ജനിമൃതികൾക്കിടയിലെ അല്പനേരം

ഇസ്മായിൽ പതിയാരക്കര
പിതൃസഹോദരന്റെ മകന്റെ പുത്രിയുടെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്ന് വന്ന ഫോൺ കോൾ മനസിലേയ്ക്ക് പറത്തിവിട്ടത് അപ്പൂപ്പൻ താടിപോലെ ഒരുപാട് ചിന്തകളായിരുന്നു.
പത്തൊന്പത് വർഷം മുന്പെ ആശുപത്രി വരാന്തയിൽ വെച്ച് ഞങ്ങളുടെ വലിയ കുടുംബത്തിലേയ്ക്ക് ഒരു കുട്ടി പിറന്നു എന്ന സന്തോഷവാർത്ത ഇന്നലെ കേട്ട പോലെ കാതിൻ തുന്പത്ത് പറ്റിപ്പിടിച്ചു നിൽക്കുന്നു.
നീണ്ട വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു കളഞ്ഞതെന്നാലോചിച്ചിരുന്നപ്പോൾ ഏതു ‘മാപിനി’ ഉപയോഗിച്ചാണ് നാമീ പ്രതിഭാസത്തിന്റെ വേഗത അളക്കുക എന്നു വെറുതെ സന്ദേഹിച്ചു പോയി.
ശ്വാസത്തിന്റെയും ഇച്ഛ്വാസത്തിന്റെയും നേരിയ ഇടവേളകളിലെ മരണമെന്ന കാറ്റു വീശിയാൽ അണഞ്ഞു പോകാൻ മാത്രം നിസാരവും ഒപ്പം തന്നെ ദൈവം എഴുതി വെച്ച തിരക്കഥക്കനുസരിച്ച് നീങ്ങുന്ന. അടുത്ത രംഗം ഏതാണെന്നു പോലുമറിയാത്ത മനുഷ്യജീവിതം എന്ന സമസ്യയിലേക്ക് ചിന്തകൾ പടർന്നു കയറി.
നന്മകളുടെ വെളിച്ചം അണയാൻ തുടങ്ങുന്ന തിന്മകളുടെ ഇരുട്ടു പടരാൻ പതുങ്ങി നിൽക്കുന്ന ഇക്കാലത്ത് നാം എന്ന നിസാരതയെ മറന്നതല്ല യഥാർത്ഥമായും എല്ലാ പ്രതിസന്ധികളുടെയും കാതൽ. അപരന് അർഹതപ്പെട്ടത് അപഹരിക്കപ്പെടുന്പോൾ അന്യായമായി മറ്റൊരാളെ മരണത്തിനു കൂട്ടിക്കൊടുക്കുന്പോൾ പിഞ്ചു ബാലികമാരെ പിച്ചിച്ചീന്തിയെറിയുന്പോൾ, ജനങ്ങൾക്ക് മുഴുവനായും അവകാശപ്പെട്ട മുതലുകൾ അഴിമതിയെന്ന പേരിൽ അന്യായമായി തട്ടിപ്പറിക്കുന്പോൾ, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തിന്മകളുടെ കുടെപ്പിറപ്പുകളായി മാറിപ്പോകുന്ന മനുഷ്യൻ ഇതൊക്കെയും ചെയ്തു പോകുന്നത് അവന് അവനെപ്പറ്റിയുള്ള ബോധം നഷ്ടപ്പെട്ടു പോകുന്നതു കൊണ്ടാണ്.
ഏതു സമയവും ദേഹിയെ ദൈവത്തിനും ദേഹത്തെ മണ്ണിനും, സന്പത്തിനെ മറ്റാർക്കെങ്കിലും പകുത്തു വെച്ച് പടിയിറങ്ങിപ്പോകേണ്ടതാണെന്ന ചിന്ത ചിതലരിച്ചു പോയതാണ് ഭൂമിയിലെ കുഴപ്പങ്ങൾക്കെയും കാരണമെന്നതാണ് എന്റെയൊരു കാഴ്ചപ്പാട്.
