രാമകഥാമൃതം - ഭാഗം 11

എ. ശിവപ്രസാദ്
വിരാധ വധത്തിനു ശേഷം രാമലക്ഷ്മണന്മാർ ശരഭംഗ മഹർഷിയുടെ ആശ്രമത്തിലെത്തി. ശരഭംഗ മഹർഷിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ അവർ നേരെ പോയത് സുതീക്ഷ്ണമഹർഷിയുടെ ആശ്രമത്തിലേക്കാണ്. സുതീക്ഷ്ണാശ്രമത്തിൽ രണ്ട് ദിവസം താമസിച്ച അവർ ദണ്ധകാരണ്യത്തിലുള്ള മറ്റ് അനേകം മഹർഷിമാരെ സന്ദർശിക്കാനായി പുറപ്പെട്ടു.
രാമൻ അതിവേഗം നടന്നു. സീത പിന്നാലെയും ലക്ഷ്മണൻ അന്പും വില്ലും ധരിച്ച് അവരുടെ പുറകെയും നടന്നു. പ്രകൃതിരമണീയമായ അനേകം പ്രദേശങ്ങൾ അവർ കടന്നുപോയി. ശ്രീരാമന്റെ മനസിൽ അഗസ്ത്യമുനിയെ കാണണമെന്ന ആഗ്രഹം ഉടലെടുത്തു, അതിൻ പ്രകാരം അവർ അഗസ്ത്യാശ്രമം ലക്ഷ്യമാക്കി സഞ്ചാരം തുടങ്ങി. യാത്രക്കിടയിൽ ശ്രീരാമൻ അഗസ്ത്യൻ രാക്ഷസരെ നിഗ്രഹിച്ച കഥ പറയാൻ തുടങ്ങി. ഒരിക്കൽ ഇല്വവനും വാതാവിയും എന്ന് പേരായ രണ്ട് ക്രൂരരാക്ഷസ സഹോദരന്മാരുണ്ടായിരുന്നു. ആ പ്രദേശത്തുള്ള മനുഷ്യരെ കൊന്നു തിന്നുകയായിരുന്നു അവരുടെ വിനോദം. ഇല്വലൻ ഉത്തമനായ ഒരു ബ്രാഹ്മണന്റെ വേഷം ധരിക്കും എന്നിട്ട് വഴിയെ പോകുന്ന ബ്രാഹ്മണരോട് ഇന്ന് തന്റെ അച്ഛന്റെ ശ്രാദ്ധമാണെന്നും തന്റെ ആതിഥ്യം സ്വീകരിച്ച് ശ്രാദ്ധം ഉണ്ണണം എന്നു പറയും. ഇല്വലൻ സഹോദരനായ വാതാപിയോട് ആട് ആവാൻ ആവശ്യപ്പെടും. ആ ആടിനെക്കൊന്ന് അതിഥിക്കു വേണ്ട ഭക്ഷണം ഇല്വലൻ തയ്യാറാക്കും. ഭക്ഷണം കഴിഞ്ഞ് അതിഥിയായ ബ്രാഹ്മണൻ എഴുന്നേൽക്കുന്പോൾ “വാതാപീ പുറത്തുവരൂ” എന്ന് ഇല്വലൻ വിളിച്ചു. പറയും. അപ്പോൾ അതിഥിയുടെ വയർപിളർന്ന് വാതാപി പുറത്തുവരും. എന്നിട്ട് മരിച്ചു കിടക്കുന്ന ആ അതിഥിയെ രണ്ടുപേരും ചേർന്ന് ഭക്ഷിക്കും.
