ഒക്ടോബറിൽ ദുബൈയിലെ സ്കൂളുകൾ തുറക്കും


ദുബൈ: കൊവിഡ് സാഹചര്യത്തിൽ‍ തുടർ‍ന്നുവരുന്ന ഓൺലൈൻ പഠന രീതി ഒക്ടോബർ‍ മൂന്നോടെ അവസാനിപ്പിക്കണമെന്നും അതിന് ശേഷം നേരിട്ടുള്ള ക്ലാസ്സുകൾ‍ ആരംഭിക്കണമെന്നും ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾ‍ക്ക് നിർ‍ദ്ദേശം. ആഗസ്ത് 29ന് ആരംഭിക്കുന്ന പുതിയ അധ്യയന വർ‍ഷത്തിന്റെ തുടക്കത്തിൽ‍ ഓൺലൈന്‍ പഠനവും നേരിട്ടുള്ള ക്ലാസ്സുകളും ഒന്നിച്ച് കൊണ്ടുപോവുന്ന രീതി തുടരാമെങ്കിലും ഒക്ടോബർ‍ മൂന്നു വരെ മാത്രമേ അത് അനുവദിക്കൂ എന്നാണ് ദുബൈ മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്.

ദുബൈയിലെ അധ്യാപകരും വിദ്യാർ‍ഥികളും വലിയ തോതിൽ‍ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ‍ മൂന്ന് മുതൽ‍ നേരിട്ടുള്ള ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരിച്ചെത്തിക്കുന്നതിന് സ്‌കൂളുകളും രക്ഷിതാക്കളും സംവിധാനം ഏർ‍പ്പെടുത്തണം. സപ്തംബർ 30ന് ശേഷവും ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർ‍ഥികൾ‍ നേരിട്ടുള്ള ക്ലാസ്സിൽ‍ ഹാജരാകാതിരിക്കുന്നതിന് ദുബൈ് ഹെൽ‍ത്ത് അതോറിറ്റി നൽ‍കിയ മെഡിക്കൽ‍ സർ‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കൊവിഡ് പോസിറ്റീവ് കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്യുന്ന മുറയ്ക്ക് ക്ലാസ്സുകൾ‍ മാത്രമായോ സ്‌കൂൾ‍ ഒന്നാകെയോ ഓൺലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്നും അധികൃതർ‍ വ്യക്തമാക്കി. അതേസമയം, ദുബൈ‍ നേരിട്ടുള്ള ക്ലാസ്സുകളിൽ‍ പങ്കെടുക്കാൻ കുട്ടികൾ‍ വാക്‌സിൻ എടുത്തിരിക്കണം എന്നോ പിസിആർ‍ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് ഹാജരാക്കണമോ നിബന്ധനയില്ല. എന്നാൽ‍ മാസ്‌ക് ധാരണം, സാനിറ്റൈസർ‍ ഉപയോഗം, ചുരുങ്ങിയത് ഒരു മീറ്റർ‍ അകലം പാലിക്കൽ‍ തുടങ്ങിയ കാര്യങ്ങൾ‍ പാലിക്കണം. വാക്‌സിൻ എടുക്കാത്ത അധ്യാപകർ‍ ഉൾ‍പ്പെടെയുള്ള ജീവനക്കാർ‍ ഓരോ ആഴ്ചയിലും പിസിആർ‍ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്.

You might also like

Most Viewed