സ്‌കേറ്റിങ്ങിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ് ഷാർജയിൽ പതിനാറുകാരൻ മരിച്ചു

യുഎഇയിലെ ഷാര്‍ജയില്‍ സ്‌കേറ്റ്‌ബോര്‍ഡ് അപകടത്തില്‍ പതിനാറുകാരൻ മരിച്ചു. ഈജിപ്ഷ്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയാണ് മരിച്ചതെന്ന് ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു. ഷാര്‍ജയിലെ അല്‍ ഷോല പ്രൈവറ്റ് സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അബ്ദുല്ല ഹസന്‍ കമല്‍ ആണ് മരിച്ചത്. സംഭവ സമയത്ത് അല്‍ താവുന്‍ ഏരിയയിലെ ഏഴ് നിലകളുള്ള കാര്‍ പാര്‍ക്കിങ്ങിന്റെ മുകളിലത്തെ നിലയില്‍ സുഹൃത്തുക്കളോടൊപ്പമായിരുന്നു മരണപ്പെട്ട ആണ്‍കുട്ടി ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കേറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൊലീസ് ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ച ഉടന്‍ തന്നെ എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 16കാരനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.