നുണയുടെ വെടിക്കെട്ടുകൾ !

ഒന്നാന്തരമൊരു “വെടിക്കെട്ട്’’ വിദഗ്ദ്ധനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെറ്റിദ്ധരിക്കേണ്ട,− കരിമരുന്നു കൊണ്ടല്ല മറിച്ച് നാക്കു കൊണ്ടാണ് ഈ വെടിക്കെട്ട് എന്നു മാത്രം. വികസനത്തിന്റെ ആൾരൂപമായി സ്വയം വാഴ്ത്തപ്പെടാൻ നിറയ്ക്കുന്ന ഈ “വെടി’’മരുന്ന് കുറച്ചൊന്നുമല്ല അദ്ദേഹം കൈയിൽ കരുതിയിരിക്കുന്നതെന്ന് പാതി വെന്ത പല പദ്ധതികളും ഭരണത്തിൽ നിന്നിറങ്ങുംമുന്പ് ഉൽഘാടനം ചെയ്ത് കൈയടി വാങ്ങാനുള്ള ആ ത്വര തന്നെ വ്യക്തമാക്കി തന്നു. സ്മാർട്ട് സിറ്റി, കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ എന്നിങ്ങനെ പോയി അത്. ഈ നാട് വളരാൻ ഭരണത്തുടർച്ച ഉണ്ടാകണമെന്നാണ് അദ്ദേഹം നയിക്കുന്ന യു.ഡി.എഫിന്റെ പരസ്യവാക്യം പോലും! പക്ഷേ യാഥാർത്ഥ്യം ഇതിൽ നിന്നൊക്കെ ഏറെ അകലെയാണ്. നമ്മുടെ പ്രതിശീർഷകടബാധ്യത രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതായി മാറിയിരിക്കുന്നുവെന്നതിനു പുറമേ, കാർഷിക സന്പദ് വ്യവസ്ഥ പാടെ തകരുകയും ചെയ്തിരിക്കുന്നു. അഞ്ചാം വർഷത്തിലേയ്ക്ക് കടക്കുന്പോൾ തന്നെ കേരളത്തിന്റെ കടം 1,58,850 കോടി രൂപയായി മാറിയിരുന്നുവെന്നതാണ് സത്യം. കാർഷിക മേഖലയിൽ 4.67 ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നതെന്നത് ആ മേഖലയിൽ സർക്കാർ തെല്ലും ശ്രദ്ധ പതിപ്പിച്ചില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. എന്തിന്, നാണ്യവിളയായ റബ്ബറിന്റെ വില കുറഞ്ഞതു മൂലം 2014−15 സാന്പത്തിക വർഷത്തിൽ സർക്കാരിന് 3500 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടായെങ്കിൽ 2015−16 സാന്പത്തിക വർഷത്തിൽ അത് 5814 കോടി രൂപയായി വർദ്ധിച്ചിരിക്കുന്നു.
ജനോപകാരപ്രദമായി മാറുമായിരുന്ന പല പദ്ധതികളും സ്വാർത്ഥലാഭങ്ങൾക്കും അഴിമതിക്കുമായി മാറ്റിയെഴുതപ്പെട്ടപ്പോഴുണ്ടായ പ്രത്യാഘാതങ്ങളും ചെറുതായിരുന്നില്ല. വൈദ്യുതി ഉൽപാദനത്തിന് ജലവൈദ്യുതപദ്ധതികളെ ആശ്രയിക്കുന്ന കേരളത്തിന് കേന്ദ്ര സർക്കാരിന്റെ ജവഹർ ലാൽ നെഹ്്റു സോളാർ മിഷൻ പദ്ധതി പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കാനായിരുന്നുവെങ്കിൽ കേരളം നാളെ ഒരു വൈദ്യുതി മിച്ച സംസ്ഥാനമായി മാറിയിരുന്നേനെ. എന്തിന് വീടുകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഗ്രിഡ് സംവിധാനത്തിലൂടെ തിരിച്ച് കെ.എസ്.