കന്പോളത്തിലെ വിവാഹകാഴ്ച്ചകൾ ...


കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ സമീപകാലത്ത് വിവാഹിതനായ ഒരു സുഹൃത്തിന്റെ വിവാഹ വീഡിയോ അപ്്ലോഡ് ചെയ്്തത് കണ്ടു.  സ്വതവേ ലജ്ജാലുവായ സുഹൃത്തും ഭാര്യയും വിഡീയോയിൽ ബോളിവുഡ് സിനിമയിലെ നായകനെയും നായികയെയും പോലെ ഓടി നടക്കുന്നതും, പാട്ടുപാടുന്നതും ഒക്കെ കണ്ട് ശരിക്കും ഞാൻ അത്ഭുതപ്പെട്ടു. അതിശയം മാറ്റാനായി വെറുതെ ആശാനെ ഒന്നു വിളിച്ചു നോക്കി. വീഡിയോ നന്നായിട്ടുണ്ടെന്നും, എങ്ങിനെ ഇത് സാധിച്ചുവെന്നും അതിശയത്തോടെ ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു. പിന്നീട് വീഡിയോ ചിത്രീകരിച്ചവരുടെ നിർദേശമനുസരിച്ച് കൈയും കാലും അനക്കുക മാത്രമേ താനും ഭാര്യയും ചെയ്തുള്ളുവെന്നും അവർ അത് എഡിറ്റിങ്ങും ഗ്രാഫിക്സുമൊക്കെ ചെയ്ത് ഭംഗിയാക്കിയെന്നും അദ്ദേഹം വിവരിച്ചു. ഏകദേശം അര ലക്ഷത്തിലധികം രൂപയാണത്രെ ഇതിനായി അദ്ദേഹം ചിലവിട്ടത്. 

ഇന്ന് നമ്മൾ മലയാളികൾ ഗൃഹനിർമ്മാണം  കഴിഞ്ഞാൽ പിന്നെ ഏറ്റവുമധികം ചെലവ് ചെയ്യുന്നത് വിവാഹം  എന്ന ആഘോഷത്തിനാണ്.  നമ്മളിൽ പലർക്കും ഒരു കുഞ്ഞു ജനിച്ചാൽ പലപ്പോഴും ആദ്യം ചിന്തിക്കുന്നത് ആ കുട്ടിയുടെ വിവാഹത്തെ പറ്റിയാണ്. അന്ന് മുതൽ അതേ പറ്റിയുള്ള സ്വപ്നങ്ങൾ നെയ്യുന്നത് ആരംഭിക്കും. മക്കൾക്ക് വിവാഹ നേരമെത്തുന്പോഴേക്കും ഈ സ്വപ്നങ്ങൾക്ക് ചിറകടിച്ച് പറക്കാനുള്ള പ്രായപൂർത്തിയായിട്ടുണ്ടാകും. അതിന് വേണ്ടി ഒരു ആയുസിൽ ഉണ്ടാക്കിയ എല്ലാ സന്പാദ്യവും ചെലവഴിക്കാൻ യാതൊരു മടിയും കാണിക്കില്ല. ഒടുവിൽ വിവാഹം കഴിയുന്പോഴേക്കും കുത്തുപാളയെടുക്കേണ്ട അവസ്ഥയിലായി പോകുന്നു പല മാതാപിതാക്കളും. വിവാഹം കഴിക്കുന്ന മക്കളാണെങ്കിൽ സുഹൃത്തുക്കളുടെ മുന്പിൽ ആളാകാൻ വേണ്ടി പല കോപ്രായത്തരങ്ങളും കാണിച്ച് അഭിനയിച്ച് തകർക്കുന്നു. അഭിനയ പ്രകടനത്തിന് ശേഷം കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ തന്നെ പരസ്പരം വാളെടുക്കുക എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. കുടുംബകലഹത്തിൽ തുടങ്ങി ഒടുവിൽ വിവാഹമോചനത്തിലെത്തി നിൽക്കുന്ന ദുരന്തനാടകങ്ങളായി മാറുന്നു പല വിവാഹങ്ങളും. 

