സുരേഷ് ഗോപിക്ക് നൽകിയ സമ്മാനം ചട്ടലംഘനം

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ചില പെരുമാറ്റ ചട്ടങ്ങളുണ്ട്. അതിന്റെ നഗ്നമായ ലംഘനമാണ് ബി.ജെ.പി സുരേഷ് ഗോപിക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്തതിലൂടെ നടത്തിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്യാൻ ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറാകാത്തതാണ് അത്ഭുതകരമായി തോന്നുന്നത്.
ഏത് വിധേനയും ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്ന കേന്ദ്രത്തിന്റെ വാശിയാണ് ഇതിന് പിന്നിൽ. തന്റെ എം.പി സ്ഥാനം, പ്രധാനമന്ത്രിയുടെ സമ്മാനമാണെന്ന് സുരേഷ് ഗോപി തന്നെ തുറന്ന് സമ്മതിച്ച സ്ഥിതിക്ക് രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി കൊടുക്കാൻ എളുപ്പമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ് ഈ നിയമനമെന്ന് പാർട്ടിയും സമ്മതിച്ചിട്ടുള്ളതാണ്.
കേരളത്തിന് വഴി കാട്ടാൻ ഇറങ്ങി പുറപ്പെട്ടവർ പെരുവഴിയിലാകുമെന്ന് തോന്നിയപ്പോൾ, രണ്ടു ദിവസം കൊണ്ട് ആരുടേയോ ബുദ്ധിയിൽ ഉദിച്ച ആശയമാണ് ഈ പാരിതോഷികം. വർഷങ്ങളായി പാർട്ടിക്ക് വേണ്ടി അദ്ധ്വാനിച്ച നൂറു കണക്കിന് നേതാക്കളെ പിന്തള്ളി, താരപ്രഭയുടെ പേരിൽ ഒരു സിനിമാനടന് എം.പി സ്ഥാനം വെച്ച് നീട്ടിയാൽ മലയാളികൾ മുഴുവൻ ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് കരുതുന്നവർ മൂഢസ്വർഗത്തിലാണ്. ഇത് തമിഴ്നാടല്ല കേരളമാണ്. ഇതിലും വലിയ നിത്യഹരിത നായകൻമാർ പരീക്ഷിച്ച് പരാജയപ്പെട്ട അഭ്യാസമാണിത്.
സ്വന്തം മാതാവിനെക്കാൾ പ്രാധാന്യം പശുവിന് കൽപ്പിക്കുന്ന, (കേരളത്തിൽ ജാഥക്കിടയിൽ കുടുങ്ങിയ വൃദ്ധയായ ഒരു സ്ത്രീയോട് ഇവർ കാട്ടിയ ക്രൂരത നാം കണ്ടതാണ്.) പോത്ത് വിൽപ്പന നടത്തിയെന്നാരോപിച്ച് മനുഷ്യരെ കൊന്ന് കെട്ടി തൂക്കുന്ന, അടുക്കളയിൽ കയറി മണത്ത് നോക്കി ആളെ തല്ലി കൊല്ലുന്ന, ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്ന, അരിശം വന്നാൽ കുതിരയോടും ദളിതുകളോടും ന്യൂനപക്ഷങ്ങളോടും കൊടും ക്രൂരത കാട്ടുന്ന, നിയമസഭയിൽ ഇരുന്ന് നീലചിത്രം കാണുന്ന നേതാക്കളുള്ള, അസഹിഷ്ണുത മാത്രം കൈമുതലായുള്ള ഒരു രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിലെ മണ്ണിൽ വേര് പിടിക്കാൻ കഴിയില്ലെന്ന സത്യം അമിത് ഷാക്കും മോദി ജിക്കും മനസ്സിലാകണമെങ്കിൽ ഒരു മാസം കുടി കാത്തിരിക്കണം.
ബഷീർ വാണിയക്കാട്