പരസ്യങ്ങൾക്ക് കേന്ദ്രത്തിന്റെ കടിഞ്ഞാൺ

നമ്മുടെ നിത്യ ജീവിതത്തിൽ പരസ്യങ്ങൾ കേൾക്കാതെയോ കാണാതെയോ ഒരു ദിവസം കടന്നു പോവുകയില്ല. ‘കേരളം കണികണ്ടുണരുന്ന നന്മ, വിശ്വാസം അതല്ലേ എല്ലാം, ടെന്റിസ്റ്റുകൾ നിർദ്ദേശിച്ച ടൂത്ത് പേസ്റ്റ്’ തുടങ്ങി വിവാദമായ ‘വൈകീട്ടെന്താ പരിപാടി’ വരെ ദിനവും നാം കേൾക്കുന്നതും നമ്മളിലെ ഉപഭോക്താവിനെ സ്വാധീനിച്ചതുമായ പരസ്യങ്ങളാണ്. ഇത്തരം പരസ്യങ്ങളുടെയൊന്നും വിശ്വാസ്യതയെ ആരും ശ്രദ്ധിക്കാറില്ല. വിവിധ സർക്കാർ സംവിധാനങ്ങൾ ഇതൊക്കെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് നാം ഒഴിവ് പറയുന്നുണ്ടെങ്കിലും പലപ്പോഴും പല പരസ്യങ്ങൾ കാണുന്പോഴും ആരാണ് ഇതിനൊക്കെ അനുവാദം കൊടുത്തതെന്ന് ചിന്തിച്ചു പോകും. ഉജാലയും, മാഗിയും, കോൾഗേറ്റും, സർഫും, തുടങ്ങി പാൽ എന്നാൽ ‘മിൽമ’ എന്ന് വരെ നമ്മുടെ മനസ്സിലിടം വന്നു കഴിഞ്ഞു. ഉൽപ്പന്നത്തിന് കന്പനി നൽകുന്ന പേരിൽ മാത്രം ഉപഭോക്താക്കൾ സാധനം വാങ്ങുന്ന അവസ്ഥ വന്നു ചേർന്നിരിക്കുന്നു. ഒരു രൂപയുടെ ‘നിജാം പാക്ക്’ മുതൽ ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങൾ വരെ പരസ്യക്കൊഴുപ്പിൽ വിറ്റഴിക്കുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും പരസ്യത്തിനോടുള്ള ആകാംഷയോ അതിനോടുള്ള ഇഷ്ടം കൊണ്ടോ ആണ് പല ഉൽപ്പന്നങ്ങളും വാങ്ങുന്നത്. അത്രമേൽ പരസ്യങ്ങൾ നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു. പരസ്യങ്ങൾ കൂടുതലും സ്ത്രീകളെയും കുട്ടികളെയുമാണ് ഉന്നം വെയ്ക്കുന്നത്. ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുടെ അതിപ്രസരമാണ് മിക്ക ഉൽപ്പന്നങ്ങളും ഇന്നും നിലനിൽക്കാൻ കാരണം. പരസ്യത്തിൽ അഭിനയിക്കുന്നത് ഇഷ്ട നടനോ നടിയോ ആയാൽപിന്നെ ആ ഉൽപ്പന്നം തങ്ങളുടെ ഇഷ്ട വസ്തുവായി കഴിഞ്ഞു. സാക്ഷരതയിലും പ്രബുദ്ധതയിലും മുന്നിൽ നിൽക്കുന്ന മലയാളി തങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം തേച്ചു കുളിക്കുന്ന ‘സോപ്പാ’ണെന്ന് സമ്മതിക്കുന്നു. കുട്ടികളുടെ ബുദ്ധി വളർച്ചയ്ക്ക് ‘മനസ്സിൽ ഒരു ലഡ്ഡു പൊട്ടി’യെന്ന ചോക്ലേറ്റ് ആവശ്യമാണ് എന്ന മാസ്മരിക മസ്തിഷ്ക പ്രഷ്ടാളനത്തിലേയ്ക്ക് വീണു പോയി.
കഴുത്തിൽ ‘റ്റെതസ്കോപ്പ്’ തൂക്കി ‘ഡോക്റ്റർമാർ ശുപാർശ’ ചെയ്യുന്നത് എന്ന് പറയുന്ന പരസ്യങ്ങൾ കാണുന്പോൾ കുട്ടികാലത്ത് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇവരൊക്കെ യഥാർത്ഥ ഡോക്ടർമാർ തന്നെയാണോ എന്ന്? ഇന്ത്യയിലെ പ്രമുഖരായ പല നടീ നടന്മാരും ഇങ്ങനെ പല പരസ്യങ്ങളിലും അഭിനയിക്കുന്നു. ആഗോള കന്പോള വൽക്കരണത്തിന്റെ കച്ചവട മത്സരത്തിൽ നമ്മുടെ ബുദ്ധിയെ മയക്കാൻ പരസ്യങ്ങൾ ഉപയോഗിക്കുന്നു.
പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾക്ക് തങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യ വാചകത്തിന്റെയോ ഉൽപ്പന്നതിന്റെയോ അത് നിർമ്മിക്കുന്ന കന്പനിയുടെയോ മികവോ, മൂല്യമോ, വിശ്വാസ്യതയോ ശ്രദ്ധിക്കാറില്ല. കച്ചവട കന്പനികൾ ഇന്ന് ഉൽപ്പന്നത്തിന്റെ പരസ്യവും കടന്നു നമ്മിലേയ്ക്ക് വിശേഷാൽ ദിവസങ്ങൾ കൊണ്ട് വരുന്നു. ഏറ്റവും അടുത്തകാലത്തായി ആഭരണ ശാലകളും വസ്ത്ര മുതലാളിമാരും ആഘോഷങ്ങളാക്കി മാറ്റിയ ദിനങ്ങളാണ് ‘അക്ഷയതൃതീയയും വാലന്റൈൻസ് ഡേയും, വനിതാ ദിനവും മാതൃ ദിനവും. വിവിധ സംസ്ഥാനങ്ങൾ വിത്യസ്ത വിശ്വാസത്തിൽ ആഘോഷിച്ച പല ആഘോഷങ്ങളും ഇന്ന് ഏവർക്കും ഒരുപോലെയാണ്. നമ്മുടെ സംസ്കാരത്തിൽ ഒരിക്കൽ പോലും കടന്നു വന്നിട്ടില്ലാത്ത ഒരാഘോഷമായ നിറങ്ങളുടെ ഉത്സവമായ ‘ദസറ’ ആഘോഷിക്കാത്ത മലയാളി ഇന്നുണ്ടോ? ഇങ്ങനെ ആഗോളീകരണ സമൂഹത്തിൽ ഉപഭോക്താവിനെ കന്പോളവൽക്കരിച്ചു കോർപറേറ്റ് ഭീമന്മാർ തടിച്ചുകൊഴുത്ത് മുന്നേറുന്പോൾ സാധാരണ ജനങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റുന്നു.
ഏതായാലും ഏറ്റവും അടുത്ത് വന്ന വാർത്ത മനുഷ്യന്റെ ചിന്തയെയും അറിവിനെയും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങൾ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു എന്നതാണ്. ഈ അടുത്ത സമയത്ത് പാർലമെന്റ് പാസാക്കിയ റിയൽ എേസ്റ്ററ്റ് ആക്ട് പ്രകാരം ബ്രോഷറുകളിലെയും പരസ്യങ്ങളിലെയും വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ കന്പനി പരാജയപ്പെട്ടാൽ പലിശ സഹിതം പണം തിരിച്ചുനൽകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. ബി.എസ്.ഐ (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്) ആക്ട് പ്രകാരം ഇന്ത്യൻ സ്റ്റാൻഡേഡ് (ഐ.എസ്) മുദ്ര ദുരുപയോഗം ചെയ്യലും ഇതിനനുസൃതമായ ഗുണനിലവാരം ഇല്ലാതിരിക്കുകയും ചെയ്താൽ തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷയും നിഷ്കർഷിക്കുന്നു. അതുപോലെ തന്നെ പ്രദർശിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിനും അവകാശപ്പെടുന്ന ഗുണനിലവാരം ഇല്ലാതിരുന്നാൽ കന്പനിയും പരസ്യത്തിൽ അഭിനയിക്കുന്ന അഭിനേതാവും ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നയാൾക്ക് വരെ അഞ്ച് വർഷത്തെ ജയിൽ ശിക്ഷയടക്കം ശിപാർശ ചെയ്യുന്നുണ്ട്. വൈകിയാണെങ്കിലും ഇത്തരം നിയമങ്ങൾ വന്നത് ശുഭ സൂചകം, എന്നാൽ ഇങ്ങനെയുള്ള നിയമങ്ങളുടെ സാധ്യതയെ പറ്റി പൊതു ജനത്തെ ബോധവൽക്കരിക്കുകയും ചെയ്തെങ്കിൽ മാത്രമേ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അതിൽ അഭിനയിക്കുന്ന ഇഷ്ട നടന്മാരെയും നടികളെയും കൂച്ചുവിലങ്ങിടാൻ സാധിക്കൂ.