അസ്വസ്ഥമായ ചിന്തകൾ മനസിനെ ആകുലപ്പെടുത്തും

ഡോ. ജോൺ പനയ്ക്കൽ
john.panackel@gmail.com
ഈശ്വരൻ പകലും രാത്രിയും ഉണ്ടാക്കിയത് ജീവജാലങ്ങൾ പകൽ അദ്ധ്വാനിക്കുന്നതിനും രാത്രി വിശ്രമിക്കുന്നതിനുമാണ് എന്ന് പണ്ടുതൊട്ടേ പറഞ്ഞുകേട്ടിട്ടുണ്ട്. പകലിലെ ബഹളവും രാത്രിയിലെ ശാന്തതയുമൊക്കെ പണ്ടായിരുന്നു. ഇന്ന് പകലും രാവും ഒരുപോലെ ശബ്ദായമാനമാണ്. നമ്മുടെ ജീവിതചര്യയിൽ കാലചക്രത്തിരിവിന്റെ ക്രമക്കേടുകൊണ്ട് പല രാത്രികളും പകലുകളായി മാറുന്നു. രാത്രി വളരെ വൈകി ഉറങ്ങാൻ പോകുന്ന പ്രകൃതമാണ് ഇന്ന് പ്രവാസലോകത്ത് പല ഭവനങ്ങളിലുമുള്ളത്. അതിന് മതിയായ കാരണങ്ങളുമുണ്ടാകാം. പാതിരാത്രി കഴിഞ്ഞ് കിടക്കയിലേയ്ക്ക് പോകയും പ്രഭാതത്തിൽ പ്രവർത്തി ദിവസങ്ങളിൽ നേരത്തെ എഴുന്നേറ്റ് ദിനചര്യകളിൽ ബദ്ധശ്രദ്ധരാവുകയും ചെയ്യുന്നവർ ഒരു അവധി ദിവസത്തിനായി ദാഹിക്കും. രാവിലെ കുറേനേരം കിടന്ന് ഉറങ്ങാൻ. കൃത്യമായ ഒരു ടൈംടേബിളുമായി ഓരോദിവസത്തെയും അഭിമുഖീകരിക്കാൻ നമുക്ക് പലപ്പോഴും സാധിക്കുന്നില്ല, കൃത്യസമയത്ത് ആഹാരം കഴിക്കുന്നില്ല. കൃത്യസമയത്ത് വ്യായാമം ചെയ്യുന്നില്ല, പിന്നെ കൃത്യമായി എങ്ങനെ ഉറങ്ങാൻ കഴിയും. ഉറക്കം വരാത്ത രാത്രികളെപ്പറ്റി ഒരുപാട് പറയാൻ നമുക്ക് ഒക്കെ കാണും. ചുറ്റുപാടും നിശബ്ദതയിലും നിദ്രയിലുമായി വിശ്രമിക്കുന്പോൾ രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലും ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞുംകിടന്ന് മനമിളക്കുന്ന പലരുമുണ്ട്. ഇത് എന്തുകൊണ്ട്? ഇതിന് ഒരുപ്രതിവിധിയുണ്ടോ? ഈ വക ചോദ്യങ്ങളുടെ ഉത്തരങ്ങളിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒരു ഓർമ്മക്കുറിപ്പായി ഈ ലേഖനത്തെ കരുതുക.
