വേണ്ടത് പൊതു ഇടങ്ങൾ...

പ്രദീപ് പുറവങ്കര
കേരളത്തിൽ നിന്നുള്ള വാർത്തകൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നത് പ്രവാസലോകത്താണ്. ഗൾഫ് മലയാളികൾ അക്കാര്യത്തിൽ ഏറെ മുന്നിട്ടുനിൽക്കുന്നു. നാട്ടിൽ ഒരു കാറ്റടിച്ചാൽ പോലും ഇവിടെയുള്ളവരുടെ നെഞ്ചിലാണ് അത് വീശുന്നത്. അതുകൊണ്ടാണ് നീപ്പയും, കെവിനുമൊക്കെ ഇവിടെ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. അതുകൊണ്ടാണ് നമ്മുടെ നാടിന് ഇതെന്ത് പറ്റി എന്ന് പ്രവാസികൾ ഇടയ്ക്കിടെ വേവലാതിപ്പെടുന്നത്.
നവോത്ഥാന മുല്യങ്ങളുടെ പിൻബലത്തിൽ അഭിമാനകരമായ സാമൂഹിക പരിവർത്തനങ്ങൾക്ക് വിധേയമായ ഒരു ജനസമൂഹമാണ് കേരളത്തിലുള്ളത്. ഒരുകാലത്ത് നാം മറികടന്നുവെന്ന് വിശ്വസിക്കാൻ ശ്രമിച്ച ജാതി-മതഭേദ ചിന്തകളും അർഥശൂന്യമായ ദുരഭിമാനവും കേരള സമൂഹത്തിലേക്ക് തിരിച്ചുവരികയാണെന്ന് വേദനയോടെ നാം തിരിച്ചറിയുന്ന ഒരു കാലമാണിത്. ജാതിക്കോമരങ്ങളും മതാന്ധന്മാരും അഴിഞ്ഞാടുന്ന ഭ്രാന്താലയമാക്കി ഒരിക്കൽ കൂടി ഈ നാടിനെ മാറ്റുകയാണ് ഇരുട്ടിന്റെ മറവിലിരുന്ന് സാമൂഹ്യവിരുദ്ധ ശക്തികൾ. സംഘടനകളുടെ അറിവോടു കൂടിയല്ലെങ്കിൽപ്പോലും പുരോഗമനവാദികളും ആദർശപ്രബുദ്ധരുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവാക്കൾ നേതൃത്വം നൽകുന്ന സംഘടനകളിൽ പെട്ടവർ പോലും അതീവനിന്ദ്യവും മനുഷ്യത്വഹീനവുമായ സാമൂഹ്യ കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നുവെന്നത് സമൂഹത്തെ ആകെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട കാര്യമായി മാറിയിരിക്കുന്നു.
സാക്ഷരതയിലും വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹ്യപുരോഗതിയിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമെന്ന മലയാളിയുടെ അഭിമാനത്തിന്റെ മേലാണ് ഇത്തരം ദുരന്തങ്ങൾ ഒക്കെ മായാത്ത ചോരക്കറ വീഴ്ത്തുന്നത്. ഗവൺമെന്റ് അവകാശപ്പെടുന്ന നേട്ടങ്ങളുടെ മേൽ കരിവാരിത്തേയ്ക്കുകയാണ് കേരളത്തിലെ പോലീസ്. വരാപ്പുഴയും ഗാന്ധിനഗറുമൊക്കെ അധികാരികൾക്ക് നൽകേണ്ട പാഠം അതാണ്. കേരളത്തിന്റെ സാമൂഹിക ജീവിതത്തെ മലീമസമാക്കാൻ ജാതി-മത-സാമുദായിക യാഥാസ്ഥിതികത്വം സംഘടിതമായിശ്രമിക്കുന്ന ഒരു കാലമാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷ- ന്യൂനപക്ഷ ഭേദങ്ങൾ ഇല്ല. യാഥാസ്ഥിതികത്വത്തിലേക്കും സാമൂഹ്യതിന്മകളിലേക്കുമുള്ള തിരിച്ചുപോക്കിനുള്ള മത്സരമാണ് ഇവിടെ നടക്കുന്നത്. അതിനെ തടയാൻ മുന്പോട്ട് വരണ്ട യുവത ഉറക്കത്തിലോ ഉറക്കം നടിച്ചോ കിടക്കുകയാണ്. സാമൂഹ്യവിരുദ്ധ പ്രവണതകളെയും അക്രമവാസനകളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സംസ്കാരത്തെ അപ്പാടെ തിരസ്കരിക്കാനും ഒറ്റപ്പെടുത്താനും ഇവരെ സന്നദ്ധരാക്കിയില്ലെങ്കിൽ നാട് നേരിടാൻ പോകുന്നത് അരാജകത്വം തന്നെയായിരിക്കും. ഉന്നതമായ സാമൂഹ്യ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ബഹുജന പ്രസ്ഥാനങ്ങളിലും സംഘടനകളിലും വളർന്നുവരുന്നതും, അറിഞ്ഞോ അറിയാതെയോ പ്രോത്സാഹിക്കപ്പെടുന്നതുമായ, സാമൂഹ്യവിരുദ്ധ പ്രവണതകളെ മുളയിലേ നുള്ളാനുള്ള ആർജവം പരിചയസന്പത്തുള്ള നേതാക്കൾക്കും ഉണ്ടാകണം.
ഇതോടൊപ്പം നമ്മുടെ നാടിന് നഷ്ടമാകുന്നത് പൊതുഇടങ്ങളാണ് എന്ന തിരിച്ചറിവാണ് ഇനിയെങ്കിലും മലയാളം ഭരിക്കുന്നവർക്ക് ഉണ്ടാകേണ്ടത്. വായനശാലകളിൽ നിന്നും, മൈതാനങ്ങളിൽ നിന്നും ജാതിമത ഇടങ്ങളിലേയ്ക്ക് മാത്രം ഒരു സമൂഹം ഒതുങ്ങിപോകുന്പോഴാണ് സമൂഹമനസ് വിശാലമാകാതെ പോകുന്നത്. ഗൗരവത്തോടെ ഈ വിഷയത്തെ കാണാനും നമ്മുടെ നാട്ടിലെ യുവതയ്ക്ക് പരസ്പരം പങ്ക് വെക്കാനും, തിരിച്ചറിയാനും സാധിക്കുന്ന പൊതു ഇടങ്ങൾ കൊണ്ടുവരാൻ അധികാരികൾക്ക് സാധിക്കട്ടെ എന്നാഗ്രഹത്തോടെ...