അങ്ങിനെ ഒരുദിവസം ഇരയെ വലയിൽ കുടുക്കാനായി ഇല്വലൻ കാത്തിരുന്ന വഴിയിലൂടെ അഗസ്ത്യ മഹർഷി നടന്നുപോയി. പതിവുപോലെ ഇല്വലൻ അഗസ്ത്യമഹർഷിയെ ശ്രാദ്ധത്തിനു ക്ഷണിച്ചു. അഗസ്ത്യ മഹർഷി സമ്മതിച്ചു. ആടായിതീർന്ന വാതാപിയെ കൊന്ന് ഇല്വലൻ ഭക്ഷണം തയ്യാറാക്കി അഗസ്ത്യൻ അത് ഭക്ഷിക്കുകയും ചെയ്തു. ഭക്ഷണം കഴിഞ്ഞ് അഗസ്ത്യമഹർഷി എഴുന്നേറ്റപ്പോൾ ഇല്വലൻ “വാതാപീ പുറത്തുവരൂ” എന്ന് വിളിച്ച് പറഞ്ഞു, പക്ഷെ ഒന്നും സംഭവിച്ചില്ല. ഇല്വലൻ വീണ്ടും വീണ്ടും വിളിച്ചു. വാതാപി പുറത്തു വന്നില്ല. ഇതുകണ്ട അഗസ്ത്യൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു. “വിഡ്ഢിയായി രാക്ഷസാ വാതാപിയെ ഞാൻ വയറിനുള്ളിൽ ദഹിപ്പിച്ചു. ഇനി അവൻ തിരിച്ചു വരില്ല.” ഇതുകേട്ട ഇല്വലൻ കോപാക്രാന്തനായി അഗസ്ത്യനു നേരെ പാഞ്ഞടുത്തു. എന്നാൽ അഗസ്ത്യന്റെ ഒരു നോട്ടത്തിൽ ഇല്വലനെന്ന രാക്ഷസൻ ഭസ്മമായിപ്പോയി.
ശ്രീരാമൻ ഈ കഥ പറഞ്ഞു തീരുന്പോഴേക്കും അവർ അഗസ്ത്യാശ്രമത്തിലെത്തി. രാമലക്ഷ്മണന്മാരെ കണ്ട അഗസ്ത്യമഹർഷി അതീവ സന്തുഷ്ടനായി. എന്നിട്ട് “ബ്രഹ്മദത്തം” എന്നു പേരായ അന്പ് നൽകി. ഇതു കൂടാതെ ആർക്കും ഭേദിക്കാൻ കഴിയാത്ത പടച്ചട്ടയും ശ്രീരാമനു നൽകി. അത്ഭുതകരമായ ആ ആയുധങ്ങൾ അഗസ്ത്യനിൽ നിന്നും ശ്രീരാമൻ ഏറ്റുവാങ്ങി. അഗസ്ത്യനിൽ നിന്ന് അനുഗ്രഹം വാങ്ങി തിരിച്ചു പോകുന്ന ശ്രീരാമനോട് അഗസ്ത്യൻ പറഞ്ഞു. “ശ്രീരാമാ, ഇവിടെ നിന്നും രണ്ടു യോജനയപ്പുറത്തായി പഞ്ചവടി എന്നൊരു സ്ഥലമുണ്ട്. അവിടെ നിങ്ങൾക്ക് കായ്കനികളും കിഴങ്ങുകളും സുലഭമായി ലഭിക്കും. അടുത്തു തന്നെ ജലാശയവും ഉണ്ട്. സീതയെ സന്തോഷിപ്പിക്കാൻ മാൻകൂട്ടവും ധാരളമുണ്ടാകും. അങ്ങേക്ക് അവിടെ ഒരു ആശ്രമം പണിയാം.”
അഗസ്ത്യാശ്രമത്തിൽ നിന്നും വിടവാങ്ങിയ അവരുടെ അടുത്ത ലക്ഷ്യം പഞ്ചവടി ആയിരുന്നു. കാട്ടരുവികളും ചെറുതോടുകളും താണ്ടി അവർ പഞ്ചവടിയിലെത്തി. ശാന്തവും സൗമ്യവും പ്രകൃതിരമണീയവുമായ പഞ്ചവടി അവർക്ക് ഏറെ ഇഷ്ടപ്പെട്ടു.