ഉറക്കത്തിന്റെ ശാസ്ത്രത്തെ പല തരത്തിലും മനഃശാസ്ത്രജ്ഞന്മാർ വ്യാഖ്യാനിക്കാറുണ്ട്. ഉണർന്നിരിക്കുന്പോൾ ബോധമനസും ഉറക്കത്തിൽ ഉപബോധമനസും മനുഷ്യനെ നിയന്ത്രിക്കുമെന്നതാണ് ഒരുവ്യാഖ്യാനം. അസ്വസ്ഥമായ ഉപബോധമനസ് ഉറക്കം കെടുത്തും. ഉണർവിൽ ഉപബോധമനസ് താഴ്ത്തട്ടിലും ബോധമനസ് മേൽത്തട്ടിലുമായിരിക്കും. ഉറക്കം വന്നുതുടങ്ങുന്പോൾ ക്രമേണ ഉപബോധമനസ് മേൽത്തട്ടിലേക്ക് ഉയർന്ന് ബോധമനസിനും മുകളിലേക്ക് സ്ഥാനം പിടിക്കുന്നു. അപ്പോഴാണ് നിദ്രയാരംഭിക്കുന്നത്. തലച്ചോറിൽ നിന്ന് 0 മുതൽ 7 വരെ ഒരുസെക്കന്റിൽ ഇലക്ട്രോ മാഗ്നറ്റിക് വീചികൾ പുറപ്പെടുന്ന ശാന്തമായ അവസ്ഥയായിരിക്കും ഉറക്കത്തിൽ. ഇതിനെ ഡെൽറ്റാ േസ്റ്റജ് എന്ന് നാമകരണം ചെയ്തിരിക്കുന്നു. എന്നാൽ വീചികളുടെഎണ്ണം (Cycles per second - CPS) ഏഴിൽ കൂടുന്പോൾ ഉറക്കമില്ലാത്ത അവസ്ഥയാണ്. തലച്ചോറ് വിശ്രമിക്കുന്നില്ല എന്നർത്ഥം. ഇതിന് പല കാരണങ്ങളും കാണാം.
1. ആവശ്യത്തിന് ഓക്സിജൻ തലച്ചോറിൽ എത്തിയിരിക്കണം. ഏതെങ്കിലും അനാരോഗ്യ കാരണങ്ങളാൽ ഈ പ്രവാഹം നടക്കുന്നില്ലായെങ്കിൽ തലച്ചോറിന് ‘ശ്വാസം മുട്ടും. CPS കൂടും. ഉറക്കം നഷ്ടപ്പെടും.
2. ദഹനത്തിന് രക്തപ്രവാഹം ആവശ്യമാണ്. ഉദരത്തിന് ചുറ്റുമുള്ള രക്തപ്രവാഹം ദഹനസമയത്ത് വർദ്ധിക്കും. ശരീരത്തിന്റെ മറ്റ് അവയവങ്ങളിലെ രക്തപ്രവാഹത്തിന്റെ ആക്കം അപ്പോൾ കുറയുന്നു. തലച്ചോറിലെ രക്തം വയറിന് ചുറ്റും കൂടുന്നു എന്നർത്ഥം. രക്തപ്രവാഹത്തിന്റെ ശുഷ്കതയിൽ ഉറക്കം നഷ്ടപ്പെടാം. രാത്രി വളരെ വൈകി അമിതഭക്ഷണം കഴിച്ചാൽ ഇങ്ങനെ സംഭവിക്കുമെന്ന് ശരീര ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്.
3. രാത്രിയിൽ തുടരെ വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ട്. വെള്ളം ഉദര ശുദ്ധികരണപ്രക്രിയ നടത്തുന്പോൾ ഹൈഡ്രോതെറാപ്പി എന്നതിനെ വിളിക്കും. ആമാശയം, അന്നനാളം, ചെറുകുടൽ, വൻകുടൽ, മലാശയം ഇവയെ ശുദ്ധീകരിക്കാനായി ഹൈഡ്രോതെറാപ്പി സഹായിക്കും. എന്നാൽ രാത്രി വിശ്രമിക്കേണ്ട സമയത്ത് അമിതമായി വെള്ളം കുടിച്ചാൽ മൂത്രശങ്ക വർദ്ധിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് ചില ഭിഷഗ്വരന്മാർ രാത്രിഭക്ഷണത്തിനുശേഷം വെള്ളം കുടിക്കുന്നത് വിലക്കുന്നുണ്ട്.
