താക്കോൽ പഴുതിലൂടെ
വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാറായ ദന്പതികൾ ഏതെങ്കിലും വേദിയിലേക്ക് നടന്ന് വരുന്പോൾ പെൺകുട്ടിയുടെ വയറ് നോക്കി നാട്ടുകാരും വീട്ടുകാരും ചോദിക്കുന്ന പതിവ് ചോദ്യം വിശേഷം ഒന്നും ആയില്ലേ എന്നതാണ്.
സാധാരണക്കാരൻ ആ ദന്പതികളിൽ പ്രതീക്ഷിക്കുന്നത് അത്രമാത്രമാണ്. വിവാഹത്തിന് ശേഷം അവരുടെ മാനസികവും ശാരീരികവും സാമൂഹ്യവും ആയ മാറ്റങ്ങളെക്കുറിച്ച് പുറമെ നിന്ന് നോക്കുന്നവർ ഒരു പ്രസക്തിയും നൽകുകയില്ല.
ഇതുപോലെ തന്നെയാണ് ജനാധിപത്യസംവിധാനത്തിലെ പൊതുജനവും. പുതിയ സർക്കാർ ഭരണം തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. അവർ ഭരിച്ചതിന്റെ അടയാളങ്ങൾ അവിടെയും ഇവിടെയുമൊക്കെയായി പൊതുജനത്തിന് വികസിച്ച് കാണണം.
മോഡി എന്ന നേതാവിനെ ജനം കണ്ടത് നൂറ് ശതമാനം ്രപതീക്ഷയുള്ള ലോട്ടറി ടിക്കറ്റിനെ പോലെയാണ്. നാളെ നാളെയെന്ന് കരുതി കാത്തിരിക്കാതെ ഇന്ന് തന്നെ ആപ്കാ ദിൻ വരുമെന്ന് പ്രതീക്ഷയിലാണ് ജനം ഈ ലോട്ടറി ടിക്കറ്റിനെ നെഞ്ചിലേറ്റിയത്.
ഗ്രാമങ്ങളുടെ കാവാലളന്മാരായ കർഷകരും സാങ്കേതിക വിദ്യയുടെ അച്ചുതണ്ട് കറക്കുന്ന യുവജനങ്ങളും സാന്പത്തിക ഭദ്രതയുടെ അടിത്തറ കാക്കുന്ന വ്യാപാര വ്യവസായികളും മോഡിയിൽ നിന്ന് പ്രതീക്ഷിച്ചത് ലോട്ടറി ലഭിക്കുന്ന പോലെ, അപ്രതീക്ഷിതമായ ഒരു മാറ്റമാണ്.
ഇന്ത്യ ഒരു വലിയ രാജ്യമാണ്. 120 കോടിയിലധികം ജനങ്ങളും, 29ലധികം സംസ്ഥാനങ്ങളും 1800 ലധികം ഭാഷയും വ്യത്യസ്ത ജീവിതരീതിയും സംസ്കാരവുമുള്ള ഇന്ത്യയിൽ നടക്കുന്ന സാന്പത്തിക സാമൂഹിക മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ മനസ്സിലാക്കിയെടുക്കുക ദുഷ്കരമായ ജോലി തന്നെ.
ഒരു പ്രവാസിയുടെ കോണിൽ നിന്നും ഇന്ത്യയിലെ ബി.ജെ.പി സർക്കാർ വന്നതിന് ശേഷമുള്ള മാറ്റങ്ങളിൽ ചിലത് താഴെ പറയുന്നവയാണ്.
1. യു.പി.എ സർക്കാർ ഭരിച്ചപ്പോൾ ഇന്ത്യയിൽ ഒരു സർക്കാർ ഉണ്ടായിരുന്നു. പക്ഷേ പ്രധാനമന്ത്രി ഉണ്ടായിരുന്നില്ല.
2. ബി.ജെ.പി സർക്കാർ ഭരിക്കുന്പോൾ ഇപ്പോൾ ഇന്ത്യയിൽ ഒരു പ്രധാന മന്ത്രിയുണ്ട്. പക്ഷെ സർക്കാരില്ല.
3. ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ വളരെയധികം വർദ്ധിച്ചിട്ടുണ്ടെന്ന്് ഓരോ പ്രവാസിയും നിസ്സംശയം സമ്മതിക്കും.
4. പ്രശ്നബാധിത പ്രദേശമായ യെമനിലും ഭൂകന്പ ദുരിത പ്രദേശമായ നേപ്പാളിലും ഇന്ത്യയുടെ ഇടപെടൽ ലോക ശ്രദ്ധയാകർഷിക്കുകയും അത് മാറ്റത്തിന്റെ സൂചനകളുമായി വിലയിരുത്തപ്പെട്ടു.
5. വിദേശത്ത് നിക്ഷേപിച്ച പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സർക്കാർ അതിൽ പരാജയപ്പെട്ടു.
6.വിദേശത്തുള്ള പണം തിരികെ ലഭിച്ചില്ലെങ്കിലും, വിേദശത്തുള്ള പ്രധാന മന്ത്രിയെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ടുവരണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാധ്യമ ശ്രദ്ധ പിടിച്ച് പറ്റി.
7. കർഷക പ്രശ്നങ്ങളിൽ സർക്കാർ പല പുതിയ പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും മോഡി സർക്കാർ കർഷകരെ പൂർണ്ണമായും തഴഞ്ഞു എന്ന ആരോപണത്തെ തടയുവാൻ ബി.ജെ.പി സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.
8. യു.പി.എ സർക്കാരിന്റെ ഭരണകാലത്തിനേക്കാൾ അഴിമതി കുറഞ്ഞിട്ടുണ്ടെന്നതും സത്യം തന്നെ.
