കർ­ക്കി­ടകത്തി­ന്­ സ്വാ­ഗതം


നിറങ്ങൾ ചാലിച്ച ചിറകുമായി ചിത്രശലഭങ്ങൾ തോട്ടത്തിലൂടെ ദിക്കുകൾ തേടി പറന്നകലുന്നതും വീണ്ടും വീണ്ടും പറന്നടുക്കുന്നതും കാണാൻ ചന്തമേറും. അതും നോക്കി ഇരുന്നപ്പോൾ ഓർമ്മയിൽ വന്നത്  കൃമി കീടങ്ങളുടെയും കൃഷിക്കാരനേയും ഭൂമിയേയും അർക്കനെയും ആകാശത്തെയും എല്ലാം നിമിത്തമാക്കി പാട്ടെഴുതിയ കവിത രചിച്ച കാവ്യമനസ്സുകളെയാണ്. സാഹിത്യാസ്വാദനത്തിനും സാഹിത്യരചനയ്ക്കും യോഗമാകാത്ത വസ്തുക്കൾ എന്തുള്ളൂ. മലയും മണ്ണും പെണ്ണും പൊന്നും കരുത്തുള്ള ആണിന്റെ ശക്തിയും എല്ലാമെല്ലാം വർണ്ണിക്കുന്നതാണ്  നമ്മുടെ പുസ്തകങ്ങൾ, രചനകൾ. രഘുവംശം ആകട്ടെ മധ്യമവ്യായോഗമാകട്ടെ അഭിജ്ഞാന ശാകുന്തളത്തിലും ഗീതാഞ്ജലിയിലും ഓടക്കുഴലിലും താമരത്തോണിയിലും നിറഞ്ഞുനിൽക്കുന്ന ഭാവനയ്ക്കു ഹേതുവായി നിൽക്കുന്നത് പ്രപഞ്ചമാണ്. അതിലെ അത്ഭുതമാണ്. അവർ അവരുടെ ഭാഷയിൽ വ്യാഖ്യാനിച്ചു എന്നു മാത്രം. തോട്ടത്തിൽ കണ്ട എട്ടുകാലി വലയെ ഒരു നാശമില്ലാത്ത സാമ്രാജ്യത്തിനുടമാക്കിയ ജിയുടെ കാവ്യഭാവന എത്ര ദീർഘദർശനം നൽകുന്നതാണ്.

ഇവിടെ ഇതാ വൈലോപ്പിള്ളി തന്റെ ‘പൂന്പാറ്റ’ എന്ന കവിതയിലൂടെ ചില ജീവിദർശനങ്ങൾ നമുക്ക് നൽകുന്നു. ‘മക്കളെ നമ്മളെപ്പാലിക്കുവാൻ വന്ന മംഗള ദേവതയിൽ’ എന്നു പറഞ്ഞു തരുന്നു. അതെങ്ങനെയെന്നു നോക്കാം. അതാണ് ഈ ആഴ്ചയിലെ സുകൃതചിന്തകൾക്കാധാരം.

“പുഴുകേറിത്തിന്നെന്റെ കറിവേപ്പ് കാലിയായി

കഴുവേറിപ്പുഴുവിനെ ഞാനരയ്ക്കും

പച്ചിലയൊക്കെയും കത്രികപ്പല്ലിനാൽ

പപ്പടം പോലവൻ തിന്നുവല്ലൊ”

കലികേറിക്കള്ളനെത്തോണ്ടുവാൻ കന്പുമായ്

കർഷകൻ കൂർപ്പിച്ചു കൂന്നു നിന്നു

ചോരച്ച കണ്ണിനാലോമൻ ദലങ്ങൾ താൻ

ചോട്ടിലും മോളിലും തേടി നിന്നു

ഒക്കെയും പാഴായ്, മുരത്ത തണ്ടിൻ

വക്കിലൊളിച്ചു പുഴുവിരുന്നു

കാർക്കിച്ചു വെറ്റിലച്ചണ്ടി തുപ്പി

ക‍ർഷകൻ പോയിക്കഴിഞ്ഞ നേരം

നിഷ്ഠൂരലോകത്തിൻ നീതികളോർത്തോർത്തു

നിശ്ചയം വാഴ്കീ പുഴുക്കിടാത്തൻ

കണ്ണുകളില്ലവ, എന്നാകയാലേ

കണ്ണുനീർതൂകിയില്ലെന്നു മാത്രം.

“കഷ്ടമീ ലോകത്തിലെന്നെയാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർക്കും

കണ്ണിനു നേരിട്ടു കണ്ടുകൂടാ.

കണ്ടാലറപ്പും വെറുപ്പുമിയറ്റുന്ന

പണ്ടാരക്കാലനാണെന്ന ഭാവം!

വാസ്തവമാകമെന്നാലുമെന്നിൽ

വായ്ക്കും വിശപ്പവരെന്തറിഞ്ഞു?

കന്പിളിക്കുപ്പായമിട്ടൊരെന്നെ

ക്കാണുകിൽ ചങ്കുചൊറിച്ചിലായി

കോമളപ്പിഞ്ചുകിടാങ്ങൾ പോലും

‘കൊല്ലെടാ പാപിയെ’ യെന്നു ഘോഷം.

(ഇത്തരം പട്ടുപുഴുക്കളാണു പട്ടു പുതപ്പുകളായി രൂപാന്തരപ്പെടുത്തി വരുന്നത് എന്നത് മറ്റൊരു വസ്തുത. പട്ടുപുഴുകൃഷി തന്നെ വ്യാപകമായി നടത്തിവരുന്നു എന്ന കാര്യം അറിവുള്ളതാണല്ലോ.)‍

ജീവിതമാകെയെനിക്കു കയ്ച്ചു

ദൈവവുമില്ലെനിക്കെന്നു വന്നു”

തൂമൃദു നൂലൊന്നിൽ ഞാന്നു പുഴുക്കുഞ്ഞു,

തൂങ്ങിമരിപ്പാൻ തുനികയാമോ?

ഇല്ലിതാ താമര നൂലുപോൽ നീളുമി

യിഴയിൽ മെയ്പ്പന്പരം ചുറ്റി ചുറ്റി

ഉറയൊന്നു തീർത്തതിലുണ്ണാ, തനങ്ങാതെ

യുടയോനെ ധ്യാനിച്ചിരിപ്പു പാവം

ലോകത്തിലാരിലും പ്രീതി ചേർക്കും

പാകത്തിലായിപ്പരിണമിപ്പാൻ

വളരെദ്ദിനങ്ങളസ്സാധുവിൻ ചുറ്റിലും

തളിരിട്ടു മൂത്തു പഴുത്തു വീണു

താനേയുറയ്ക്കുള്ളിൽ നിന്നു കത്തീ

തന്നുടൽ നീറ്റിടും ധ്യാനദൃഷ്ടി

അദ്ദൃഷ്ടിയിൽ പൂഞ്ചിറകു ചലിപ്പിച്ചു

നൃത്തം ചവിട്ടീ വസന്തലക്ഷ്മി.

പൂമൊട്ടു പോലുറക്കൂടു തുറന്നൊരാ

പൂമലർപ്പാറ്റ പുറത്തുവന്നു.

ഏതോരണിയറയിങ്കൽച്ചമഞ്ഞതീ

ച്ചേതോഹരമാം മധുരരൂപം!

കാണ്മൂ ശിരസ്സിലെ സ്പർശനികൾ

കാശമലരിൻ കതിരുപോലെ

ഒന്നിലൊരായിരം കണ്ണുകൾച്ചേർന്നു

കണ്ണുകൾ രണ്ടു രസക്കുടുക്ക!

