ഇന്റർനെറ്റ് ഒരു ചതിവലയോ ?


പാതിയുറക്കത്തിന്റെ മയക്കത്തിൽ, ഒരു വെള്ളിയാഴ്ച നൽകുന്ന സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിൽ, കിടക്കയിൽ പാതി ഇരുന്നും കിടന്നുമാണ് ജീമെയിലിലേയ്ക്ക് ഒന്ന് ഊളിയിട്ട് നോക്കിയത്.

കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ. പരിഭവത്തിന്റെ മാധുര്യമുള്ള ചില ഓർമ്മപ്പെടുത്തലുകൾ. സ്വയം പുകഴ്ത്തണമെന്ന് ആവശ്യപ്പെടുന്ന ചില പി.ആർ ഏജൻസികളുടെ അഭ്യർത്ഥനകൾ. അതിനിടയിലാണ് ആദ്യം ‍ഞാൻ ഗൗനിക്കേണ്ട എന്ന് കരുതിയ ഒരു അജ്ഞാത സുഹൃത്ത് വീണ്ടും വീണ്ടും ഇമെയിലിലൂടെ എന്നെ തട്ടിവിളിച്ചത്.

കുടുംബത്തിന്റെ പേരും, എന്റെ നാടും, വീടും, പേരുമൊക്കെ വിശദമായി എഴുതി ഒരു അജ്ഞാത സുഹൃത്ത് ‘അർജൻ്റ്’ എന്ന് ചുകപ്പ് അക്ഷരത്തിൽ അയച്ച ഇമെയിൽ തുറന്ന് നോക്കിയതോടെ ഉറക്കം പന്പ കടന്നു. സിരകളിൽ രക്തയോട്ടം വർദ്ധിക്കുന്നത് ‍ഞാനറിഞ്ഞു.

ഞാനുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും വെബ് സൈറ്റിന്റെ അഡ്മിൻ പേരും പാസ്്വേഡും അജ്ഞാത സുഹൃത്ത് എനിക്ക് അയച്ചു തന്നിരിക്കുന്നു. ഒപ്പം ഒരു കെട്ട് ഉപദേശവും!

എന്റെ ഉടമസ്ഥതയിലുള്ള എല്ലാ വെബ്സൈറ്റുകളും നിരീക്ഷിച്ച് പഠിച്ച് ബ്രസീലിയൻ സുഹൃത്ത്, അടുത്ത് കടന്നു വരാൻ പോകുന്ന അപകടത്തെക്കുറിച്ച് എന്നെ ബോധവാനാക്കിയിരിക്കുന്നു.

അജ്ഞാതൻ അയച്ച യൂസർ നെയിമും പാസ്്വേ‍‍‍‍ഡും അക്ഷരം പ്രതി ശരിയാണെന്ന് ഐ.ടി ഹെഡ് തലകുലുക്കി സമ്മതിച്ചതോടെഒരു വെള്ളിയാഴ്ചയുടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ട് തുടങ്ങി.ഇംഗ്ലീഷ് പത്രത്തിന്റെ വെബ്സൈറ്റ് ഒരു ഹാക്കറിന്റെ കൈകളിൽ പെട്ടാലുള്ള ഗൗരവമായ പ്രശ്നങ്ങൾ, അത് പറഞ്ഞറിയിക്കുവാൻ പറ്റാത്തതാണ്. ഒരു വെബ്സൈറ്റ് ഏത് ഹാക്കർ അടിച്ചെടുത്താലും അതിന്റെ ആത്യന്തികമായ ഉത്തരവാദിത്വം അത് നടത്തുന്ന വ്യക്തിക്ക് തന്നെയാണ്.

എല്ലാവിധ സെക്യൂരിറ്റി സംവിധാനങ്ങളും ഭേദിച്ച് ഒരാൾ ഇതാ ഞാൻ ഭവനഭേദനം നടത്താൻ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്നറിയിക്കുക്കയും വീടിന്റെ ഉടമസ്ഥന് ഒന്നും ചെയ്യുവാൻ സാധിക്കാതെ നിസംഗനായി നിൽക്കേണ്ടി വരുന്ന അവസ്ഥ തികച്ചും പരിതാപകരമാണ്.

അജ്ഞാതനായ വ്യക്തിയോട് വളരെ സൗമ്യമായി എന്റെ സഹോദരാ രക്ഷിക്കണമെന്ന് അപേക്ഷിച്ചപ്പോൾ പുള്ളിക്കാരൻ നയം വ്യക്തമാക്കി. എന്റെ ഉദ്ദേശ്യം നിങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യുകയോ ഉപദ്രവിക്കുകയോ അല്ല പകരം നിങ്ങളെ സഹായിക്കുക മാത്രമാണ്, നിങ്ങൾ ഉപയോഗിക്കുന്ന സെർവർ, മറ്റ് വെബ്സൈറ്റ് സംബന്ധിയായിട്ടുള്ള എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. ഞാൻ ഒരു ഉപദ്രവകാരിയല്ല പകരം സഹായിയായ സുഹൃത്ത് മാത്രമാണ്.

