വോട്ടവകാശം ആർക്കുവേണ്ടി?


സേവിയർ ഇലഞ്ഞിക്കൽ 

പ്രവാസികളായ ഇന്ത്യൻ പൗരന്മാരെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കുന്നത് എന്നാണ് പണ്ടു മുതൽക്കെയുള്ള പരാതി. എന്തിനും ഏതിനും ഒരു ചിറ്റമ്മനയം പ്രവാസികളോട് ഭരണാധികാരികളും വരണാധികാരികളും വെച്ചു പുലർത്തുന്നു. അതിന് പല കാരണങ്ങളുമുണ്ടാകാം. അതിൽ പ്രധാനമായും പ്രവാസി പറയുന്നത് ഞങ്ങൾക്ക് വോട്ടവകാശമില്ല എന്നതാണ്. വോ‍‍േട്ടഴ്സ് ലിസ്റ്റിൽ പോയിട്ട് റേഷൻകാർഡിൽ വരെ പേരില്ലാത്തവരാണ് ഗൾഫുകാർ. പ്രത്യേകിച്ച് മലയാളികൾ. അതെല്ലാം പോട്ടെ ഭാരതീയനാണെന്ന് തെളിയിക്കാൻ തിരിച്ചറിയൽ കാർഡുണ്ടോ? അതും ഇല്ല. ഒരു സംശയം ഇന്ത്യക്കാരനാണെന്നതിന് തെളിവല്ലേ പാസ്പോർട്ട്, അതുകൊണ്ടെന്തു കാര്യം വോട്ടവകാശമുണ്ടോ? പ്രവാസിയുടെ വോട്ടവകാശ രോദനത്തിന് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അത്രയും പഴക്കമുണ്ട്. ഇന്നും വഞ്ചി തിരുനക്കര തന്നെ. കാലാകാലങ്ങളിൽ മാറി മാറി വന്ന സർക്കാരുകൾ പ്രവാസി വോട്ടവകാശം പ്രായോഗിക തലത്തിൽ ഫലപ്രദമല്ലെന്ന് വരുത്തി തീർക്കാനുള്ള തത്രപ്പാടിലാണ്. പല മന്ത്രിമാരും ഗൾഫു നാടുകൾ സന്ദർശിക്കാറുണ്ട്. താലവും മുത്തുകുടകളും ചെണ്ടമേളവും മറ്റുമായി അവരെ എഴുന്നെള്ളിച്ച് നാം നമ്മുടെ സ്നേഹവും ആദരവും ഗർവും പ്രകടിപ്പിക്കുകയും അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലിടാൻ മത്സരിക്കുകയും, സൽക്കാരത്തിനും, ഷോപ്പിംഗിനും, കാണാത്ത കാഴ്ചകൾ കാണിക്കാനും പലരും നെട്ടോട്ടമോടുന്നു. ഈ തിരക്കുകൾക്കിടയിലും പാവം മന്ത്രിയുടെ പക്കൽ ധാരാളം പരാതികൾ എത്തിയിട്ടുണ്ടാകും. ഓരോ വേദികളിലും അവർ നമ്മെ ആശ്വസിപ്പിക്കുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയാൽ നിങ്ങളുടെ പരാതികൾക്ക് പരിഹാരമുണ്ടാക്കുക എന്നതാണ് ആദ്യ ദൗത്യം. ഓരോ പ്രാവശ്യവും ഓരോരുത്തരും ഇതാവർത്തിച്ചു കൊണ്ടിരിക്കും. വിദേശകാര്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത് നമ്മുടെ മന്ത്രിമാരാണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. എന്നിട്ടും കാര്യങ്ങൾ തഥൈവ.

വിദേശികളുടെ പണം ആവശ്യമാണ്. ഇന്ത്യയുടെ സന്പദ്ഘടനയെ ഒരു പരിധി വരെ താങ്ങി നിർത്തുന്നത് വിദേശികളുെട പണമാണ്. ആഗോളതലത്തിലുണ്ടായ സാന്പത്തികമാന്ദ്യം അമേരിക്കയെ പോലും തളർത്തിയപ്പോൾ ഇന്ത്യയെ തളരാതെ പിടിച്ചു നിറുത്തിയത് വിദേശികളാണ്. എന്തൊക്കെ ആയാലും പ്രവാസികളായ ഇന്ത്യക്കാർ ഇപ്പോഴും രണ്ടാംതരം പൗരന്മാർ തന്നെ. ഗൾഫ് മലയാളികൾ വോട്ടവകാശത്തിനു വേണ്ടി മുറവിളി കൂട്ടുന്പോഴും പ്രവാസി നാട്ടിൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾക്ക് അറുതി വരുന്നില്ല, ഒന്നോ രണ്ടോ മാസത്തെ ലീവുമായി നാട്ടിലെത്തുന്ന മലയാളി ഏതെങ്കിലും കാര്യത്തിനായി സർക്കാറാഫീസുകൾ കയറേണ്ടി വന്നാൽ നേരിടേണ്ടി വരുന്ന അവഗണനയും, പുച്ഛവും, മാനഹാനിയും, പണനഷ്ടവും ചെറുതല്ല. പക്ഷേ ആരും പ്രതികരിക്കില്ല കാരണം സമയക്കുറവ് തന്നെ. ഒന്നിന്റെയും പിന്നാലെ പോയി പുലിവാലു പിടിക്കാൻ പ്രവാസി തയ്യാറല്ല.

