വവ്വാലുകൾ മനുഷ്യരെ ഭയപ്പെടുത്തുന്പോൾ !

പങ്കജ് നാഭൻ
മനുഷ്യനടക്കം ഉൾപ്പെടുന്ന സസ്തന(mammalia) വർഗത്തിലെ വവ്വാൽ അഥവാ Bat എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ജീവികൾ മനുഷ്യരെ ഒന്ന് ഭയപ്പെടുത്തിയിരിക്കുകയാണല്ലോ.നിപ്പ വൈറസ് കാരണം വരുന്ന മരുന്നില്ലാത്ത ഒരു പകർച്ച വ്യാധി (NiV) കേരളത്തിൽ കൂടുതൽ പേരിൽ പനി സ്ഥിരീകരിച്ചിരിക്കുകായണല്ലോ. കാര്യമായ ലക്ഷണമില്ലാതെയും, തലവേദന ശ്വാസ തടസം പനി ലക്ഷണങ്ങളോടെ മരണ കാരണമാവാവുന്ന മാരക രോഗത്തിന് കുത്തിവെപ്പോ മരുന്നുകളോ ഇല്ല എന്നതും ആകെ സഹായക ചികിത്സകളെ ഉള്ളൂ എന്നതുമാണ് ഭീതിക്ക് കാരണം.
നിപ്പ വൈറസിന്റെ പ്രകൃതിയിലെ സ്വാഭാവിക ആതിഥേനായ ജീവിയാണ് ഒരു ഇനം വവ്വാൽ. മലേഷ്യയിലെ കാംപുൻഗ് സുങ്ങായ് നിപ്പ എന്ന സ്ഥലത്ത് 1988ൽ ആദ്യം കണ്ടെത്തിയതാണ് നിപ്പ എന്ന പേരിനു കാരണം. ഡ്രാക്കുള കഥകൾ മുതൽ ബാറ്റ്മാൻ കഥകൾ വരെ മനുഷ്യർക്കു എന്നും പേടിയുള്ള ഈ ജീവികളെ കുറിച്ചുള്ള വിവരങ്ങൾ ഒന്ന് പരിശോധിക്കാം.
മൂഷിക വർഗ്ഗം കഴിഞ്ഞാൽ സസ്തന ജീവികളിലെ ഏറ്റവും വലിയ വിഭാഗമാണ് വവ്വാലുകൾ. ആയിരത്തി ഇരുന്നൂറോളം സ്പീഷിസ് ഉള്ള ഇവയിൽ ഇന്നുള്ള ഏറ്റവും ചെറിയ സസ്തനിയായ രണ്ടു ഇഞ്ചിൽ താഴെ മാത്രം വലിപ്പമുള്ള ബംബിൾ ബീ ബാറ്റ് മുതൽ അഞ്ചു അടിയിൽ കൂടുതൽ വലിപ്പമുള്ള ഫ്ളയിംഗ് ഫോക്സ് എന്നറിയപ്പെടുന്ന വിഭാഗം വരെ ഉൾപ്പെടും. സസ്തന വിഭാഗത്തിലെ ഇരുപത് ശതമാനം വരുന്ന ഇവയെ കൊടും തണുപ്പുള്ള പ്രദേശം ഒഴികെ ഭൂമിയിൽ മുഴുക്കെ കാണപ്പെടുന്നു. പറക്കാൻ കഴിവുള്ള ഏക സസ്തനിയും ഇവയാണ്. വളരെയധികം പ്രത്യേകതകൾ ഉള്ള ഇവ മനുഷ്യനും പ്രകൃതിക്കും വളരെ ഉപകാരപ്രദമായവുമാണ്.
