മഴനൂലുകൾ...

പി.പി
“ഇക്കൊടും വറുതിചൂടി
ലിന്നീ മിഥുന രാത്രിയിൽ
നീ തന്ന മുത്തു-മാലയ്ക്ക്
കൂപ്പുകൈ കാലവർഷമേ-!”
(മഹാകവി പി. കുഞ്ഞിരാമൻ നായർ)
വെള്ളിനൂൽ പോലെ മഴത്തുള്ളികൾ പെയ്തിറങ്ങുന്ന കർക്കിടകമാസത്തിന്റെ സൗന്ദര്യവും സംഹാരശേഷിയും നാട്ടിലുള്ളവർ ഇപ്പോൾ അനുഭവിക്കുകയാണ്. ഓരോ തവണയും നാട്ടിലേയ്ക്ക് വിളിക്കുന്പോൾ നല്ല മഴയാണ് എന്ന പതിവ് പല്ലവി മാത്രം. പുറത്തേക്കിറങ്ങാൻ സമ്മതിക്കാത്ത മഴയോട് അവർക്ക് പരിഭവം ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ ഇങ്ങകലെ മരുഭൂമിയിൽ നേരം തെറ്റി പെയ്യുന്ന മഴച്ചാറ്റലുകൾ മാത്രം കണ്ട് ശീലിച്ച പ്രവാസികൾക്ക് മഴ എന്ന വാക്ക് തന്നെ നൽകുന്നത് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. നമ്മളെ സംബന്ധിച്ചിടത്തോളം മഴ പോലെ മനസിനെ നാട്ടിലേയ്ക്ക് എത്തിക്കുന്ന മറ്റൊരു വാക്കില്ല. അമ്മ എന്ന പദം പോലെ മലയാളിക്ക് ഏറ്റവും ഇഷ്ടമുള്ള വാക്കാണ് മഴ എന്നത്. കോലായിലെ ഓടിട്ട മച്ചിന്റെ മുകളിലൂടെ മഴത്തുള്ളികൾ ഒഴുകി വന്നപ്പോൾ അത് നേരെ കടന്നെത്തിയത് നമ്മുടെ ഹൃദയത്തിലേക്കായിരുന്നു എന്നു വേണം കരുതാൻ. ചിലപ്പോഴൊക്കെ മഴ ഒരു മലയാളിയാണോ എന്നു പോലും തോന്നിപ്പോകും ഈ വാക്കിനോടുള്ള നമ്മുടെ സ്നേഹം കാണുന്പോൾ. മനസിലെങ്കിലും കടലാസ് തോണികൾ ഒഴുകുന്ന നേരമാണ് മലയാളിക്ക് ഓരോ മഴക്കാലവും. മഴ ആരംഭിക്കുന്പോൾ സുന്ദരിയാണ്. നാണത്തോടെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കടന്നുപോകുന്ന പാവാടക്കാരി സുന്ദരി. പിന്നീട് പ്രതീക്ഷിക്കാതെയാണ് മഴ വളരുന്നത്. ആർത്തലച്ച്, പേമാരിയായി, പെയ്ത്തായി പെയ്തു തോരലായി മഴ മാറിമറയും.
മഴ പെയ്ത് തിമിർത്ത ഒരു കർക്കിടകത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. കൊഞ്ചിക്കരയുന്ന, വാശിപിടിച്ചു ചിണുങ്ങുന്ന ശൈശവത്തിലായിരിക്കണം ഓർമ്മയിൽ തെളിയുന്ന ആദ്യത്തെ മഴ ഞാൻ കണ്ടത്. ഒക്കത്തെടുത്ത് ഉമ്മറകോലായിൽ നിന്ന് വായിലേയ്ക്ക് ചോറുരുള വെച്ചു തന്ന അമ്മയാകണം എന്നെ ആ മഴ കാണിച്ചു തന്നതും. കുറച്ചു കൂടി മുതിർന്നപ്പോൾ വാഴയിലയും തലയിൽ ചൂടി മുറ്റത്തും പറന്പിലും കളിക്കൂട്ടുകാർക്കൊപ്പം ഓടിതിമർത്ത മഴക്കാല ഓർമ്മകൾ. നനഞ്ഞൊട്ടി തിരിച്ചു വീട്ടിലേയ്ക്ക് കയറുന്പോൾ സ്നേഹം ഒളിപ്പിച്ച് ദേഷ്യപ്പെട്ട് തല തുവർത്തി തരുന്ന അമ്മ. സ്കൂൾ തുറക്കുന്നതിനോടൊപ്പം ആർത്തലച്ചു പെയ്യുന്ന മഴയിൽ പുത്തനുടുപ്പ് നനച്ച്, ആടുന്ന ബെഞ്ചിലിരുന്ന് തുറന്നിട്ട