4. രോഗാവസ്ഥയിലുള്ള ഒരുവ്യക്തിക്ക് ഉറക്കം ക്രമമായി ലഭിക്കുകയില്ല. രോഗത്തിന്റെ ശക്തി അയാളെ ശാരീരികമായി അലട്ടുന്നതുകൊണ്ടാണിത്. അവർക്ക് ഉറക്കം വരുന്നതിനായി ഗുളികകൾ നൽകാറുണ്ട്. രോഗവിമോചനം ലഭിക്കുന്പോൾ ഉറക്കം തിരിച്ച് കിട്ടാറുമുണ്ട്.
5. അസ്വസ്ഥമായ ചിന്തകൾ മനസിനെ ആകുലപ്പെടുത്തും. പ്രിയപ്പെട്ടവരുടെ വേർപാട്, അപകടങ്ങൾ, പരാജയങ്ങൾ, പഴിചാരലുകൾ, ഭീഷണികൾ, അസൂയ ഇവയൊക്കെ ആകുലതയുടെ ചില കാരണങ്ങളാണ്. അപ്പോൾ ഉറക്കം വരികയില്ല. ദുഃസ്വപ്നങ്ങൾ ദർശിക്കാൻ തുടങ്ങും. അത്തരം സ്വപ്നങ്ങളിലെ ഹീറോ ആകുന്നതിനു പകരം നാം സീറോ ആയി മാറും. എപ്പോഴും പരാജയമായിരിക്കും നമുക്ക് അഭിമുഖികരിക്കേണ്ടിവരുന്നത്. സ്വപ്നത്തിന്റെ അന്ത്യത്തിൽ ഞെട്ടി ഉണരുകയും ചെയ്യും. ഈ അവസ്ഥ വലിയ മാനസിക പ്രത്യാഘാതങ്ങൾക്ക് വഴിത്തിരിയിടും.
ഉറക്കത്തിന് മൂന്ന് അവസ്ഥകളുണ്ട് പോലും! അവയിൽ ആദ്യത്തേതാണ് മയക്കം. ഒന്ന് മയങ്ങട്ടെ എന്ന് ചിലർ നാടൻപ്രയോഗം നടത്താറില്ലേ? ഉച്ച വിശ്രമമുള്ള ജോലിക്കാർ ഉച്ചഭക്ഷണം കഴിഞ്ഞ് ഒന്ന് മയങ്ങും. ഒരുമണിക്കൂർ നേരത്തേക്കെങ്കിലും. ഇത് ഉറക്കമാണോ? ഇതിനെയും ഉറക്കമായികണക്കാക്കാം. കാരണം ഏതുതരം ഉറക്കത്തിന്റെയും പ്രാരംഭം മയക്കമാണ്. കുഞ്ഞുങ്ങളുടെ മയക്കസമയം തുലോം കുറവാണ്. അവർ കണ്ണടച്ചുകഴിഞ്ഞ് സെക്കന്റുകൾക്കുള്ളിൽ ഉറക്കത്തിലേക്ക് വഴുതിവീഴും. പ്രായം വർദ്ധിക്കുന്തോറും മയക്കസമയം കൂടും. വൃദ്ധർ ശരിക്ക് ഉറങ്ങാറേയില്ല. കൂടുതൽ സമയവും മയക്കത്തിലായിരിക്കും. മയക്കം, ലഘുനിദ്ര, ഗാഢനിദ്ര എന്നിവയാണ് ഉറക്കത്തിന്റെ മൂന്ന് അവസ്ഥകൾ.
