സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്

സൗദിയിൽ പള്ളികളിലും സർക്കാർ ഓഫീസുകളിലും ഷോർട്സ് ധരിക്കുന്നതിന് വിലക്ക്. നിയമം ലംഘിച്ചാൽ 250 റിയാൽ മുതൽ 500 റിയാൽ വരെ പിഴ ചുമത്തും. പൊതു മര്യാദ ലംഘനങ്ങളുടെ പട്ടികയിൽ 19 ലംഘനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുതിയ തീരുമാനത്തോടെ പൊതു മര്യാദ ലംഘനങ്ങളുടെ പട്ടികയിൽ ഇപ്പോൾ 20 ലംഘനങ്ങൾ ആയി എന്നാൽ, മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർട്സ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. പൊതു മര്യാദ സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുൽ ബിൻ സഊദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽ വന്നത്. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കൽ, സഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കൽ, അസഭ്യമായ പെരുമാറ്റം തുടങ്ങിയവയാണ് നിയമാവലിയിൽ നിർണയിച്ച നിയമ ലംഘനങ്ങൾ. ഇവയ്ക്ക് 6000 റിയാൽ വരെ പിഴ ലഭിക്കും.