പ്രതിരോധ ബന്ധം കുടുതൽ ശക്തമാക്കുന്നു : സൗദി കരസേനാ തലവൻ ഇന്ത്യയിൽ

പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി കരസേനാ തലവൻ ലഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ ഇന്ത്യയിലെത്തി. ഒരു സൗദി കരസേന തലവൻ ഇന്ത്യ സന്ദർശിക്കുന്നത് ആദ്യമായാണ്. ലോകത്തെ പ്രധാന രണ്ട് ശക്തികൾക്കിടയിൽ വളരുന്ന ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ ഭാഗമായാണ് സന്ദർശനം. പ്രതിരോധ മന്ത്രാലയത്തിന്റെ സൗത്ത് ബ്ലോക്കിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ അദ്ദേഹത്തെ സ്വീകരിച്ചു. സൈനിക മേഖലയിലെ പരസ്പര സഹകരണത്തിന്റെ നിലവിലെ അവസ്ഥയും അവ ശക്തിപ്പെടുത്തേണ്ടതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്തു. സന്ദർശന പരിപാടിയുടെ ഭാഗമായി ഇന്ത്യൻ സായുധ സേനയുടെ വിവിധ വിഭാഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി നരവനെ സൗദിയിൽ നടത്തിയ ചരിത്രപരമായ സന്ദർശനത്തിനു ശേഷം ശക്തിപ്പെട്ട ഉഭയകക്ഷി ബന്ധം ഈ വരവോടെ കൂടുതൽ ഊഷ്മളമാകും.