ചെണ്ടയെവിടെ താലപ്പൊലിയെവിടെ?
സമയം നാല് മണിയാകുന്പോൾ തന്നെ ഇസാ കൾച്ചറൽ സെന്ററിന്റെ ഹാൾ നിറഞ്ഞ് തുടങ്ങിയിരുന്നു. ബഹ്റിനിലെ രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, മറ്റ് പ്രമുഖർ എന്നിവരെ കൊണ്ട് തിങ്ങി നിറഞ്ഞ സദസ്.
ബഹ്റിൻ രാജാവ് ഹിസ് മജെസ്റ്റി കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രധാന മന്ത്രിയും ബഹ്റിൻ കിരീടാവകാശിയും കൃത്യം അഞ്ച് മണിക്ക് തന്നെ േസ്റ്റജിൽ സന്നിഹിതരായി.
േസ്റ്റജിൽ രാജാവിനും പ്രധാനമന്ത്രിയ്ക്കും കിരീടാവകാശിയ്ക്കും ഒപ്പം തൊട്ടടുത്ത സീറ്റിൽ ഇന്ത്യക്കാരനായ ഡോക്ടർ അച്യുത സമാന്തയും ഇരിക്കുന്നത് കണ്ടപ്പോൾ മനസ്സിലാകെ ഒരുതരം കുളിര് പടരുന്നത് ഞാനറിഞ്ഞു.
ബഹ്റിനിലെ പത്തൊൻപത് വർഷത്തെ ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു കാഴ്ച. ബഹ്റിനിലെ സാമൂഹ്യസേവനത്തിനുള്ള ഇസാ അവാർഡ് ഈ വർഷം ലഭിച്ചത് ഇന്ത്യാക്കാരനായ ഡോക്ടർ അച്യുത സമാന്തയ്ക്കാണെന്നറിഞ്ഞപ്പോൾ മുതൽ തോന്നിയ ആഗ്രഹമാണ് ഇദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നും നേരിട്ട് കാണണമെന്നും. ഇദ്ദേഹം ഇന്ത്യയിലെ ആദിവാസി കുടുംബങ്ങളിലെ കുട്ടികളെ തിരഞ്ഞ് പിടിച്ച് അവർക്ക് വിദ്യാഭ്യാസവും സൗജന്യതാമസവും ഭക്ഷണവും നൽകാനുള്ള ഒരു പദ്ധതിയ്ക്ക് തുടക്കമിട്ടത് 1991ലായിരുന്നു. ഇന്ന് ഇരുപ്പതിയഞ്ചായിരത്തിലധികം ആദിവാസി കുട്ടികളാണ് ഡോക്ടർ സാമന്തയുടെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സയൻസിൽ പഠിക്കുന്നത്.
വിശക്കുന്നവന് ഒരു മത്സ്യം കൊടുക്കുന്നതിന് പകരം വല കൊടുക്കുന്നതാണ് ഉചിതം എന്ന പഴഞ്ചൊല്ലിന് പ്രസക്തിയേറുന്നത് ഇത്തരം ദീർഘവീക്ഷണമുള്ളവർ ചെയ്യുന്ന സാമൂഹ്യ സേവനത്തിലൂടെയാണ്.
പാവപ്പെട്ട ദളിതർക്കും ആദിവാസികൾക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിന് പകരം ജീവിതം നൽകുക എന്ന ആശയമാണ് ഡോക്ടർ സമന്ത സാക്ഷാത്കരിച്ചിരിക്കുന്നത്.
വിശക്കുന്ന മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ എന്ന് നിരന്തരം പ്രഖ്യാപിക്കുന്ന ഒരു സാമൂഹിക സേവകൻ. അദ്ദേഹത്തെ ബഹ്റിൻ ഗവൺമെന്റ് തിരിച്ചറിയുകയും ബഹ്റിനിലെ ഏറ്റവും വലിയ ബഹുമതി നൽകി ആദരിക്കുകയും ചെയ്യുന്പോൾ ആദരിക്കപ്പെടുന്നത് അച്യുത മാത്രമല്ല പകരം ഇന്ത്യാ മഹാരാജ്യവും അവിടുത്തെ ജനങ്ങളുമാണ്.