ഇബിയ്ക്ക് വിൽക്കുക വഴി ഉപഭോക്താവിനും വലിയ നേട്ടം കൊയ്യാനാകുമായിരുന്നു. പക്ഷേ പദ്ധതിയെ എങ്ങനെ സ്വന്തം കീശയിലേയ്ക്ക് പണമെത്തിക്കാനുള്ള സംവിധാനമാക്കി മാറ്റാമെന്ന ചിന്ത സരിതയും ബിജു രാധാകൃഷ്ണനുമൊക്കെ ഉൾപ്പെട്ട സോളാർ കുംഭകോണത്തിനു വഴിെവച്ചു. കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി സുരാന വെൻച്വേഴ്‌സ് എന്ന എം.എൻ.ആർ.ഇ എംപാനൽഡ് പട്ടികയിൽ പേരുള്ള കന്പനിയിലൂടെ ഒരു വശത്തുകൂടി തട്ടിയെടുത്തു കൊണ്ടിരിക്കുന്പോൾ തന്നെ സർക്കാർ പദ്ധതികൾ പലതും ടീം സോളാറിലൂടെ യാഥാർത്ഥ്യമാക്കാനും അതുവഴി കമ്മീഷൻ പറ്റി ജീവിക്കാനും സർക്കാരിലെ ചിലർ പദ്ധതി മെനഞ്ഞെത് ടീം സോളാർ തട്ടിപ്പുകഥകൾ പുറത്തുവന്നതിനെ തുടർന്നുള്ള അന്വേഷണങ്ങളിൽ വ്യക്തമായി. പക്ഷേ അത്തരം കാര്യങ്ങളൊക്കെ മറച്ചുെവച്ചുകൊണ്ട് ടീ സോളാർ തട്ടിപ്പ് ഉപഭോക്താക്കളും ടീ സോളാറുമായുള്ള ഇടപാടുകളിലെ സാന്പത്തിക തട്ടിപ്പ് മാത്രമാണെന്നും അതു മാത്രം പോലീസ് അന്വേഷിച്ചാൽ മതിയെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. യഥാർത്ഥ വസ്തുതകൾ പുറത്തുവന്നില്ലെങ്കിലും എന്തായിരുന്നു രാഷ്ട്രീയ മേലാളന്മാർ സരിതയിലൂടെ സാധിച്ചെടുക്കാൻ ആഗ്രഹിച്ചതെന്ന കാര്യം ഘട്ടം ഘട്ടമായെങ്കിലും പൊതുസമക്ഷം വെളിപ്പെട്ടു.
ഖരമാലിന്യ സംസ്‌കരണം, കെ.എം.എം.എൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന രാസമലിനീകരണം, നദികളിലെ അനിയന്ത്രിതമായ മണൽ വാരൽ തുടങ്ങിയ വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിലും പരിഹരിക്കുന്നതിലും ഉമ്മൻ ചാണ്ടി സർക്കാർ തികഞ്ഞ പരാജയമായിരുന്നു. ഖര മാലിന്യ സംസ്‌കരണരംഗത്ത് കേരളത്തിന്റെ അവസ്ഥയും വളരെ പരിതാപകരമാണെന്ന് പറയാതെ വയ്യ. കേരളത്തിലെ ഖരമാലിന്യ സംസ്‌കാരണ പ്ലാന്റുകളിൽ പലതിലും മാലിന്യങ്ങൾ സംസ്‌കരിക്കപ്പെടുന്നത് നാമമാത്രമാണ്. ഈ പ്ലാന്റുകൾ പലതും നഗരമാലിന്യങ്ങൾ തള്ളാനുള്ള മാലിന്യകൂനകളായി മാറിയിരിക്കുന്നു. മഴക്കാലങ്ങളിൽ ഈ മാലിന്യക്കൂന്പാരങ്ങളിൽ നിന്നും പുറത്തേയ്ക്ക് ഒഴുകിയിറങ്ങുന്ന മലിനജലം കുടിവെള്ള സ്രോതസ്സുകളെപ്പോലും മലിനമാക്കുകയും സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികൾ സർക്കാർ നടപ്പിൽ വരുത്തുണ്ടെങ്കിലും നഗരമാലിന്യത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ അവയ്‌ക്കൊന്നും തന്നെ ശാശ്വത പരിഹാരമായി മാറാനുള്ള കഴിവ് ഇന്നില്ല. പൈപ്പ് കംപോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ്, മൺകല കംപോസ്റ്റിങ് തുടങ്ങിയ മാലിന്യ നിർമ്മാർജന രീതികൾക്ക് ഈ മാലിന്യത്തിന്റെ ഒരു ശതമാനം പോലും ഉൾക്കൊള്ളാനാവില്ല.
കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ അനുവദിക്കപ്പെട്ടതിനേക്കാൾ ഏഴു മുതൽ 85 മടങ്ങു വരെ മണൽ ഖനനം കേരളത്തിലെ 14 നദികളിൽ നടന്നിട്ടുണ്ടെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (സെസ്സ്) വിദഗ്ദ്ധർ പറയുന്നത്. മണൽ ഖനനം വർദ്ധിതമായ അളവിൽ കാണപ്പെട്ട പ്രദേശങ്ങളിൽ നദികളുടെ ആഴം മൂന്നുനാലുമീറ്റർ വരെ വർദ്ധിച്ചിട്ടുണ്ടെന്നും അവർ കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായി കാലങ്ങളോളം നടന്ന ഈ ഖനനം നദികൾക്ക് ചെറുതല്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നദീ തീരങ്ങളിൽ കടുത്ത മണ്ണൊലിപ്പുണ്ടായതിനു പുറമേ, നദിക്ക് കുറുകെ നിർമ്മിച്ച പാലങ്ങളെ അത് അപകടാവസ്ഥയിലാക്കുകയും ചെയ്തിരിക്കുന്നു. മണൽ വാരലിനെ തുടർന്ന് നദീതടം ചെറുതായതിനെത്തുടർന്ന് കുടിവെള്ള ലഭ്യതയും കുറഞ്ഞുവരികയാണ്. ഭൂഗർഭജലവിതാനം നാൾക്കുനാൾ കുറഞ്ഞുവരുന്നതിനും മണൽ ഇല്ലാത്തതിനാൽ പുഴയിൽ ചെളി അടിഞ്ഞുകൂടുന്നതിനും മണൽ വാരൽ കാരണമാകുന്നുണ്ട്.
രാസമാലിന്യ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഏലൂർ−എടയാർ വ്യവസായ മേഖലയിൽ മാത്രമല്ല. പാലക്കാട്ടെ കഞ്ചിക്കോടും ആലപ്പുഴയിലെ മക്ഡവൽ ഫാക്ടറി പരിസരത്തും കൊല്ലം ചവറയിലെ കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ (കെ.എം.എം.എൽ) പരിസരത്തുള്ളവരേയും മറ്റ് അസംഖ്യം ഫാക്ടറി പരിസരങ്ങളിൽ ജീവിക്കുന്നവരേയും ബാധിക്കുന്ന ഒരു യാഥാർത്ഥ്യമാണ് ഇന്ന് രാസമലിനീകരണം. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ വ്യവസായ വകുപ്പിൽ കെ.എം. എം.എല്ലിന്റെ മലിനീകരണത്തെ സംബന്ധിച്ച പല ഫയലുകൾ ഉണ്ടാകുകയും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ തേടുകയുമൊക്കെ ചെയ്തുവെങ്കിലും ഇപ്പോഴും ചവറ പൊന്മന പ്രദേശത്തെ ജനങ്ങൾ രാസമലിനീകരണത്തിന്റെ ഭീതിയിൽ തന്നെയാണ് നിലകൊള്ളുന്നത്. ചിറ്റൂർ പഞ്ചായത്തിലെ ജനങ്ങളുടെ പുനരധിവാസത്തിന് 125 കോടി രൂപ അനുവദിച്ചുവെന്ന മന്ത്രി ഷിബു ബേബി ജോണിന്റെ പ്രസ്താവന ഇപ്പോഴും വാക്കിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. സംസ്ഥാനത്തിന്റെ ഈ വർഷത്തെ ബജറ്റിൽ മുഖ്യമന്ത്രി ചിറ്റൂർ പുനരധിവാസത്തിന്റെ പേര് മറ്റു പലതിന്റേയും കൂട്ടത്തിൽ പറഞ്ഞുപോയതല്ലാതെ അതിനായി തുക വകയിരുത്തിട്ടില്ല. പൊതുജനത്തെ വെറുതെ പറഞ്ഞുപറ്റിക്കുന്നതിൽ ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ വേറെ ആരും വരൂ എന്ന് കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.
പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമേ ഇനി മുതൽ ബാർ അനുവദിക്കുകയുള്ളുവെന്ന യു.ഡി. എഫ് സർക്കാരിന്റെ മദ്യനയം പൂട്ടിയ ബറുകൾ പഞ്ചനക്ഷത്ര പദവി നേടി ബാറുകൾ നേടുന്നതിൽ എത്തിയതോടെ പരാജയമാണെന്ന് ജനത്തിന് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ആറു പുതിയ ബാറുകളാണ് പഞ്ചനക്ഷത്ര പദവി നേടിയതെങ്കിൽ 100 മുതൽ 120 ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ വരെ അധികം താമസിയാതെ പഞ്ചനക്ഷത്ര പദവിയിലേയ്ക്ക് ഉയർത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഈ ഹോട്ടലുകൾ 50,000 രൂപ ലൈസൻസ് ഫീസിന് പുറമേ അടച്ചാൽ ഈ ഹോട്ടലുകൾക്ക് റസ്‌റ്റോറന്റുകളിൽ സാധാരണക്കാർക്കായുള്ള കൗണ്ടർ തുറക്കാനാകുമെന്ന് വേറെ കാര്യം. മദ്യനയം രൂപപ്പെടുത്തിയശേഷം കേരളത്തിൽ മദ്യത്തിന്റെ ഉപഭോഗം 24 ശതമാനം കണ്ട് കുറഞ്ഞുവെന്നാണ് സർക്കാരിന്റെ വാദമെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ‘ജനത’ കൗണ്ടറുകൾ വരുന്നതോടെ വീണ്ടും മദ്യത്തിന്റെ ഉപഭോഗം കൂടാനുള്ള സാധ്യത കൂടുതലാണ്. ഹോട്ടലുകൾക്ക് പഞ്ചനക്ഷത്ര പദവി നൽകുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഏജൻസി മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ പദവി നൽകുന്നുവെന്നാണ് സർക്കാരിന്റെ വാദമെങ്കിലും എന്തുകൊണ്ടാണ് ഈ പഴുതുകൾ അവശേഷിപ്പിച്ച് യു.ഡി.എഫ് സർക്കാർ മദ്യനയം രൂപപ്പെടുത്തിയതെന്നത് സംശയാസ്പദമാണ്.
ആദിവാസികളുടെ കാര്യത്തിലും സ്ഥിതിഗതികൾ കഷ്ടത്തിലാണ്. 2013−ൽ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അട്ടപ്പാടിക്കായി 175 കോടി രൂപയുടെ ഒരു കേന്ദ്ര പാക്കേജും 125 കോടി രൂപയുടെ സംസ്ഥാന സർക്കാർ പാക്കേജും പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇന്നവ നിശ്ചലമായിരിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം ഒരു സമഗ്ര ആരോഗ്യ പാക്കേജും ആ മരണങ്ങളെ തുടർന്ന് അന്ന് രൂപപ്പെട്ടിരുന്നു. കൂലിപ്പണിക്കാരായ ശെൽവന്റേയും വീരമ്മയുടേയും മകൾ കാളിയമ്മ അങ്ങനെ ഭരണകൂട നയ മാറ്റത്തിനായുള്ള ഒരു രക്തസാക്ഷിയായി മാറിയെന്നും ഇനി അട്ടപ്പാടിയിൽ ഇത്തരം മരണങ്ങളൊന്നും ആവർത്തിക്കപ്പെടില്ലെന്നുമാണ് അന്നത്തെ സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകൾ കണ്ടപ്പോൾ പുറംകാഴ്ചക്കാർക്ക് തോന്നിയത്. പക്ഷേ അവയും ശരിയായ രീതിയിൽ നടപ്പാകാതെ പോകുന്നതാണ് പിന്നീട് കണ്ടത്. 