ഏതായാലും ഐ.ടിയുടെ തലവൻ പറ്റാവുന്ന മാറ്റങ്ങളെല്ലാം ഉടൻ വരുത്തി സുരക്ഷിതമാണെന്ന് പറയുന്നത് വരെ മനസ്സിൽ വല്ലാത്ത ഒരു ഭീതിയായിരുന്നു.

പിറ്റേദിവസം വീണ്ടും അജ്ഞാത സുഹൃത്തിന്റെ ഇമെയിൽ തുറന്നപ്പോൾ അദ്ദേഹം വെബ്സൈറ്റ് സംബന്ധിയായ എല്ലാ സെക്യൂരിറ്റി വാതിലുകളും മുട്ടിനോക്കി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും ഒപ്പം എന്റെ ഐ.ടിക്കാരൻ നല്ല ജോലിയാണ് ചെയ്തത് എന്ന അനുമോദനക്കുറിപ്പും നൽകുവാൻ മറന്നില്ല. ഒപ്പം ബ്രസീലിയൻ സുഹൃത്ത് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് നന്പറും സിഫ്റ്റ് കോഡും നൽകി എനിക്ക് പറ്റാവുന്ന ഒരു പാരിതോഷികം ആ അക്കൗണ്ടിലേയ്ക്ക് അയച്ചാൽ സന്തോഷമായിരിക്കുമെന്നും അറിയിച്ചു!

ഏതായാലും നാളിതുവരെ അജ്ഞാത സുഹൃത്തിന് പണമൊന്നും അയച്ചിട്ടില്ല എന്നതാണ് സത്യം. ഇന്ന് രാവിലെ ടിയാൻ വീണ്ടുമൊരു ഇമെയിൽ അയച്ചിരിക്കുന്നു. ഞാൻ നിങ്ങളുടെ വെബ്സൈറ്റും ഇമെയിലും സോഷ്യൽ മീഡിയയും മോണിറ്റ‍‍ർ ചെയ്തപ്പോൾ സെക്യൂരിറ്റി കുറവാണെന്ന് മനസ്സിലാക്കുന്നു. സഹായം ആവശ്യമുണ്ടെങ്കിൽ അറിയിക്കുക എന്നതാണ് ഇമെയിലിന്റെ ചെറുരൂപം. സാങ്കേതിക വിദ്യ എത്രത്തോളം വളർന്നാലും അത് പൂർണ്ണമായും സുരക്ഷ ഉറപ്പാക്കുന്നില്ല എന്ന് തന്നെയാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

കേരളം വീണ്ടും ഒരു ഇലക്ഷന് തയ്യാറെടുക്കുകയാണ്. ഈ കൊടും വെയിലിൽ ആൾക്കാർ മണിക്കൂറുകളോളം ക്യൂവിൽ നിന്നാൽ മാത്രമേ പല പോളിംഗ് ബൂത്തിലും വോട്ട് ചെയ്യുവാൻ പറ്റുകയുള്ളൂ. സത്യത്തിൽ ഒരു ഓൺലൈൻ പോർട്ടൽ വഴി വോട്ട് ചെയ്യുവാനുള്ള സംവിധാനം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു വോട്ട് ചെയ്യുവാൻ പറ്റും.പക്ഷെ സർക്കാറിനും, നേതാക്കൾക്കും സാങ്കേതികവിദ്യയുടെ പരിമിതികൾ വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ അതിൽ വിശ്വാസം ഇല്ല. ഓരോ വോട്ടിന്റെയും വില മനസ്സിലാക്കുന്ന ഇവർ ഇതിനെ എതിർക്കുന്നു. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇന്ന് ഓൺലൈൻ വഴി നടക്കുന്നത്. പക്ഷെ അതിന്റെ സുരക്ഷിതത്വത്തെ കുറിച്ച് ഒരു നേതാക്കന്മാരും സർക്കാരും ചിന്തിക്കുന്നില്ല. ഓൺലൈൻ വഴിനമ്മുടെ രഹസ്യങ്ങൾ മുഴുവൻ ചോർത്തുന്ന വിദേശ കുത്തകകളെ ആരും എതിർക്കുന്നില്ല. ഓൺലൈൻ വഴി ഇന്ത്യയിൽ നിന്നും വിദേശത്തേയ്ക്ക് ഒഴുകുന്ന പണത്തെകുറിച്ചും ചർച്ച ചെയ്യുന്നില്ല.

സാങ്കേതിക വിദ്യ ഇത്രയും വികസിച്ച അമേരിക്കയിൽ പോലും ഇപ്പോഴും ഓൺലൈൻ വോട്ടിംഗ് തുടങ്ങിയിട്ടില്ല എന്ന് ഓർക്കുക. നേതാക്കാൻമാർ ലോകത്തെവിടെയായാലും അവരുടെ സുരക്ഷയും താൽപര്യവും വോട്ടും മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നത്.

 

You might also like

Most Viewed