കേന്ദ്രത്തിലെയും കേരളത്തിലെയും ചില നേതാക്കളുടെ ഉൾഭയം ഈയിടെ മറനീക്കി പുറത്തു വന്നിരുന്നു. പ്രവാസിക്ക് വോട്ടവകാശം കൊടുത്താൽ നാളെ ഒരു പ്രവാസി വന്ന് ഏതെങ്കിലും മണ്ധലത്തിൽ നിന്ന് മത്സരിക്കില്ലെന്നാരു കണ്ടു, അങ്ങിനെ മത്സരിച്ചാൽ അവിടെയുള്ള പഴയ നേതാവിന്റെ കാര്യം അവതാളത്തിലാകില്ലേ? ഇവിടെയുള്ളത് പങ്കിട്ടെടുക്കാനും കൈയിട്ടു വാരാനും ഞങ്ങളുണ്ട് അതിലേയ്ക്കായി പുതിയൊരവകാശി വരണ്ട എന്ന മനോഭാവമാണ്. മറ്റൊരു കൂട്ടരുടെ വാദം: നാട്ടിൽ ഓരോ ദിവസവും നടക്കുന്ന രാഷ്ട്രീയവും സാമൂഹികവുമായ സംഭവങ്ങൾ വിദേശികൾക്കറിയില്ല എന്നതാണ് കഷ്ടം. ഹേ നേതാവെ നാട്ടിലുള്ളവരെക്കാൾ കൂടുതൽ ഗൗരവത്തോടെ കാര്യങ്ങൾ ഗ്രഹിക്കുന്നവരാണ് വിദേശികൾ. (എല്ലാവരുമല്ല) അങ്ങിനെയുള്ളവരാണ് വോട്ടവകാശത്തിനു വേണ്ടി മുന്നിട്ടിറങ്ങുന്നതും.

ഇനി എന്നെങ്കിലും ഒരു നാൾ പ്രവാസിക്ക് വോട്ടവകാശം കിട്ടിയെന്നിരിക്കട്ടെ. അത് പ്രയോജനപ്പെടുത്താൻ ഗൾഫ് മേഖലയിൽ എത്ര േപരുണ്ടാകും. ബഹ്റിന്റെ കാര്യം തന്നെ നോക്കാം. ഇന്ത്യൻ എംബസി, കേരളീയ സമാജം, ഇന്ത്യൻ ക്ലബ് മുതലായ സ്ഥലങ്ങളിൽ വോട്ടിംഗിനുള്ള സ്ഥലം ഒരുക്കിക്കൊടുത്താൽ തന്നെ എത്ര പേർ അവിടെ വന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്തും. ഗൾഫിലെ ഓരോ സ്ഥലത്തേയും സ്ഥിതി ഇതു തന്നെയാണ്. ഗൾഫ് മേഖലയിലുള്ള 75 ശതമാനം പേരും വളരെ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നവരാണ്. അവരിൽ എത്ര പേർക്കറിയാം മേൽ വിവരിച്ച സ്ഥലങ്ങൾ. ഒരു ദിവസം ജോലി ചെയ്യാതെ ടാക്സി കാശും കൊടുത്ത് ആരെങ്കിലും വോട്ട് ചെയ്യാൻ പോകുമോ? ലേബ‍ർ ക്യാന്പുകളിൽ താമസിക്കുന്നവർക്ക് അവരുടെ മുറിയും പണിസ്ഥലവും തൊട്ടടുത്ത കോൾ‍ഡ് സ്റ്റോറും മാത്രമേ അറിയൂ. ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിൽ ഇല്ലായ്മയുടെ നൂൽപാലത്തിലൂടെ സഞ്ചരിച്ച് രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവരാണവർ. അങ്ങിനെയുള്ളവരോട് വോട്ടവകാശത്തെക്കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം. ഭൂരിഭാഗം വരുന്ന പ്രവാസികൾക്കും ഉപകരിക്കാത്ത ഈ വോട്ടവകാശം പിന്നെ ആ‍ർക്കുവേണ്ടിയാണ്?

You might also like

Most Viewed