മയക്കം ഉറക്കത്തിന്റെ ആരംഭത്തിലും അവസാനത്തിലുമുണ്ട്. ഇവ മിനുട്ടുകളുടെ ദൈർഘ്യം മാത്രം ഉള്ള മയക്കങ്ങളാണ്. ഉറങ്ങാൻ കിടക്കുന്പോൾ പതുക്കെ മയക്കത്തിലാകുന്നു. ദിവസത്തെ നല്ല ഓർമ്മകൾ മയക്കത്തിന്റെ ദൈർഘ്യം കുറയ്ക്കുകയും മുറിപ്പെടുത്തുന്ന ഓർമ്മകൾ മയക്കത്തിന്റെ ദൈർഘ്യം കൂട്ടുകയും ചെയ്യുന്നു. മയക്കത്തിന് ശേഷം ലഘുനിദ്രയാണ്. രണ്ട് മണിക്കൂറോളം നീളുന്ന ലഘുനിദ്രാസമയത്ത് ചെറുശബ്ദം പോലും നമ്മെ ഉണർത്തും. ലഘുനിദ്രാസമയത്താണ് സ്വപ്നങ്ങളുടെ വേലിയേറ്റം. ഇതിനുശേഷമാണ് ഗാഢനിദ്ര. മരണത്തിന് തുല്യമാണീ ഗാഢനിദ്ര. അതുകൊണ്ടുതന്നെയാണ് നിദ്ര എന്നതിന് ഉറക്കം എന്നും മരണമെന്നും രണ്ടർത്ഥമുള്ളത്. ഗാഢനിദ്ര അരമണിക്കൂർ ആയാലും കുഴപ്പമില്ല. വൃദ്ധർക്ക് ഗാഢനിദ്ര ലഭിക്കാറില്ല എന്നും പറയുന്നുണ്ട്. ചുറ്റുപാടും എന്തുസംഭവിച്ചാലും അറിയാത്ത അവസ്ഥയാണിത്. ഗാഢനിദ്രയ്ക്ക് ശേഷം വീണ്ടും ലഘുനിദ്രയിലേയ്ക്ക് എത്തുന്നു. അവസാനം വെളുപ്പിനെ ലഘുനിദ്രയിൽ നിന്ന് മയക്കത്തിലേയ്ക്ക്. ഈ മയക്കത്തിന്റെ അവസാനത്തിൽ പുതുദിനത്തെപ്പറ്റി പ്ലാൻ ചെയ്യുന്നത് ആരോഗ്യകരമാണ്. പ്ലാനിംഗിനുള്ള Strong moments എന്ന് ഇതിനെ മനഃശാസ്ത്രജ്ഞർ പറയും. വെളുപ്പിനെയുള്ള മയക്കത്തിൽ നിന്ന് ഉണരുന്ന വ്യക്തി പുതുമനസ്സോടെ, പുതുശക്തിയോടെ, ഊർജ്ജസ്വലനായിരിക്കും. വിദ്യാർത്ഥികളുടെ Strong Hours അപ്പോഴാണ്. വെളുപ്പിന് നാല് മണിമുതൽ രാവിലെ ആറ് മണിവരെ. രാത്രിവിശ്രമത്തിനുശേഷം ഈ സമയത്ത് പഠിക്കുന്ന പാഠങ്ങൾ മനസ്സിൽ വേരുറപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രാത്രി വൈകി പഠിക്കാനിരിക്കുന്ന വിദ്യാർത്ഥികളേക്കാൾ ഓർമ്മശക്തിയും ശ്രദ്ധാശക്തിയും വെളുപ്പിനേ എഴുന്നേറ്റ് പഠിക്കുന്ന കുട്ടികൾക്ക് ഉണ്ടാകും.
