വിവാഹത്തിന് മുന്പ്... ഇതിലേ ഇതിലേ...


പി. ഉണ്ണികൃഷ്ണൻ

വിവാഹം സ്വർഗ്ഗത്തിൽ വെച്ച് നടക്കും, പിന്നീടുള്ളതെല്ലാം നരകത്തിലാണ് എന്ന് മാത്രം എന്ന എന്റെ മഹാനായ സുഹൃത്തിന്റെ പരാമർശം കേട്ട് ചിരിച്ച് കൊണ്ടാണ് ഞാൻ ചോദിച്ചത്. എന്താണ് പ്രശ്നം? പ്രശ്നം എന്ന് ചോദിച്ചാൽ പ്രശ്നമൊന്നുമില്ല. പ്രശ്നമില്ലേ എന്ന് ചോദിച്ചാൽ പ്രശ്നം തന്നെ. സുഹൃത്തിന്റെ വാമഭാഗം ബഹ്റിനിൽ ഒരു നഴ്സ് ആയി ജോലി ചെയ്യുന്നു. പുള്ളിക്കാരൻ ഒരു കൺസൾട്ടന്റ് കന്പനിയിൽ സൂപ്പർവൈസറും.

സുന്ദരൻ ഞാനും സുന്ദരി നീയും എന്ന് പാട്ട് പാടി സസന്തോഷം ജീവിച്ചവർ തമ്മിൽ സ്വരചേർച്ച തുടങ്ങുന്നത് ഭാര്യയ്ക്ക് നഴ്സായി ജോലി ലഭിച്ചപ്പോഴാണ്.

ഭാര്യ തനിക്ക് കിട്ടുന്ന ശന്പളമെല്ലാം അവരുടേത് മാത്രമായ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. ഭർത്താവ് തന്റെ ശന്പളത്തിൽ നിന്നും വിട് വാടകയ്ക്കും വീട്ടിലെ ചിലവിനും മക്കളുടെ പഠിത്തത്തിനുമായി ചിലവഴിച്ച് കഴിയുന്പോൾ മാസാവസാനം പോക്കറ്റ് കാലി.

പ്രശ്നം തുടങ്ങുന്നത് നാട്ടിൽ അവധിക്ക് പോകുന്പോൾ, ഭാര്യ തന്റെ ബന്ധുമിത്രാദികൾക്കും നാട്ടുകാർക്കും നിഡോ പാൽപ്പൊടി മുതൽ ടൈഗർബാം വരെ തരം തിരിച്ച് പായ്ക്കറ്റുകളായി വെയ്ക്കുന്പോൾ, പുള്ളിക്കാരന്റെ കൈയിൽ സ്വന്തം അമ്മയ്ക്ക് കൊടുക്കുവാനായി ഒരു സാരി വരെ വാങ്ങിക്കുവാൻ പറ്റാത്ത ഗതിയാണ്.

ഇതിന്റെ മുകളിൽ നടക്കുന്ന ചർച്ചകൾ, അടിയായും ഇടിയായും ഡൈവേഴ്സ് വരെ എത്തുമെന്ന ഗതിയായപ്പോഴാണ് സുഹൃത്ത് മനസ്സ് തുറന്നത്.

ഇത് ചിലപ്പോൾ ഒരാളുടെ മാത്രം പ്രശ്നമാകാൻ സാദ്ധ്യതയില്ല. ഗൾഫിലെ പല പ്രവാസികളും നേരിടുന്ന ഒരു കുടുംബപ്രശ്നമായിരിക്കാം.

വിവാഹത്തിന് മുന്പ് നാം പലപ്പോഴും നോക്കുന്നത് പയ്യന്റെയും പെണ്ണിന്റെയും സാന്പത്തിക വശവും സൗന്ദര്യവും മാത്രമാണ്. ചിലരാകട്ടെ ജ്യോത്സന്റെ അടുക്കൽ ചെന്ന് ജാതകം കൂടി നോക്കും.

ഇവിടെയാണ് നമ്മുെട സംസ്കാരത്തിന്റെ ഭാഗമായ ചില വൈജ്ഞാനിക സന്പ്രദായങ്ങൾ നാം തിരസ്കരിച്ചതിന്റെ അപകടങ്ങൾ മനസ്സിലാകുന്നത്. കൗടില്യന്റെ അർത്ഥശാസ്ത്രം കലാതീതമായി പഠിക്കേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

സാംസ്കാരിക സൂത്രങ്ങളിൽ കോർത്തിണക്കിയ വൈവാഹിക ബന്ധങ്ങളും അതിലൂടെ വളർന്ന് വികസിക്കുന്ന കുടുംബങ്ങളായിരുന്നു കൗടില്യൻ സ്വപ്നം കാണുന്നത്. ഗൃഹസ്ത്രാശ്രമത്തിൽ ഭാര്യ ഭർത്താവിനെയും ഉപവർണ്ണങ്ങളെയും പ്രജനിത വർണ്ണങ്ങളായി കൗടില്യൻ വിവരിച്ചിരിക്കുന്നു.

മേൽപ്പറഞ്ഞ ചിത്രത്തിൽ വിവരിച്ച രീതിയിലുള്ള വിവിധ സ്വഭാവഗുണങ്ങളുള്ളവർ ഏത് കോഡിനേഷനിൽ വിവാഹം കഴിക്കാം അങ്ങിനെ കഴിച്ചാൽ അവർ ഏത് രീതിയിൽ ജീവിക്കാമെന്നും കൗടില്യൻ വിവരിച്ചിരുന്നു.

ക്ഷുദ്രൻ പിശുക്കിന്റെ ശക്തികൊണ്ട് ദരിദ്രനെ പോലെ ജീവിക്കുന്നവനാണ്. നിഷാദന് കാട്ടാളന്റെ സ്വഭാവമാണ്. കുശിലവൻ ആട്ടക്കാരനും ചക്കിയാരെ പോലെ ജീവിക്കുന്നവരാണ്.

അന്നുണ്ടായിരുന്ന വർണ്ണ സങ്കരത്തിൽ ബ്രാഹ്മണൻ, ക്ഷത്രിയൻ, ൈവശ്യൻ, ശുദ്രൻ എന്ന വിവേചനം ജാതിയുടെ കോണിലൂടെ കാണാതെ സ്വഭാവത്തിലൂടെ മനസ്സിലാക്കിയാൽ അതിലെ വിവിധ കോന്പിനേഷനുകളും നമുക്ക് മനസ്സിലാകും.

ഭാര്യ ഭർത്താവിനെക്കാൾ ധനികയും സുന്ദരിയും വിദ്യാസന്പന്നയുമാണെങ്കിൽ അത്തരം വിവാഹത്തെ പ്രതിലോമ വിവാഹം എന്ന് പറയും. ഭർത്താവിനാണ് ഇത്തരം ഗുണങ്ങൾ കൂടുതൽ എങ്കിൽ അതിനെ അനുലോമ വിവാഹം എന്നും പറഞ്ഞിരിക്കുന്നു.

ക്ഷത്രിയ സ്വഭാവമുള്ളവനും വൈശ്യ സ്വഭാവമുള്ളവനും വിവാഹം ചെയ്താൽ അവരെ മാഗദൻ എന്നും മറ്റും പല കോന്പിനേഷനിൽ വരുന്നവരെ സൂതൻ, വൈദേഹൻ, ചണ്ധാലൻ, അയോഗവൻ, ഉഗ്രൻ, നിഷാദൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

കൗടില്യൻ വിവരിച്ച വിവാഹരീതി ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാകുന്ന രീതിയിൽ തിരുത്തിയെഴുത്തിയാൽ ഏറെ ഉപകാരപ്പെടും എന്നതിൽ രണ്ടഭിപ്രായമില്ല.

സന്പത്ത്, സൗന്ദര്യം, വിദ്യാഭ്യാസ യോഗ്യത അതിലുപരി പ്രസ്തുത വ്യക്തിയുടെ പ്രയോഗിക വാദിയാണോ ആത്മീയവാദിയാണോ എന്നും അറിഞ്ഞിരിക്കണം. ഭാര്യയും ഭർത്താവും വളരെ ഭൗതികവാദി ആയാൽ വീട്ടിൽ അടി ഉറപ്പ്. രണ്ടു പേരും ആത്മീയത തേടുന്നവരാണെങ്കിൽ സാന്പത്തിക ക്ലേശത്തിൽ പെടും.

ഭാര്യ ഭൗതികവാദിയും, ഭർത്താവ് ആത്മീയവാദിയും ആണെങ്കിലും അത് തിരിച്ചായാലും ജീവിതം കൂടുതൽ സന്തോഷത്തോടെ വ്യക്തമായി മുന്നോട്ടു പോകും. സാന്പത്തികം, കുടുംബ പാരന്പര്യം, വിദ്യാഭ്യാസം, സൗന്ദര്യം, പ്രായോഗികത, ആദ്ധ്യാത്മികത, ഇതൊക്കെ ഉൾപ്പെടുന്ന ഒരു ആധുനിക ഗ്രി‍ഡ് ആരെങ്കിലും ശാസ്ത്രീയമായി, കൗടില്യന്റെ ചിന്തയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചെടുത്താൽ അത് മാതാപിതാക്കൾക്ക് ഏറെ ഉപകരിക്കുമെന്നതിൽ സംശയമില്ല.

You might also like

  • Straight Forward

Most Viewed