ബഹ്റിനിലെ മുൻ ഭരണാധികാരിയായിരുന്ന ഷെയ്ക്ക് ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ പേരിലുള്ള ഈ അവാർഡിനർഹനാകുന്ന വ്യക്തിക്ക് ലഭിക്കുക 21 കാരറ്റിൽ നിർമ്മിച്ച മെഡലും ഒരു മില്യൺ യു.എസ് ഡോളറുമാണ്. (ആറ് കോടി ഇന്ത്യൻ രൂപയിലധികം വരും ഈ ക്യാഷ് അവാർഡ്.)
പ്രസ്തുത അവാർഡ് ലഭിച്ചതിന് ശേഷം അച്യുത നടത്തിയ നന്ദി പ്രഭാഷണത്തിൽ ഇതിൽ നിന്ന് ലഭിച്ച തുകയിൽ ഇന്ത്യയിലുള്ള അദ്ദേഹത്തിന്റെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു പുതിയ ക്യാന്പസ് നിർമ്മിക്കുമെന്നും അതിന് ഷെയ്ക് ഇസായുടെ പേരിടുമെന്നും പ്രഖ്യാപിച്ചു.
1987ൽ രസതന്ത്രത്തിൽ ബിരുദം നേടി കഴിഞ്ഞപ്പോൾ അച്യുത ഒരു ചെറിയ പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. അന്ന് കൈയിലുണ്ടായിരുന്ന 4000 രൂപയ്ക്ക് ഒരു മുറിയെടുക്കുകയും അവിടെ ഇരുപതിൽ താഴെ വരുന്ന ആദിവാസി ഗോത്രത്തിൽ നിന്നുള്ള കുട്ടികളെ പഠിപ്പിക്കുവാനുള്ള സംരംഭം തുടങ്ങി.
ഇന്ന് ആ െചറിയ സംരംഭം പടർന്നു നിൽക്കുന്നത് 400 ഏക്കറുള്ള ഒരു ഭൂപ്രദേശത്താണ്. അവിടെയുള്ള 22 വ്യത്യസ്ത ക്യാന്പസുകളിലെല്ലാം മെഡിക്കൽ കോളേജ്, ലോ അക്കാദമി, സ്കൂൾ ഓഫ് മാനേജ്മെന്റ്, ഡെന്റൽ സയൻസ്, എന്നിങ്ങനെ വിവിധ കോഴ്സുകളിൽ പരിശീലനം നൽകി വരുന്നു.
ബഹ്റിനിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡിന് ഒരു ഇന്ത്യക്കാരൻ അർഹനായി എന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞ് തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. ബഹ്റനിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര മുഹൂർത്തമാണിത്. എന്നാൽ ബഹ്റിനിലെ മലയാളികളടങ്ങുന്ന സംഘടനകളും ഇന്ത്യക്കാരും ഇത്തരം ഒരു സംഭവം അറിഞ്ഞത് പോലെ തോന്നുന്നില്ല.
ബഹ്റിനിൽ ചെണ്ടയ്ക്കും വാദ്യഘോഷങ്ങൾക്കും താലപ്പൊലിയ്ക്കും ക്ഷാമമില്ലാത്ത നാടാണ്. ഇത്തരമൊരു ചരിത്ര സംഭവം ആഘോഷിക്കുന്നതിനെക്കുറിച്ച് ആരും ചിന്തിക്കാതിരുന്നതിൽ അത്ഭുതം തോന്നുന്നു.
അച്യുത സമാന്ത നാളെ ഇന്ത്യയിലേയ്ക്ക് തിരിക്കുമെന്നാണ് എംബസി വൃത്തങ്ങൾ അറിയിച്ചത്. ഇതിനിടയിൽ പറ്റുമെങ്കിൽ ഏതെങ്കിലും ഒരു സംഘടന മുൻകൈയെടുത്ത് ഇന്ത്യൻ സമൂഹത്തിന് വേണ്ടി അദ്ദേഹത്തെ ആദരിക്കണം. ചെണ്ടയും, റിമിടോമിയും, താലപ്പൊലിയുമില്ലെങ്കിലും ഒരു പൊന്നാടയെങ്കിലും... പ്ലീസ്...