ഇന്ത്യ–യുഎഇ വെർച്വൽ ഉച്ചകോടി നാളെ ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും

ഇരുരാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്ന ചർച്ചയ്ക്കൊപ്പം പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ കൈമാറുന്ന ഇന്ത്യ–യുഎഇ വെർച്വൽ ഉച്ചകോടി നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പങ്കെടുക്കും. ഉച്ചകോടിയിൽ ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവയ്ക്കും. വ്യാപാരം, നിക്ഷേപം, ഊർജം, പുനരുപയോഗ ഊർജം, സ്റ്റാർട്ടപ്പുകൾ, ഫിൻടെക് തുടങ്ങിയ പുതിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് സംയുക്ത കർമസമിതി രൂപീകരിച്ചിരുന്നു. ജനുവരിയിൽ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ഒപ്പിടാനിരുന്ന സ്വതന്ത്ര വ്യാപാര കരാർ നാളെ ഒപ്പുവയ്ക്കും. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപ പദ്ധതികൾ എത്തുമെന്നുമാണ് പുതിയ പ്രതീക്ഷ