കത്രികപ്പല്ലെങ്ങു? തീവണ്ടിച്ചക്രങ്ങൾ

ക്കൊത്തെഴുമീരേഴു കാലുമെങ്ങോ?

നേരിയോരീർക്കലൊടിച്ചപോലെ

നെഞ്ഞത്തു കാലുണ്ടു മൂന്നു ജോടി

തൂമധുവുണ്ണാൻ ശലാക പോലെ

തുന്പിയും വായിൽ ചുരുണ്ടിരിപ്പൂ

എല്ലാറ്റിലും പരം വിസ്മയം വാർമഴ

വില്ലനായ നാലു ചിറകു തന്നെ!

ചിറകൊന്നുണ്ടങ്ങുവാനിത്തിരി നേരമാ

ച്ചില്ലയിൽത്തങ്ങിയിരുന്ന ശേഷം

പത്രം വിരുത്തിയാപ്പൂന്പാറ്റ വായുവിൽ

പട്ടം കണക്കേ പറന്നുയർന്നു.

കണ്ടാർത്തു തുള്ളീക്കിടാങ്ങൾ, കൃഷകനോ

കൊണ്ടാടിനോക്കി നിന്നേവമോതി

“ചെന്നു പിടിക്കൊല്ലേ മക്കളേ, നിങ്ങളീ

ചെല്ലച്ചിറകാർന്ന സുന്ദരനെ

മകരന്ദമുണ്ടിവൻ മലരിനത്തിൽ

പകരും പരസ്പരം പൂന്പരാഗം.

ഏവം പരാഗം പകർന്നു വേണം

പൂവിന്നു കായ്കനിയങ്കുരിപ്പാൻ

“മക്കളേ, നമ്മളെപ്പാലിക്കുവാൻ വന്ന

മംഗള ദേവതയീശ്ശലഭം”

പുംപരാഗം നടന്നിട്ടു വേണം ധാന്യമണികൾ ഉണ്ടാകുവാൻ കായ്കനികൾ ഉണ്ടാകുവാൻ എന്ന ലോകതത്വം, അതു വഴിയാണ് മനുഷ്യന് അന്നവും വസ്ത്രവും കിട്ടുന്നത് എന്ന സത്യം ഇവിടെ കവി വിവരിക്കുന്ന രംഗം എത്ര വാചാലമാണ് ആ ചിന്തോദ്ദീപകമായ തത്വം. 

“കാതില്ലയെങ്കിലും ലോകർ ചൊല്ലും

കാരിയമൂഹിച്ചു പൂന്പതംഗം

ഉല്ലാസവായ്പെന്തു ചൊല്ലാവതാളുകൾ

ക്കെല്ലാവർക്കും താനിന്നു കണ്ണിലുണ്ണി

സ്വച്ഛമാമാകാശ നീല മീതേ

പച്ച തഴച്ചെഴുമൂഴി താഴേ,

എങ്ങും പ്രസന്നമുഖങ്ങളും പൂക്കളും

എത്ര മനോഹരമീ പ്രപഞ്ചം

കളിയാടി വാടിയോരവനുമൊരിറ്റു തേൻ

കവരാനടുത്തപൂ പൂകി നില്ക്കെ

പേശല വർണ്ണച്ചിറകു കൂപ്പി

യീശനു മൂകമായ് നന്ദി ചൊല്ലി.

പ്രപഞ്ചത്തിലെ വർണ്ണരാജികൾക്കു കാരണമായ ജീവജാലങ്ങൾക്കു നിലനിൽപ്പു ഒപ്പം നന്മയും നാശവും വിതക്കുന്ന ഈശനു മുന്നിൽ കൈക്കൂപ്പി നിൽക്കുവാനും കർക്കിടകത്തെ വരവേൽക്കാനും നമുക്ക് തയ്യാറെടുക്കാം.

You might also like

  • Straight Forward

Most Viewed