ഉറക്കമില്ലാത്തവർ നാല് മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതായും പരീക്ഷണ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു. ആശങ്ക (Anxiety) ആണ് ആദ്യത്തെ അവസ്ഥ. ചെറിയ കാര്യങ്ങളിൽ പോലും ആശങ്ക. നടക്കുമോ, നടക്കുകയില്ലയോ ? വിശ്വസിക്കാമോ, വിശ്വസിക്കാതിരിക്കണോ? എന്നൊക്കെയുള്ള ആശങ്ക. വ്യായാമമില്ലാത്ത ഒരു സ്ഥൂലഗാത്രനെപ്പോലെ വിശ്രമമില്ലാത്ത മനസ് തടിച്ച് കൊഴുക്കുന്നതു കൊണ്ടാണ് ആശങ്കയുണ്ടാക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥക്ക് കാരണമെന്തെന്ന് തിരിച്ചറിഞ്ഞ് പ്രതിവിധിതേടാൻ ഒരുഡോക്ടറെയോ മനശാസ്ത്രജ്ഞനെയോസമീപിച്ച് മുളയിലെതന്നെ ആശങ്ക നുള്ളിക്കളയുന്നതായിരിക്കും ഉത്തമം. ആശങ്ക പരിധിവിട്ടാൽ ഒരുവൻ വിഷാദത്തിേലക്ക് (Depression) വഴുതിവീഴും. ഇത് മുഖത്ത് പ്രകടമാകും. ഒരുദുഃഖഭാവമായിരിക്കും വദന പേശികളിൽ പ്രതിഫലിക്കുന്നത്. ഒന്നിനും മുന്നോട്ട് വരുന്നതിനുള്ള ശക്തി(Push) ലഭിക്കാത്ത അവസ്ഥയാണ് വിഷാദത്തിന്റെ അവസ്ഥ. എനിക്കിങ്ങനെ സംഭവിച്ചല്ലോ എന്നോർത്ത് എപ്പോഴും ആകുലചിത്തരായിരിക്കും ഇത്തരക്കാർ. ഒന്നും ശരിയാവുകയില്ല എന്ന ചിന്ത അവരെ ഭരിക്കും. ശുഭപ്തി വിശ്വാസം അവരിൽ നിന്ന് അകലും. മരുന്ന് കഴിക്കാൻ പോലും അവർക്ക് മടിയായിരിക്കും. വിഷാദരോഗമുള്ളവർ തീർച്ചയായും മനോരോഗവിദഗ്ദ്ധരെ കണ്ട് മരുന്ന് കഴിക്കണം.
വിഷാദരോഗം മൂർച്ഛിക്കുന്പോൾ എന്തിനേയും ഏതിനേയും സംശയിക്കാനുള്ള പ്രവണതയുണ്ടാകും. മൂന്നാമത്തെ അവസ്ഥയാണിത്. ‘സംശയരോഗാവസ്ഥ’. പാരനോയിയ എന്ന് വൈദ്യശാസ്ത്രത്തിൽ ഇതിനെ അറിയപ്പെടുന്നു. സംശയ രോഗം ബാധിച്ച വ്യക്തി ജീവിതസഖിയെയായിരിക്കും കൂടുതലും അലട്ടുന്നത്. ശക്തമായ കൗൺസിലിംഗിൽ കൂടെയും ദീർഘനാളത്തെ ചികിത്സയിലൂടെയും മാത്രമേ പാരനോയിയായിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ. ചിലർ ജീവിതകാലമത്രയും മരുന്നുകഴിക്കേണ്ടിവരും. പാരനോയിയായുടെ പാരമ്യതയിൽ ആത്മഹത്യാശ്രമം വരെ ഉണ്ടാകും. ഉറക്കമില്ലായ്മയിൽ നിന്നുണ്ടാകുന്ന വൈധരണികൾ എത്രയധികം? സംശയരോഗമുള്ളവർക്ക് ഗാഢനിദ്ര ലഭിക്കുകയേ ഇല്ല. അവരുടെ മനസ് സംശത്തിന്റെ സാക്ഷാത്കാരം തേടി ഉണർന്നിരിക്കുന്നതുകൊണ്ടാണിത്. ഈ അസ്വസ്ഥതയുള്ളവർ മരുന്ന് കഴിക്കാൻ വിസമ്മതിക്കും. രോഗം മറ്റുള്ളവരിലേക്ക് കെട്ടിവെയ്ക്കാൻ അവർ പരിശ്രമിക്കും. മരുന്നിനും കീഴടക്കാനൊക്കാത്ത മാനസികാവസ്ഥയിലേക്ക് അവർ വളരെവേഗം സഞ്ചരിച്ചുകൊണ്ടിരിക്കും. ചുറ്റുപാടുമുള്ള ചെറുചലനങ്ങൾ പോലും അവരിൽ അസ്വസ്ഥത ഉളവാക്കും.
