ഇനി വരുന്നൊരു തലമുറയ്ക്ക്...
കലണ്ടറിൽ നിന്ന് ഓരോ മാസങ്ങളും മറഞ്ഞുപോകുന്പോൾ ജീവിതത്തിന്റെ ആയുസും കുറഞ്ഞുവരികയാണ്. രാവിലെ മുതൽ രാത്രി വരെ നീളുന്ന പ്രാരബ്ധ കെട്ടിയാടലുകൾക്ക് ശേഷം ഉറക്കപായയിലേയ്ക്ക് വീഴുന്പോൾ മിക്കപ്പോഴും ഈ ഒരു കാര്യം മാത്രം നമ്മുടെ ചിന്തയിലേയ്ക്ക് വരാറില്ല. മറിച്ച് രാവിലെ എഴുന്നേറ്റാൽ ചെയ്തു തീർക്കേണ്ട ഉത്തരവാദിത്വങ്ങളാകും മനസ് നിറയെ അപ്പോഴും ഓട്ടപ്രദക്ഷിണം നടത്തുക. ഇങ്ങിനെ ചുറ്റമുള്ളതിനെ കാണാതെ, കേൾക്കാതെ അവയുടെ സൗന്ദര്യം ആസ്വദിക്കാനാകാതെ തേരോട്ടം നടത്തുന്പോൾ ഇടയ്ക്ക് ഓരോ ദിനങ്ങൾ കടന്നുവരും, ചിലത് ഓർമ്മിപ്പിക്കാൻ.
ഇന്ന് മാർച്ച് 23, ലോക ജലദിനം. മനുഷ്യന്റെ ജീവൻ നിലനിർത്താനുള്ള ഘടകങ്ങളിൽ ഏറ്റവും പ്രധാനമായ ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, വരാൻ പോകുന്ന കൊടിയ ജലക്ഷാമത്തെ നേരിടാൻ വെള്ളത്തിന്റെ സുസ്ഥിര ഉപയോഗത്തിലൂടെയേ കഴിയൂ എന്ന് ഓർമ്മിപ്പിക്കാനുമാണ് ഈ ദിനം നമ്മൾ ആചരിക്കുന്നത്. ‘ജലവും സുസ്ഥിരവികസനവും’ എന്നതാണ് ഇത്തവണത്തെ ലോകജലദിന സന്ദേശം.
ശുദ്ധമായ വായു, വെളിച്ചം, ജലം എന്നിവയാണ് ഒരു മനുഷ്യന് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായ ഘടകങ്ങൾ. മുന്പ് ഇവ നമുക്ക് ലഭിച്ചിരുന്നത് സൗജന്യമായിട്ടായിരുന്നു. എന്നാൽ കാലം മാറി വന്നപ്പോൾ ഇവയും വില കൊടുത്തു വാങ്ങുന്ന ഒരു സമൂഹമായി പതിയ പതിയെ നമ്മൾ മാറി തുടങ്ങിയിരിക്കുന്നു. നമ്മുടെ നാടായ കേരളം ജലസമൃദ്ധി കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശമാണ്. എന്നിട്ടും ഇന്ത്യയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന, ജലാശയങ്ങളും നദികളുമുള്ള ആ കേരളത്തിൽ പോലും വെള്ളമിന്ന് വലിയ വിപണനവസ്തുവായി മാറിയിരിക്കുന്നു.
46 നദികളാണ് പടവലങ്ങ പോലെയുള്ള നമ്മുടെ സംസ്ഥാനത്ത് കൂടി ഒഴുകുന്നത്. ഇതിൽ ഏറ്റവും വലിയ നദികളിലൊന്നായ ഭാരതപ്പുഴയുടെ അവസ്ഥ നമ്മുക്കെല്ലാവർക്കും നന്നായി തന്നെ അറിയാവുന്ന കാര്യമാണ്. മഴക്കാലത്ത് ഒഴുകിനിറയുന്ന ഭാരതപ്പുഴ മറ്റ് സമയങ്ങളിൽ വെറും മണൽപരപ്പായി മാറും. ഒരു നീർച്ചാലായി മാത്രം ഒഴുകുന്ന ഭാരതപ്പുഴയെ ഇങ്ങിനെയാക്കിതിന് പിന്നിൽ മണലെടുപ്പ് മുതൽ പല പല കാര്യങ്ങളുണ്ട്. ഇത് ഭാരതപുഴയുടെ മാത്രം പ്രശ്നമല്ല. നമ്മുടെ നാട്ടിലെ തണ്ണീർതടങ്ങളുടെയും, തോടുകളുടെയും, പുഴകളുടെയും, ആറുകളുടെയുമൊക്കെ ഉറവ വറ്റുകയാണ്. വെള്ളം പാഴാക്കാൻ ഇന്ന് നമ്മളിൽ ഭൂരിഭാഗം പേർക്കും ഒരു മനസാക്ഷിക്കുത്തുമില്ല എന്നതാണ് വാസ്തവം. അത് രാവിലെ ഉറക്കമെഴുന്നേറ്റ് പല്ല് തേയ്ക്കുന്നത് മുതൽ ആരംഭിക്കുന്നു. പല്ല് തേയ്ക്കുന്ന സമയം മുഴുവൻ മുന്പിലെ ടേപ്പിലൂടെ വെള്ളം ഒഴുകി പോകുന്നുണ്ടാകും. അത് ഒരു സംഗീതമായി ആസ്വദിക്കാനാണ് നമുക്ക് താത്പര്യം. എന്നെങ്കിലും ഈ ജലമൊഴുക്കിന്റെ കളകളാരവം ഇല്ലാതാകുമെന്ന് വിശ്വസിക്കാൻ ഇപ്പോഴും നമുക്ക് പ്രയാസമാണ്.
ലോകജനസംഖ്യ വളർന്നു പെരുകുന്പോൾ പകരം നല്‍കാനില്ലാതെ മണ്ണിനടിയിൽ വറ്റിയില്ലാതാവുകയാണ് നമ്മുടെ ജല സന്പത്ത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന ലോക രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. ഉറവുകളെല്ലാം മലിനമാക്കി പ്രകൃതിയ്ക്ക് മേൽ മനുഷ്യന്റെ അത്യാഗ്രഹം കടന്നു കയറുന്പോൾ വരണ്ടുണങ്ങിയും മാലിന്യക്കൂന്പാരങ്ങളായും മാറുകയാണ് മഹാനദികളും ഉറവിടങ്ങളും. ക്രമം തെറ്റിയ കാലാവസ്ഥയിൽ പെയ്യാൻ മറന്നും ചിലപ്പോൾ മാറി നിന്നും മഴ നമ്മെ വിയർത്തൊലിപ്പിക്കുന്നു. ഇന്ന് കുപ്പിവെള്ളം നമ്മുടെ ശീലമായി മാറിയിരിക്കുന്നു. യന്ത്രങ്ങളിറക്കി മണലൂറ്റിയെടുത്ത് വറ്റിച്ച് കൈവഴികളായി മാറിയ പുഴകളാണ് നമുക്ക് ചുറ്റുമുള്ള കാഴ്ച്ച. വേനലാരംഭിക്കുന്നതിന് മുന്‍പ് തന്നെ വെള്ളമില്ലാതെ ചുട്ടു പൊള്ളാൻ തുടങ്ങിയിരിക്കുന്നു കേരളം. വാട്ടർ തീം പാർക്കിൽ പോയി മഴ നനയേണ്ട അവസ്ഥയിലാണ് ഇന്നത്തെ പുതുതലമുറ. കനത്ത ചൂടിനെ ചെറുക്കാൻ പൂർണമായും ശീതീകരിച്ച ഹൈപ്പർ മാർക്കറ്റുകൾ നാട്ടിൽ ഉയർന്നുപൊങ്ങുന്നു. എന്തായാലും അവസാന നേരത്ത് ഒരിറക്ക് വെള്ളം കിട്ടാതെ യാത്ര പറഞ്ഞുപോകേണ്ടവരാകുമോ നമ്മുടെ തലമുറയെന്ന ചിന്തയാണ് ഇന്നത്തെ ദിനം എനിക്ക് നല്കുന്നത്. ഒപ്പം ഇഞ്ച
ക്കാട് ബാലചന്ദ്രൻ എഴുതിയ ഈ വരികളും...
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതി മലിനമായൊരു ഭൂമിയും....”