2014−ൽ അട്ടപ്പാടിയിൽ മൊത്തം 24 കുരുന്നുകൾ പോഷകാഹാരക്കുറവു മൂലം മരണത്തിന് കീഴടങ്ങിയപ്പോൾ 2015 ജനുവരി മുതൽ 2015 ഒക്‌ടോബർ വരെ 22 കുരുന്നുകൾ ഈ ഊരുകളിൽ പോഷകാഹാരക്കുറവുമൂലവും അനുബന്ധപ്രശ്‌നങ്ങൾ മൂലവും മരണപ്പെട്ടു. അതേപോലെ 162 ദിവസം ആദിവാസികൾ ഭൂമിക്കായി നടത്തിയ നിൽപു സമരം ഭരണകൂടത്തിൽ നിന്നുള്ള ചില ഉറപ്പുകളെ തുടർന്നാണ് 2014 ഡിസംബർ 18ന് പിൻവലിക്കപ്പെട്ടത്. മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും ഭൂരഹിതർക്ക് പതിച്ചുനൽകാൻ കേന്ദ്ര സർക്കാർ അനുവദിച്ചുനൽകിയ നിക്ഷിപ്ത വനഭൂമിയിൽ ബാക്കിയുള്ള 12,000 ഏക്കർ പതിച്ചു നൽകാമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന ഉറപ്പിന്റെ പുറത്താണ് സമരം നിർത്താൻ ആദിവാസികൾ തയ്യാറായത്. ആദിവാസി ഊരുകളെ പട്ടിക വർഗമേഖലയിൽ ഉൾപ്പെടുത്താനുള്ള ‘പെസ’ നിയമ നടപ്പാക്കുമെന്നും മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ജയിലിൽ അടക്കപ്പെട്ട കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മുത്തങ്ങയിൽ കുടിയിറക്കപ്പെട്ടവർക്ക് വീട് വയ്ക്കാൻ ഒരു ഏക്കർ വീതം ഭൂമി നൽകുമെന്നും മുത്തങ്ങയിൽ കുടിയിറക്കപ്പെട്ടവർക്കും അതിക്രമങ്ങൾക്ക് ഇരയായവർക്കും രണ്ടര ലക്ഷം രൂപ ധനസഹായം നൽകുമെന്നും ആറളം ഫാമിൽ ഭൂമി പതിച്ച് നൽകിയത് സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നുമൊക്കെയായിരുന്നു അന്നത്തെ പ്രഖ്യാപനങ്ങൾ. ഇതിനെല്ലാം പുറേമ അട്ടപ്പാടിയിൽ പരന്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ആദിവാസി പുനരധിവാസ മിഷൻ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നുമൊക്കെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. സമരം കഴിഞ്ഞ് ഒരു വർഷമായിട്ടും ഇവയൊന്നും നടപ്പാക്കപ്പെട്ടില്ലെങ്കിലും ഇക്കഴിഞ്ഞ ജനുവരിയിൽ അവ നടപ്പാക്കപ്പെടുമെന്ന് സംസ്ഥാന സർക്കാരിൽ നിന്നും വീണ്ടും ഉറപ്പു നേടാൻ മാത്രമേ ആദിവാസികൾക്ക് കഴിഞ്ഞിട്ടുള്ളു.
ഇതിനൊക്കെ പുറമേയാണ് കാർഷികമേഖലയിൽ ഉണ്ടായിട്ടുള്ള സന്പൂർണ തകർച്ച. ഈ മേഖലയിൽ −4.67 ശതമാനത്തിന്റെ വളർച്ചാ കുറവാണ് ഈ സാന്പത്തിക വർഷം ഉണ്ടായത്. റബ്ബർ വിലയിലുണ്ടായ തകർച്ച മൂലം സന്പദ് വ്യവസ്ഥയ്ക്ക് 6700 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കാർഷികവിളകളുടെ വിലത്തകർച്ച ഏതാണ്ട് 10 ലക്ഷം കുടുംബങ്ങളെ നേരിട്ടുബാധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ ദേശീയ സാന്പിൾ സർവേ ഓഫീസ് പഠനത്തിൽ കേരളം പ്രതിശീർഷ കടബാധ്യത ഉയർന്ന അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ്. ഇതാകട്ടെ പാവപ്പെട്ട കുടുംബങ്ങളെ വലിയ സാന്പത്തിക ദുരന്തങ്ങളിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്.