മുന്പ് വിവാഹങ്ങൾ എന്നു പറഞ്ഞാൽ അത് ഏത് സമുദായത്തിലായാലും,  കൂടി വന്നാൽ ഒരു ഇരുന്നൂറോ മൂന്നൂറോ ആളുകൾ വരന്റെയോ, വധുവിന്റെയോ വീട്ടിൽ വന്ന് ഒത്തുകൂടുന്ന സ്വകാര്യമായ ഒരു ചടങ്ങായിരുന്നു. പിന്നെ പിന്നെ അത് മാറി ഓഡിറ്റോറിയം വിവാഹങ്ങളിലേയ്ക്ക് കാര്യങ്ങൾ മാറി തുടങ്ങി. അവിടെ കൂടുതൽ ആളുകൾ വന്നു തുടങ്ങിയപ്പോൾ തങ്ങളുടെ കേമത്തരം വിളിച്ചു പറയാനുള്ള വേദിയായി വിവാഹങ്ങൾ മാറി. ഇന്ന് ഓഡിറ്റോറിയവും വിട്ട് േസ്റ്റഡിയങ്ങളിലേയ്ക്ക് വിവാഹങ്ങൾ ചേക്കേറിയിരിക്കുന്നു. വരുന്ന അതിഥികളെ സ്വീകരിക്കാൻ മോഡലുകളും, ഭക്ഷണത്തിനായി വിവിധ തരം കൗണ്ടറുകളും, വിവാഹം കാണാനായി വലിയ സ്ക്രീനുകളും ഒക്കെ ഇവിടെ റെഡിയാണ്. ഇത്രയും ചെലവഴിച്ച് നടത്തുന്ന വിവാഹങ്ങളിൽ പക്ഷെ പലപ്പോഴും പങ്കെടുക്കുന്നവരോ, അത് നടത്തുന്നവരോ സത്യത്തിൽ മനസ്സറിഞ്ഞ് സന്തോഷിക്കുന്നില്ല എന്നതാണ് എന്റെ തോന്നൽ. ക്യാമറാമാൻമാരുടെ പിൻഭാഗം കണ്ടു കൊണ്ട്, വിവാഹം തീർന്നു എന്ന് തോന്നിയാലുടനെ ഭക്ഷണത്തിനായി ഓടി പിടിച്ചെത്തുന്ന കാണികളാണ് നമ്മളിൽ ഭൂരിഭാഗം പേരും. വന്നവരെ ഒന്ന് നേരിട്ട് കാണാൻ പോലും പറ്റാതെ വിയർത്തുകുളിച്ച് നിൽക്കുന്ന മാതാപിതാക്കൾക്കും വലിയ സന്തോഷമൊന്നും ഉണ്ടാകുന്നില്ല. 

അതു പോലെ സമൂഹവിവാഹം നടത്തുന്ന ധാരാളം സന്പന്നർ നമ്മുടെ ഇടയിൽ ഉണ്ട്. ഈ ഒരു പുണ്യകർമ്മത്തോടൊപ്പം അവർക്ക് ചെയ്യാവുന്ന ഒരു  കാര്യം തങ്ങളുടെ മക്കളുടെ വിവാഹവും ലളിതവത്കരിക്കുക എന്നതാണ്. അതല്ലാതെ മക്കളുടെ കാര്യം വരുന്പോൾ ഏറ്റവും ആർഭാടമായി വിവാഹം നടത്തുകയും അതോടൊപ്പം സമൂഹവിവാഹം സംഘടിപ്പിച്ച് നിർദ്ധനരായ ഒരു കൂട്ടം മനുഷ്യരെ അറുവുശാലകളിലെ മൃഗങ്ങളെ പോലെ നിരത്തി നിർത്തി പരസ്പരം മാലയണിച്ച് അതിന്റെ ചിത്രമെടുത്ത് പരസ്യം നൽകുന്നതും അൽപ്പത്തരം മാത്രമാണ്. വിവാഹങ്ങൾ ചെറുതായാലും വലുതായാലും അവിടെ ഉണ്ടാകേണ്ടത് നിറഞ്ഞ സന്തോഷവും പ്രാർത്ഥനകളുമാണ്. കാരണം വിവാഹത്തിന്റെ പിറ്റേന്ന് തന്നെ പിരിഞ്ഞുപോകാൻ സാധ്യതയുള്ളവരെയാണ് പലപ്പോഴും ഇന്ന് സമൂഹം ഒന്നിപ്പിക്കുന്നത്! 

വാൽകഷ്ണം : വിവാഹത്തോടനുബന്ധിച്ച് നമ്മളും എടുത്തു കാണും ഒരു വീഡിയോ. എത്ര നാളായി അതൊന്ന് വെളിച്ചം കണ്ടിട്ട് എന്ന് ചിന്തിച്ചാൽ നിങ്ങളുടെ ചുണ്ടിലും ഒരു ചിരി പടരും, ഉറപ്പ് !!

You might also like

  • Lulu Exchange
  • Straight Forward

Most Viewed