന്ന് പ്രിയ വായനക്കാർക്ക് അറിയാമല്ലോ. അതിന്റെ രൂപീകരണ വേളയിൽ കുട്ടികളോട് ഞങ്ങൾ രണ്ട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു. അതിൽ ഒന്ന് നാട്ടിലെ വീട്ടിനടുത്തുള്ള ഒരു പുഴയുടെ പേര് പറയാനായിരുന്നു. വിരലിൽ എണ്ണാവുന്ന കുട്ടികളായിരുന്നു ഉത്തരം നൽകിയത്. പലർക്കും അവരുടെ അപ്പൂപ്പന്റെ പേര് അറിയില്ലായിരുന്നു. നാട്ടിൽ പോയാൽ പോകാൻ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ആദ്യ സ്ഥാനം വാട്ടർതീം പാർക്കുകൾക്ക് തന്നെയായിരുന്നു. സാങ്കേതികത അതിന്റെ ഉത്തുംഗ ശൃഖത്തിലേയ്ക്ക് പോയികൊണ്ടിരിക്കുന്ന കാലമാണെങ്കിലും പറ്റുമെങ്കിൽ ഈ അവധിക്കാലത്ത് നമ്മുടെ ഈ പാവം മക്കളുടെ ഉള്ളിൽ നിറക്കുക ഗ്രാമങ്ങളുടെ വിശുദ്ധിയും നന്മയും സമാധാനവും എന്ന അപേക്ഷ മാത്രം!!