സ്മാർട്ട് സിറ്റി പോലുള്ള ഐ.ടി പദ്ധതികൾ ഏറെ കൊട്ടിഘോഷിച്ചതാണെങ്കിലും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഇൻഫോപാർക്കിന് ലഭിച്ച സ്വീകാര്യത പോലും ഈ പദ്ധതിക്ക് നിലവിൽ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. പദ്ധതിയുടെ ആദ്യഘട്ടം ഉൽഘാടനം ചെയ്തപ്പോൾ ഐ.ടിയുമായി പുലബന്ധം പോലുമില്ലാത്ത സ്ഥാപനങ്ങളും കേട്ടുകേൾവി പോലുമില്ലാത്ത ചില ചെറുകിട ഐ.ടി സ്ഥാപനങ്ങളും മാത്രമാണ് അതിൽ ഇടം തേടാനെത്തിയത്. സംസ്ഥാന സർക്കാരിന്റെ ഐ.ടിയിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് 420 കോടി രൂപയിൽ നിന്നും 15,000 കോടി രൂപയായി വർദ്ധിച്ചെങ്കിലും ടെക്‌നോപാർക്ക് പോലൊരു ഐ. ടി പാർക്ക് മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മുന്പ് നിർമ്മിച്ച കേരളം ഇന്ന് ആ സംസ്ഥാനങ്ങൾക്കു മുന്നിൽ ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുകയാണ്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ മലമുകളിലും തരിശുഭൂമിയിലും പാറക്കല്ലുകൾ നിറഞ്ഞയിടങ്ങളിലുമെല്ലാം പാവപ്പെട്ട ഭൂരഹിതർക്ക് മൂന്നു സെന്റ് ഭൂമി നൽകി പറ്റിച്ചതും എൻഡോസൾഫാൻ ഇരകളെ വാഗ്ദാനങ്ങൾ നൽകി വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നതും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളലവർക്ക് ഒരു രൂപയ്ക്കും ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർക്ക് രണ്ടു രൂപയ്ക്കും അരി നൽകുമെന്ന വാഗ്ദാനം പാതിവഴിയിൽ സ്തംഭിച്ചതും അരി കിലോയ്ക്ക് 35 രൂപയായി സർക്കാർ സ്റ്റാളുകളിൽ പോലും വർദ്ധിച്ചതുമൊക്കെ വേറെ കഥകൾ.
ഇതിനൊക്കെ പുറമേയാണ് കൂനിന്മേൽ കുരു പോലെ ശക്തിപ്പെടുന്ന വിലക്കയറ്റം. ഭക്ഷ്യസുരക്ഷ നടപ്പാക്കാത്തതിനാൽ കേരളത്തിന്റെ റേഷൻ വിഹിതവും ഇപ്പോൾ വെട്ടിക്കുറയ്‌ക്കെപ്പട്ടിരിക്കുകയാണ്. അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം സാധാരണക്കാരൻ മുണ്ടുമുറുക്കിയുടുക്കേണ്ട അവസ്ഥയാണ് ഇന്നുള്ളത്. പാവപ്പെട്ടവന്റെ ജീവിതം നാൾക്കുനാൾ ദുസ്സഹമാക്കുന്ന വികസനമാണോ സർക്കാർ ലക്ഷ്യം വെച്ചത്? കേരളത്തിന്റെ നെൽവയലുകളും തണ്ണീർത്തടങ്ങളുമടക്കം ഒാരോ പ്രദേശവും വൻകിട ഭൂമാഫിയകൾക്ക് കൈമാറി നാളെ കുടിനീരു പോലുമില്ലാത്ത വരണ്ട നിലങ്ങൾ സൃഷ്ടിക്കാനാണോ ഉമ്മൻ ചാണ്ടി സർക്കാർ നിലകൊള്ളുന്നത്? ഒന്നു മാത്രം മലയാളിക്കറിയാം− കണ്ണൂരും ആറന്മുളയിലുമൊന്നും വിമാനമിറങ്ങിയാൽ പാവപ്പെട്ടവന്റെ മനസ്സു നിറയില്ല− അവന്റെ മനസ്സു നിറയാൻ വയറു നിറച്ചാഹാരവും മെച്ചപ്പെട്ട ജീവനോപാധികളുമാണ് വേണ്ടത്.