സ്വയം വിഡ്ഢികൾ ആകുന്നവർ...
ഇന്ന് ഏപ്രിൽ 1. ലോക വിഡ്ഢിദിനം. നമ്മുടെ ബഹുമാന്യരായ രാഷ്ട്രീയ നേതാക്കൾ പൊതുജനത്തെ വിഡ്ഢികളാക്കുന്ന മറ്റൊരു ദിനം. പുതിയ സാന്പത്തിക വർഷം ആരംഭിക്കുന്ന ഇന്നുമുതൽ കേരള സംസ്ഥാനത്ത് സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന അധികഭാരങ്ങൾ നടപ്പിൽ വരികയാണ്. കേന്ദ്ര സംസ്ഥാന ബജറ്റ് നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നതോടൊയാണ് അവശ്യസാധനങ്ങളുടെ വിലയും യാത്രാചെലവും കുത്തനെ ഉയരാൻ പോകുന്നത്.
മോഡി സഹായത്താൽ ജെറ്റ്ലിയുടെ പുതിയ കേന്ദ്ര ബജറ്റ് പ്രകാരം റെയിൽവെയുടെ ചരക്കുകൂലി വർദ്ധിക്കുന്ന സുദിനം കൂടിയാണ് ഇന്ന്. കേരളത്തിൽ അതോടൊപ്പം പെട്രോളിനും ഡീസലിനും ഒരു രൂപ സെസ് കൂടി മാണി സാർ ഏർപ്പെടുത്തിയതുകൊണ്ട് മറ്റ് സംസ്ഥാനങ്ങളെക്കാൾ കൂടിയ തോതിൽ വിലക്കയറ്റം നമ്മുടെ നാട്ടുകാർക്ക് അനുഭവിക്കേണ്ടി വരും. ഇതോടുകൂടി ഉപ്പ് മുതൽ കർപ്പൂരം വരെ പുറം നാട്ടിൽ നിന്ന് വരുത്തിക്കുന്ന മലയാളികളുടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമെന്നുറപ്പ്.
പ്രധാനപ്പെട്ട ഗതാഗത സഹായിയായ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്ക് ഇൻഷുറൻസ് സെസ് ചുമത്തുന്നതോടെ യാത്രാക്കൂലിയിൽ 15 രൂപയ്ക്ക് മേലുള്ള ടിക്കറ്റിന് ഒരു രൂപ മുതൽ 10രൂപവരെ അധികം നൽകേണ്ടിവരും. ഇനി ബസ് ഒഴിവാക്കി ഇരുചക്രവാഹനങ്ങൾ വാങ്ങാൻ പോകുന്നവർക്ക് ഒറ്റത്തവണ നികുതി കൂട്ടിയതിനാൽ കൂടുതൽ പണം ചെലവിടേണ്ടിയും വരും. മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഇനി മുതൽ നികുതി നൽകണം. സിമന്റ്, സ്റ്റീൽ എന്നിവയുടെ ചരക്കുകൂലി കൂട്ടിയത് നിർമ്മാണമേഖലയിലെ പ്രതിസന്ധി വരുംദിവസങ്ങളിൽ രൂക്ഷമാക്കും. കൽക്കരി കടത്തുകൂലി വർദ്‍ധിപ്പിച്ചതോടെ കേരളം പുറമെ നിന്ന് താപനിലയങ്ങളെ ആശ്രയിച്ച് വാങ്ങുന്ന വൈദ്യുതിയുടെ നിരക്കിലും വർദ്ധനയുണ്ടാകും. കൊടുംചൂടിൽ പൊറുതി മുട്ടന്ന വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം വർദ്ധിച്ചിരിക്കെ പുറമെ നിന്നുള്ള വൈദ്യുതിയെ ആശ്രയിച്ചാണ് കേരളം ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇതിന് വില വർദ്ധിക്കുന്പോൾ സ്വാഭാവികമായും ഇതിന്റെ ഭാരവും വൈകാതെ ചാർജ് വർദ്ധന രൂപത്തിൽ ഉപഭോക്താക്കളെ തേടി വരും. പ്രവാസികളെ സംബന്ധിച്ചെടുത്തോളം ഈ സീസണിലെ പ്രധാന പ്രശ്നമായ യാത്രാകൂലിയിലുള്ള വർദ്ധനവ് വീണ്ടും ചർച്ച ചെയ്യപ്പെടും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലാക്കാക്കി ഫണ്ട് പിരിക്കാൻ വരുന്ന എല്ലാ നേതാക്കളും ഇത്തവണയും പ്രവാസികളുടെ യാത്ര പ്രശ്നത്തിൽ തങ്ങൾ ഇടപ്പെട്ട് പരിഹരിക്കുമെന്ന മോഹന വാഗ്ദാനം നൽകി സ്ഥലം വിടും. സത്യത്തിൽ കവിവാക്യം പോലെ വെറുതെ ഈ മോഹങ്ങൾ എന്നറിഞ്ഞിട്ടും വെറുതെ മോഹിച്ചു പ്രവാസികൾ ഇരിക്കും.
ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കുന്ന തരത്തിൽ സാന്പത്തിക ചെലവുകൾ കൂടുന്ന സാഹചര്യത്തിലും നമ്മൾ മലയാളികൾ ഇത്തരം കാര്യങ്ങളെ പറ്റിയൊന്നും ബോധവാനല്ല എന്നതാണ് സത്യം. നമ്മൾ വിഡ്ഢികൾ, വിഡ്ഢിപെട്ടിയുടെ മുന്നിലിരുന്നു മാണിയുടെയും ജോർജ്ജിന്റെയും തമ്മിൽതല്ല് കണ്ട് അപ്പോഴും പരസ്പരം ചൊറിഞ്ഞു കൊണ്ടിരിക്കും.
കഴിഞ്ഞ ഒരു മാസത്തെ വാർത്തകളിലൂടെ വെറുതെ ഇരുന്ന് കണ്ണോടിച്ചപ്പോൾ ചിരിയാണ് വന്നത്. എവിടെയും തന്നെ സാധരണ ജനത്തിന് എന്തെങ്കിലും നേട്ടം സമ്മാനിക്കുന്ന ഒരു വാർത്തയുമില്ല. മാർച്ച് ആദ്യവാരം സി.പി.എം, സി.പി.ഐ സംസ്ഥാന സമ്മേളനവും, നിസാമിന്റെ വിളയാട്ടങ്ങളും, പിന്നെ നയപ്രഖ്യാപനവുമായിരുന്നു പ്രധാനപ്പെട്ടത്. രണ്ടാമത്തെ ആഴ്ച്ച ഗോവധ നിരോധനവും, നിയമസഭയിലെ നാണംകെട്ട പ്രകടനങ്ങളും, ബജറ്റ് വായന എന്ന ജൽപ്പനവുമായിരുന്നു പ്രധാനപ്പെട്ട വാർത്ത. മൂന്നാമത്തെ ആഴ്ച്ച നിയമസഭയിലെ കടി, പിടി തുടങ്ങിയ പ്രശ്നങ്ങളുടെ ഫോളോ അപ്പും, മാണിക്കെതിരെ യു.ഡി.എഫിൽ നിന്ന് തന്നെയുള്ള പടയൊരുക്കവുമായിരുന്നു വാർത്ത. നാലമത്തെആഴ്ച്ച ആയപ്പോഴേക്കും പി.സി ജോർജ്ജ് നടുക്കടലിലായി. ജനങ്ങളുടെ പണം പിടിച്ചുപറിച്ച് തീറ്റിപോറ്റുന്ന സാമാജികർ ഒത്തുകൂടുന്ന സഭയും സംഘർഷ സാധ്യത കണക്കിലെടുത്ത് നേരത്തെ പിരിച്ചുവിട്ടു. ആകെ വന്നൊരു നല്ല വാർത്ത കോടതിയിൽ നിന്നാണ്. ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കി സോഷ്യൽ മീഡിയയിൽ അഭിപ്രായപ്രകടനത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. അവസാനത്തെ ആഴ്ച്ചയിൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് പുറത്തായതും, യമനിലെ മൂർച്ഛിക്കുന്ന സംഘർഷവും, പിന്നെ ഇന്നലെ ബാറുകൾക്ക് താഴിട്ടതുമാണ് വാർത്ത.
ഇതിൽ എത്രയിടത്താണ് നാട്ടിൽ പുതിയൊരു സ്കൂളോ, ധർമ്മാശുപത്രിയോ, നല്ലൊരു ഗതാഗത സംവിധാനമോ, ജലവിതരണ സൗകര്യമോ നടപ്പാക്കി എന്ന വാർത്തയുള്ളത്. കാൻസർ പോലെ നാടിനെ കാർന്ന് തിന്നുന്ന രോഗങ്ങളെ ഫലപ്രദമായി ചെറുക്കാനോ ബോധവത്കരണം നടത്താനോ ഉള്ള പ്രവർത്തനങ്ങൾ നടന്നുവെന്ന് കാണാൻ സാധിക്കുക. എവിടെയാണ് മാരകമായ കീടനാശിനി പ്രയോഗം കൊണ്ട് ജീവിതം തന്നെ നഷ്ടമായി പോയവരുടെ പുനരധിവാസത്തിന്റെ വാർത്തകൾ കേൾക്കാൻ സാധിക്കുക. ഇല്ല, എവിടെയും കാണില്ല, കേൾക്കില്ല.
ഇതൊക്കെ കാണുന്പോൾ സത്യത്തിൽ രാത്രി ഉറങ്ങുന്നതിന് മുന്പ് ഇന്ന് ഈ വിഡ്ഢിദിനത്തിലെങ്കിലും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം കണ്ണാടിക്ക് മുന്പിൽ പോയി നിന്ന് ‘‘നീ എന്തൊരു വിഡ്ഢിയാടാ വിഡ്ഢീ’’ എന്നു സ്വയം വിളിച്ച് സമാധാനപ്പെടുക മാത്രമല്ലേ എന്നാണ് എന്റെ ഇപ്പോഴത്തെ ചിന്ത.!!