ജനലിലൂടെ പുറത്ത് പെയ്യുന്ന മഴയോട് കിന്നാരം പറഞ്ഞത് ഓർമ്മകളിൽ ഇപ്പോഴും സജീവം. പൊടിമീശ വന്ന് വലിയ ആളായെന്ന് തോന്നിയപ്പോൾ ഒരു കുടയുടെ മുതലാളിയായി ഞാനും മാറി. പിന്നെയും എത്രയോ മഴ ഓർമ്മകൾ. മഴക്കാലത്ത് തീവണ്ടിയിലും ബസിലും കാറിലും മോട്ടോർ സൈക്കിളിലുമൊക്കെ യാത്ര ചെയ്യാൻ സാധിച്ച ഓർമ്മകൾ. മഴ സമ്മാനിച്ച സൗഹൃദങ്ങൾ. പ്രവാസലോകത്തിലേയ്ക്കുള്ള ആദ്യയാത്രയിലും മഴ ചാറിയിരുന്നു. അങ്ങിനെ ഓരോ ഘട്ടത്തിലും ഒരു കൂട്ടുകാരനെ പോലെ പെയ്താശ്വസിപ്പിച്ച മഴ. ഇത് എന്റെ മാത്രം ചില ഓർമ്മകൾ, ഇങ്ങിനെ ഓരോ മലയാളിയ്ക്കും കാണും എത്രയോ മഴ നിറഞ്ഞ ഓർമ്മക്കൂട്ടുകൾ.
മുന്പൊക്കെ മഴ വരുന്നതിന് മുന്പേ തുടങ്ങും റേഡിയോവിലെ പരസ്യം. “മഴ മഴ കുട കുട” ഓരോ മഴക്കാലത്തും പുതിയ കുടകൾ വിപണിയിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. ഏറ്റവും നീളമുള്ളത് മുതൽ മൂന്നും നാലുമായി മടക്കിവെയ്ക്കാവുന്ന കുടകൾ വരെ ഇതിലുണ്ടായിരുന്നു. കൃഷിക്കാരിയായിരുന്ന അച്ഛമ്മയുടെ കൈയിലുണ്ടായിരുന്ന ഓലക്കുട ഇപ്പോഴും വീടിന്റെ മൂലയിൽ പുരാവസ്തുവായി പണ്ട് പെയ്തൊലിച്ച മഴത്തുള്ളികളുടെ സ്മരണയിൽ വിശ്രമിക്കുന്നുണ്ട്. ഓരോ മഴക്കാലത്തും വീടിന്റെ ഉമ്മറത്ത് കഴുക്കോലിൽ തൂക്കിയിട്ടിരിക്കും നീളൻ കുടകൾ. പെരുമഴയത്ത് കാലൻ കുടയും പിടിച്ച്, മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ച് മലയാളി നടക്കുന്നത് കാണുന്പോൾ ഒരു ചക്രവർത്തിയുടെ ഭാവമാണ്. എടോ മഴേ, നിന്നെ ഞാൻ തോൽപ്പിക്കും എന്ന അഹങ്കാരം.
മലയാളി കുറച്ചൊക്കെ അലസനാണെന്ന ഒരു പൊതുവായ ആരോപണത്തിനും കാരണക്കാരൻ ഈ മഴയാണെന്ന് തോന്നുന്നു. വർഷത്തിൽ രണ്ട് തവണ ആഞ്ഞും ശാന്തമായും പെയ്തു തോരുന്ന മഴക്കാലത്ത് ഏതൊരു മലയാളിയാണ് ആവി പറക്കുന്ന കട്ടനും കൊത്തികൊറിക്കാൻ ഉപ്പേരികളുമായി ഒരു ചാരുകസേരയിൽ വെറുതെ ഇരിക്കാൻ ആഗ്രഹിക്കാത്തത്? മുന്പ് ബന്ധങ്ങളെ കൂട്ടിയുറപ്പിക്കുന്നതും മഴക്കാലമായിരുന്നു. കനത്ത മഴകാരണം പുറത്തേക്കിറങ്ങാൻ സാധിക്കാത്തപ്പോൾ, കുടുംബത്തിൽ തന്നെ പരസ്പരം വർത്തമാനം പറഞ്ഞുകൊണ്ട് നമ്മൾ സമയം ചെലവിടുന്നു. പുറത്ത് കാറ്റും മഴയും ആഞ്ഞടിക്കുന്പോൾ അകത്ത് കട്ടൻ ചായയുടെ മധുരത്തിൽ പരസ്പരം അറിയുന്ന ബന്ധങ്ങളും ബന്ധനങ്ങളും. പണ്ടൊക്കെ മഴക്കാലം ചക്കപ്പുഴുക്കിന്റെയും ചൂടുകഞ്ഞിയുടെയും കൂടി കാലമായിരുന്നു. ഒപ്പം ആയുർവേദത്തിന്റെയും. കർക്കിടക മാസമാണെങ്കിലും രാമായണത്തിന്റെ അലയൊലികൾ കേൾക്കാം.
