തീൻമേശ ചിന്തകൾ...
ഒരു മഴ തോർന്നു പോയതിന്റെ വേദനയിലാണ് ബഹ്റിൻ. ആകാശം മൂടി കെട്ടിയ മൂന്ന് നാളുകളാണ് കടന്നു പോയത്. ഇനി പതുക്കെ പതുക്കെ വേനൽ അതിന്റെ ചൂട് നമ്മെ അറിയിച്ചു തുടങ്ങും. കട്ടി കന്പിളി പുതപ്പുകളോട് വിടപറഞ്ഞ്, എയർകണ്ടീഷന്റെ മുരൾച്ചാസംഗീതം കേൾക്കേണ്ട കാലമാകുന്നു. ഒപ്പം വിനോദ സഞ്ചാരികളെ പോലെ നാട്ടിലേയ്ക്ക് മഴ കാണാൻ പോകേണ്ട സമയവുമായി വരുന്നു. ആ നേരത്ത് ചിന്തകൾക്ക് വേണ്ടത് ഒരു റിഫ്രഷ്മെന്റാണ്. എഴുതി നിറക്കാൻ ധാരാളം കാര്യങ്ങളുണ്ട്. ധനമന്ത്രിയെ ചൊല്ലി കേരള നിയമസഭയിലെ കൈയ്യാങ്കളി മുതൽ മധ്യപ്രദേശിലെ ധനമന്ത്രിയെ കൊള്ളയടിച്ചത് വരെ. ശിവദാസൻ നായർ എന്ന സഹോദരനെ ജമീല പ്രകാശം എന്ന സഹോദരി തെറ്റിദ്ധരിച്ചത് മുതൽ അദ്ദേഹത്തെ കേറി കടിച്ചത് വരെ. ജാതി സംവരണം വേണമോ എന്ന് ചോദിച്ച് എല്ലാ ജാതിമനുഷ്യനെയും കൺഫ്യൂഷനിലാക്കിയ കോടതിയുടെ നീക്കം മുതൽ കരിപ്പൂരിലെ റൺവേ പണി നടപ്പിലാക്കാനുള്ള നീക്കം ഒരു ജാതി ഏർപ്പാടാണെന്ന് പറയുന്നത് വരെ. എന്തായാലും ഇന്ന് ഇത്തരം വലിയ കാര്യങ്ങളിലേയ്ക്കും തോന്ന്യാക്ഷരം കടക്കുന്നില്ല. നമുക്കിവിടെ ചെറിയ ചില ചിന്തകൾ മാത്രം പങ്ക് വെക്കാം.
കഴിഞ്ഞ ദിവസം ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സുഹൃത്തിനോട് സംസാരിക്കാനിടയായി. താൻ പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ഹോട്ടലിനെ പറ്റി സംസാരിച്ചു വന്നപ്പോൾ അദ്ദേഹം മലയാളിയുടെ ചില പെരുമാറ്റ ദുശീലങ്ങളെ പറ്റി സൂചിപ്പിച്ചു. ഏറെ പ്രസക്തമായ ചില ചിന്തകളായിരുന്നു അത്. മുന്പൊക്കെ ഒരാൾ വിളന്പി തന്നാൽ അത് കഴിക്കുന്ന രീതിയായിരുന്നു നമ്മൾ കണ്ട് ശീലിച്ചിരുന്നത്. ഇന്ന് അത് മാറി നമുക്ക് താത്പര്യമുള്ള ഭക്ഷണ ഇനങ്ങൾ എടുത്ത് കഴിക്കുക എന്നത് വളരെ സാധാരണമായ ഏർപ്പാടായി മാറി കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹോട്ടലുകളിൽ ബുഫേ സിസ്റ്റം അഥവാ ഇഷ്ടമുള്ള ആഹാരം സ്വയം തിരഞ്ഞെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. ഓരോ വ്യക്തിയുടേയും രസമുകുളങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ഏറെ വ്യക്തിപരമാണ് രുചിയും സ്വാദും. അങ്ങിനെ നോക്കുന്പോൾ ബുഫേ സിസ്റ്റം ഏറെ നല്ലത് തന്നെയാണ്. എന്നാൽ നമ്മളിൽ മിക്കവർക്കും ഈ രീതിയിൽ ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ സാധിക്കാറില്ല എന്ന് ആ സുഹൃത്ത് പറഞ്ഞപ്പോഴാണ് ഞാനും ഈ ഒരു കാര്യം സത്യത്തിൽ തിരിച്ചറിഞ്ഞത്. ഇങ്ങിനെ ഭക്ഷണമെടുക്കുന്പോൾ നമ്മുടെ പാത്രം നിറയെ ഭക്ഷണം കുന്നുപോലെ കൂട്ടിവെക്കുകയാണ് മിക്കപ്പോഴും ചെയ്യുന്നത്. പ്ലേറ്റിൽ ഒരിടം പോലും ഭക്ഷണം ഇല്ലാത്തതായി ഉണ്ടാകാൻ പാടില്ലെന്ന നിർബ്ബന്ധ ബുദ്ധിയാണ് ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം. നമ്മുടെ ആവശ്യമല്ല പ്രധാനം മറിച്ച് കിട്ടുന്നത് പരമാവധി മുതലാക്കുക എന്ന സ്വാർത്ഥ ചിന്തയാണ് ഇവിടെ വെളിപ്പെടുത്തുന്നത്. സാധാരണ രീതിയിൽ ബുഫേ സിസ്റ്റത്തിൽ ഒരാൾക്ക് മതിയാകുന്നത് വരെ ഭക്ഷണം എടുക്കാവുന്നതാണ്. എന്നാൽ അത് തങ്ങളുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കും എന്ന ഭയമാണ് മിക്കവർക്കും ഉള്ളത്. അതുകൊണ്ട് ആദ്യം തന്നെ എടുക്കാൻ പറ്റുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം പ്ലേറ്റിൽ ശേഖരിച്ചുവെക്കും. തുടർന്ന് തീൻമേശയിൽ ഇരിക്കുന്പോഴാണ് താൻ എടുത്ത പലതും തനിക്കിഷ്ടമില്ലാത്ത ഭക്ഷണമാണെന്ന് തിരിച്ചറിയുക. ഒടുവിൽ എടുത്ത ഭക്ഷണത്തിന്റെ 60 മുതൽ 70 ശതമാനം വരെ വേസ്റ്റിലേയ്ക്ക് തട്ടി ആർക്കും തന്നെ അത് ഉപയോഗപ്പെടുത്താൻ പറ്റാത്ത രീതിയിൽ കൈയും കഴുകി നമ്മൾ പുറത്തിറങ്ങുകയും ചെയ്യും.
ഈ ഒരു കാര്യം എത്ര മാത്രം വിഷമകരമാണ് എന്ന് നമ്മളിൽ പലരും ചിന്തിക്കാറില്ല. ഭക്ഷണം ഉണ്ടാക്കി വിളന്പുന്ന ഹോട്ടൽ ജീവനക്കാരിലും ഇത് ഏറെ സങ്കടമുണ്ടാക്കുന്ന കാര്യമാണ്. അവർ ഏറെ കരുതലോടെ ഉണ്ടാക്കി ഉപഭോക്താക്കൾക്കായി നൽകുന്ന ഭക്ഷണം പൂർണ്ണമായും കഴിക്കാതെ ആരെയോ ബോധിപ്പിക്കാൻ വേണ്ടി എടുത്ത് വെറുതെ കളയുന്നത് അതുണ്ടാക്കിയവരെ അപമാനിക്കുന്നതിന് തുല്യമാണ്്. അദ്ദേഹം പറഞ്ഞ് നിർത്തിയപ്പോൾ എന്റെ ഉള്ളിലും കുറ്റബോധം നിറഞ്ഞുതുടങ്ങി. ഇത്തരം പ്രവർത്തികൾ ഞാനും നിങ്ങളും ഒക്കെ ചെയ്തു കാണാം. പക്ഷെ ചെയ്തു ശീലിച്ച ഇത്തരം ചില കാര്യങ്ങൾ എന്തിന് വേണ്ടിയാണ് ചെയ്യുന്നതെന്നെങ്കിലും ഇടയ്ക്ക് പുനഃപരിശോധിച്ചാൽ നന്ന്. പണ്ടാരോ പറഞ്ഞത് പോലെ പഠിക്കാനല്ല വിഷമം, മറിച്ച് പഠിച്ചത് തെറ്റാണെന്ന് പഠിക്കാനാണ് ഏറ്റവും വിഷമം!!