9. ജയലളിത, സൽമാൻഖാൻ, എന്നിവർ കോടതിയിൽ നിന്നൂരി വെളിയിൽ വന്നപ്പോൾ അത് ഇന്ത്യൻ ജ്യുഡീഷ്യറിയുടെയും സർക്കാരിന്റെയും കഴിവുകേടായി ജനം വിലയിരുത്തി.
10. വിദേശ രാജ്യത്തിന് സാന്പത്തിക സഹായം ചെയ്തതുവഴി മോഡി സർക്കാരിന് ഒരു വർഷം തികയ്ക്കാറാകുന്പോളേറ്റ ഏറ്റവും വലിയ തിരിച്ചടിയായി.
11. മോഡി ആദ്യകാലത്ത് പ്രഖ്യാപിച്ച പല പുതിയ നയങ്ങളും നടപ്പിൽ വന്നില്ല എന്നതും സത്യം തന്നെ. അറ്റസ്്റ്റേഷൻ വേണ്ട എന്ന പ്രഖ്യാപനം വന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല എന്നത് ഒരു ഉദാഹരണം മാത്രം.
മോഡിയുടെ ഒരു പ്ലാൻ ചിലപ്പോൾ ആദ്യം വിദേശരാജ്യങ്ങളുമായി സൗഹൃദം സന്പാദിക്കുകയും പറ്റാവുന്ന ബിസിനസ്സ് സംരംഭങ്ങൾ ഇന്ത്യയിൽ കൊണ്ടുവരികയും ചെയ്യുക എന്നതായിരിക്കാം.
രണ്ടാമത്തെ വർഷം വിദേശപര്യടനം നിർത്തി അദ്ദേഹം കൂടുതൽ സമയം ഇന്ത്യയിൽ തങ്ങുകയും ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പര്യടനം തുടങ്ങുകയും ചെയ്യും.
മൂന്നാമത്തെ വർഷം ഇന്ത്യയിലെ ബിസിനസുകാരെ ഒതുക്കുകയും കള്ളപ്പണം നിർത്തുകയും കറൻസി പിൻവലിക്കുകയും ചെയ്യുമായിരിക്കും.
അഞ്ചാം വർഷം ആകുന്പോഴേക്കും മോഡി വിദേശ രാജ്യങ്ങളുമായി നല്ല ബന്ധമുള്ള, ഇന്ത്യൻ ഗ്രാമങ്ങളുമായി സംവേദിക്കുന്ന, കള്ളപ്പണക്കാരെ ഒതുക്കുന്ന നേതാവെന്ന ലേബൽ നേടിയെടുക്കും. പിന്നീട് വരുന്ന ഇലക്ഷനിൽ ഇതൊക്കെ പരസ്യപ്പെടുത്തി മോഡി വീണ്ടും ഭരണത്തിൽ വരും. ഇതായിരിക്കാം മോഡിയുടെയും അദ്ദേഹത്തിന്റെ പിറകിലുള്ള നയതന്ത്ര വിദഗ്ദ്ധരുടെയും ചിന്തകൾ.
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് നടക്കുന്ന സമഗ്രമായ ചില മാറ്റങ്ങൾ സാധാരണ ജനങ്ങളുടെ ചിന്തയ്ക്കപ്പുറമാണ്.
ഒരു ജനാധിപത്യ സംവിധാനത്തിലെ ഭരണക്രമം മനസ്സിലാക്കുവാൻ പറ്റാത്ത കുട്ടിയോട് പിതാവ് പറഞ്ഞു. അച്ഛനായ ഞാനാണ് പാർട്ടിയെന്നും അമ്മ രാജ്യമാണെന്നും കരുതുക. നിന്റെ സഹോദരങ്ങൾ സംസ്ഥാനമാണെന്നും നീ ജനമാണെന്നും കരുതുക. എങ്ങിനെ പറഞ്ഞിട്ടും ജനാധിപത്യം എന്തെന്ന് മനസ്സിലാക്കാത്ത മകനെ ദേഷ്യം വന്ന പിതാവ് തന്റെ കിടപ്പ് മുറിയിലെ അലമാരയിൽ ഇട്ട് പൂട്ടി. രാത്രി അലമാരയിലെ ചാവി പഴുതിലൂടെ മകൻ അമ്മ ഉറങ്ങിക്കഴിയുന്പോൾ പിതാവ് വേലക്കാരിയോടൊപ്പം ഉറങ്ങുന്നത് കണ്ടു. പിറ്റേ ദിവസം മകനെ മറന്ന പിതാവ് പരിഭ്രാന്തിയോടെ അലമാരയിൽ നിന്ന് പുറത്തിറക്കിയപ്പോൾ മകൻ പറഞ്ഞു. ഇപ്പോൾ എല്ലാം മനസ്സിലായി. ജനാധിപത്യം എന്ന് പറഞ്ഞാൽ സംസ്ഥാനങ്ങൾ ഉറങ്ങിക്കിടക്കുന്പോൾ രാജ്യം എല്ലാം ശരിയാണെന്ന് ചിന്തിച്ച് മയങ്ങും. അപ്പോൾ പാർട്ടി ആരും അറിയാതെ വിദേശരാജ്യവുമായി ഒരുമിക്കും. ഇതെല്ലാം കണ്ടിട്ടും ഒന്നും ചെയ്യാൻ പറ്റാതെ ജനം ഇതെല്ലാം കണ്ടിരിക്കും!
ഇന്നേയ്ക്ക് ഇത്രമാത്രം. എല്ലാവർക്കും വാരാന്ത്യ ആശംസകൾ!