മഴക്കാലം പലപ്പോഴും മനസിൽ പ്രണയം നിറക്കുന്ന കാലം കൂടിയാണ്. രാത്രിമഴകൾക്കാണ് ഈ പ്രത്യേകതയെന്ന് അനുഭവസന്പത്തുള്ളവർ പറയും. കൂടാതെ മഴക്കാലം നമ്മുടെ വികാരത്തിനെയും തീവ്രമാക്കുന്നു. സന്തോഷമെങ്കിൽ കൂടുതൽ സന്തോഷം, ദുഃഖമെങ്കിൽ കൂടുതൽ ദുഃഖം. സ്വാദും അസ്വസ്ഥതയും ഒക്കെ ഇതുപോലെ തന്നെ. സാഹിത്യത്തിന്റെ അസ്കിത പലർക്കുമുണ്ടാകുന്നതും ഈ കാലത്ത് തന്നെ. കഥയായും കവിതയായും അത് മഴയോടൊപ്പം നിറയും.
ഓരോ തവണയും കാർമേഘങ്ങൾ ഉരുണ്ട് തുടങ്ങുന്പോൾ ആകാശത്തെവിടെയോ ഇടിവെട്ടുന്പോൾ മിന്നൽ പിണരുകൾ പായുന്പോൾ മലയാളിയുടെ ഓർമ്മകൾ സടകുടഞ്ഞെഴുന്നേൽക്കുന്നു. ആകാശം മുഴുവനും പൊട്ടിയൊലിക്കുന്ന തരത്തിൽ മഴത്തുള്ളികൾ ഭൂമിയിലേയ്ക്ക് ആഞ്ഞു പതിക്കുന്പോൾ മനസും നിറയും. ബാല്യത്തിൽ ഇത്രമാത്രം വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങൾ അതുമല്ലെങ്കിൽ കടൽ ആകാശത്തുണ്ടോ എന്ന് സംശയിച്ചത് ഓർക്കട്ടെ. ആ സംശയം തീർക്കാൻ കുടയൊന്നു മാറ്റി മാനത്തേയ്ക്ക് നോക്കുന്പോഴേക്കും മുഖത്തേയ്ക്കും കണ്ണിലേയ്ക്കും ചറപറ എന്നു പറഞ്ഞ് പിന്നെയും മഴ. മഴ പാറി വീണ് പുത്തനുടുപ്പും സഞ്ചിയുമെല്ലാം നനഞ്ഞ് തണുത്ത് കൂട്ടം കൂടിയുള്ള നടപ്പ്. മഴ നനഞ്ഞ് തിളങ്ങുന്ന ചുറ്റുമുള്ള പച്ചപ്പ്. കലങ്ങി കലങ്ങി നിറഞ്ഞൊഴുകുന്ന പുഴ. കുളം, വെള്ളച്ചാലുകൾ, തോടുകൾ അങ്ങിനെ മഴയുടെ കളിയാട്ടം.
നശിച്ച മഴ എന്ന് എത്രയോ തവണ പറഞ്ഞിട്ടുണ്ടാകാമെങ്കിലും പിന്നെയും പിന്നെയും മഴ പെയ്യുന്പോൾ നമ്മൾ കൊച്ചുകുട്ടികൾ ആകുന്നു. മുറ്റത്തെ തളം കെട്ടി നിൽക്കുന്ന വെള്ളത്തിൽ അറിയാതെയെങ്കിലും ഇറക്കാനായി കടലാസ് തോണികൾ ഉണ്ടാക്കുന്നു. നാട് ചൂടായി മാറുന്പോഴും എന്റെയും സ്വപ്നം മഴവെള്ളത്തിൽ ചാഞ്ചാടി നീങ്ങുന്ന ആ കടലാസ് തോണികൾ തന്നെ!
“മഴയും വേണം കുടയും വേണം
കുടിയും വേണം
കുടിയിലൊരിത്തിരി തീയും വേണം
കരളിലൊത്തിരി കനിവും വേണം
കൈയിലൊത്തിരി കാശും വേണം
ജീവിതമെന്നാൽ പരമാനന്ദം.”− കുഞ്ഞുണ്ണി മാഷ്