തിന്മകളുടെ അവതാരങ്ങളായി തിമിർത്താടി അവസാനം സകല മനുഷ്യരെക്കൊണ്ടും പ്രാകിച്ചു കടന്നുപോകുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതല്ലെ മറ്റുള്ളവരുടെ മനസുകളിൽ നന്മയുടെ നിനവാർന്ന ചിത്രമായി തൂങ്ങിക്കിടക്കാൻ കഴിയുന്നത്. ഒരു സുഖമുള്ള നൊന്പരമായി ആരുടെയെങ്കിലും മനസകങ്ങളിൽ കുടികൊള്ളാൻ കഴിയുന്നതല്ലെ ഏറ്റവും വലിയ ജന്മസുകൃതം.
സമീപകാലത്തായി നമ്മൾ കണ്ടുവരുന്ന ഒരു കാര്യം തിന്മകളുടെ സ്ഥാനത്ത് നിലയുറപ്പിച്ച പ്രതി നായകന്മാർ വാർത്തകളാൽ ആഘോഷിക്കപ്പെടുന്നു എന്നതാണ് ഗോവിന്ദച്ചാമിയും അമീറുൽ ഇസ്ലാമുമൊക്കെ കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും പരിചിതരായത് അവർ ചെയ്ത ധീരകൃത്യങ്ങൾ കൊണ്ടല്ല മറിച്ച്, മനസു മരവിച്ച തിന്മകൾ കൊണ്ടാണ്. ഇതേപോലെ ഓരോ ദിവസത്തെ ക്രൂരതകളും കൊലപാതകങ്ങളും ഒന്നിച്ച് അരമണിക്കൂർ നേരം വീട്ടകങ്ങളിൽ വിളന്പിക്കൊടുക്കുന്ന ചാനൽ സംസ്കാരം ഉയർത്തുന്ന ചോദ്യവും വിശകലന വിധേയമാക്കപ്പടേണ്ടതാണ്.
രണ്ടു പേർ തമ്മിൽ ശണ്ധ കൂടുന്നത് വായും പൊളിച്ച് നോക്കി നിൽക്കാനും അവരുടെ വായിൽ നിന്നു നിർഗളിക്കുന്ന അസഭ്യവാക്കുകൾ ആസ്വദിക്കാനുമുള്ള മലയാളിയുടെ ഉള്ളിന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ത്വരയെ ത്വരിതപ്പെടുത്തുക എന്നതല്ലാതെ പ്രൈംടൈം ചർച്ചകളിലെ വാഗ്വാദങ്ങൾ കൊണ്ട് കേരള സംസ്ഥാനത്തിന്റെ ഏതെങ്കിലും മേഖലക്ക് എന്ത് ഗുണമാണ് ഉണ്ടായിട്ടുള്ളതെന്ന് കൂടി ഓർക്കുക.
പണ്ട് കാലത്ത് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സംശുദ്ധ വ്യക്തിത്വങ്ങളാണ് നമ്മുടെ വാർത്താ പ്രഭാതങ്ങളെ പരിപോഷിപ്പിച്ചിരുന്നതെങ്കിൽ ഇന്ന് ആ സ്ഥാനം പൾസർ സുനിയെപ്പോലുള്ള ഗുണ്ടകൾ ഏറ്റെടുത്തിരിക്കുന്നു എന്നു വേണം അനുമാനിക്കാൻ.
മനസിൽ തങ്ക വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചിരുന്ന പല പേരുകളും വെറും മുക്കുപണ്ടങ്ങൾ മാത്രമായിരുന്നുവെന്ന തിരിച്ചറിവിൽ നിന്നും പുതിയൊരു ലോകം ഞാനുൾപ്പെടെയുള്ള മലയാളി സമൂഹത്തിന് സാധ്യമായിത്തീരട്ടെ എന്ന പ്രത്യാശയോടെ.
‘ഭൂമിയാകുന്ന വലിയ മരക്കൊന്പിൽ അൽപനേരം വന്നിരുന്ന് വിശ്രമിച്ച് മറ്റൊരിടത്തേക്ക് പറന്നുപോകുന്ന പക്ഷിക്ക് സമാനമാണ് ഇവിടുത്തെ മനുഷ്യജീവിതം.’− അല്ലാമാ ഇഖ്ബാൽ