പാരനോയിയായ്ക്ക് ശേഷമുള്ള അവസ്ഥയാണ് Hallucination. മായാകാഴ്ചകൾ കാണുന്ന അവസ്ഥ. ഒരു മാന്ത്രികനെപ്പോലെ അവരുടെ മനസ് അവരെ ജാലവിദ്യകൾ കാണിച്ചുകൊണ്ടിരിക്കും. ഇല്ലാത്തത് ഉണ്ടെന്നും അസംഭവ്യമായവ സംഭവിക്കുന്നുവെന്നും കൺമുന്നിൽ അവർ കാണും. ഭീകരമായ മാനസികാവസ്ഥയാണിത്.
മേൽപ്പറഞ്ഞ നാലു മാനസിക അസ്വാസ്ഥ്യ അവസ്ഥകൾക്ക് മൂലകാരണമാണ് ഉറക്കമില്ലായ്മ. പല കാരണങ്ങളിൽ ഒന്നാണിത്. ഉറക്കമില്ലാത്ത ഒരു വ്യക്തിയുടെ അനുഭവ കഥയിങ്ങനെ. ഒരു പ്രൈവറ്റ് ബസ് സ്റ്റാന്റിലെ ചുമട്ടു തൊഴിലാളിയായിരുന്നു അയാൾ. നാല്പതുകളിലെത്തിയപ്പോൾ ഉറക്കമില്ലാത്ത അവസ്ഥ. യൗവനത്തിൽ അമിതമദ്യപാനം അയാളുടെ ശീലമായിരുന്നു. കൂടെ മയക്കുമരുന്നും. ഒരു കുപ്പിയെങ്കിലും അകത്താക്കിയില്ലെങ്കിൽ ഇയാൾക്ക് ഉറക്കം വരികയില്ല. അതുകൊണ്ടുതന്നെ ഉറങ്ങാൻ കിടക്കുന്നതിന് മുന്പാണ് അയാൾ മദ്യപിക്കുന്നത്. മദ്യപിച്ച് കഴിഞ്ഞാൽ പിന്നീട് വീട്ടിൽ നിന്നും ഇറങ്ങി ഓടും. ഇടവഴികളിലൂടെ, കുരച്ചുകൊണ്ട് പിറകെ ഓടുന്ന നായ്ക്കളുടെ അകന്പടിയോടെ അയാൾ കുറേദൂരം ഓടും. എന്നിട്ട് കിതച്ചുകൊണ്ട് വീട്ടിൽ വന്ന് വിയർപ്പോടെ കിടന്നുറങ്ങും. കടുത്ത സംശയ രോഗിയായിതീർന്നു അയാൾ. അതിദാരുണമായി ഭാര്യയെ സംശയിക്കുന്നു. മരുന്നുകളൊന്നും അയാളിൽ ഫലം ചെയ്തിരുന്നില്ല. ഒടുവിൽ ഒരുലഹരിവിമോചന കേന്ദ്രത്തിലയാൾ അഭയം തേടി! ഒരുമാസത്തെ താമസത്തിനുശേഷം ലഹരിയിൽ നിന്ന് മുക്തിനേടി തിരികെ വീട്ടിലേയ്ക്ക് പോകാനൊരുങ്ങുന്പോൾ എന്നെ കണ്ടുമുട്ടി. എന്നോട് ചോദിച്ചു
‘സാറേ നൂറു രൂപ തരുമോ?’
‘എന്തിന്?’
