സ്വപ്‌ന സുരേഷിന്‍റെ പുതിയ ജോലി വിവാദത്തിൽ

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ പുതിയ ജോലി വിവാദത്തിൽ. ആർഎസ്എസ് അനുകൂല എൻജിഒ സംഘടനയായ ഹൈറേഞ്ച് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റി(എച്ച്ആർഡിഎസ്)യിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്നയെ നിയമിച്ചത്. എന്നാൽ സ്വപ്‌നയുടെ നിയമനത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സംഘടന ചെയർമാനും ബിജെപി നേതാവുമായ എസ്. കൃഷ്ണകുമാർ പറഞ്ഞു. സ്വപ്നയെ നിയമിച്ചതിന് നിയമസാധുതയില്ല. സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണം. സംഘടനയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതായുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
അജി കൃഷ്ണന്‍റെ നേതൃത്വത്തിൽ എച്ച്ആർഡിഎസിൽ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവർത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താൻ ഒക്ടോബർ 22−ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാർ വെളിപ്പെടുത്തി. അതേസമയം, കൃഷ്ണകുമാറിനെ ആറ് മാസം മുന്‍പ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതായി എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ വ്യക്തമാക്കി. കൃഷ്ണകുമാറിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.