അബുദാബിയിൽ 16,000 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി ഡ്രൈവര്‍ രഹിത ടാക്‌സി

അബുദാബി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡ്രൈവര്‍ രഹിത ടാക്‌സി 16,000 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കി.യാസ് ഐലന്‍ഡ് കേന്ദ്രീകരിച്ചാണ് നൂതന സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍രഹിത ടാക്‌സിയുടെ പ്രാരംഭഘട്ട സര്‍വീസുകള്‍ നടക്കുന്നത്. ആദ്യഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായി അബുദാബി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു. സ്മാര്‍ട്ട് ആപ്പ് വഴി നിയന്ത്രിക്കാവുന്ന അബുദാബിയിലെ പ്രഥമ ഡ്രൈവര്‍രഹിത ടാക്‌സിയാണിത്. നവംബര്‍ 23-ന് അബുദാബി സ്മാര്‍ട്ട് സിറ്റി സമ്മിറ്റിനോടനുബന്ധിച്ച് ടാക്‌സി സര്‍വീസിന് തുടക്കമായി. ഉയര്‍ന്നനിലവാരത്തിലുള്ള നാവിഗേഷന്‍ സംവിധാനമുള്ള വാഹനനിയന്ത്രണത്തിന് ഒരുവിധത്തിലും നേരിട്ടുള്ള മനുഷ്യ ഇടപെടലിന്റെയും ആവശ്യമില്ല. മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനത്, ജി 42 ഗ്രൂപ്പ് എന്നിവയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, റെസ്റ്റോറന്റുകള്‍, യാസ് ഐലന്‍ഡിലെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ആദ്യ ഘട്ടത്തില്‍ ഡ്രൈവര്‍രഹിത ടാക്സികള്‍ സര്‍വീസ് നടത്തുകയെന്ന് പദ്ധതിയുടെ പ്രഖ്യാപനവേളയില്‍ തന്നെ അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ പത്തിലധികം സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു.