ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 1.8 കോടി ദിർഹം ഉടമകൾക്ക് കണ്ടെത്തി നൽകി പോലീസ്

വ്യാജ സമ്മാനം വാഗ്ദാനം ചെയ്തും മറ്റും ഓൺലൈൻ, ഫോൺ വഴി തട്ടിയെടുത്ത 1.8 കോടി ദിർഹം (36.75 കോടിയിലേറെ രൂപ) അബുദാബി പൊലീസ് വീണ്ടെടുത്ത് ഉടമകൾക്ക് നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം അബുദാബിയിൽ തുറന്ന പ്രത്യേക കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടപടി. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡയറക്‌ടറേറ്റിലെ കേന്ദ്രത്തിൽ വിവിധ ബാങ്കുകളുടെ പ്രതിനിധികളുമുണ്ടാകും. സാമ്പത്തിക കുറ്റകൃത്യ കേസുകളിൽ അതാതു മേഖലകളിലെഉദ്യോഗസ്ഥരുമായി വേഗത്തിൽ ആശയവിനിമയം നടത്തി നടപടി എടുക്കുന്നതിലൂടെ ചൂഷണത്തിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കാൻ സാധിക്കുന്നതായും പൊലീസ് പറഞ്ഞു. ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും പാസ്‌വേഡ്, എടിഎം പിൻ, സെക്യൂരിറ്റി നമ്പർ (സിസിവി), ഒടിപി എന്നീ രഹസ്യവിവരങ്ങളും ആരുമായും പങ്കിടരുതെന്നും പൊലീസ് ഓർമിപ്പിച്ചു. സംശയാസ്പദമായ ഫോൺ കോളുകൾ, എസ്എംഎസ്, വാട്സാപ്പ് സന്ദേശങ്ങൾ, ഇമെയിലുകൾ എന്നിവയോടു പ്രതികരിക്കരുതെന്നും ഓർമിപ്പിച്ചു.