‘മരുന്നു വാങ്ങാൻ’
ഞാൻ മനസോടെ അയാൾക്ക് നൂറു രൂപ നൽകി. ശുഭാശംസകളോടെ വിട ചൊല്ലി. പിറ്റേദിവസം കേട്ടത് അയാളുടെ ആത്മഹത്യാ വാർത്തയാണ്. ഞാൻ കൊടുത്ത നൂറുരൂപ വിഷം വാങ്ങാൻ ഉപയോഗിച്ചോ എന്ന് ഞാൻ ഇന്നും സംശയിക്കുന്നു.
ശരീരാത്മമനസുകളുടെ ചിറകുകരിക്കുവാൻ ഉറക്കമില്ലായ്മയ്ക്കും ആസക്തിരോഗത്തിനും കഴിയുമെന്ന് മനസിലാക്കുക. സ്വസ്ഥമായ മനസ് ആരോഗ്യമുള്ള ശരീരത്തിൽ കുടികൊള്ളുന്നു. ശരീരത്തിന്റെയും മനസിന്റെയും സ്വസ്ഥതയാണ് ആത്മാവിന് നിർവൃതിനൽകുന്നത്. ആർദ്രചിന്തകളും ‘എന്നെപ്പോലെ മറ്റുള്ളവരും ജീവിക്കട്ടെ’ എന്ന അയൽ സ്നേഹവും മനസിൽ നിറയുന്നവന് കിടക്ക കാണേണ്ട താമസം, ഉറക്കം വരും.
ഉറക്കമില്ലായ്മയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങൾ
1. ശരീര ശുചിത്വം പാലിക്കുക. (Absolute cleanliness)
2. ശരീരോഷ്‌മാവ് നിയന്ത്രിക്കുക. തണുത്ത ശരീരം ഉറക്കം വിളിച്ചുവരുത്തും.
3. കൃത്യസമയത്ത് ആഹാരം കഴിക്കുക. (കൊഴുപ്പ് ഒഴിവാക്കിയുള്ള പോഷകാഹാരം)
4. ഉറക്ക ലക്ഷണം വന്നശേഷം ഉറങ്ങാൻ പോവുക.
5. ശരീരത്തിലെ ജലത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കുക. (Aviod Dehydration)
6. ദിവസേന വ്യായാമം ചെയ്യുക. അധിക ഊർജ്ജം എരിച്ചുകളയാൻ (Extra calory) ഈ വ്യായാമം ഉതകട്ടെ.
7. ദിവസേന അരമണിക്കൂറെങ്കിലും ധ്യാനത്തിൽ മുഴുകുക. നിശബ്ദതയിൽ നിശബ്ദനായി ഒറ്റയ്ക്കിരിക്കുന്നതാണ് ഉത്തമം.
8. കിടക്കയിലേയ്ക്ക് പോകുന്നതിന് മുന്പ് ഇഷ്ടഗാനങ്ങളോ ലഘുപ്രഭാഷണങ്ങളോ ശ്രവിക്കുക.
9. ചെറുപ്പത്തിലേയ്ക്ക് മടങ്ങുക (Guided im-agery). മധുരിക്കുന്ന ബാല്യകാല ഓർമ്മകളിലേയ്ക്ക്, പഴയ മാഞ്ചുവട്ടിലേയ്ക്ക് മനസിനെ സ്വച്ഛന്ദം വിഹരിക്കാൻ അനുവദിക്കുക.
10. ഇന്ന് ഞാൻ എന്തു നന്മ മറ്റുള്ളവന് ചെയ്തു? ഒരുഅപഗ്രഥനം നടത്തുക.
ഈ പത്തുപടികൾ ചവിട്ടികയറുക. വിജയം നിശ്ചയം,!!!
ഉറക്കത്തിന്റെ അവാച്യമായ സ്വസ്ഥതയിലേയ്ക്ക്, അനുഭൂതിയിലേക്ക് പ്രവേശിക്കുക ഒരു അനുഗ്രഹം തന്നെ!