ഇവയുടെ ഘടന വൈവിധ്യം പോലെ തന്നെയാണ് ഭക്ഷണ വൈവിധ്യവും, കൊതുകുകൾ, കീടങ്ങൾ, ശലഭങ്ങൾ തുടങ്ങി എലികൾ സ്വന്തം വർഗമടക്കം തിന്നുന്ന മാംസ ഭോജികൾ. തേൻ, പഴങ്ങൾ മാത്രം കഴിക്കുന്ന ശുദ്ധ സസ്യഭുക്കുകൾ, മിശ്രഭുക്കുകൾ ഇങ്ങനെ എല്ലാ വിധ ഭക്ഷണ ശീലമുള്ള സ്പീഷിസുകളും ഇവയിലുണ്ട്. പഴ ഭക്ഷണക്കാരെ മെഗാ ബാറ്റ്സ് എന്നും മറ്റുള്ളവയെ മൈക്രോ ബാറ്റ്സ് എന്നും രണ്ടായി തിരിച്ചിട്ടുണ്ട്. യക്ഷി കടവാതിൽ അഥവാ വാന്പൈർ ബാറ്റ്സ് എന്ന ഒരിനം ജീവികളുടെ രക്തം കുടിക്കുന്നവയാണ്. തനി പഴം തീനിയായ ഒരിനമാണ് ഇപ്പോൾ നിപ്പയുടെ ബന്ധു എന്നതാണ് വസ്തുത.
വ്യത്യസ്ത സംസ്കാരങ്ങളിൽ ഇരുട്ടിന്റെയും, പ്രേത ലോകത്തിന്റെയും, ആത്മാക്കളുടെയും ദുർമന്ത്രവാദികളുടെയും തോഴനായി കരുതുന്ന ഇവ ചൈനയിൽ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും പ്രതീകങ്ങളാണ്. യഥാർത്ഥത്തിൽ ധാരാളം രോഗാണുക്കളുടെ വാഹകരാണ് എങ്കിലും പ്രകൃതിയിൽ വളരെ ഉപകാര പ്രദമായവയാണ് പകൽ തലതിരിഞ്ഞു തൂങ്ങി കിടക്കുകയും, രാത്രി ഇരപിടിക്കുകയും ചെയ്യുന്ന ഇവർ.
ഗുണങ്ങൾ: ഇവയുടെ കാഷ്ടം വളമായും കീടനാശിനിയായും ഉപയോഗിക്കുന്നു. കൊതുക് നിയന്ത്രണം, കീട നിയന്ത്രണം, പല സസ്യങ്ങളുടെയും വിത്ത് വിതരണം പരാഗണം ഒക്കെ ഇവയെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ ജൈവ വൈവിധ്യം ഉണ്ടാക്കിയതിലും നിലനിർത്തുന്നതിലും അന്പത്തിയഞ്ചു ദശലക്ഷം വർഷത്തിലധികം കാലമായി ഭൂമിയിൽ അങ്ങോളം ഇങ്ങോളം വിലസുന്ന ഇവരുടെ പങ്കു വലുതാണ്. അപകടങ്ങൾ: പല രോഗാണുക്കളുടെയും സ്വഭാവിക ആതിഥേയരാണ് എന്നതാണ് മനുഷ്യന് അപകടകാരിയവുന്നത്.
റാബിസ്, ഹിസ്റ്റോ പ്ലാസ്മോസിസ്, എബോള, സാർസ് തുടങ്ങി സൂവോനോട്ടിക് എന്ന് വിളിക്കുന്ന മൃഗജന്യ രോഗങ്ങളുടെ വ്യാപനത്തിനു ഇവ കാരണമാകുന്നു. ശബ്ദം, മാഗ്നെറ്റോ റിസെപ്ഷൻ തുടങ്ങി അതിസാങ്കേതിക വിദ്യകൾ ഉപയോഗിച്ചു സഞ്ചാരം നടത്തുന്ന ഇവ യുകെ തുടങ്ങി പല രാജ്യങ്ങളും അതീവ സംരക്ഷണം നൽകുന്ന ജീവി വർഗം കൂടെയാണ്.
മനുഷ്യന്റെ ദുര മറ്റു ജീവികളുടെ നിലനിൽപ്പിന് ഭീഷണിയാവുന്പോൾ പ്രകൃതി നൽകുന്ന താക്കീതായി കണക്കിൽ എടുക്കേണ്ടാവയാണ് ഇത്തരം ജീവികൾ പരത്തുന്ന രോഗങ്ങൾ. ഓർക്കുക ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല.